കൊച്ചി : കൊച്ചി കോർപ്പറേഷന് ഹരിത ട്രിബ്യൂണൽ 100 കോടി പിഴ ചുമത്തിയ സംഭവത്തിൽ നിയനടപടിയുമായി മുന്നോട്ട് പോകുമെന്ന് കൊച്ചി മേയർ എം അനിൽ കുമാർ. 100 കോടി രൂപ പിഴ അടയ്ക്കാനാകില്ല. വിശദമായ ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്. അതിൽ താൻ പറഞ്ഞ കാര്യങ്ങളൊന്നും തെറ്റല്ല എന്ന് വ്യക്തമാക്കുന്ന വിശദീകരണം ഉണ്ടെന്നും മേയർ പറയുന്നു. കൊച്ചി കോർപ്പറേഷനെ വൻ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നതാണ് ഹരിത ട്രിബ്യൂണൽ ഉത്തരവ്. കേരളത്തിൽ പ്രത്യേകിച്ച് കൊച്ചിയിൽ മാലിന്യ സംസ്‌കരണത്തിൽ തുടർച്ചയായ വീഴ്‌ച്ച സംഭവിക്കുന്നുവെന്നും ഉത്തരവിൽ വിമർശനം.

മുൻ മേയർമാരെല്ലാം വന്നിരുന്നു അവരുടെ കാലത്ത് എല്ലാം കൃത്യമായിരുന്നു എന്ന് പറയുന്നത് വെറുതെയാണെന്ന് ഉത്തരവ് വ്യക്തമാക്കുന്നുവെന്നും നിലവിലെ മേയർ പറയുന്നു. പൊലൂഷൻ കൺട്രോൾ ബോർഡിന്റെ റിപ്പോർട്ട് അടക്കം ഉത്തരവിലുണ്ട്. പക്ഷേ നിലവിൽ ആരും പരസ്പരം പഴിചാരുന്നതിൽ അർത്ഥമില്ല. പുതിയ തലത്തിലേക്ക് കാര്യങ്ങൾ ചെയ്യുകയാണ് വേണ്ടത്. എല്ലാം കോർപ്പറേഷൻ ആത്മാർത്ഥമായും ഉത്തരവാദപരമായും ചെയ്യുമെന്നും മേയർ എം അനിൽ കുമാർ പറഞ്ഞു.

തുക തീപിടുത്തത്തിന്റെ ഇരകളുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റു പരിഹാര നടപടികൾക്ക് ഉപയോഗിക്കണമെന്നാണ് ഹരിത ട്രിബ്യൂണൽ ഉത്തരവിൽ വ്യക്തമാക്കുന്നത്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കണം. സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം എന്തുകൊണ്ട് സർക്കാർ ഏറ്റെടുക്കുന്നില്ലന്ന് ദേശീയ ഹരിത ട്രിബ്യൂണൽ ചോദിച്ചിട്ടുണ്ട്. മാരകമായ അളവിൽ വായുവിലും പരിസരത്തെ ചതുപ്പിലും വിഷപദാർത്ഥങ്ങൾ കണ്ടെത്തിയെന്ന് പറഞ്ഞ ട്രിബ്യൂണൽ ഭാവിയിൽ സുഖമമായി പ്രവർത്തിക്കുന മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ട്.

ബ്രഹ്‌മപുരം തീപ്പിടിത്തത്തിൽ കൊച്ചി കോർപ്പറേഷന് വൻതിരിച്ചടിയാണ് ഉത്തരവ്. 100 കോടി രൂപ പിഴ ചുമത്തിയത് ഒരുമാസത്തിനുള്ളിൽ പിഴയടക്കാനാണ് ഉത്തരവ്. ഇതിനെതിരായ അപ്പീൽ ഹൈക്കോടതി അടക്കം തള്ളിയാൽ അതുകൊച്ചി കോർപ്പറേഷനും സംസ്ഥാന സർക്കാരിനും വൻ തിരിച്ചടിയാകും. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മുമ്പാകെ പിഴയടക്കണം. ഇത് തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ നീക്കിവെക്കണം. സംസ്ഥാന സർക്കാരിന് അതിനിശിതമായ ഭാഷയിലാണ് ഉത്തരവിൽ വിമർശനമുള്ളത്. തീപ്പിടിത്തമുണ്ടായപ്പോൾ നടപടികൾ സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ട്രിബ്യൂണൽ പറയുന്നു.

തീപ്പിടിത്തത്തിൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി വേണം. ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിനും കോർപ്പറേഷനും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഉത്തരവിനെ കോർപ്പറേഷന് നിയമപരമായി ചോദ്യം ചെയ്യാൻ സാധിക്കും. ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ അപ്പീൽ നൽകാം. ട്രിബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ചിന് നേതൃത്വം നൽകുന്ന ചെയർപേഴ്‌സൺ എ.കെ. ഗോയലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കൊച്ചിലെ മാലിന്യവുമായും ബ്രഹ്‌മപുരം പ്ലാന്റുമായും ബന്ധപ്പെട്ട് നേരത്തെ ട്രിബ്യൂണൽ മുന്നറിയിപ്പ് നൽകിയിരുന്നതായി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഇതൊന്നും പാലിച്ചില്ലെന്നും ഉത്തരവിൽ പറയുന്നു.

വേണ്ടിവന്നാൽ 500 കോടി രൂപ പിഴ ചുമത്തുമെന്ന് എ.കെ. ഗോയലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ബ്രഹ്‌മപുരത്തെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിന്റെ ആദ്യദിന വാദത്തിലാണ് സംസ്ഥാനസർക്കാരിനെ കഴിഞ്ഞ ദിവസം വിമർശിച്ചത്. മാലിന്യക്കൂമ്പാരത്തിലെ തീകെടുത്താനുണ്ടായ കാലതാമസം സംസ്ഥാനസർക്കാരിന്റെ പരാജയമാണെന്നും ട്രിബ്യൂണൽ വിമർശിച്ചിരുന്നു.