- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം റെയില്‍വേ സ്റ്റേഷന് സ്ഥാപിക്കും; കരാര്‍ ക്ഷണിച്ച് ഒരു വര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കും; ചെലവ് 19 കോടി രൂപ: രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ക്കും ഇന്റര്‍സിറ്റി ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കും സ്റ്റോപ്പ്
കൊച്ചി വിമാനത്താവളത്തിനടുത്ത് പുതിയ റെയിൽവേ സ്റ്റേഷൻ
തിരുവനന്തപുരം: കൊച്ചി വിമാനത്താവളത്തിനു സമീപം റെയില്‍വേ സ്റ്റേഷന് നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. 19 കോടി രൂപയാണ് ഇതിന് ചിലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്ക് അംഗീകാരമായാല്‍ കരാര്‍ ക്ഷണിച്ച് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ ഇടപെടലിനെത്തുടര്‍ന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്.എന്‍.സിങ് സ്ഥലം സന്ദര്‍ശിച്ച് എസ്റ്റിമേറ്റ് തയാറാക്കാന്‍ നിര്‍ദേശം നല്കി. പദ്ധതിക്ക് ഉടന്‍ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൊച്ചി വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ അടക്കമുള്ളവര്‍ക്ക് ഏറെ പ്രയോജനകരമാകുന്ന പദ്ധതിയാണിത്. എയര്‍പോര്‍ട്ടിന് സമീപമുള്ള റെയില്‍വേയുടെ ഭൂമി ആവും സ്റ്റേഷന് നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്തുക. റെയില്‍വേ തയ്യാറാക്കിയ പുതിയ രൂപരേഖയില്‍ സ്റ്റേഷന്റെ സ്ഥാനം സോളര്‍ പാടത്തിന്റെ ഭാഗത്തേക്കു നീക്കിയിട്ടുണ്ട്. ട്രാക്കിനു സമീപം ഇരുവശത്തും റെയില്‍വേയുടെ ഭൂമി ലഭ്യമാണ്. ഇതാവും പദ്ധതിക്കായി ഉപയോഗിക്കുക. അത്താണി ജംക്ഷന് എയര്‍പോര്‍ട്ട് റോഡിലെ മേല്‍പാലം കഴിഞ്ഞാകും പ്ലാറ്റ്ഫോം തുടങ്ങുക. 24 കോച്ച് ട്രെയിനുകള്‍ നിര്‍ത്താനാകുന്ന രണ്ട് പ്ലാറ്റ്ഫോമുകളാവും ഇവിടെ നിര്‍മിക്കുക.
റണ്‍വേയുടെ അതിര്‍ത്തിയിലുള്ള ചൊവ്വരനെടുവന്നൂര് എയര്‍പോര്‍ട്ട് റോഡിലേക്കാവും പ്ലാറ്റ്ഫോമില്‍നിന്നു പുറത്തേക്കിറങ്ങുക. മേല്‍പാലത്തിനു താഴെയുള്ള റോഡിലൂടെ ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വിമാനത്താവളത്തിലെത്തുകയും ചെയ്യാം. ഈ റൂട്ടില്‍ ഇലക്ട്രിക് ബസ് ഏര്‍പ്പെടുത്താമെന്നു കൊച്ചി വിമാനത്താവള കമ്പനി അധികൃതര്‍ (സിയാല്‍) റെയില്‍വേയെ അറിയിച്ചിട്ടുണ്ട്. ഇതും റെയില്‍ മാര്‍ഗം എത്തുന്ന യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമാകും. മാത്രമല്ല ടാക്സിയും മറ്റും വിളിച്ച് ദൂരെ നിന്നും എത്തുന്നവര്‍ക്ക് ചിലവ് കുറഞ്ഞ രീതിയില്‍ വിമാനത്താവളത്തിലേക്ക് എത്തിച്ചേരാനും പദ്ധതി സഹായകമാകും. കൊച്ചിന് എയര്‍പോര്‍ട്ട് എന്ന പേരാണു സ്റ്റേഷനു ശുപാര്‍ശ ചെയ്തിരിക്കുന്നത്.
പുതിയ സ്റ്റേഷനില്‍ വന്ദേഭാരത് ട്രെയിനുകള്‍ക്കും ഇന്റര്‍സിറ്റി ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കും സ്റ്റോപ്പുണ്ടാകും. ഇ.അഹമ്മദ് കേന്ദ്രമന്ത്രിയായിരിക്കെ 2010 ല്‍ നെടുമ്പാശേരിയില്‍ റെയില്‍വേ സ്റ്റേഷനു തറക്കല്ലിട്ടിരുന്നെങ്കിലും പദ്ധതി മുന്നോട്ടുപോയില്ല. ബെന്നി ബഹനാന് എംപി ഈയിടെയും ലോക്സഭയില്‍ വിഷയം ഉന്നയിച്ചിരുന്നു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ വളരെ കുറഞ്ഞ ചിലവില്‍ വിമാനത്താവളത്തിലേക്ക് എത്തിച്ചേരുകയും ചെയ്യാം. ഏറെക്കാലമായുള്ള കേരളത്തിന്റെ ആവശ്യവുമാണ് ഇത്.