- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
യുവാക്കളുടെ കഴുത്തില്‍ ബെല്‍റ്റിട്ട് പട്ടിയെ പോലെ നടത്തിച്ചു; വില്‍പ്പന കുറഞ്ഞാല്‍ തല്ലും അവഹേളനവും; നിലം നക്കിപ്പിച്ചും കൊടും ക്രൂരത; കൊച്ചിയിലെ മാര്‍ക്കറ്റിങ് കമ്പനികളിലെ കൊടിയ തൊഴില്‍ ചൂഷണം; അടിമപ്പണിയുടെ വിവരങ്ങള്‍ പുറത്തുവന്നതോടെ ഇടപെട്ട് സര്‍ക്കാര്‍; റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് തൊഴില്‍ മന്ത്രി
യുവാക്കളുടെ കഴുത്തില്‍ ബെല്‍റ്റിട്ട് പട്ടിയെ പോലെ നടത്തിച്ചു
കൊച്ചി: കൊച്ചിയിലെ മാര്‍ക്കറ്റിംങ് കമ്പനിയില്‍ നടന്ന കൊടിയ തൊഴില്‍പീഢനത്തിന്റെ വിവരങ്ങള്‍ പുറത്തേക്ക്. കൊച്ചിയിലെ ജിപിഎല്‍ (ജര്‍മന്‍ ഫിസിക്കല്‍ ലബോറട്ടറി), എച്ച്പിഎല്‍ (ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്) എന്നീ കമ്പനിയില്‍ വില്‍പ്പന കുറഞ്ഞതിന്റെ പേരില്‍ ജീവനക്കാരെ കഴുത്തില്‍ ബെല്‍റ്റിട്ട് പട്ടിയെ പോലെ നടത്തിച്ചു. ഇതിന്റെ വീഡിയോ സഹിതം മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടതോടെ സംസ്ഥാന സര്‍ക്കാറും വിഷയത്തില്‍ ഇടപെട്ടു. കൊടിയ തൊഴില്‍പീഡനമാണ് കൊച്ചിയീിലെ ഈ കമ്പനികളില്‍ നടന്നത്.
വില്‍പ്പന കുറഞ്ഞതിന്റെ പേരില്‍ മര്‍ദ്ദനവും അവഹേളനവും നേരിടേണ്ടി വന്നു. നിലം നക്കിപ്പിക്കുകയും ചെയ്തുവെന്ന വിവരങ്ങളാണ് പുറത്തുവന്നത്. തുച്ഛമായ ശമ്പളം നല്‍കിയാണ് ഈ കമ്പനികള്‍ തൊഴിലാളികളെ അടിമപ്പണിയെടുപ്പിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് സ്ഥാപനത്തില്‍ മുമ്പ് ജോലി ചെയ്തിരുന്നതായി അവകാശപ്പെടുന്ന യുവാവ് സാക്ഷ്യപ്പെടുത്തുന്നു.
ടാര്‍ജറ്റ് അച്ചീവ് ചെയ്യാത്തതിന്റെ പേരിലാണ് ഈ തരത്തിലുള്ള ശിക്ഷാനടപടികള്‍ എന്നും ആരോപണമുണ്ട്. ഒരാഴ്ച മുമ്പ് പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് നടപടി എടുത്തില്ലെന്നുമാണ് അഞ്ചുമാസം സ്ഥാപനത്തില്‍ ജോലി ചെയ്ത യുവാവിന്റെ വെളിപ്പെടുത്തല്‍. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് പരാതികള്‍ ഒന്നും കിട്ടിയിട്ടില്ലെന്ന് തൊഴില്‍ വകുപ്പും പൊലീസും അറിയിച്ചു. പ്രചരിക്കുന്ന ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചു വരികയാണെന്നും അധികൃതര്‍ പറഞ്ഞു.
കൊടിയ പീഡനമുറകളാണ് ജീവനക്കാര്‍ നേരിടേണ്ടി വന്നത് എന്നാണ് ആരോപണം. അസഭ്യം പറഞ്ഞും, കണ്ട് നില്‍ക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ശിക്ഷകള്‍ നല്‍കിയും ആണ് ഇവരെ തൊഴില്‍ ചൂഷണത്തിന് വിധേയരാക്കുന്നത്. ബിസ്‌കറ്റ് വെള്ളത്തില്‍ മുക്കി തറയിലിട്ട് അത് നക്കിക്കുക, നിലത്തിട്ട കോയിന്‍ നക്കിക്കൊണ്ട് മുട്ടില്‍ ഇഴയിക്കുക, ചീഞ്ഞ പഴത്തില്‍ തുപ്പി അത് നക്കിക്കുക തുടങ്ങിയ ഞെട്ടിക്കുന്ന ശിക്ഷകളാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുകയെന്ന് ചൂഷണത്തിന് ഇരയായവര്‍ ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി.
800 ഏജന്റുമാരെയാണ് ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്, ജര്‍മന്‍ ഫിസിക്കല്‍ ലബോറട്ടറി എന്നീ കമ്പനി കേരളമാകെ നിയോഗിച്ചിട്ടുള്ളതെന്നാണ് പുറത്തുവരുന്ന വിവരം. കൊച്ചി കലൂര്‍ കേന്ദ്രമാക്കി സംസ്ഥാനത്ത് താലൂക്ക് അടിസ്ഥാനത്തിലാണ് ഓഫീസ് പ്രവര്‍ത്തനം. പത്രപരസ്യം കണ്ട് ചെല്ലുന്ന കുട്ടികള്‍ക്ക് ഇന്റര്‍വ്യൂ എടുക്കുന്ന അന്ന് തന്നെ ജോലി ലഭിക്കും. താലൂക്ക് അടിസ്ഥാനത്തിലാണ് നിയമനം. 10,000 രൂപയാണ് ആദ്യ മാസങ്ങളില്‍ ഇന്‍സെന്റീവ് ആയി ലഭിക്കുകയെന്നാണ് ഉദ്യോഗാര്‍ഥികളോട് പറയുക.
അതേസമയം തൊഴില്‍ചൂഷണ വാര്‍ത്ത പുറത്തുവന്നതോടെ തൊഴില്‍മന്ത്രിയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. മന്ത്രി വി. ശിവന്‍കുട്ടി സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മനുഷ്യത്വഹീനമായ വാര്‍ത്തയാണ് പുറത്തുവന്നത്. വിഷയത്തെ പറ്റി വിശദമായ അന്വേഷണം നടത്തുന്നതിനായി ജില്ലാ ലേബര്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ ഓഫീസര്‍ കമ്പനിയില്‍ നേരിട്ടെത്തി ജീവനക്കാരുടെ മൊഴിയെടുക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.