തിരുവനന്തപുരം: വടകര എംഎൽഎ കെകെ രമയുടെ കൈയിൽ പ്ലാസ്റ്ററിട്ട ഡോക്ടർക്കെതിരെ നടപടി അനിവാര്യമാകുന്നു. കെ.കെ. രമ എംഎ‍ൽഎയുടെ പരിക്കില്ലാത്ത കൈക്കാണ് പ്ലാസ്റ്റർ ഇട്ടതെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്ഥിരീകരിച്ചു. ഇതോടെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഇല്ലാത്ത പൊട്ടലിന് പ്ലാസ്റ്റർ ഇട്ടുവെന്ന ചർച്ചയാണ് സജീവമാകുന്നത്. അതേസമയം, പൊട്ടലില്ലാതെ പ്ലാസ്റ്ററിട്ടെങ്കിൽ മറുപടി പറയേണ്ടത് ആരോഗ്യവകുപ്പാണെന്ന് രമ പറഞ്ഞു. പരുക്കില്ലാതെ പ്ലാസ്റ്ററിട്ടെങ്കിൽ ഡോക്ടർക്ക് എതിരെ നടപടി വേണമെന്നും എം വിഗോവിന്ദന് രമ മറുപടി നൽകി. തന്നെ വളഞ്ഞിട്ട് ആക്രമിച്ചു. അതിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും രമ വ്യക്തമാക്കി. ഇതോടെ വെട്ടിലാകുന്നത് ആരോഗ്യ വകുപ്പാണ്.

'പൊട്ടില്ലാത്ത കൈക്കാണ് പ്ലാസ്റ്റർ ഇട്ടത് എന്ന കാര്യം പുറത്ത് വന്ന വിവരമാണ്. പൊട്ടും പൊട്ടില്ലായ്മയും യഥാർഥത്തിൽ രാഷ്ട്രീയമായി മാറ്റാൻ പാടില്ലാത്തതാണ്. അതിന്റെ ഉപകരണമായി, പൊട്ടിയ കൈ എന്ന് പറഞ്ഞ് ആളുകളെ പ്രകോപിപ്പിക്കാൻ വേണ്ടിയുള്ള നിലപാടാണ് അത്തരത്തിൽ ചെയ്യുമ്പോൾ ഉണ്ടാവുന്ന പ്രശ്നം. അത് ശരിയായ സമീപനമല്ല. പൊട്ടിയിട്ടുണ്ടോ ഇല്ലയോ എന്ന് നോക്കാൻ ആധുനിക സമൂഹത്തിന് എല്ലാ സൗകര്യവും ഉണ്ടല്ലോ. അപ്പോൾ അവിടെ കളവൊന്നും പറയേണ്ട കാര്യമില്ല. സത്യസന്ധമായി തന്നെ പറഞ്ഞാൽ മതി', എം വി ഗോവിന്ദൻ കാര്യങ്ങൾ വിശദീകരിച്ചത് ഇങ്ങനെയാണ്.

രോഗികളും കൂട്ടിരിപ്പുകാരും ഡോക്ടർമാരെ തല്ലുന്നതു നല്ല കാര്യമാണെന്നു തനിക്ക് അഭിപ്രായമില്ലെങ്കിലും ചിലർക്കു തല്ലു കൊള്ളേണ്ടതാണെന്ന് കെ.ബി.ഗണേശ്‌കുമാർ നിയമസഭയിൽ ആരോഗ്യവകുപ്പിന്റെ ധനാഭ്യർഥന ചർച്ചയിൽ പ്രസംഗിച്ചത് വലിയ ചർച്ചയായിരുന്നു. തന്റെ മണ്ഡലത്തിലെ വിധവയായ സ്ത്രീയെ ഡിസംബർ 17നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. അവരുടെ വയറ് ഇതുവരെ സ്റ്റിച്ച് ചെയ്തിട്ടില്ല. ഇക്കാര്യം താൻ മന്ത്രി വീണാ ജോർജിനെ അറിയിച്ചു. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഉടൻ പുനലൂർ താലൂക്കാശുപത്രിയിൽ വിളിച്ചു രോഗിയെ എത്തിക്കാൻ പറഞ്ഞു. ആ സ്ത്രീയെ അഡ്‌മിറ്റ് ചെയ്യാൻ സർജറിയുടെ ചുമതലയുള്ള ഡോക്ടർ വിസമ്മതിച്ചു. ഈ സ്ത്രീയിൽ നിന്നു ഡോക്ടർ 2000 രൂപ വാങ്ങി. വിജിലൻസ് അന്വേഷണം നടത്തിയാൽ താൻ തെളിവുകൾ കൊടുക്കാമെന്നും ഗണേശ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നിയന്ത്രണത്തിലുള് ജനറൽ ആശുപത്രിയിൽ പൊട്ടൽ ഇല്ലാത്ത എംഎൽഎയുടെ കൈയിൽ പ്ലാസ്റ്റർ ഇട്ടുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ സമ്മതിക്കുന്നത്.

ഇതുകൊണ്ട് ഈ വിഷയത്തിലും ആരോഗ്യ വകുപ്പ് അന്വേഷണം നടത്തേണ്ട അവസ്ഥ വരും. ഈ വിഷയത്തിൽ ഡോക്ടർമാരുടെ സംഘടന പോലും പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ രമയുടെ കൈയിലെ പ്ലാസ്റ്ററിന് പിന്നിലെ വസ്തുതയും സത്യവും പുറത്തു വരുന്നുമില്ല. രമയെ കടന്നാക്രമിക്കാനുള്ള വ്യാജ പ്രചരണമായി അത് മാറുകയും ചെയ്യുന്നു. പ്രതിപക്ഷ എംഎൽഎയ്ക്ക് സർക്കാർ ആശുപത്രിയിലെ ഡോക്ടർ പ്ലാസ്റ്റർ ഇട്ടുവെന്ന ആരോപണം ആരോഗ്യമന്ത്രി വീണാ ജോർജ്ജിനും തലവേദനയാകും. തിങ്കളാഴ്ച നിയമസഭ ചേർന്നാൽ ഈ വിഷയം പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. അപ്പോൾ ആരോഗ്യമന്ത്രിക്ക് മറുപടിയും പറയേണ്ടി വരും. സ്പീക്കർക്കും സൈബർ സെല്ലിനും രമ പരാതി നൽകി കഴിഞ്ഞു.

രമയുടെ കൈയിൽ പൊട്ടലില്ലെന്നും പ്ലാസ്റ്റർ വ്യാജമാണെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരണം നടന്നിരുന്നു. രമയുടേതെന്ന പേരിൽ എക്‌സ്‌റേ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ സ്വകാര്യവിവരങ്ങൾ പുറത്തുവിടാൻ ആശുപത്രിക്ക് അധികാരമില്ലെന്നും അസുഖമില്ലാത്ത ആളെ ചികിൽസയ്ക്കു വിധേയമാക്കിയെങ്കിൽ ആശുപത്രി സംവിധാനങ്ങളുടെ വീഴ്ചയാണ് വെളിവാകുന്നതെന്നും രമ പറഞ്ഞു. സംഘർഷത്തിനിടെ പരുക്കേറ്റ തന്റെ കൈയിൽ പ്ലാസ്റ്ററിടാൻ നിർദ്ദേശിച്ചത് ജനറൽ ആശുപത്രിയിലെ ഡോക്ടർമാരാണ്. രമയുടെ കയ്യിൽ പൊട്ടലില്ലെന്നും പ്ലാസ്റ്റർ വ്യാജമാണെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരണം നടന്നിരുന്നു. രമയുടേതെന്ന പേരിൽ എക്‌സ്‌റേ ദൃശ്യങ്ങളും പ്രചരിച്ചു. ആക്രമണത്തിൽ പ്രതിയായ സച്ചിൻദേവ് എംഎൽഎ അടക്കം സമൂഹ മാധ്യമത്തിൽ ഇത്തരം പ്രചാരണം നടത്തിയ സാഹചര്യത്തിലാണ് കെ.കെ.രമ പ്രതികരണവുമായി എത്തിയത്.

കൈയ്ക്ക് പരുക്കില്ലാതെ ഡോക്ടർ പ്ലാസ്റ്ററിട്ടെങ്കിൽ അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കെ.കെ.രമ പറഞ്ഞു. തന്റെ എക്‌സ്‌റേ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെങ്കിൽ ആശുപത്രി അധികൃതർക്കെതിരെയും നടപടി സ്വീകരിക്കും. സ്വകാര്യവിവരങ്ങൾ പുറത്തുവിടാൻ ആശുപത്രിക്ക് അധികാരമില്ല. അസുഖമില്ലാത്ത ആളെ ചികിൽസയ്ക്കു വിധേയമാക്കിയെങ്കിൽ ആശുപത്രി സംവിധാനങ്ങളുടെ വീഴ്ചയാണ് വെളിവാകുന്നത്. അതിന് ആരോഗ്യവകുപ്പ് മറുപടി പറയണമെന്നും രമ ആവശ്യപ്പെട്ടു. ഇതിന് ശേഷമാണ് എംവി ഗോവിന്ദൻ കൈയ്ക്ക് പൊട്ടലില്ലെന്ന് വിശദീകരിച്ചത്. ഇതോടെ ഡോക്ടറുടെ പ്ലാസ്റ്ററിടലാണ് വിവാദത്തിലാകുന്നത്.

തന്നെ ആക്രമിച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കെ.കെ.രമ പറഞ്ഞു. തന്നെ ആക്രമിക്കുന്നതിന്റെ ദൃശ്യം ആദ്യദിവസം കിട്ടിയിരുന്നില്ല. പിന്നീട് ദൃശ്യം പരിശോധിച്ചപ്പോഴാണ് ആസൂത്രിതമാണെന്നും ഗൂഢാലോചന ഉണ്ടെന്നും മനസിലാക്കിയത്. അഞ്ചാറുപേർ ചേർന്ന് വലിച്ചു പൊക്കിയശേഷം ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ പരുക്കേറ്റപ്പോൾ നിയമസഭയിലെ ക്ലിനിക്കിലെ ഡോക്ടറുടെ അടുത്ത് ചികിൽസയ്ക്കായിപോയി. മരുന്നിട്ടശേഷം, ജില്ലാ ആശുപത്രിയിൽപോയി എക്‌സ്‌റേ എടുക്കാനും ആംബുലൻസിൽപോകാനും ഡോക്ടർ നിർദ്ദേശിച്ചു. ആംബുലൻസിൽപോയിരുന്നെങ്കിൽ കഥ ഇനിയും മോശമാകുമായിരുന്നു. ജനറൽ ആശുപത്രിയിൽ ഡോക്ടർ പരിശോധിച്ചത് മറ്റു രോഗികളുടെ മുന്നിൽ വച്ചാണ്. ഡോക്ടറാണ് പ്ലാസ്റ്ററിടാൻ നിർദ്ദേശിച്ചത്. മീഡിയയും ആ സമയം അവിടെ ഉണ്ടായിരുന്നു. കൈയ്ക്ക് പരുക്കില്ലാത്ത ആൾക്ക് ഡോക്ടർ പ്ലാസ്റ്റർ ഇടുമോയെന്ന് കെ.കെ.രമ ചോദിച്ചു.

'ഇത്തരം സംവിധാനങ്ങളാണോ സർക്കാർ ആശുപത്രികളിലുള്ളത്. ഇത് എന്റെ കുറ്റമല്ല. രോഗിയല്ല ചികിൽസ തീരുമാനിക്കുന്നത്. പ്ലാസ്റ്ററിടുന്നത് സന്തോഷമുള്ള കാര്യമല്ല. ജോലികൾ ചെയ്യാൻ കഴിയില്ല. പരുക്കില്ലാത്ത രോഗിക്ക് പ്ലാസ്റ്ററിട്ടെങ്കിൽ ഡോക്ടർക്കെതിരെ പരാതി നൽകും'കെ.കെ.രമ പറഞ്ഞു. എക്‌സ്‌റേ എന്ന പേരിൽ രേഖകൾ പ്രചരിക്കുന്നത് യഥാർഥമാണോ എന്ന് ആശുപത്രിയാണ് വ്യക്തമാക്കേണ്ടത്. സ്വകാര്യവിവരങ്ങൾ പുറത്തുപോകുന്നത് ശരിയല്ല. അങ്ങനെ പോയെങ്കിൽ ആരാണ് പുറത്തുവിട്ടതെന്നു വ്യക്തമാക്കണം. വലിയ പൊട്ടലേ എക്‌സ്‌റേയിൽ കാണൂ ചെറിയ പൊട്ടൽ കാണില്ല എന്നു ഡോക്ടർ പറഞ്ഞിരുന്നു. പൊട്ടൽ ഉണ്ടെന്ന് ഡോക്ടർ പറഞ്ഞില്ല. ചതവുണ്ടെന്നും പരുക്കുണ്ടെന്നും പറഞ്ഞു. കൂടുതൽ മോശമാകാതിരിക്കാൻ പ്ലാസ്റ്റർ ഇടണമെന്നു പറഞ്ഞുവെന്നും രമ വിശദീകരിക്കുന്നു.