ന്യൂഡൽഹി: കൊച്ചി മെട്രോയുടെ 1957.05 കോടി രൂപ ചെലവു വരുന്ന രണ്ടാം ഘട്ടത്തിൽ കേന്ദ്രസർക്കാരിന്റെയും കേരള സർക്കാരിന്റെയും വിഹിതം 274.90 കോടി രൂപ വീതമായിരിക്കും. നിർമ്മാണം പൂർത്തീകരിച്ച ആലുവ മുതൽ പേട്ട വരെയുള്ള (25.6 കിലോമീറ്റർ, 22 സ്റ്റേഷനുകൾ) ഒന്നാംഘട്ടത്തിന് 5181.79 കോടി രൂപയായിരുന്നു ചെലവ്. കൊച്ചി മെട്രോ ഇൻഫോപാർക്ക് വരെ നീട്ടുമ്പോൾ ഗതാഗതം സുഗമാകുമെന്ന പ്രതീക്ഷയിലാണ് കൊച്ചിക്കാർ. റോഡിലെ തിരക്കും കുറയുമെന്നാണ് വിലയിരുത്തൽ.

ഒന്നാംഘട്ടം എ പദ്ധതിയിൽ പേട്ട മുതൽ തൃപ്പൂണിത്തുറ എസ്എൻ ജംക്ഷൻ വരെയുള്ള 1.80 കിലോമീറ്റർ നിർമ്മാണവും പൂർത്തീകരിച്ചു. ചെലവ് 710.93 കോടി രൂപ. എസ്എൻ ജംക്ഷൻ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ 1.20 കിലോമീറ്റർ ദൈർഘ്യമുള്ള ഒന്നാംഘട്ട ബി പദ്ധതി നിർമ്മാണം പുരോഗമിക്കുകയാണ്. മെട്രോയുടെ രണ്ടാംഘട്ടത്തെ വലിയ പ്രതീക്ഷയോടെയാണ് കൊച്ചിക്കാർ നോക്കി കാണുന്നത്. കാക്കനാടിന്റെ വികസന സ്വപ്നങ്ങൾക്ക് പദ്ധതി ഊർജം പകരുമെന്ന പ്രതീക്ഷയാണുള്ളത്.

കേന്ദ്രാനുമതി ലഭിച്ചതോടെ കൊച്ചി മെട്രോ 2.0 എന്ന ചർച്ച സജീവമായി. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ ഇൻഫോ പാർക്ക് വരെയുള്ള 11.17 കീലോമീറ്ററിൽ 11 സ്റ്റേഷനുകളാണുള്ളത്. നാലു വർഷം മുൻപേ നിർമ്മാണം തുടങ്ങണ്ടിയിരുന്നതാണ് ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ടം. എന്നാൽ പലകാരണങ്ങളാൽ പദ്ധതി നീണ്ടുപോയി. കിൻഫ്ര , ഇൻഫോ പാർക്ക് ഇവയെല്ലൊം മെട്രോയിലൂടെ ബന്ധിക്കപ്പെടുമ്പോൾ അതിന്റെ ഗുണങ്ങൾ കൊച്ചിക്ക് ലഭിക്കും. കാക്കനാട് റൂട്ടിന് അനുമതി തേടി 2015-ലാണ് ആദ്യം കേന്ദ്രസർക്കാരിനെ സമീപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നടപടികൾ തുടങ്ങി. എന്നാൽ പിന്നീട് പുതിയ മെട്രോ നയത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം പദ്ധതി രൂപരേഖയിൽ മാറ്റം നിർദേശിച്ചു.

ഇതനുസരിച്ചു തയ്യാറാക്കിയ രൂപരേഖ 2018-ൽ കേന്ദ്രത്തിനു സമർപ്പിച്ചു. 2019 ഫെബ്രുവരി 26-ന് പദ്ധതിക്ക് കേന്ദ്രസർക്കാർ തത്ത്വത്തിൽ അനുമതി നൽകുകയും ചെയ്തു. എന്നാൽ, അന്തിമാനുമതിക്കുള്ള കാത്തിരിപ്പ് പിന്നെ നീണ്ടത് വർഷങ്ങളാണ്. ഫ്രഞ്ച് വികസന ഏജൻസിയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്നാണ് കാക്കനാട്ടേക്കുള്ള മെട്രോപാത തുടങ്ങുന്നത്.

സ്റ്റേഷനുകൾ

1. പാലാരിവട്ടം ജങ്ഷൻ
2. പാലാരിവട്ടം ബൈപാസ്
3. ചെമ്പുമുക്ക്
4. വാഴക്കാല
5. പടമുകൾ
6. കാക്കനാട്
7. കൊച്ചിൻ സെസ്
8. ചിറ്റേത്തുകര
9. കിൻഫ്ര
10. ഇൻഫോപാർക്ക്-1
11. ഇൻഫോപാർക്ക്-2

ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽനിന്ന് കാക്കനാടുവഴി ഇൻഫോപാർക്കുവരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണത്തിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. 11.17 കിലോ മീറ്റർ ദൈർഘ്യമുള്ള രണ്ടാംഘട്ട പാതയിൽ 11 സ്റ്റേഷനുണ്ടാകും. 1957.05 കോടി രൂപയാണ് നിർമ്മാണച്ചെലവ്. പേട്ടമുതൽ എസ്എൻ ജങ്ഷൻവരെ 1.8 കിലോ മീറ്റർ ദൈർഘ്യമുള്ള ഒന്ന് എ ഘട്ടം നിർമ്മാണം പൂർത്തീകരിച്ചു സർവ്വീസ് തുടങ്ങി. 710.93 കോടി മുതൽമുടക്കിലുള്ള ഒന്ന് എ ഘട്ടം പൂർണമായും സംസ്ഥാന സർക്കാരാണ് നടപ്പാക്കിയത്.

സംസ്ഥാന സർക്കാർതന്നെ നടപ്പാക്കുന്ന എസ്എൻ ജങ്ഷൻ മുതൽ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ വരെയുള്ള 1.2 കിലോമീറ്റർ ദൈർഘ്യം വരുന്ന ഒന്ന് ബി ഘട്ടം നിലവിൽ നിർമ്മാണത്തിലാണ്. രണ്ടാംഘട്ട മുതൽമുടക്കിൽ കേന്ദ്ര ഓഹരി 274.9 കോടി രൂപയാണ് (16.23 ശതമാനം). സംസ്ഥാന സർക്കാരും ഇതേ തുക മുതൽമുടക്കുന്നുണ്ട്. വായ്പയായി 1016.24 കോടി രൂപയും വാങ്ങും. ആകെ പദ്ധതി ചെലവിന്റെ 60 ശതമാനമാണ് ഇത്.