കണ്ണൂർ: ഹൈക്കോടതി വിധി മറികടന്ന് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ വിട്ടയയ്ക്കാനുള്ള നീക്കം സർക്കാർ തലത്തിൽ സജീവമായത് ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചതിനു പിന്നാലെ. ആഭ്യന്തര വകുപ്പിന് ഇതേ കുറിച്ച് എല്ലാം അറിയാമായിരുന്നുവെന്നാണ് സൂചന. ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവർക്കു ശിക്ഷായിളവു നൽകാനാണ് വഴിവിട്ട ശ്രമം കണ്ണൂരിലെ സിപിഎം നേതൃത്വവും അറിഞ്ഞിരുന്നുവെന്നാണ് സൂചന.

ടിപി ആക്രമണ കേസിലെ രണ്ടാം പ്രതിയാണ് ടി കെ രജീഷ്. മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരും ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവർ. സർക്കാർ നിർദ്ദേശ പ്രകാരം വിട്ടയക്കേണ്ട പ്രതികളുടെ പട്ടിക ജയിൽ ഉപദേശകസമിതി തയ്യാറാക്കിയപ്പോൾ ടി പി കേസിലെ മൂന്ന് പ്രതികളെ ഉൾപ്പെടുത്തുകയായിരുന്നു. പൊലീസിന്റെ പ്രൊബേഷൻ റിപ്പോർട്ട് ലഭിച്ചാൽ സർക്കാരിന് ഉത്തരവിറക്കാനാകും. അതിൽ ഗവർണർ ഒപ്പിടുന്നതോടെയാണ് പ്രതികൾക്ക് പുറത്തിറക്കാനാവുക. എന്നാൽ നിലവിലെ ഗവർണ്ണർ ഇത്തരമൊരു ആവശ്യത്തിൽ ഒപ്പിടാനുള്ള സാധ്യത കുറവാണ്.

ശിക്ഷായിളവ് സംബന്ധിച്ചു പൊലീസിനോട് പ്രതികളുടെ റിപ്പോർട്ടാവശ്യപ്പെടുന്ന കണ്ണൂർ ജയിൽ സൂപ്രണ്ടിന്റെ കത്ത് പുറത്തായത് സർക്കാരിന് തിരിച്ചടിയായി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചതിനു പിന്നാലെയാണു ജയിൽ സൂപ്രണ്ടിന്റെ നടപടി. അതീവ രഹസ്യമായി എല്ലാം ചെയ്യണമെന്നായിരുന്നു മുകളിൽ നിന്നുള്ള നിർദ്ദേശം. ശിക്ഷാ ഇളവില്ലാതെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളെയാണു വിട്ടയയ്ക്കാൻ ആലോചിക്കുന്നത്. 20 വർഷം വരെ പ്രതികൾക്കു ശിക്ഷായിളവ് പാടില്ലെന്നായിരുന്നു ഹൈക്കോടതി വിധി. അതുകൊണ്ട് തന്നെ സർക്കാരിന്റെ ഈ നടപടി കോടതിയിൽ ചോദ്യം ചെയ്യാൻ സാധ്യത ഏറെയാണ്.

കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറോടാണ് ജയിൽ സൂപ്രണ്ട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. 2022ലെ സർക്കാർ ഉത്തരവ് പ്രകാരം മൂന്ന് പ്രതികളെ വിട്ടയയ്ക്കാനുള്ള പ്രാഥമിക ആലോചനയുണ്ടെന്നും അതിനാൽ ഇവരെക്കുറിച്ച് അന്വേഷണം ആവശ്യമുണ്ടെന്നും ജൂൺ 13ന് അയച്ചിരിക്കുന്ന കത്തിൽ പറയുന്നു. ഈ പ്രതികളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഇവരുടെ കുറ്റകൃത്യത്തിന് ഇരയായവരുണ്ടെങ്കിൽ അവരോടും അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് നൽകാനും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഇത്തരത്തിൽ 59 പ്രതികളെയാണ് വിട്ടയയ്ക്കാൻ ആലോചിക്കുന്നത്.

ഈ മാസം ടിപി കേസ് പ്രതികളായ മനോജ്, മുഹമ്മദ് ഷാഫി, സിനോജ്, സിജിത്ത്, രജീഷ് എന്നിവർക്ക് പരോളും അനുവദിച്ചിരുന്നു. അതിനിടെ സർക്കാർ പ്രതികൾക്ക് എപ്പോഴും സഹായം നൽകിയിരുന്നെന്ന് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ എംഎൽഎ പ്രതികരിച്ചു. "പ്രതികൾക്കു വഴിവിട്ട് പരോൾ നൽകാനും ജയിലിൽ ഫോൺ ഉപയോഗിക്കാനും വേണ്ട എല്ലാ സൗകര്യങ്ങളും നൽകാനും സർക്കാർ ശ്രദ്ധിച്ചിരുന്നു. പ്രതികളുടെ കൂടെയാണ് സർക്കാരെന്നു വീണ്ടും വീണ്ടും സ്ഥാപിക്കുകയാണ്. കോടതിയലക്ഷ്യമാണിത്, ഇതിനെതിരെ നിയമനടപടി സ്വീകരിക്കും" രമ പറഞ്ഞു.

സർക്കാർ ഉത്തരവിൽ പരാമർശിച്ചിരിക്കുന്ന മാനദണ്ഡപ്രകാരം തടവുകാർക്ക് സ്പെഷ്യൽ റിമിഷൻ നൽകി വിട്ടയക്കാൻ വേണ്ടി തീരുമാനിച്ചെന്നും പ്രതികളുടെ പ്രൊബേഷൻ റിപ്പോർട്ട് സഹിതം ഫയലുകൾ സർക്കാരിലേക്ക് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നുമായിരുന്നു കത്തിൽ. ടി പി കേസിലെ പത്ത് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണ കോടതി ഉത്തരവ് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹൈക്കോടതി ശരിവെച്ചത്. പ്രതികളായ എം സി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രൻ, ട്രൗസർ മനോജ്, സിപിഐഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തൻ, റഫീഖ് എന്നിവരുടെ ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ പ്രദീപന് 3 വർഷം കഠിന തടവുമാണ് 2014 ൽ വിചാരണക്കോടതി വിധിച്ചത്. പി കെ കുഞ്ഞനന്തൻ ജയിൽ ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ മരിച്ചു.

2012 മെയ് നാലിന് രാത്രി പത്ത് മണിക്കായിരുന്നു സിപിഐഎം വിട്ട് ആർഎംപി സ്ഥാപിച്ച ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. വടകര വള്ളിക്കാട് വെച്ച് ഇന്നോവ കാറിൽ പിന്തുടർന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞ് വീഴ്‌ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ടിപി ചന്ദ്രശേഖരനോടുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ളവരുടെ ആരോപണം.