കൊച്ചി: ഇന്ന് ഉച്ചക്ക് കൊച്ചിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന ഗാറ്റ്‌വിക് വിമാനം റദ്ദാക്കി. ടേക്ക് ഫിനായുള്ള ശ്രമത്തിനിടെ വിമാനത്തിലെ ചിറകിൽ വിള്ളൽ കാണപ്പെട്ടതിനെ തുടർന്നാണ് വിമാനം കാൻസൽ ചെയ്തത്. എൻജിനീയർമാർ സാങ്കേതിക തകരാർ പരിഹരിക്കാൻ കൂടുതൽ സമയം എടുക്കുമെന്ന് അറിയിച്ചതോടെയാണ് വിമാനം റദ്ദു ചെയ്തത്. ഇതിന് സാങ്കേതിക പ്രശ്‌നം പരിഹരിച്ച ശേഷം മാത്രമേ വിമാനം പുറപ്പെടുകയുള്ളൂ.

വിമാനത്തിലെ യാത്രക്കാരെ ഇപ്പോൾ വിമാനത്തിൽ നിന്നും പുറത്തിറക്കിയിട്ടുണ്ട്. ഇവരെ അടുത്തുള്ള ഹോട്ടലുകളിലേക്ക മാറ്റിയേക്കും. സാങ്കേതിക തകരാർ പരിഹരിച്ച ശേഷം മാത്രമേ വിമാനം പുറപ്പെടുകയുള്ളൂ. ഇന്ന് ഉച്ചയ്ക്ക് ശേഷം കൃത്യസമയത്തിനു തന്നെ ടേക്ക് ഓഫിനായി റൺവേയിലേക്ക് നീങ്ങിയ വിമാനമാണ് ചിറകിൽ തകരാർ കണ്ടതിനെ തുടർന്ന് പാർക്കിങ് ബേയിലേക്ക് മടങ്ങി എത്തിയത്. വിമാനത്തിന്റെ തകരാർ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൈലറ്റ് തന്നെയാണ് കണ്ടെത്തിയത്.

ഇതോടെ വിമാനത്തിന്റെ സ്പീഡ് നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്ന സംവിധാനം സുരക്ഷിതം അല്ലാതെ പറക്കാനാകില്ലെന്നു പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തെ അറിയിക്കുക ആയിരുന്നു. ഇതോടെയാണ് വിമാനം മടക്കി പാർക്കിങ് ബേയിൽ എത്തിച്ചത്. വിവരങ്ങൾ അപ്പപ്പോൾ യാത്രക്കാരുമായി വിമാനജീവനക്കാർ പങ്കുവെച്ചിരുന്നു. എന്നാൽ, സാങ്കേതിക തകരാർ പരിഹരിക്കുന്നത് മണിക്കൂറുകളോളം നീണ്ടിരുന്നു.

എന്നാൽ ഒരു ഘട്ടം തകരാർ പരിഹരിച്ച ശേഷവും ചിറകിലെ ഫ്ളാപ് സംവിധാനം ശരിയായി പ്രവർത്തിക്കുന്നില്ല എന്നാണ് പൈലറ്റ് അറിയിച്ചത്. ടേക്ക് ഓഫിലും ലാന്ഡിങ്ങിലും വളരെ നിർണായകം ആണ് ഈ സംവിധാനം. ലാൻഡിങ്ങിൽ വിമാനത്തിന്റെ വേഗത റൺവേയിൽ നിയന്ത്രിക്കുന്നതിൽ ഫ്ളാപ് കൃത്യമായി പ്രവർത്തിക്കേണ്ടത് അത്യാവശ്യവുമാണ്. അതിനാൽ തകരാർ പരിഹരിക്കാതെ റിസ്‌ക് എടുത്തു യാത്ര പുറപ്പെടാൻ പൈലറ്റുമാർ തയ്യാറായില്ല.

വിമാനം പുറപ്പെടാൻ വൈകിയതോടെ ബിസിനസ് ക്‌ളാസ് യാത്രക്കാർക്ക് ഭക്ഷണം ഉൾപ്പെടെ നൽകുകയാണ്. എന്നാൽ എകണോമി ക്‌ളാസിൽ വെള്ളം നൽകി യാത്രക്കാരെ ആശ്വസിപ്പിക്കുകയും ചെയത്ു വിമാന ജോലിക്കാർ. അസ്വസ്ഥരായ കുട്ടികൾ ബഹളം കൂട്ടി തുടങ്ങിയത് യാത്രക്കാരെയും ആശങ്കയിലാക്കി. പൈലറ്റ് എയർ ഇന്ത്യ അധികൃതരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് വിമാനം റദ്ദാക്കുന്ന തീരുമാനത്തിലേക്ക് എത്തിയത്.

ഫ്‌ളൈറ്റിൽ ഒരു സീറ്റ് പോലും ഒഴിവില്ലാത്ത വിധം നിറയെ യുകെ മലയാളികൾ തിങ്ങി നിറഞ്ഞ വിമാനമാണ് കാൻസൽ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗാട്വികിൽ നിന്നും എയർ ഇന്ത്യയുടെ അഹമ്മദ്ബാദ് വിമാനം റദ്ദാക്കപ്പെട്ടതു അസ്വസ്ഥകരമായ സാഹചര്യം സൃഷ്ടിച്ചിരുന്നു. മാസങ്ങൾക്കിടയിൽ കൊച്ചി - ഗാട്വിക് റൂട്ടിൽ തടസം നേരിടുന്നത് അപ്പൂർവ്വമല്ലാത്ത അനുഭവമായി മാറുകയാണ് . എന്നാൽ പുതിയ ഫ്‌ളൈറ്റുകൾ വന്നു തുടങ്ങുന്നതോടെ ഈ പ്രയാസമൊക്കെ മാറും എന്ന പതിവ് ന്യായമാണ് എയർ ഇന്ത്യ നൽകുന്നത് . കൊച്ചിയിലേക്ക് ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കിയാണ് എയർ ഇന്ത്യ സർവീസ് നടത്തുന്നതും . അതിനാൽ പഴഞ്ചൻ വിമാനങ്ങൾ ഒഴിവാക്കി ഈ റൂട്ടിൽ സർവീസ് നടത്താൻ എയർ ഇന്ത്യ തയാറാകണം എന്നാണ് യാത്രക്കാരുടെ ആവശ്യം.