കൊച്ചി: ബ്രഹ്‌മപുരത്തെ പുക ഭീഷണിയിലാണ് കൊച്ചി ഇപ്പോഴും. പുകയ്ക്ക് ശമനമാകാതെ വന്നതോടെ എറണാകുളം ജില്ലയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി. നൂറു കണക്കിന് പേരാണ് ചികിൽസ തേടി ദിവസവും എത്തുന്നത്. നഗരത്തിലെയും സമീപ പ്രദേശത്തെയും ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ ഒരാഴ്ചയ്ക്കിടെ ചികിത്സ തേടിയവരുടെ എണ്ണം 300-ൽ അധികമാണെന്നാണ് അനൗദ്യോഗിക കണക്ക്. ശ്വാസകോശ വിഭാഗത്തിലും ജനറൽ ഒ.പി.യിലും ശിശുരോഗ വിഭാഗത്തിലുമാണ് കൂടുതൽ പേർ ചികിത്സ തേടിയത്. എന്നാൽ രോഗികളുടെ കണക്കുകൾ ഔദ്യോഗികമായി നൽകുന്നുമില്ല. പുകയുടെ വ്യാപ്തി പുറത്തു വരാതിരിക്കാനാണ് ഇത്.

ശ്വാസ തടസ്സം, ശ്വാസംമുട്ടൽ, ഛർദി, വയറിളക്കം തലവേദന, തൊണ്ടവേദന, ചൊറിച്ചിൽ, ദേഹാസ്വാസ്ഥ്യം തുടങ്ങിയ രോഗ ലക്ഷണങ്ങളുമായാണ് കൂടുതൽ പേരും ചികിത്സ തേടിയെത്തുന്നത്. അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നവരിൽ ഭൂരിഭാഗവും പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം ആശുപത്രി വിടും. കിടത്തി ചികിൽസിപ്പിക്കാനും സർക്കാർ ആശുപത്രികൾക്ക് താൽപ്പര്യമില്ല. നിരവധി പേർ സ്വകാര്യ ആശുപത്രികളിലും ചികിൽസയ്ക്ക് എത്തുന്നുണ്ട്. സർക്കാർ ആശുപത്രികളിലെ കണക്കുകൾ ജില്ലാ ആരോഗ്യ വകുപ്പിനു നൽകിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ, ആരോഗ്യവകുപ്പ് ഇത് പുറത്തുവിടുന്നില്ല.

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീയണയ്ക്കാനുള്ള പ്രയത്നം ഒമ്പതാം ദിവസവും തുടരുന്നതിനിടെ മാലിന്യപ്ലാന്റ് സന്ദർശിച്ച് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവും തദ്ദേശസ്വയംവകുപ്പ് മന്ത്രി എം.ബി രാജേഷും. ബ്രഹ്‌മപുരത്തെ പ്രശ്നം പരിഹരിക്കാൻ സാധ്യമാകുന്ന എല്ലാ പ്രവർത്തനങ്ങളും സർക്കാർ ഏകോപിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഫയർഫോഴ്സുൾപ്പടെ എല്ലാ വകുപ്പുകളും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്നും പഞ്ചായത്ത് കൂട്ടായ പ്രവർത്തനം നടത്തിയെന്നും മന്ത്രി വ്യക്തമാക്കി. തീ ഇനിയും പൂർണ്ണമായും അണയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഇതാണ് പുകയും ഉയരാൻ കാരണം. കാറ്റിന് അനുസരിച്ച് പുക കൂടുന്നുണ്ട്. മാലിന്യ മലകളിൽനിന്ന് പുക ഉയരുന്നത് കുറഞ്ഞിട്ടുണ്ട്. കുറച്ചുഭാഗത്ത് പുക പൂർണതോതിൽ ശമിച്ചു. എന്നാൽ പുകയ്ക്കു നേരിയ ശമനമായെങ്കിലും നഗരത്തിൽ പ്ലാസ്റ്റിക് കത്തിയതിന്റെ രൂക്ഷഗന്ധം നിലനിൽക്കുന്നുണ്ട്.

ആസ്ത്മയും അനുബന്ധ അസുഖങ്ങളുമുള്ളവരും ഹൃദയസംബന്ധമായ അസുഖമുള്ളവരുമാണ് ചികിത്സ തേടിയവരിൽ കൂടുതൽ. മറ്റ് ജില്ലകളിൽനിന്നെത്തി നഗരത്തിലും പരിസരത്തും മക്കൾക്കൊപ്പം താമസിക്കുന്ന പ്രായമേറിയ പലരും ശ്വാസംമുട്ടലിനെ തുടർന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങിത്തുടങ്ങി. വിഷപ്പുക ശ്വസിച്ചതിനെ തുടർന്നുണ്ടായ അസ്വസ്ഥതകൾക്കാണ് പലരും ചികിൽസ തേടുന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രിമാർ ബ്രഹ്‌മപുരത്ത് എത്തിയത്. പുക അണയ്ക്കുന്ന പ്രവർത്തികൾ ഏകോപിപ്പിച്ചു. ബ്രഹ്‌മപുരത്ത് നടന്നത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. ഭാവിയിൽ ഇത്തരം അനുഭവങ്ങളുണ്ടാകാൻ പാടില്ലെന്ന പാഠമാണ് ഇത് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. തീപ്പിടുത്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ ജനപ്രതിനിധികളുടേയും യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എഴുപത് ശതമാനത്തോളം തീയണയ്ക്കാനായി എന്നാണ് വിലയിരുത്തൽ. തിരുവനന്തപുരത്തു നിന്നും കണ്ണൂർ വരെയുള്ള ഫയർഫോഴ്സ് യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്‌നിരക്ഷാ സേനാനംഗങ്ങളെയാണ് ബ്രഹ്‌മപുരത്ത് വിന്യസിച്ചത്. അഗ്നിരക്ഷാ സേനകളുടെ മുപ്പതിലധികം യൂണിറ്റ് ഫയർ എൻജിനുകൾക്കു പുറമെ ആലപ്പുഴയിൽനിന്ന് എത്തിച്ചിട്ടുള്ള മൂന്ന് ഉയർന്ന കപ്പാസിറ്റിയുള്ള പമ്പ് സെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ച് മിനിറ്റിൽ 60,000 ലിറ്റർ എന്ന തോതിൽ വെള്ളം പമ്പ് ചെയ്യുന്നുണ്ട്. പുക ഉയരുന്ന മേഖലകളിൽ മാലിന്യങ്ങൾ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ഇളക്കി അകത്തേക്ക് വെള്ളം പമ്പ് ചെയ്യുകയാണ് ചെയ്യുന്നത്.

മാലിന്യ നീക്കത്തിനായി 36 ഹിറ്റാച്ചി, ജെ.സി.ബി.കൾ, 31 ഫയർ യൂണിറ്റുകൾ, 4 ഹെലികോപ്റ്ററുകൾ, 14 അതിതീവ്ര മർദ ശേഷിയുള്ള ജലവാഹക പമ്പുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലും മാലിന്യ നിർമ്മാജ്ജനത്തിന് വഴിയില്ലാതായതോടെ പ്രദേശവാസികൾ കടുത്ത പ്രതിസന്ധിയിലാണ്. മാലിന്യം വീടുകളിൽ തന്നെ സൂക്ഷിക്കേണ്ട സ്ഥിതിയാണ്. കുമിഞ്ഞു കൂടിയ മാലിന്യങ്ങൾ പുഴുവരിക്കുന്ന അവസ്ഥയാണെന്നും ഇത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും പ്രദേശവാസികൾ പറയുന്നു. ഫ്ലാറ്റുകളിലും മറ്റും കഴിയുന്നവരാണ് ഏറെ ബുദ്ധിമുട്ട് നേരിടുന്നത്.