കൊച്ചി: കാച്ചി മെട്രോയുടെ പേട്ട-എസ്എൻ ജങ്ഷൻ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. നാളെ വൈകീട്ട് സിയാൽ കൺവെൻഷൻ സെന്ററിൽ വച്ച് ആറ് മണിക്കാണ് ഉദ്ഘാടനം. ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. ആലുവ മുതൽ എസ്എൻ ജങ്ഷൻ വരെയുള്ള യാത്രയ്ക്കും 60 രൂപയാകും നിരക്ക്. വടക്കേകോട്ട, എസ്എൻ ജങ്ഷൻ സ്റ്റേഷനുകൾകൂടി വരുന്നതോടെ ആകെ മെട്രോ സ്റ്റേഷനുകൾ ഇരുപത്തിനാലാകും.

മുൻപ് കൊച്ചി മെട്രോയുടെ ആദ്യ ഘട്ട ഉദ്ഘാടനം നിർവഹിച്ചതും മോദിയായിരുന്നു. അന്ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു ചടങ്ങുകൾ. പേട്ടയിൽനിന്ന് തൃപ്പൂണിത്തുറ രാജനഗരിയിലേക്ക് കൊച്ചി മെട്രോ നാളെ ഓടിയെത്തും. പേട്ടയിൽനിന്ന് 1.8 കിലോമീറ്റർ ദൂരമാണ് എസ്.എൻ. ജങ്ഷനിലേക്കുള്ളത്. ഈ റീച്ചിന്റെ ഉദ്ഘാടനത്തോടെ തൃപ്പൂണിത്തുറ നഗരത്തിലേക്ക് മെട്രോ എത്തുകയാണ്.

നാളെ വൈകിട്ട് നാലരയ്ക്കാണ് മോദി ഡൽഹിയിൽനിന്ന് നെടുമ്പാശ്ശേരിയിൽ എത്തുക. ശേഷം കാലടി ആദിശങ്കര ക്ഷേത്രത്തിലേക്കു പോകും. ഇവിടെയാണ് പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. ശേഷം സിയാൽ കൺവെൻഷനിലെത്തി കൊച്ചി മെട്രോ അഞ്ചാം റീച്ച്-വിവിധ റെയിൽവേ പദ്ധതികൾ എന്നിവയുടെ ഉദ്ഘാടനവും നിർവഹിക്കും. ശേഷം രാത്രി താജ് മലബാർ ഹോട്ടലിലേക്ക് പ്രധാനമന്ത്രി മടങ്ങും. രണ്ടാം തീയതി രാവിലെ ഐ.എൻ.എസ്. വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.

കൊച്ചി മെട്രോ റെയിൽ പദ്ധതിയിൽ കെഎംആർഎൽ നേരിട്ട് മേൽനോട്ടവും നിർമ്മാണവും നടത്തിയ റെയിൽപ്പാതയാണ് പേട്ട-എസ്എൻ ജങ്ഷൻ. ആലുവമുതൽ പേട്ടവരെയുള്ള പാതയ്ക്ക് ഡിഎംആർസിയാണ് മേൽനോട്ടം വഹിച്ചത്. 2019 ഒക്ടോബറിലാണ് പേട്ട-എസ്എൻ ജങ്ഷൻ പാതയുടെ നിർമ്മാണം ആരംഭിച്ചത്. കോവിഡും അടച്ചുപൂട്ടലും ഉണ്ടായെങ്കിലും കോവിഡ് മാനദണ്ഡം പാലിച്ചുതന്നെ സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു. 453 കോടി രൂപയാണ് മൊത്തം നിർമ്മാണച്ചെലവ്. സ്റ്റേഷൻ നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കാൻ 99 കോടി രൂപ ചെലവഴിച്ചു.

ആറ് കോടി യാത്രക്കാരുമായി മെട്രോയുടെ കുതിപ്പ്

അഞ്ചുവർഷത്തിനിടെ കൊച്ചി മെട്രോയിൽ യാത്ര ചെയ്തത് ആറു കോടിയിലേറെപ്പേർ. കോവിഡും ലോക്ഡൗണുമെല്ലാം മറികടന്നാണ് മെട്രോയുടെ ഈ 'കോടി' നേട്ടം. മെട്രോയുടെ യാത്രാ സർവീസ് തുടങ്ങിയ 2017 ജൂൺ 19 മുതലുള്ള കണക്കുകളാണിത്. 6,01,03,828 ആണ് മെട്രോയിലെ ഇതുവരെയുള്ള യാത്രക്കാരുടെ എണ്ണം.

ഈ വർഷം മേയിൽ മെട്രോയിലെ യാത്രക്കാർ പ്രതിദിനം ശരാശരി 73,000 വരെയെത്തി. ജൂണിൽ ഇത് 62,000 ആയിരുന്നു. ഇപ്പോൾ ദിവസം ശരാശരി 65,000 പേരാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്നത്. 2021 ഡിസംബർ 21-നാണ് യാത്രക്കാരുടെ എണ്ണം അഞ്ചുകോടി കടന്നത്. എസ്.എൻ. ജങ്ഷൻ, വടക്കേക്കോട്ട സ്റ്റേഷനുകളിലേക്കു കൂടി സർവീസ് ആരംഭിക്കുന്നതോടെ മെട്രോയിൽ ദിവസവും യാത്ര ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷം പിന്നിടുമെന്നാണ് കെ.എം.ആർ.എല്ലിന്റെ പ്രതീക്ഷ.

യാത്രക്കാർക്കായി ഒട്ടേറെ ഇളവുകൾ കെ.എം.ആർ.എൽ. നൽകുന്നുണ്ട്. 75 വയസ്സിന് മുകളിലുള്ളവർക്കും എൻ.സി.സി., സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സ്, പൊലീസ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ളവർക്കും 50 ശതമാനം ഇളവുണ്ട്. ഭിന്നശേഷിക്കാർക്ക് കൊച്ചി മെട്രോയിൽ യാത്ര സൗജന്യമാണ്. ഈ വ്യക്തിയുടെ കൂടെ യാത്ര ചെയ്യുന്നയാൾ ടിക്കറ്റ് നിരക്കിന്റെ പകുതി നൽകിയാൽ മതി.

രാവിലെ ആറുമുതൽ എട്ടുവരെയും രാത്രി എട്ടു മുതൽ 11 വരെയും യാത്രക്കാർക്കായി 50 ശതമാനം ഇളവും നിലവിലുണ്ട്. വിദ്യാർത്ഥികൾക്കായി 80 രൂപയുടെ ഡേ പാസ് പദ്ധതിയും ഒരുക്കിയിട്ടുണ്ട്. പ്രതിവാര, പ്രതിമാസ പാസുകളും കൊച്ചി മെട്രോ പുറത്തിറക്കിയിട്ടുണ്ട്. പ്രതിവാര പാസിന് 700 രൂപയും പ്രതിമാസ പാസിന് 2500 രൂപയുമാണ്. ഒരാഴ്ച ഏത് സ്റ്റേഷനിൽനിന്നും എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാമെന്നതാണ് പ്രതിവാര യാത്രാ പാസിന്റെ പ്രത്യേകത. പ്രതിമാസ ട്രിപ്പ് പാസിൽ 30 ദിവസം പരിധിയില്ലാതെ യാത്ര ചെയ്യാനാകും.