- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഗിംള്‍ ബഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പറഞ്ഞതല്ലാതെ ആരും കോടതിയില്‍ പോയില്ല; കേസെടുത്തുത്തില്ലെങ്കില് കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്ന തിരിച്ചറിവില്‍ കേന്ദ്ര ഏജന്‍സിയുടെ തുടര്‍ നടപടി; കെ എം എബ്രഹാമിനെതിരെ എഫ് ഐ ആര്‍; മുഖ്യമന്ത്രിയുടെ വിശ്വസ്തനെ അറസ്റ്റു ചെയ്യേണ്ട സാഹചര്യം; സെക്രട്ടറിയേറ്റിലേക്ക് സിബിഐ എത്താന്‍ സാധ്യത
കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു. നേരത്തെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി നിര്‍ണ്ണായക നിരീക്ഷണം നടത്തിയിരുന്നു. നിലവില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമാണ് കെ.എം. എബ്രഹാം. ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് എബ്രഹാം പറഞ്ഞിരുന്നു. എന്നാല്‍ അപ്പീല്‍ നല്‍കിയില്ല. ഇതോടെ സിഗിംള്‍ ബഞ്ച് വിധിക്ക് അപ്പീല്‍ വരാത്ത സാഹചര്യവുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഐ കേസെടുക്കുന്നത്. തിരുവനന്തപുരം കോടതിയില്‍ എഫ് ഐ ആര്‍ നല്‍കും. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തുന്നത് എന്നാണ് സൂചന. അതുകൊണ്ട് തന്നെ കെ എം എബ്രഹാമിനെ അറസ്റ്റു ചെയ്യേണ്ട സാഹചര്യമുണ്ട്. എബ്രഹാം മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇല്ലാത്ത പക്ഷം സെക്രട്ടറിയേറ്റിലെത്തി എബ്രഹാമിനെ സിബിഐയ്ക്ക് അറസ്റ്റു ചെയ്യേണ്ടി വരും.
കെ.എം. എബ്രഹാം 2015-ല്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി ആയിരുന്ന കാലഘട്ടത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. കൊച്ചി സിബിഐ യൂണിറ്റിനാണ് കേസ് ഏറ്റെടുക്കാനുള്ള നിര്‍ദേശം ഹൈക്കോടതി നല്‍കിയത്. സംസ്ഥാന വിജിലന്‍സ് കെ.എം. എബ്രഹാമിനെതിരായ പരാതി നേരത്തെ അന്വേഷിച്ച് തള്ളിയിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് അന്വേഷണം നടന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018-ലാണ് ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് കെ. ബാബു അടങ്ങുന്ന സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ശമ്പളത്തെക്കാള്‍ കൂടുതല്‍ തുക എല്ലാ മാസവും ലോണ്‍ അടയ്ക്കുന്നത് എങ്ങനെയെന്ന് കെ.എം. എബ്രഹാം മറുപടി പറയണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. കൂടാതെ ഒട്ടനവധി സ്ഥലങ്ങളില്‍ കോടികള്‍ വിലവരുന്ന വസ്തുവകകള്‍ കെ.എം. എബ്രഹാംവാങ്ങിക്കൂട്ടിയെന്നും ആരോപണം ഉണ്ടായിരുന്നു. കെ എം എബ്രഹാമിനെ രക്ഷിക്കാന്‍ വിജിലന്‍സ് ശ്രമിച്ചുവെന്നും വിജിലന്‍സ് അന്വേഷണത്തില്‍ സംശയങ്ങള്‍ ഉണ്ടെന്ന് കോടതി പറഞ്ഞു. കെ എം എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നും ഇതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിജിലന്‍സിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കെ എം എബ്രഹാം എന്ന് കോടതി പ്രത്യേകം സൂചിപ്പിച്ചു. ഇതില്‍ കൃത്യമായ അന്വേഷണത്തിന് സി ബി ഐ അനിവാര്യമാണെന്നും ഹൈക്കോടതി പറഞ്ഞു. ഇത്തരം രൂക്ഷ പരമാര്‍ശങ്ങള്‍ക്കെതിരെ എബ്രഹാം അപ്പീല്‍ നല്‍കാത്തതും ഏവരേയും ഞെട്ടിച്ചിട്ടുണ്ട്.
പരാതി, പരാതിക്കാരന്റെ മൊഴി, വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണ റിപോര്‍ട്ട്, മറ്റ് സുപ്രധാന രേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സി ബി ഐ കൊച്ചി യൂനിറ്റ് സൂപ്രണ്ടിന് ജസ്റ്റിസ് കെ ബാബു നിര്‍ദേശം നല്‍കിയിരുന്നു. ഇതില്‍ പല രേഖകളും സിബിഐയ്ക്ക് കിട്ടി. ഇതിനൊപ്പം ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ മൊഴി എടുത്തുവെന്നും സൂചനയുണ്ട്. മുഖ്യമന്ത്രിയുടെ സൂപ്പര്‍ പവര്‍മാനെതിരെ സിബിഐ അന്വേഷണം വരുമ്പോള്‍ പിണറായി വിജയനും ആഭ്യന്തര വകുപ്പും വീണ്ടും സമ്മര്‍ദ്ദത്തിലാകും. മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാണ് മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെയുള്ള അഴിമതി ആരോപണത്തിലെ വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചത് എന്നും ആരോപണമുണ്ട്. കെ.എം. എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിടുമ്പോള്‍ വിജിലന്‍സിന്റെ തലപ്പത്ത് മുന്‍ ഡിജിപി ജേക്കബ് തോമസായിരുന്നു. അന്വേഷണം നല്ല രീതിയില്‍ മുന്നോട്ട് പോയപ്പോള്‍ കെ.എം. എബ്രഹാം കുടുങ്ങുമെന്നായി. പക്ഷേ പെട്ടെന്ന് കേസെല്ലാം അട്ടിമറിക്കപ്പെട്ടു. നയതന്ത്ര ബാഗേജു വഴി നടത്തിയ സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരന്റെ ഏതാണ്ട് അതേ തസ്തികയിലാണ് കെ.എന്‍.എബ്രഹാം ഇപ്പോള്‍ ഇരിക്കുന്നത്. കൂടാതെ കോടിക്കണക്കിന് രൂപയുടെ കരാര്‍ പണികള്‍ നടത്തുന്ന കിഫ്ബിയുടെ സിഇഒ സ്ഥാനത്തും.
ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചശേഷവും കൈവിടാതെ ലക്ഷക്കണക്കിന് രൂപ ശമ്പളം നല്‍കി എബ്രഹാമിനെ മുഖ്യമന്ത്രി കൂടെകൂട്ടിയത് മനസാക്ഷി സൂക്ഷിപ്പുകാരന്‍ എന്ന നിലയിലാണ്. ചീഫ് സെക്രട്ടറിയെപ്പോലും നിയന്ത്രിക്കാനുള്ള സ്ഥാനമാണ് നല്‍കിയത്. എസ്എഫ്ഐഒ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാവിജയനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കെയാണ് കെ.എ. എബ്രഹാമിനെതിരെയുള്ള സിബിഐ അന്വേഷണം. ഇതെല്ലാം സര്‍ക്കാരിന് പ്രതിസന്ധി കൂട്ടുന്നുണ്ട്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ പദവികളൊന്നും രാജിവയ്ക്കാന്‍ ആലോചിക്കുന്നില്ലെന്ന് കെ.എം.എബ്രഹാം പറഞ്ഞിരുന്നു. പദവികളില്‍ തുടരണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും കിഫ്ബി ജീവനക്കാര്‍ക്കുള്ള വിഷുദിന സന്ദേശത്തില്‍ മുന്‍ ചീഫ് സെക്രട്ടറി കൂടിയായ അദ്ദേഹം വ്യക്തമാക്കി.രാജിവച്ചാല്‍ അത് ഹര്‍ജിക്കാരനും ആരോപണം ഉന്നയിച്ചവരും പറയുന്നത് ശരിയാണ് എന്ന് വ്യാഖ്യാനിക്കപ്പെടുമെന്നതാണ് എബ്രഹാമിന്റെ നിലപാട്.
വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ഹര്‍ജിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തനിക്കെതിരെ കേസുമായി പോകുന്നത്. നേരത്തെ ജോമോന്‍ റസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ തന്നോട് വൈരാഗ്യമുണ്ടായിട്ടുണ്ട്.മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും ഇതിനു പിന്നിലുണ്ട്. ജേക്കബ് തോമസ് നടത്തിയ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് പുറത്തുകൊണ്ടുവരികയും അദ്ദേഹത്തിനെതിരെ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ജേക്കബ് തോമസും ജോമോനൊപ്പം ചേര്‍ന്ന് ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ഇതും ജോമോന്‍ തെളിവുകള്‍ പുറത്തു വിട്ട് പൊളിച്ചിരുന്നു.