കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനുനേരേ സൈബര്‍ അധിക്ഷേപം നടത്തിയെന്ന കേസില്‍ യൂട്യൂബറും മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ.എം. ഷാജഹാന് കോടതി ജാമ്യം അനുവദിക്കുമ്പോള്‍ ഉയരുന്നത് പോലീസില്‍ ചില കേസുകളില്‍ നടക്കുന്ന അമിതാവേശം. എറണാകുളം സിജെഎം കോടതിയാണ് ഷാജഹാന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. 25000 രൂപയുടെയും രണ്ട് പേരുടെ ആള്‍ജാമ്യത്തിലുമാണ് ഷാജഹാനെ വിട്ടയച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണം, സമാന കുറ്റകൃത്യം ചെയ്യരുത്, തെളിവ് നശിപ്പിക്കരുത് എന്നിങ്ങനെയുള്ള വ്യവസ്ഥകളാണ് ജാമ്യ ഉത്തരവിലുള്ളത്. അതിനിടെ ഷാജഹാന്‍ പങ്കുവെച്ചെന്ന് പറയുന്ന അധിക്ഷേപപോസ്റ്റുകളുടെ ഉറവിടം കണ്ടെത്താനായി പോലീസ് ഫെയ്‌സ്ബുക്ക് മാതൃസ്ഥാപനമായ മെറ്റയോട് വിവരങ്ങള്‍ തേടിയിരുന്നു. എന്നാല്‍, അവര്‍ വിവരങ്ങള്‍ കൈമാറാന്‍ വിസമ്മതിച്ചു. മെറ്റയില്‍നിന്ന് വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ഇന്റര്‍പോള്‍ മുഖേന ഇടപെടാന്‍ സംസ്ഥാന പോലീസ് മേധാവി സര്‍ക്കാര്‍ അനുമതി തേടിയിരുന്നു. പല കൊടും കുറ്റവാളികളും സുഖജീവിതം നയിക്കുമ്പോഴാണ് ഷാജഹാനെ വേട്ടയാടാന്‍ ഇതെല്ലാം പോലീസ് ചെയ്യുന്നത്.

അതിനിടെ ലൈംഗിക കേസുകളിലും മറ്റും ഇരകള്‍ക്കുവേണ്ടി പോരാടിയ ആളാണു താനെന്നും ഭീഷണിപ്പെടുത്തി വീഴ്ത്താമെന്ന് ആരും കരുതേണ്ടെന്നും കെ.എം. ഷാജഹാന്‍ പ്രതികരിച്ചു. വലിയതോതില്‍ സമ്മര്‍ദത്തിലാക്കാന്‍ ഭരണകൂടം ശ്രമിച്ചു. തനിക്കെതിരേ ചുമത്തിയ വകുപ്പുകള്‍ അടിസ്ഥാനരഹിതമാണെന്നു തെളിഞ്ഞു. ഒരു തെറ്റും ചെയ്തിട്ടില്ല. ഒരാളെയും അധിക്ഷേപിച്ചിട്ടില്ല. വി.എസ്. അച്യുതാനന്ദന്റെ കൂടെ നിന്ന് ഇത്തരം പോരാട്ടങ്ങള്‍ നടത്തിയ ആളാണ്. 300 ഓളം ഭീഷണി കോളുകളാണ് തനിക്കു വന്നത്. 2000 വീഡിയോകള്‍ യുട്യൂബില്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യമായാണ് ഒരു പരാതി വരുന്നത്. തന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. കിളിരൂര്‍ കേസിലടക്കം ഇരകള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടിക്കൊണ്ടിരിക്കുകയാണെന്നും ജാമ്യം നേടിയശേഷം കോടതിക്കു പുറത്തെത്തിയ ഷാജഹാന്‍ പ്രതികരിച്ചു. നേരത്തെ ഷാജഹാനെ അറസ്റ്റ് ചെയ്തതില്‍ പോലീസിന് സല്യൂട്ടെന്ന് സിപിഎം നേതാവ് കെ.ജെ. ഷൈന്‍ പ്രതികരിച്ചിരുന്നു. മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായതില്‍ സന്തോഷം. പൊതുഇടത്തിലെ മാലിന്യം ഇല്ലാതാക്കാന്‍ എല്ലാവരും ശ്രമിക്കണം. ഒളിഞ്ഞിരുന്ന് മാലിന്യം എറിയുന്നവരെ കളയാന്‍ ബുദ്ധിമുട്ടാണ്. മാലിന്യത്തെ നിര്‍മാര്‍ജനം ചെയ്യാനുള്ള ഉത്തരവാദിത്വം എല്ലാവരും ഏറ്റെടുക്കുകയാണ്. ഷാജഹാന്‍ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. പോരാട്ടം തുടരും, സര്‍ക്കാരിനു നന്ദി. ഗൂഢാലോചന ഉണ്ടോയെന്നു പോലീസ് അന്വേഷിക്കട്ടേയെന്നും ഷൈന്‍ പ്രതികരിച്ചു. എന്നാല്‍ കോടതിയില്‍ നിന്നും ഷാജഹാന് കിട്ടിയ ജാമ്യം കേസിന്റെ തുടര്‍ നടപടികളില്‍ നിര്‍ണ്ണായകമാകും.

ഷാജഹാന്റെ വീട്ടില്‍ പൊലീസ് കഴിഞ്ഞ ദിവസവും പരിശോധന നടത്തി. തിരുവനന്തപുരം ചെറുവയ്ക്കലുള്ള വീട്ടിലാണ് എറണാകുളം സൈബര്‍ പൊലീസ് സംഘമെത്തിയത്. ഷാജഹാന്റെ മകന്റെ ലാപ്‌ടോപ്പ്, കമ്പ്യൂട്ടര്‍, ഫോണ്‍ തുടങ്ങിയവ പിടിച്ചെടുത്തു. തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് നടപടി. കുറുപ്പുംപടി എസ്.എച്ച് ഒയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇവ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു. അപവാദ പ്രചാരണ കേസില്‍ ഷാജഹാനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മൊബൈല്‍ ഫോണ്‍ പരിശോധിച്ച് ശാസ്ത്രീയ പരിശോധനക്ക് അയച്ചശേഷം വിട്ടയച്ചു. പിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രി ചെങ്ങമനാട് പൊലീസ് ഷാജഹാനെ അറസ്റ്റ് ചെയ്തത്. തിടുക്കത്തില്‍ കേസെടുത്ത് മൂന്ന് മണിക്കൂറിനുള്ളില്‍ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത കൊച്ചിയില്‍ എത്തിച്ച പൊലീസ് നടപടിക്കാണ് ഷാജഹാന് കോടതി ജാമ്യം അനുവദിച്ചതോടെ തിരിച്ചടിയായത്. ഷാജഹാനെതിരെ ഐ.ടി ആക്ടിലെ 67-ാം വകുപ്പ് (അശ്ലീല ദൃശ്യങ്ങളുടെ പ്രചരണം) ചുമത്തിയതാണ് തിരിച്ചടിയായതെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രി തിരുവനന്തപുരം ആക്കുളത്തെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഷാജഹാനെ ആലുവ റൂറല്‍ സൈബര്‍ സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എന്നാല്‍, കേസ് രജിസ്റ്റര്‍ ചെയ്ത് വെറും മൂന്ന് മണിക്കൂറിനുള്ളില്‍ എങ്ങനെയാണ് പൊലീസ് എറണാകുളത്തു നിന്ന് തിരുവനന്തപുരത്തെത്തി കസ്റ്റഡിയിലെടുത്തതെന്ന് കോടതി ചോദിച്ചു. ആലുവ റൂറല്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചെങ്ങമനാട് പൊലീസിന് എങ്ങനെയാണ് അറസ്റ്റ് ചെയ്യാന്‍ കഴിയുകയെന്നും കോടതി ചോദിച്ചു.

ഷാജഹാനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിനോട് കോടതി ചോദ്യങ്ങളുന്നയിച്ചത് സര്‍ക്കാരിന് തിരിച്ചടിയായി. കൂടാതെ, റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ലൈംഗികച്ചുവയുള്ള വാക്ക് വ്യക്തമാക്കാമോ എന്നും, വീഡിയോയില്‍ അശ്ലീലമായ ഭാഗം എന്താണെന്നും കോടതി ആരാഞ്ഞു. എന്നാല്‍ ഇതിന് കൃത്യമായ മറുപടി നല്‍കാന്‍ പ്രോസിക്യൂഷന് ആയില്ല. ഷാജഹാന്‍ കുറ്റകൃത്യം ആവര്‍ത്തിക്കുകയാണെന്ന് പോലീസ് വാദിക്കുകയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. രാഷ്ട്രീയപരമായ ചോദ്യങ്ങള്‍ മാത്രമാണ് വീഡിയോയില്‍ ഉന്നയിച്ചതെന്നും, വ്യക്തിപരമായി മോശമായി പരാമര്‍ശിച്ചിട്ടില്ലെന്നും ഷാജഹാന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കെ.ജെ. ഷൈന്‍ നല്‍കിയ ആദ്യപരാതിയില്‍ നോട്ടീസ് നല്‍കിയിട്ടും ഷാജഹാന്‍ അധിക്ഷേപം തുടര്‍ന്നതുസംബന്ധിച്ച് അവര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കസ്റ്റഡിയിലെടുക്കുന്നതും അറസ്റ്റ് ചെയ്യുന്നതും.

ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ പോലീസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍, വീഡിയോ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് നല്‍കിയിരുന്നില്ല. അത് കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനെത്തിയപ്പോള്‍ കൈമാറി. ഷൈനിന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നായിരുന്നു അന്വേഷണ സംഘത്തിനുമുന്നില്‍ ഷാജഹാന്‍ പറഞ്ഞിരുന്നത്.