എറണാകുളം: സിഐബി കേസെടുത്താല്‍ മുന്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാം അറസ്റ്റിലാകാന്‍ സാധ്യത ഏറെ. ഈ സാഹചര്യത്തില്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ആലോചന സജീവമാണ്. ഡല്‍ഹിയിലെ അഭിഭാഷകരില്‍ നിന്നടക്കം വിശദ നിയമോപദേശം തേടിയിട്ടുണ്ട്. സിബിഐ കേസെടുത്താല്‍ മുന്‍കൂര്‍ ജാമ്യം പോലും നിഷേധിക്കാന്‍ പോന്ന തരത്തിലെ പരാമര്‍ശങ്ങള്‍ ഹൈക്കോടതി വിധിയിലുണ്ട്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെ രക്ഷിക്കാന്‍ വിജിലന്‍സ് ശ്രമിച്ചുവെന്ന് ഹൈക്കോടതി വിലയിരുത്തുന്നു. സത്യസന്ധമായ അന്വേഷണത്തിന് സിബിഐ അനിവാര്യമാണെന്നും കോടതി പറഞ്ഞു. എബ്രഹാമിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ ഗുരുതര പരാമര്‍ശങ്ങലുള്ളത്.

വിജിലന്‍സിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കെ.എം. എബ്രഹാം എന്ന കാര്യം ഹൈക്കോടതി എടുത്തുപറഞ്ഞു. വിജിലന്‍സ് അന്വേഷണത്തില്‍ സംശയങ്ങള്‍ ഉണ്ട്. എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചു. ഇതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ തെളിവ് നശീകരണ സാധ്യത അടക്കം മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ കോടതിയ്ക്ക് മുമ്പിലുയര്‍ത്താന്‍ സിബിഐയ്ക്ക് കഴിയും. അതുകൊണ്ടാണ് ഹൈക്കോടതി സിംഗികള്‍ ബഞ്ച് വിധിക്കെതിരെ അപ്പീല്‍ സാധ്യതകള്‍ കെ എം എബ്രഹാം തേടുന്നത്.

കെ.എം. എബ്രാഹാമിനെതിരേ സിബിഐ അന്വേഷണത്തിനാണ്് ഹൈക്കോടതി ഉത്തരവിട്ടത്. കൊച്ചി സിബിഐ യൂണിറ്റിനാണ് കേസ് ഏറ്റെടുക്കാനുള്ള നിര്‍ദേശം ഹൈക്കോടതി നല്‍കിയത്. കെ.എം.എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ചൂണ്ടിക്കാട്ടി 2015-ലാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. 2015-ല്‍ ധനവകുപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു കെ.എം.എബ്രഹാം. ഈ കാലഘട്ടത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു പരാതി.

ഇതില്‍ തുടര്‍നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. നിലവില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കിഫ്ബി സിഇഒ എന്നീ പദവികളില്‍ തുടരുകയാണ് എബ്രഹാം. നേരത്തേ സംസ്ഥാന വിജിലന്‍സ് കെ.എം. എബ്രഹാമിനെതിരായ പരാതി അന്വേഷിച്ച് തള്ളിയിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് അന്വേഷണം നടന്നത്. ഏറെ വിവാദങ്ങള്‍ ആ സമയത്ത് ചര്‍ച്ചയായിരുന്നു. ഐഎഎസ്-ഐപിഎസ് പോരിലേക്ക് പോലും കാര്യങ്ങള്‍ അന്ന് എത്തിയിരുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം എബ്രഹാമിനെ രക്ഷിക്കാന്‍ വിജിലന്‍സ് ശ്രമിച്ചുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. വിജിലന്‍സ് അന്വേഷണത്തില്‍ സംശയങ്ങള്‍ ഉണ്ട്. കെഎം എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചു. ഇതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സത്യസന്ധമായ അന്വേഷണത്തിന് സിബിഐ അനിവാര്യമാണ്.

വിജിലന്‍സിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കെഎം എബ്രഹാം എന്ന കാര്യവും വിമര്‍ശനത്തിനൊപ്പം ഹൈക്കോടതി എടുത്തുപറഞ്ഞു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ സജീവമാണ്. എബ്രഹാം രാജിസന്നദ്ധത അറിയിച്ചെങ്കിലും മുഖ്യമന്ത്രി അത് നിരസിക്കുകയാണ് ഇപ്പോഴും.