- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വായു ഗുണ നിലവാരം മോശം നിലയിൽ; ഡൽഹിയേയും കടത്തി വെട്ടി കൊച്ചി; പുറത്തു വരുന്നത് സിപിഎം നേതാവിന്റെ കമ്പനിക്കെതിരായ വിജിലൻസ് അന്വേഷണം അട്ടിമറിച്ച സർക്കാർ ഇടപെടൽ; എല്ലാവർക്കും ഉത്തരവാദിത്തമെന്ന് ഗോവിന്ദൻ; ഒരു സർക്കാരിന്റെ കാലത്തുണ്ടായ കൂമ്പാരമൊന്നും അല്ലെന്ന് സിപിഎം സെക്രട്ടറി; കൊച്ചിയിൽ ദുരിതം മാത്രം
കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപ്പിടിത്തത്തെ തുടർന്ന് കൊച്ചിയിലെ വായു ഗുണനിലവാരം ഡൽഹിയേക്കാൾ മോശമായി എന്ന് സൂചന. ഇന്ത്യൻ നഗരങ്ങളിൽ വായു ഗുണനിലവാരത്തിൽ ഏറ്റവും പ്രതിസന്ധിയുള്ളത് ഡൽഹിയിലാണ്. എന്നാൽ ബ്രഹ്‌മപുരത്തെ പുക കാര്യങ്ങൾ മാറ്റി മറിക്കുകയാണ്. മോശം അവസ്ഥയിൽ തുടരുകയാണ് കൊച്ചിയിലെ അന്തരീക്ഷവായു. നേരത്തെ മുന്നൂറിന് മുകളിൽ വരെ പോയ എയർ ക്വാളിറ്റി ഇൻഡക്സ്, ഞായറാഴ്ച രാവിലെ 220 പിന്നിട്ട നിലയിലാണെന്നാണ് പുറത്തു വരുന്ന കണക്കുകൾ.
50 വരെയാണ് നല്ല ഗുണനിലവാരം. 51 മുതൽ 100 വരെ ശരാശരിയാണ് കണക്കാക്കുന്നത്. 101-ന് മുകളിൽ മോശം നിലയും 201-ന് മുകളിൽ എത്തുന്നത് ആരോഗ്യത്തിന് അപകടകരവുമാണ്. 301-ന് മുകളിൽ എത്തുന്നത് അതിഗുരുതരമായ സാഹചര്യത്തെ സൂചിപ്പിക്കുന്നു. ഒരു ഘട്ടത്തിൽ കൊച്ചിയിലേത് 300 കടന്നിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ ശരാശരി ഗുണനിലവാരം 135-ഉം രാജ്യത്ത് 128-മായിരുന്നപ്പോൾ, കൊച്ചിയിലേത് 160-ന് മുകളിലായിരുന്നു.
ഞായാറാഴ്ച രാവിലത്തെ കണക്ക് പ്രകാരം ലോകത്തെ ഏറ്റവും മോശമായ വായുനിലവാരമുള്ള നഗരങ്ങളിൽ 94-ാം സ്ഥാനത്താണ് കൊച്ചി. ഏറ്റവും മോശം ശരാശരി വായുഗുണനിലവാരം ഉണ്ടായിരുന്നത് ചൊവ്വാഴ്ചയാണ്. മാർച്ച് ഏഴിന് 294 ആയിരുന്നു എയർ ക്വാളിറ്റി ഇൻഡക്സ്. മാർച്ച് അഞ്ചിന് ശരാശരി വായുഗുണനിലവാരം 282 വരെ രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഒമ്പത് മണിക്ക് രേഖപ്പെടുത്തിയ കണക്കുപ്രകാരം ശരാശരി വായുനിലവാരം 257 ആയിരുന്നു. ശനിയാഴ്ച 11 മണിക്ക് വായുനിലവാരം 300 തൊട്ടിരുന്നു. ഞായറാഴ്ച രാവിലെ വായുഗുണനിലവാരം 6.30-ഓടെ 207- ഉം, എഴ് മണിക്ക് 222-ഉം, എട്ടുമണിക്ക് 212-ഉം 9.30ഓടെ 209-ഉം ആയിരുന്നു.
അതിനിടെ ബ്രഹ്‌മപുരം പ്രതിസന്ധിയിൽ സർക്കാരിനും കോർപ്പറേഷനും ജനങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ പ്രതികരിച്ചു. കൊല്ലം മാതൃകയിൽ ബ്രഹ്‌മപുരം കൈകാര്യം ചെയ്തുകൊണ്ടുപോകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സർക്കാരിന്റെ കാലത്തുണ്ടായ കൂമ്പാരമൊന്നും അല്ല അവിടുത്തേത്. പതിറ്റാണ്ടുകളായിട്ടുള്ളതാണ്. ആക്ഷേപങ്ങളെല്ലാം പരിശോധിച്ച് ആവശ്യമായ നിലപാട് എടുക്കുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.ആരോഗ്യ വകുപ്പിന്റെ ഇടപെടൽ വൈകിയിട്ടില്ല, കൃത്യമായി തന്നെ ഇടപെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രഹ്‌മപുരത്ത് ജൈവമാലിന്യ സംസ്‌കരണത്തിന് കരാർ എടുത്ത കമ്പനി ടെൻഡറിൽ പങ്കെടുക്കാൻ വ്യാജരേഖകൾ ഹാജരാക്കിയെന്ന ആരോപണത്തിൽ വിജിലൻസ് കേസ് അട്ടിമറിച്ചുവെന്നും റിപ്പോർട്ടുണ്ട്. സിപിഎം. പ്രാദേശിക നേതാവ് മാനേജിങ് പാർട്ണറായ കമ്പനിയ്‌ക്കെതിരായ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയില്ല. ഇതിനെത്തുടർന്ന് രണ്ടുമാസത്തിനകം ത്വരിതപരിശോധന നടത്തി റിപ്പോർട്ട് നൽകാൻ വിജിലൻസ് ആവശ്യപ്പെട്ട അന്വേഷണം എങ്ങുമെത്തിയില്ല.
ബ്രഹ്‌മപുരത്ത് ജൈവമാലിന്യ സംസ്‌കരണത്തിന് കരാറുള്ളത് സ്റ്റാർ കൺസ്ട്രക്ഷൻസ് എന്ന കമ്പനിക്കാണ്. ഒരുമാസം 30 ലക്ഷത്തിലധികം രൂപയുടെ കരാറാണ് സ്റ്റാർ കൺസ്ട്രക്ഷൻസുമായുള്ളത്. 250 ടൺ മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നാണ് കരാർ വ്യവസ്ഥ. ഇത്രയും മാലിന്യം സംസ്‌കരിക്കുന്നതിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമായിരുന്നു ടെൻഡറിൽ പങ്കെടുക്കാനുള്ള അടിസ്ഥാന യോഗ്യത. ഒറ്റപ്പാലം, മലപ്പുറം നഗരസഭകളിലെ മാലിന്യസംസ്‌കരണത്തിന്റെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റാണ് ടെൻഡറിൽ പങ്കെടുക്കാൻ സ്റ്റാർ കൺസ്ട്രക്ഷൻസ് ഹാജരാക്കിയത്.
ടെൻഡറിൽ പങ്കെടുക്കാൻ വ്യാജരേഖകൾ ഹാജരാക്കിയെന്ന പരാതിയിൽ 2022 നവംബറിൽ ത്വരിതപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. രണ്ടുമാസത്തിനുള്ള റിപ്പോർട്ട് നൽകണമെന്നായിരുന്നു ആവശ്യം. കോടതി ഉത്തരവുണ്ടെങ്കിലും അന്വേഷണം നടത്താൻ സെക്ഷൻ 17 പ്രകാരം സർക്കാരിന്റെ അനുമതി വേണം. ഇതിനായി സർക്കാരിനെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ഇതാണ് അന്വേഷണം മുന്നോട്ടുപോകാതിരിക്കാൻ കാരണമെന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ