- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിലും വിമാനത്തില്‍ ബോംബ് ഭീഷണി; കൊച്ചി-ബെംഗളൂരു വിമാനത്തില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് യാത്രക്കാരെ ദേഹപരിശോധനക്ക് വിധേയമാക്കി; വിമാനത്തിനകത്തും പരിശോധന; ഭീഷണികള്‍ ആവര്‍ത്തിക്കവേ വിമാന കമ്പനികളുടെ സിഇഓമാരുമായി യോഗം
കൊച്ചിയിലും വിമാനത്തില്‍ ബോംബ് ഭീഷണി
കൊച്ചി: ബോംബ് ഭീഷണികള്‍ പതിവാകുന്നതിനിടെ കൊച്ചിയിലും ഭീഷണിയെത്തി. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ഇന്ന് വൈകീട്ട് പുറപ്പെടേണ്ട കൊച്ചി-ബെംഗളൂരു വിമാനത്തിലാണ് ബോംബ് ഭീഷണി എത്തിയത്. രാത്രി ബെംഗളൂരുവിലേക്ക് പുറപ്പെടുന്ന വിമാനത്തിനാണ് ബോംബ് ഭീഷണി വന്നത്. ഭീഷണിയെത്തുടര്‍ന്ന് വിമാനത്തില്‍ പരിശോധന കൂട്ടി.
വിമാനത്തില്‍ പോകേണ്ട യാത്രക്കാരെ ദേഹപരിശോധനക്ക് വിധേയമാക്കി. കൂടാതെ വിമാനത്തിനകത്തും പരിശോധന കൂടുതലാക്കി. ട്വിറ്ററിലൂടെയാണ് വിമാനത്താവളത്തിന് ഭീഷണി ഉയര്‍ന്നത്. തുടര്‍ന്നാണ് പരിശോധന നടന്നത്. രാജ്യത്ത് നിരവധിയിടങ്ങളില്‍ തുടര്‍ച്ചയായി വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി വന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം കൂടുതല്‍ ഗൗരവമായാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കണക്കാക്കുന്നത്.
അതേസമയം, രാജ്യത്ത് ബോംബ് ഭീഷണി തുടരുന്ന സാഹചര്യത്തില്‍ വിമാന കമ്പനികളുടെ സിഇഓമാരുമായി രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ചേരുകയാണ്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷനാണ് സിഇഒമാരെ ഡല്‍ഹിക്ക് വിളിപ്പിച്ചത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ ഇരുപതിലേറെ ഇന്ത്യന്‍ വിമാനങ്ങള്‍ വ്യാജ ബോംബ് ഭീഷണിയെത്തി. ഇതോടെ സര്‍വീസ് വൈകുകയും ചെയ്തു. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാശ എയര്‍, വിസ്താര, സ്‌പൈസ് ജെറ്റ്, സ്റ്റാര്‍ എയര്‍, അലയന്‍സ് എയര്‍ എന്നീ വിമാനങ്ങള്‍ക്ക് ഭീഷണിയുണ്ടായെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എയര്‍ ഇന്ത്യയുടെ മൂന്നു വിമാനങ്ങള്‍ക്കും ഇന്‍ഡിഗോയുടെ അഞ്ചു വിമാനങ്ങള്‍ക്കും ഭീഷണി സന്ദേശം ലഭിച്ചതായാണ് വിവരം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 40 വ്യാജ ഭീഷണി സന്ദേശങ്ങളാണ് ആഭ്യന്തര, രാജ്യാന്തര വിമാനങ്ങള്‍ക്ക് ലഭിച്ചത്. വിസ്താര എയര്‍ലൈന്‍സിന്റെ ഡല്‍ഹി - ലണ്ടന്‍ വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു. ന്യൂജഴ്സിയില്‍നിന്ന് മുംബൈയിലേക്കുള്ള വിമാനം സുരക്ഷാപരിശോധനകള്‍ കാരണം മൂന്നു മണിക്കൂറോളം വൈകി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് - ജയ്പുര്‍ വിമാനത്തിനും വിസ്താരയുടെ ഉദയ്പുര്‍ - മുംബൈ വിമാനത്തിനും ഭീഷണി സന്ദേശം ലഭിച്ചു.
'' ഡല്‍ഹിയില്‍നിന്ന് ലണ്ടനിലേക്കുള്ള വിസ്താരയുടെ വിമാനത്തിന് സമൂഹമാധ്യമത്തിലൂടെ ഭീഷണി സന്ദേശം ലഭിച്ചു. സുരക്ഷാ ഏജന്‍സികളെ ഉടനെ വിവരം അറിയിച്ചു. സുരക്ഷ മുന്‍നിര്‍ത്തി വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു. ഫ്രാങ്ക്ഫര്‍ട്ടിലിറങ്ങിയ വിമാനത്തില്‍ സുരക്ഷാ പരിശോധനകള്‍ നടത്തി. യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ പ്രധാന്യമാണ് നല്‍കുന്നത്''വിസ്താരയുടെ വക്താവ് പറഞ്ഞു.
ഇന്‍ഡിഗോയുടെ ഡല്‍ഹി - ഇസ്തംബുള്‍, മുംബൈ ഇസ്തംബുള്‍ വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും, സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചു വരികയാണെന്നും കമ്പനി വ്യക്തമാക്കി. ജോധ്പുരില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തിന് ഭീഷണി സന്ദേശം ലഭിച്ചതായും, വിമാനം ഡല്‍ഹിയില്‍ ഇറക്കി സുരക്ഷാ പരിശോധന നടത്തിയതായും കമ്പനി അറിയിച്ചു.
അഞ്ച് അകാസ എയ്ര് വിമാനങ്ങള്‍ക്കും അഞ്ച് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും ബോംബ് ഭീഷണിയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബോംബ് ഭീഷണിയെ തുടര്‍ന്ന് ദുബൈ-ജയ്പൂര്‍ എയര്‍ ഇന്ത്യ വിമാനം വൈകി. ഫ്രാങ്ഫര്‍ട്ടിലേക്ക് വഴിതിരിച്ചുവിട്ട വിസ്താര വിമാനത്തിന് സാമൂഹിക മാധ്യമം വഴിയാണ് ഭീഷണി ലഭിച്ചത്.
യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ബംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന അകാസ എയറില്‍ ബോംബ് വെച്ചതായി സന്ദേശം വന്നത്. തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ ഒന്നും കണ്ടെത്താനായില്ല. മണിക്കൂറുകള്‍ വൈകിയാണ് വെള്ളിയാഴ്ച വിമാനം പുറപ്പെട്ടത്. വിമാനങ്ങള്‍ക്ക് വ്യാജ ബോബ് ഭീഷണി സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം 17കാരനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വ്യാജബോംബ് ഭീഷണി എത്തുമ്പോള്‍ എയര്‍ലൈന്‍ കമ്പനികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും അടക്കം വന്‍ സാമ്പത്തിക ബാധ്യതകളാണ് വരുന്നത്. ഇതില്‍ കടുത്ത ആശങ്കയിലാണ് വ്യോമയാന മന്ത്രാലയവും. നിലവിലെ സാഹചര്യത്തില്‍ സുരക്ഷാ പരിശോധനകള്‍ അടക്കം കൂടുതല്‍ ശക്തമാക്കാനാണ് ഡിജിസിഎയുടെ പദ്ധതി.