കൊച്ചി: യേശുക്രിസ്തുവിന്‍റെ അന്ത്യഅത്താഴത്തെ അപമാനിക്കുന്ന ചിത്രമെന്നാരോപിച്ച് പ്രതിഷേധമുയര്‍ന്നതിനെ തുടർന്ന് കൊച്ചി ബിനാലെയിലെ ഒരു പ്രദർശന ഹാൾ രണ്ടു ദിവസത്തേക്ക് അടച്ചു. ബിനാലെയുടെ ഭാഗമായ 'ഇടം' എന്ന പ്രദർശനം നടക്കുന്ന ഗാർഡൻ കൺവെൻഷൻ സെന്‍ററിലെ ഹാൾ ആണ് താൽകാലികമായി അടച്ചത്. ടോം വട്ടക്കുഴിയുടെ 'ദുവാംഗിയുടെ ദുർമൃത്യു' എന്ന പെയിന്‍റിങ്ങിനെതിരെയാണ് ക്രൈസ്തവ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഉൾപ്പെടെ രംഗത്തെത്തിയത്.

അന്ത്യഅത്താഴത്തെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പേരിൽ അപമാനിക്കുകയാണെന്ന് സിറോ മലബാർ സഭ കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് കെസിബിസി ജാഗ്രതാ കമ്മിഷൻ മുഖ്യമന്ത്രിക്കും സാംസ്ക്കാരിക മന്ത്രിക്കും പരാതി നൽകിയിരുന്നു. ചിത്രത്തിനെതിരെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രദർശന ഗാലറിക്കു മുന്നിൽ പ്രതിഷേധ പ്രകടനങ്ങളും നടന്നു.

എൽഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും ചിത്രത്തിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. ക്രൈസ്തവ വിശ്വാസികൾ വിശുദ്ധമായി കാണുന്ന അന്ത്യഅത്താഴം വളരെ വികലമായി ചിത്രീകരിച്ച് കലാസൃഷ്ടിയെന്ന പേരിൽ പ്രദർശിപ്പിച്ചത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. മതസൗഹാർദ്ദത്തിനു വിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്നും എത്രയും പെട്ടന്ന് ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.

അന്ത്യഅത്താഴത്തെ വികലമായി ചിത്രീകരിച്ചുവെന്നാരോപിച്ച് എറണാകുളം സ്വദേശി തോമസ് ജില്ലാ കളക്റ്റർക്കും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിരുന്നു. 2016-ൽ ഭാഷാപോഷിണി മാസികയിൽ പ്രസിദ്ധീകരിച്ച് വിവാദമായ ചിത്രം തന്നെയാണ് ഇപ്പോൾ ബിനാലെയിൽ പ്രദർശിപ്പിച്ചതെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.

രണ്ടുദിവസത്തേക്ക് പ്രദർശനം നിർത്തിവെച്ചതിലൂടെ, കലയുടെ പേരിൽ മതവികാരം വ്രണപ്പെടുത്തലെന്ന ആരോപണം കൂടുതൽ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച കലാസൃഷ്ടിക്കെതിരെ കഴിഞ്ഞ ദിവസം എല്‍ഡിഎഫ് ഘടകകക്ഷിയായ കേരള കോൺ​ഗ്രസ് എം രംഗത്തെത്തിയിരുന്നു.

ക്രൈസ്തവ വിശ്വാസികൾ വിശുദ്ധമായി കാണുന്ന അന്ത്യഅത്താഴം വളരെ വികലമായി ചിത്രീകരിച്ച് കലാസൃഷ്ടി എന്ന പേരിൽ കൊച്ചി ബിനാലെയിൽ പ്രദർശനം നടത്തിയതായി ശ്രദ്ധയിൽപ്പെട്ടുവെന്ന് ജോസ് കെ. മാണി പറഞ്ഞു. ഇത്തരത്തിൽ ഉള്ള നടപടികൾ പ്രതിഷേധാർഹമാണ്. മതസൗഹാർദ്ദത്തിനു വിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങളിൽ ബന്ധപ്പെട്ടവർ വിട്ടുനിൽക്കുകയും എത്രയും പെട്ടന്ന് ഇതിനെതിരേ നടപടി സ്വീകരിക്കണം. രാജ്യത്ത് ഉടനീളം മതസൗഹാർദ്ദം തകർക്കുന്ന തരത്തിൽ ചില കോണുകളിൽ നിന്നും നിരന്തരമായി ശ്രമങ്ങൾ നടക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.