കൊച്ചി: കൊച്ചിയിലെ ഓടകൾ അതിവേഗം അടയ്ക്കും. പനമ്പിള്ളി നഗറിൽ കാനയിൽ വീണ് മൂന്നു വയസുകാരനു പരുക്കേറ്റതിന്റെ നടുക്കത്തിലാണ് നഗരവാസികൾ. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. അണുബാധയുടെ സാധ്യത ഉള്ളതിനാൽ കുട്ടിയെ നിരീക്ഷിച്ച് വരികയാണ്. അതേസമയം, അപകടം നടന്ന സ്ഥലത്ത് ഇരുമ്പ് കമ്പി കൊണ്ട് ബാരിക്കേഡ് കെട്ടാൻ കോൺട്രാക്ടർക്ക് കൊച്ചി കോർപ്പറേഷൻ നിർദ്ദേശം നൽകി. ഇത് രണ്ട് ദിവസത്തിനകം പൂർത്തിയാക്കാനാണ് നിർദ്ദേശം. നിലവിൽ താത്കാലിക ബാരിക്കേഡ് കൊണ്ടാണ് കാനയ്ക്കും റോഡിനും അതിര് വെച്ചിരിക്കുന്നത്.

മൂന്ന് വയസുകാരനെ വീഴ്‌ത്തിയ ചതിക്കുഴി പോലെ കൊച്ചി നഗരത്തിൽ നിരവധി ഓടകൾ മൂടാതെ കിടക്കുന്നുണ്ട്. കാൽനട യാത്രക്കാർ ട്രപ്പീസ് കളിക്കാരെ പോലെയാണ് ഈ ഓടകൾക്കരികിലൂടെ നടക്കുന്നത്. ഒറ്റനോട്ടത്തിൽ കാനകൾക്ക് മുകളിൽ സ്ലാബുകൾ എല്ലായിടത്തും ഉണ്ട്. എന്നാൽ സൂക്ഷിച്ച് നോക്കിയാൽ ചതിക്കുഴികൾ കാണാം. ഇതിൽ കാൽനട യാത്രക്കാർ അടിതെറ്റ് വീഴുക പതിവാണ്. എംജി റോഡിനെയും ചിറ്റൂർ റോഡിനെയും ബന്ധിപ്പിക്കുന്ന വീക്ഷണം റോഡിൽ ഒരു ഭാഗത്ത് കാനയ്ക്ക് മുകളിൽ സ്ലാബേ ഇല്ല. പണ്ടൊരിക്കൽ ഉണ്ടായിരുന്നതാണ്. വെള്ളക്കെട്ടിനെ തുടർന്ന് മാലിന്യം കോരാൻ നീക്കി, പിന്നെ പുനഃസ്ഥാപിച്ചില്ല.

ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാതെ കുട്ടിയുടെ അമ്മയും ബന്ധുക്കളും ആശുപത്രിയിലുണ്ട്. അമ്മ കാലുകൊണ്ട് തടഞ്ഞുനിർത്തിയതിനാലാണു കുട്ടി ഒഴുകിപ്പോകാതിരുന്നത്. മൂന്ന് വയസുകാരൻ ഗൗതം സ്വകാര്യ ആശുപത്രിയിൽ സുഖം പ്രാപിക്കുമ്പോൾ, നടന്ന സംഭവം അമ്മ ആതിര വേദനയോടെയാണ് ഓർത്തെടുക്കുന്നത്. ''കുട്ടി വീണപ്പോൾ ഞാനും പെട്ടെന്ന് ചാടി. എനിക്ക് മുഴുവനായി അതിൽ ഇറങ്ങാൻ പറ്റുന്നില്ലായിരുന്നു. തുടർന്ന് കാലുകൾ വച്ച് കുട്ടിയെ കഴുത്തിൽ പൊക്കി നിർത്തി. തല പുറത്തോട്ടു കൊണ്ടുവരണം എന്നു വിചാരിച്ചാണ് തല പൊക്കിപ്പിടിച്ചത്. പിന്നീട് നിലവിളിച്ച് ആളുകളെക്കൂട്ടി. അവരാണ് എന്നെയും കുഞ്ഞിനെയും പൊക്കിയെടുത്തത്. അവർ കുഞ്ഞിനെ കഴുകിയെടുത്ത് ആശുപത്രിയിൽ എത്തിച്ചു. ശ്വാസകോശത്തിലും രക്തത്തിലും ചെറിയ അണുബാധയുടെ സൂചനകൾ കാണിക്കുന്നുണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇന്നലെ 24 മണിക്കൂർ ഐസിയുവിൽ നിരീക്ഷണത്തിലായിരുന്നു കുട്ടി. ആന്റിബയോട്ടിക്കുകൾ ആരംഭിച്ചിട്ടുണ്ട്'' ആതിര പറഞ്ഞു.

സംഭവത്തിനു പിന്നാലെ കൊച്ചിയിലെ ഓടകൾ രണ്ടാഴ്ചയ്ക്കുള്ളിൽ അടയ്ക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി. അപകടത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച കോടതി, രക്ഷപ്പെട്ട കുട്ടി ഭാഗ്യവാനാണെന്നു പറഞ്ഞു. നടപ്പാതകളുടെയും ഓടകളുടെയും കാര്യത്തിൽ കൊച്ചി കോർപറേഷനു വീഴ്ചയുണ്ടായി. എല്ലാറ്റിലും കലക്ടറുടെ മേൽനോട്ടം വേണമെന്നും കോടതി വ്യക്തമാക്കി. കോടതിയിൽ ഹാജരായിരുന്ന കൊച്ചി കോർപറേഷൻ സെക്രട്ടറി, കുട്ടി വീണ സംഭവത്തിൽ ക്ഷമ ചോദിച്ചു.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ കൊച്ചിയിലെ പനമ്പിള്ളിനഗറിലാണ് അപകടം ഉണ്ടായത്. മെട്രോ ഇറങ്ങി അമ്മയ്ക്കുമൊപ്പം നടന്ന് പോവുകയായിരുന്ന മൂന്ന് വയസുകാരന് ഡ്രെയ്‌നേജിജിന്റെ വിടവിലേക്ക് വീണ് പോവുകയായിരുന്നു.അമ്മയുടെ സമയോചിത ഇടപെടൽ കൊണ്ടാണ് ഡ്രെയ്‌നേജ് വെള്ളത്തിൽ മുങ്ങിപ്പോയ കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ കോർപ്പറേഷനെ വിമർശിച്ച് ഹൈക്കോടതിയും രംഗത്തെത്തി. നഗരത്തിലെ പല ഓടകളും തുറന്നിട്ടിരിക്കുകയാണെന്നും രണ്ടാഴ്ചയ്ക്കകം ഇവ മൂടാൻ നടപടി വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

പനമ്പിള്ളി നഗറിൽ അമ്മയ്ക്കൊപ്പം ചുറുചുറുക്കോടെ നടന്നുവന്ന മൂന്നുവയസുകാരൻ പെട്ടെന്ന് തുറന്നുകിടന്ന കാനയിലേക്ക് വീഴുന്നതിന്റെയും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അമ്മ അലറിക്കരയുന്നതും നാട്ടുകാർ ഓടിയെത്തി കുട്ടിയെ പുറത്തെടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ചേർന്ന് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. അമ്മ കാലുകൊണ്ട് തടഞ്ഞുനിർത്തിയതിനാലാണ് ഒഴുകിപ്പോകാതിരുന്നത്.

സംഭവം ദുഃഖകരമെന്ന് കൊച്ചി മേയർ എം.അനിൽകുമാർ പ്രതികരിച്ചു. കഴിയുന്നിടത്തെല്ലാം ബാരിക്കേഡും സ്ലാബും ഇടും. കുട്ടിയുടെ ചികിത്സാച്ചെലവ് വ്യക്തിപരമായി ഏറ്റെടുക്കുന്നുവെന്നും അറിയിച്ചു.