തൃശ്ശൂര്‍: ആരണ് കൊച്ചു വേലായുധന്‍. 77-കാരനാണ് കൊച്ചുവേലായുധന്‍. ജനങ്ങള്‍ക്ക് വ്യാജ പ്രതീക്ഷകള്‍ നല്‍കുന്നത് തന്റെ ശൈലി അല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിക്കുമ്പോഴും കൊച്ചു വേലായുധന്റെ ദുരിത കഥ ചര്‍ച്ചകളില്‍ തുടരുകയാണ്. കൊച്ചു വേലായുധനില്‍ നിന്ന് ആ അപേക്ഷ സുരേഷ് ഗോപി വാങ്ങിക്കണമോ എന്നതാണ് ഇപ്പോഴും ഉയരുന്ന ചര്‍ച്ച. പക്ഷേ അതിന് അപ്പുറത്തേക്ക് ചിന്തിക്കേണ്ട പലതും വേലായുധന്റെ ജീവിതത്തിലുണ്ട്. 2023-ലെ ജൂണിലെ പേമാരിയിലും കാറ്റിലും തെങ്ങുവീണ് വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ഇതോടെയാണ് ദുരിതം തുടങ്ങിയത്. സര്‍ക്കാര്‍ സഹായം ഒന്നിനും മതിയായില്ല. പ്രകൃതിക്ഷോഭത്തില്‍ ദുരിതത്തിലാകുന്നവരെ സഹായിക്കേണ്ട മാനദണ്ഡം ഇനിയെങ്കിലും മാറേണ്ടതില്ലേ.. ഇതൊണ് കൊച്ചു വേലായുധന്റെ ജീവിതം ഉയര്‍ത്തുന്ന ചോദ്യം. സിപിഎമ്മല്ല കൊച്ചു വേലായുധന് വീട് നല്‍കേണ്ട.് അത് സര്‍ക്കാരിന്റെ ബാധ്യതയാണ്. കൊച്ചു വേലായുധന്റെ കഥ തിരിച്ചറിഞ്ഞ് ഭാവിയില്‍ എങ്കിലും സമാന ദുരിതമുണ്ടാകുന്നവരെ ചേര്‍ത്ത് നിര്‍ത്തണം സര്‍ക്കാര്‍. അതാണ് ഈ ദുരിതം നല്‍കുന്ന പാഠം.

കൊച്ചു വേലായുധന്റെ ദുരിതം അത്രമേലുണ്ട്. അതുകൊണ്ടാണ് സുരേഷ് ഗോപിയെ കാണാനെത്തിയത്. അപേക്ഷ സുരേഷ് ഗോപി വാങ്ങിയില്ലെങ്കിലും ദുരിതം കൊച്ചു വേലായുധന് തീരും. സിപിഎം വീട് വച്ചു കൊടുക്കാമെന്ന് പറഞ്ഞതു കൊണ്ടായിരുന്നു അത്. പക്ഷേ കൊച്ചു വേലായുധന്റെ ജീവിതം താങ്ങി നിര്‍ത്തേണ്ടത് സര്‍ക്കാരാണ്. അവിടെ വലിയ വീഴ്ച സംഭവിച്ചിരിക്കുന്നു. ഈ വീഴ്ച അറിയിക്കാന്‍ കൂടിയാണ് സുരേഷ് ഗോപിയെ കാണാന്‍ പോയത്. മുണ്ടക്കൈ പോലുള്ള ദുരിത ബാധിതരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്ന സര്‍ക്കാര്‍ പ്രതൃതി ദുരന്തത്തില്‍ എല്ലാം നഷ്ടമാകുന്ന കൊച്ചു വേലായുധനെ കണ്ടില്ല. ഇതായിരുന്നു സുരേഷ് ഗോപിയുടെ അടുത്തേക്ക് കൊച്ചുവേലായുധനെ എത്തിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ വയോധികനുണ്ടായ നഷ്ടം നേരത്തെ തിരിച്ചറിഞ്ഞ് നികത്തിയിരുന്നുവെങ്കില്‍ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല.

കൊച്ചുവേലായുധന്റെ പുള്ളിലെ വീടിനടുത്തായിരുന്നു സുരേഷ് ഗോപിയുടെ 'കലുങ്ക് ചര്‍ച്ച' എന്ന ജനസമ്പര്‍ക്കം. അവിടേക്ക് പോയത് പ്രതീക്ഷയിലാണ്. അത് മറ്റൊരു തരത്തില്‍ നടക്കുകയും ചെയ്യുന്നു. ചുമട്ടുതൊഴിലാളിയായിരുന്നു കൊച്ചുവേലായുധന്‍. അദ്ദേഹവും നാലംഗ കുടുംബവും രണ്ടരവര്‍ഷമായി താമസിക്കുന്നത് തൊഴുത്തിലാണ്. നല്ലൊരു വീടുണ്ടായിരുന്നു പുള്ളിലെ ഇട്ടുസ്മാരക റോഡില്‍. കിണറും തൊഴുത്തും ശൗചാലയവുമുള്ള ഓടിട്ട വീട്. 2022-ലെ ജൂണിലെ പേമാരിയിലും കാറ്റിലും തെങ്ങുവീണ് വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു.

മേല്‍ക്കൂര തകര്‍ന്ന് വീണ് കൊച്ചുവേലായുധന്‍, ഭാര്യ സരോജിനി, മകള്‍ ഷീജ, മരുമകന്‍ മേഘേഷ്, മകന്‍ ബിനോജ് എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും വീട് പോയി. പിന്നീട് തൊഴുത്തായി താമസസ്ഥലം. പശുവിനെ പുറത്തുകെട്ടിയാണ് തൊഴുത്തില്‍ ജീവിതം തുടങ്ങിയത്. പിന്നീട് പശുവിനെ വിറ്റു. ആ പണത്തിന് തൊഴുത്തു മറച്ചു.ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയിലെ ഓലയ്ക്കുമീതെ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു. വില്ലേജില്‍ നിന്നും കിട്ടിയ ചെറിയ സാഹയത്തില്‍ വേലായൂധന് ഒന്നും ചെയ്യാനായില്ല. ഈ ചെറിയ സഹായമാണ് ചോദ്യമായി ഉയരേണ്ടത്. പ്രകൃതി ക്ഷോഭത്തില്‍ നഷ്ടപ്പെട്ട വീട് പുനര്‍നിര്‍മ്മിച്ച് നല്‍കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. അതിന് പക്ഷേ മാനദണ്ഡങ്ങള്‍ തടസ്സമാകുന്നു.

ഭാര്യയും ഭര്‍ത്താവ് മരിച്ച മകളും കൂലിപ്പണിക്ക് പോകുന്നു. മകന്‍ ടെമ്പോ ഡ്രൈവറാണ്. രണ്ടു തവണ കാലിലും വയറിനും ശസ്ത്രക്രിയ കഴിഞ്ഞ കൊച്ചുവേലായുധന് ആരോഗ്യ പ്രശ്‌നങ്ങളും. വീട് പോയതോടെ പ്രതിസന്ധി പുതിയ തലത്തില്‍ എത്തി. ആരുടെ മുമ്പിലും കൈനീട്ടിയില്ല. അര്‍ഹതപ്പെട്ട സര്‍ക്കാര്‍ സഹായത്തിന് വേണ്ടി നിവേദനങ്ങള്‍ പലതും കൊടുത്തു. പക്ഷേ ഫലമുണ്ടായില്ല. സിഐടിയുവില്‍ ചുമട്ടുതൊഴിലാളിയായിരിക്കേ സിപിഎമ്മിന്റെ പുള്ള് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. പിന്നീട് ഐഎന്‍ടിയുസിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം എത്തിയ സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ഖാദര്‍ വീട് ഉടന്‍ പുനര്‍നിര്‍മിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. സിപിഐയിലെ സി.സി. മുകുന്ദന്‍ എംഎല്‍എയും സഹായം വാഗ്ദാനം ചെയ്ത് എത്തിയിരുന്നു. കുറച്ചുകാലം വീടിനടുത്തുള്ള മഞ്ജു വാര്യരുടെ വീട്ടില്‍ സെക്യൂരിറ്റിയായിരുന്നു കൊച്ചുവേലായുധന്‍.

ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ് ഇങ്ങനെ- 'വലിയ രാഷ്ട്രീയ തന്ത്രം എന്ന നിലയ്ക്ക് സിപിഎം ചെയ്ത ഏറ്റവും വലിയ മണ്ടത്തരം സുരേഷ് ഗോപി നിരസിച്ച നിവേദനം പരിഗണിച്ച് വേലായുധന്‍ എന്ന ആള്‍ക്ക് വീട് വെച്ച് കൊടുക്കാന്‍ എടുത്ത തീരുമാനമാണ്. 2022 ല്‍ എങ്ങാണ്ട് ആണു കാറ്റില്‍ തെങ്ങ് വീണു വേലായുധന്‍ എന്ന ആളുടെ വീട് തകരുന്നത്.. ആലോചിച്ചു നോക്കു വാര്‍ഡ് മെമ്പര്‍, പഞ്ചായത്ത്, വില്ലേജ്, വകുപ്പ് മന്ത്രിമാര്‍, മുഖ്യമന്ത്രി എന്നിങ്ങനെയുള്ള ക്രമത്തില്‍ വേലായുധന്‍ വിവിധ സ്ഥലങ്ങളില്‍ വീടിനുള്ള അപേക്ഷ സമര്‍പ്പിച്ചു കാണും, അല്ലെ? ഈ നീണ്ട രണ്ടു മൂന്നു വര്‍ഷക്കാലയളവില്‍ ഒരാള്‍ പോലും ആ നിവേദനം പരിഗണിച്ചില്ല വേണ്ട നടപടിയെടുത്തില്ല. ഇന്ന് വീട് വെച്ച് കൊടുക്കാം എന്ന് പറഞ്ഞ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് അന്നും ഇന്നും സംസ്ഥാന ഭരണത്തില്‍ ഉള്ളത് എന്ന് ഓര്‍ക്കണം..-ഈ പോസ്റ്റ് ഏറെ പ്രസക്തമാണ്.

വ്യാജ പ്രതീക്ഷ നല്‍കല്‍ തന്റെ ശൈലിയല്ല - സുരേഷ് ഗോപി

ജനങ്ങള്‍ക്ക് വ്യാജ പ്രതീക്ഷകള്‍ നല്‍കുന്നത് തന്റെ ശൈലി അല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു. ഈ സംഭവത്തിലൂടെ മറ്റൊരു പാര്‍ട്ടി ആ കുടുംബത്തെ സമീപിച്ച് സുരക്ഷിതഭവനം ഉറപ്പാക്കാന്‍ മുന്നോട്ടുവന്നതില്‍ സന്തോഷമുണ്ട്. രാഷ്ട്രീയ ഉന്നം ഉള്ളതാണെങ്കിലും താന്‍ കാരണം അവര്‍ക്ക് ഒരു വീട് ലഭ്യമായല്ലോ എന്നാണ് സുരേഷ് ഗോപി സാമൂഹിക മാധ്യമത്തില്‍ കുറിച്ചത്. ഭവനനിര്‍മാണം സംസ്ഥാന വിഷയമാണ്. അതിനാല്‍ അത്തരം അഭ്യര്‍ഥനകള്‍ ഒരാള്‍ക്ക് മാത്രം അനുവദിക്കാനോ തീരുമാനിക്കാനോ കഴിയില്ല. അതിന് സംസ്ഥാന സര്‍ക്കാര്‍ തന്നെ വിചാരിക്കണം. മന്ത്രി വ്യക്തമാക്കി.