തിരുവനന്തപുരം: കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍നിന്ന് പ്രധാന പങ്കാളിയായ ടീ കോം (ദുബായ് ഹോള്‍ഡിങ്സ്) ഒഴിവാകുന്നത് സര്‍ക്കാരിന്റെ സമ്മര്‍ദ്ദം കാരണം. കരാറൊപ്പിട്ട് 13 വര്‍ഷം കഴിഞ്ഞിട്ടും പദ്ധതിക്ക് കാര്യമായ പുരോഗതിയുണ്ടായില്ല. യു.എ.ഇ.ക്ക് പുറത്തുള്ള പദ്ധതികളുമായി മുന്നോട്ടുപോകേണ്ടെന്ന ടീ േകാമിന്റെ തീരുമാനത്തിന്റെ തുടര്‍ച്ചയായിക്കൂടിയാണ് പിന്മാറ്റം. അതിനിടെ ഈ ഭൂമി കണ്ണു വച്ച് മറ്റൊരു വമ്പന്‍ കേരളത്തിലെത്തിയെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് കേരളം സമ്മര്‍ദ്ദം ചെലുത്തിയതെന്നാണ് സൂചന. കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതി തങ്ങളുടെ പേരില്‍ ഉടന്‍ പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. അതും ടൗണ്‍ഷിപ്പ് പദ്ധതിയാകും. സര്‍ക്കാര്‍ ഖജനാവില്‍ ഒന്നുമില്ലാ അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ എങ്ങനെയാകും കേരളം നഷ്ടപരിഹാരം നല്‍കുക എന്നതും ഉയരുന്ന ചോദ്യമാണ്. ആറായിരം കോടിക്ക് മുകളിലെ നിക്ഷേപം ടീകോം നടത്തിയിട്ടുണ്ട്.

കെട്ടിടനിര്‍മാണത്തിനടക്കം പദ്ധതിയില്‍ ടീ കോം മുടക്കിയ തുക എത്രയെന്ന് വിലയിരുത്തി അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ തലത്തിലുണ്ടായ ധാരണ. ടീ കോം ഒഴിയുന്നസാഹചര്യത്തില്‍ ഇവിടെ മറ്റ് നിക്ഷേപപദ്ധതികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചന തുടങ്ങിയിട്ടുണ്ട്. ഉരാളുങ്കല്‍ അടക്കമുള്ളവരുടെ പങ്കാളിത്തം സര്‍ക്കാര്‍ ആലോചനയിലുണ്ടെന്നാണ് സൂചന. കാക്കനാട് ഇന്‍ഫോ പാര്‍ക്കിനോടുചേര്‍ന്ന് ഐ.ടി. ടൗണ്‍ഷിപ്പായിരുന്നു 2011-ല്‍ കരാര്‍ ഒപ്പിട്ട പദ്ധതിയുടെ ലക്ഷ്യം. പത്തുവര്‍ഷത്തോളമായി ദുബായ് ഹോള്‍ഡിങ്സ് കൊച്ചിയില്‍ കാര്യമായ നിക്ഷേപം നടത്തുകയോ കരാര്‍പ്രകാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്തിരുന്നില്ലെന്ന വിലയിരുത്തലുമുണ്ട്. ഇതുകൊണ്ട് തന്നെ പദ്ധതി പിന്മാറ്റം സംബന്ധിച്ച് ടീ കോമുമായി സര്‍ക്കാര്‍തലത്തില്‍ പലവട്ടം ചര്‍ച്ച നടന്നിരുന്നു.

ആഗോളനിക്ഷേപം കേരളത്തിലേക്കു കൊണ്ടുവരുമെന്ന പ്രഖ്യാപനത്തോടെ തുടങ്ങിയ സ്മാര്‍ട്ട്സിറ്റി കൊച്ചി പദ്ധതിക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സി.ഇ.ഒ.) ഇല്ലാതെയായിട്ടു ഒരുവര്‍ഷം ആയിരുന്നു. 2023 പകുതിയോടെയാണ് സ്മാര്‍ട്ട് സിറ്റി സി.ഇ.ഒ. രാജിവെച്ചത്. കാക്കനാട് ഇന്‍ഫോപാര്‍ക്കിനോട് ചേര്‍ന്നാണ് സ്മാര്‍ട്ട്സിറ്റി ഐ.ടി.ടൗണ്‍ഷിപ്പ്. 90,000 തൊഴിലവസരം, 88 ലക്ഷം ചതുരശ്രയടി വിസ്തൃതിയില്‍ കെട്ടിടങ്ങള്‍ എന്നെല്ലാമുള്ള പ്രഖ്യാപനത്തോടെയാണ് പദ്ധതി പ്രവര്‍ത്തനം തുടങ്ങിയത്. കേരള സര്‍ക്കാരിന് 16 ശതമാനവും ദുബായ് ഹോള്‍ഡിങ്ങിന് 84 ശതമാനവുമാണ് ഓഹരിപങ്കാളിത്തം. മുഖ്യമന്ത്രിയാണ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍. 2011ല്‍ കരാറൊപ്പിട്ട പദ്ധതിയുടെ ആദ്യഘട്ടം യാഥാര്‍ഥ്യമായത് 2016ല്‍. 13 വര്‍ഷത്തിനിപ്പുറവും പ്രഖ്യാപിതലക്ഷ്യങ്ങള്‍ ഏറെയും അകലെയായിരുന്നു.

സ്മാര്‍ട്ട്സിറ്റി കൊച്ചിയുടെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരമനുസരിച്ച് ഐ.ടി., ഐ.ടി. ഇതരം ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി 37 കമ്പനികളാണ് ഇവിടെയുള്ളത്. നിര്‍മ്മാണപങ്കാളികളായി ആറു കമ്പനികള്‍ വേറെ. 2609 കോടി രൂപയുടെ നിക്ഷേപത്തിന് ഇതിനകം വഴിയൊരുക്കി. ഇതില്‍ 1935 കോടി രൂപയുടെ നിര്‍മ്മാണം കോ-ഡെവലപ്പര്‍മാരുടേതായി പുരോഗമിക്കുകയാണെന്നും വെബ്സൈറ്റിലുണ്ട്. 6.5 ലക്ഷം ചതുരശ്രയടിയുള്ളതാണ് സ്മാര്‍ട്ട്സിറ്റിയുടെ ആദ്യ ഐ.ടി. കെട്ടിടം. നിര്‍മാണങ്ങളിലേറെയും പൂര്‍ത്തിയായി ക്കൊണ്ടിരിക്കുകയാണെന്നാണ് അധികൃതര്‍ പറയുന്നത്. ഇവ പൂര്‍ണസജ്ജമാകുന്നതോടെ തൊഴിലവസരങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നും ചൂണ്ടിക്കാണിച്ചിരുന്നു. അതായത് മൊത്തം ആറായിരം കോടിയ്ക്ക് അടുത്ത് ചെലവാക്കിയെന്നാണ് ടീകോം പറയുന്നത്. ഈ തുകയെല്ലാം ടീകോമിന് തിരിച്ചു കൊടുക്കേണ്ടി വരും.

സ്മാര്‍ട്ട്സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി നല്‍കിയ ശുപാര്‍ശ ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ചു. ടീ കോമുമായി ചര്‍ച്ചകള്‍ നടത്തി പരസ്പരധാരണയോടെ പിന്മാറ്റനയം തയ്യാറാക്കാനാണ് തീരുമാനം. നഷ്ടപരിഹാരത്തുക കണക്കാക്കുന്നതിന് സ്വതന്ത്ര ഇവാല്യുവേറ്ററെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. 88 ലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള നിര്‍മാണമായിരുന്നു സ്മാര്‍ട് സിറ്റിയുടെ ലക്ഷ്യം. എന്നാല്‍ 6.5 ലക്ഷം ചതുരശ്രയടിയുള്ള ഐ.ടി. ടവര്‍ മാത്രമാണ് യാഥാര്‍ത്ഥ്യമായത്. 2004മുതല്‍ 2011 വരെ രാഷ്ട്രീയ കേരളം തുടര്‍ച്ചയായി ചര്‍ച്ച ചെയ്ത പദ്ധതിയാണ് സ്മാര്‍ട്ട് സിറ്റി. ലോകം തൊഴില്‍ തേടി കേരളത്തിലേക്ക് എത്തുമെന്ന് ഏവരും കരുതി.

എന്നാല്‍ ഇവിടെ നിലവില്‍ പ്രവര്‍ത്തിക്കുന്നത് 2016ല്‍ സ്മാര്‍ട്ട് സിറ്റി നേരിട്ട് പണിതീര്‍ത്ത കെട്ടിടവും, ഐടി കന്പനിയുടേതായ മറ്റൊന്നും. 6.5 ലക്ഷം ചതുരശ്ര അടിയിലുള്ള ആദ്യ കെട്ടിടത്തില്‍ ഉള്ളത് 38 കമ്പനികള്‍.ഇതില്‍ ബഹുരാഷ്ട്ര കമ്പനികള്‍ മൂന്നെണ്ണം മാത്രം. ബാക്കി ഇടത്തരം കമ്പനികളും സ്റ്റാര്‍ട്ട് അപ്പുകളുമാണ്. മൊത്തം തൊഴിലെടുക്കുന്നത് പരമാവധി 4500 പേര്‍. തൊട്ടടുത്തായി വലിയ കെട്ടിടങ്ങള്‍ ഇപ്പോഴും നിര്‍മ്മാണഘട്ടത്തില്‍. ഒപ്പം അതിനുമപ്പുറത്ത് കാടുകയറി നശിച്ച് കിടക്കുകയാണ് കണ്ണായ ഭൂമി. 2011ല്‍ വി എസ് സര്‍ക്കാര്‍ ഒപ്പിട്ട പാട്ടക്കരാര്‍ ഏറെ ചര്‍ച്ചയായിരുന്നു. കാക്കനാട്ടെ 246 ഏക്കര്‍ ഭൂമി. 99വര്‍ഷത്തേക്ക് ഏക്കറിന് വെറും ഒരു രൂപ പാട്ടത്തിനാണ് ടീകോമിന് കൈമാറിയത്. പകരം പ്രതീക്ഷിച്ചതോ കൊച്ചിയുടെ സാധ്യതകളെ ടീ കോം ലോകവിപണിയില്‍ മാര്‍ക്കറ്റ് ചെയ്യുന്നു. 88ലക്ഷം ചതുരശ്ര അടിയില്‍ ഐടി ബിസിനസ്സ് ടൗണ്‍ഷിപ്പ് ഉറപ്പാക്കുന്നു.അങ്ങനെ 90,000 തൊഴില്‍ അവസരങ്ങള്‍ സ്മാര്‍ട്ട് സിറ്റിയില്‍ ലഭ്യമാക്കണം. അതും കരാര്‍ ഒപ്പിട്ട് പത്ത് വര്‍ഷത്തിനുള്ളില്‍.

നിലവിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ കാര്യങ്ങള്‍ മാറിമറിയാന്‍ സാധ്യത എത്ര. നാല് കെട്ടിടങ്ങളാണ് പണിത് ഉയരുന്നത്. മൊത്തം 55 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണം. എന്നാല്‍ ഇതൊന്നും ഐടി വന്‍കിട കന്പനികളുടേത് അല്ല.ഐടി കന്പനികള്‍ വരുമെന്ന് പ്രതീക്ഷിച്ച് നിര്‍മ്മിക്കുന്ന കെട്ടിടങ്ങളാണ്. അന്താരാഷ്ട്ര ഐടി കന്പനികള്‍ ഇവിടെ എത്തുമോ എന്നതില്‍ ഒരു ഉറപ്പുമില്ല. അങ്ങനെ എങ്കില്‍ എന്തിനായിരുന്നു സ്മാര്‍ട്ട് സിറ്റി പദ്ധതി. സ്ഥലം മുറിച്ച് കമ്പനികള്‍ക്ക് വില്‍ക്കുന്നത് ആര്‍ക്കായാലും ചെയ്യാം. റിയല്‍ എസ്റ്റേറ്റ് കമ്പനി മാത്രമായി ചുരുങ്ങി സ്മാര്‍ട്ട് സിറ്റിയെന്നതായിരുന്നു വസ്തുത. കരാര്‍ പ്രകാരമുള്ള 1700 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി സ്മാര്‍ട്ട് സിറ്റി പറയുന്നു. നിര്‍മ്മാണം തുടങ്ങാനിരുന്ന പല കമ്പനികളും പ്രളയത്തെ തുടര്‍ന്ന് ഡിസൈന്‍ മാറ്റിയതും,ലോക്ഡൗണും ആണ് പദ്ധതി വൈകാന്‍ കാരണമെന്നാണ് വിശദീകരണം. മൊത്തം ഭൂമിയുടെ 12 ശതമാനം ദുബായ് ഹോള്‍ഡിംഗിന് സ്വതന്ത്ര അവകാശമായി നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പായില്ലെന്നും സ്മാര്‍ട്ട് സിറ്റി പ്രതികരിച്ചിരുന്നു.

കരാര്‍ ഒപ്പിടാന്‍ തന്നെ വലിയ കാലതാമസമുണ്ടായ പദ്ധതി 13 വര്‍ഷത്തിനിപ്പുറവും ട്രാക്കിലായിട്ടില്ല. പ്രളയവും കൊവിഡും അപ്രതീക്ഷിത പ്രതിസന്ധി ഉണ്ടാക്കിയെന്ന് സ്മാര്‍ട്ട് സിറ്റി വിശദീകരിക്കുമ്പോഴും സംസ്ഥാനത്തെ ഐടി വികസനത്തിന് ഈ പദ്ധതിക്ക് എന്ത് നല്‍കാന്‍ കഴിഞ്ഞു എന്നതാണ് ഉയരുന്ന ചോദ്യം. ഇത് തിരിച്ചിറിഞ്ഞാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങള്‍.