- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയിലെ വെള്ളാപ്പള്ളി ഗ്രൂപ്പിന്റെ ട്രാവന്‍കൂര്‍ പാലസ് വില്‍ക്കാനുണ്ടെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി; കുറ്റപത്രത്തില്‍ ട്രാവന്‍കൂര്‍ പാലസ് എന്നു മാത്രമാണ് പറയുന്നതെന്നും ഹോട്ടല്‍ എന്ന വാക്കില്ലെന്നും തുഷാര്‍; ധര്മ്മരാജന് വാങ്ങാന്‍ ഉദ്ദേശിച്ചത് തിരുവിതാംകൂര്‍ കൊട്ടാര വക ഭൂമിയോ? ഇഡി കുറ്റപത്രത്തിലെ ധര്‍മ്മരാജ മൊഴി വ്യാജമോ?
കൊച്ചി: കൊടകര കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം വിവാദത്തില്‍. ആലപ്പുഴയിലെ വെള്ളാപ്പള്ളി ഗ്രൂപ്പിന്റെ ട്രാവന്‍കൂര്‍ പാലസ് വില്‍ക്കാനുണ്ടെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചതോടെയാണ് ഇത്. വാങ്ങാന്‍ ആരും തന്നെ സമീപിച്ചിട്ടുമില്ല. കൊടകര കുഴല്‍പ്പണക്കേസില്‍ കവര്‍ച്ചചെയ്യപ്പെട്ട പണം തുഷാറിന്റെ ട്രാവന്‍കൂര്‍ പാലസ് വാങ്ങാനായി കൊണ്ടുപോയതാണെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊടകര കുഴല്‍പ്പണക്കവര്‍ച്ചക്കേസില്‍ ഇഡി കൊച്ചിയിലെ പ്രത്യേക കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണംകൊണ്ടുപോയത് ട്രാവന്‍കൂര്‍ പാലസിന്റെ സ്ഥാലം വാങ്ങാനാണെന്ന് പറയുന്നുണ്ട്. എന്നാല്‍ അത് തന്റെ സ്ഥാപനത്തെക്കുറിച്ചല്ല. കേസില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണമെത്തിച്ചത് തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വാങ്ങാനല്ല. കേസുമായി ബന്ധപ്പെട്ട് ഇഡി ബന്ധപ്പെടുകയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ലെന്നും തുഷാര്‍ പറഞ്ഞു. ഇതോടെ ഇഡി കുറ്റപത്രം ദുരൂഹതകളുടേതാകുകയാണ്. ട്രാവന്‍കൂര്‍ പാലസ് വക ആലപ്പുഴയിലുള്ള സ്ഥലം വാങ്ങാന്‍ കൊടുത്തുവിട്ട 3.56 കോടി രൂപ പ്രതികള്‍ കൊള്ളയടിച്ചെന്നാണ് ഇ.ഡിയുടെ കുറ്റപത്രം. ട്രാവന്‍കൂര്‍ പാലസ് എന്നു മാത്രമാണ് ഇതില്‍ പറയുന്നതെന്നും ഹോട്ടല്‍ എന്ന വാക്കില്ലെന്നും തുഷാര്‍ ചൂണ്ടിക്കാട്ടി. കൊടകര കേസിലെ പ്രതികളുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല തുഷാര്‍ പറഞ്ഞു. ട്രാവന്‍കൂര്‍ പാലസ് എന്ന് ഉദ്ദേശിച്ചത് തിരുവിതാംകൂര്‍ കൊട്ടാരത്തെയാണോ എന്ന സംശയവും ഇതോടെ ശക്തമാകുകയാണ്. തിരുവിതാംകൂര്‍ കൊട്ടാരത്തിനും ആലപ്പുഴയില്‍ വസ്തുക്കളുണ്ട്.
കൊടകര കുഴല്‍പ്പണക്കേസില്‍ ഇഡി നല്‍കിയ കുറ്റപത്രത്തില്‍, ഏജന്റ് ധര്‍മരാജന്റേതായി കൊടുത്ത മൊഴി മുന്‍പ് പോലീസിന് നല്‍കിയ മൊഴിയില്‍നിന്ന് വ്യത്യസ്തമാണ്. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് കുഴല്‍പ്പണമല്ലെന്നും ആലപ്പുഴയിലെ ട്രാവന്‍കൂര്‍ പാലസിലെ സ്ഥലം വാങ്ങാന്‍ കൊണ്ടുവന്ന പണമാണെന്നും ധര്‍മരാജന്‍ മൊഴി നല്‍കിയെന്നാണ് ഇഡി കുറ്റപത്രത്തിലുള്ളത്. പണത്തിന്റെ ഉറവിടം ധര്‍മരാജന്‍ ഹാജരാക്കിയെന്നും ഇഡി കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. തുഷാര്‍ ഇത് നിഷേധിക്കുമ്പോള്‍ മൊഴി വ്യാജമാണെന്ന് വ്യക്തമാകുകയാണ്. അതേ സമയം കള്ളപ്പണം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്കായി ഇറക്കിയതാണെന്നാണ് കേരള പൊലീസിന് ധര്‍മരാജന്‍ മൊഴി നല്‍കിയത്. കൊടകരയില്‍ പണം കവര്‍ച്ചചെയ്യപ്പെട്ടതിന് പിന്നാലെ സുരേന്ദ്രനെ വിളിച്ചിരുന്നുവെന്നും മൊഴിയുണ്ട്. വാജ്പേയ് സര്‍ക്കാരിന്റെ കാലം മുതല്‍ കെ സുരേന്ദ്രനുമായി നല്ല ബന്ധമാണ് എന്നും ധര്‍മരാജന്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെയെല്ലാം ഫോണ്‍ രേഖകള്‍ സഹിതമാണ് പൊലീസ് ഇഡിക്ക് കേസ് കൈമാറിയത്. എന്നാല്‍ മൊഴി ഇല്ലാതെ തെളിവുകളൊന്നും കൈമാറിയിട്ടില്ലെന്ന് ഇഡി പറയുന്നു. അതുകൊണ്ടാണ് ബിജെപിക്കാരെ പ്രതിയാക്കാത്തതെന്നാണ് വാദം.
കൊടകര കുഴല്‍പ്പണക്കടത്ത് കേസില്‍ ഇഡി കോടതിയില്‍ നല്‍കിയ കുറ്റപത്രം ബിജെപി നേതാക്കളെ സംരക്ഷിക്കാനെന്ന് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെ സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷ് ആരോപിച്ചിട്ടുണ്ട്. ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ആറ് ചാക്കുകെട്ടില്‍ ഒമ്പത് കോടി എത്തിച്ചതിന് താന്‍ സാക്ഷിയാണ്. കള്ളപ്പണ ഇടപാടില്‍ ബിജെപിയിലെ ചില നേതാക്കള്‍ക്ക് പങ്കുണ്ട്. ഇത് പുറത്തുപറഞ്ഞിട്ടും ഇതുവരെ ഇഡി മൊഴിയെടുത്തിട്ടില്ല. ഇത് ബിജെപി നേതാക്കളെ രക്ഷിക്കാനാണ്. കുഴല്‍പ്പണം കടത്തുന്നത് രാജ്യദ്രോഹക്കുറ്റമാണ്. അത് അന്വേഷിക്കാന്‍പോലും ഇഡിക്ക് ഒഴിവില്ല. വെറുതെ പോയി കുറ്റപത്രം സമര്‍പ്പിച്ചിട്ട് കാര്യമില്ല. കുഴല്‍പ്പണക്കവര്‍ച്ച നടന്നയുടന്‍ സംഘടനാ സെക്രട്ടറി ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ കൊടകരയിലെത്തി. പണം കടത്തിയ ധര്‍മരാജന്‍ അന്നത്തെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ഫോണില്‍ വിളിച്ചു. ബിജെപിയുമായി ബന്ധമുണ്ടെന്നതിനുള്ള നൂറു ശതമാനം തെളിവാണിത്. ധര്‍മരാജന്റെ പണം എന്തിനാണ് ബിജെപി ഓഫീസില്‍ സൂക്ഷിച്ചത്. ഇതിനുള്ള ക്ലോക്ക് റൂമാണോ ബിജെപി ഓഫീസ്. പണത്തിന്റെ ഉറവിടം അന്വേഷിച്ചാല്‍ നേതാക്കളുടെ പങ്ക് വ്യക്തമാവും. ഇത് ചെയ്യേണ്ടത് ഇഡിയാണ്. കവര്‍ച്ചക്കേസ് കേരള പൊലീസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചതാണ്. ഇഡി അന്വേഷിക്കേണ്ടതില്ല. കള്ളപ്പണത്തിനെതിരെ താന്‍ നിയമ പോരാട്ടം തുടരും. കോടതിയില്‍ രഹസ്യ മൊഴി നല്‍കിയിട്ടുണ്ട്. സ്വകാര്യ അന്യായവും ഫയല്‍ ചെയ്തിട്ടുണ്ടെന്നും സതീഷ് പറഞ്ഞു. ഇതിനൊപ്പമാണ് തുഷാറിന്റെ വെളിപ്പെടുത്തലും ചര്‍ച്ചകളിലെത്തുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കായി കേരളത്തില്‍ എത്തിച്ചത് 41.4 കോടിയാണെന്ന് കേരളപോലീസ് തെളിവുകളും രേഖകളുംസഹിതം റിപ്പോര്‍ട്ട് ചെയ്തിട്ടും ഇഡി അന്വേഷിച്ചത് കൊടകരയിലെ മൂന്നരക്കോടിയുടെ കവര്‍ച്ചമാത്രമാണ്. കൊടകരയില്‍ കവര്‍ന്ന മൂന്നരക്കോടി അടക്കം കുഴല്‍പ്പണമായി 41.4 കോടി രൂപ എത്തിച്ചെന്നാണ് രേഖാമൂലം കേരള പോലീസ് മേധാവി 2022 ജൂണില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഇഡി., ആദായനികുതി വകുപ്പ്, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്നിവയ്ക്ക് റിപ്പോര്‍ട്ടയച്ചത്. 2021 മാര്‍ച്ച് അഞ്ചുമുതല്‍ ഏപ്രില്‍ അഞ്ചുവരെ േകരളത്തിലേക്ക് 41.4 കോടി എത്തിച്ച് വിതരണം ചെയ്തതിന്റെ സമ്പൂര്‍ണ റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. കൊടകരയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്നേ 2021 ഏപ്രില്‍ മൂന്നിനാണ് മൂന്നരക്കോടി കവര്‍ന്നത്. കൊടകര കുഴല്‍പ്പണക്കേസില്‍ കേരള പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഹവാലാ പണമിടപാടും ഇതില്‍ ബിജെപി നേതാക്കളുടെ ബന്ധം ഉറപ്പിച്ച രേഖകളും ഉണ്ട്. ഇഡി ഇതൊന്നും പരിഗണിച്ച് പോലുമില്ല.
കേരള പോലീസിന്റെ കുറ്റപത്രത്തില്‍ ഏഴാംസാക്ഷി ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ്. 145-ാം സാക്ഷി സുരേന്ദ്രന്റെ മകന്‍ കെ.എസ്. ഹരികൃഷ്ണനും. രണ്ടാംസാക്ഷിയായ ധര്‍മരാജന്‍ ഹവാലാ ഏജന്റായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്ന് കുറ്റപത്രത്തിന്റെ ആദ്യപേജിലുണ്ട്. സുരേന്ദ്രന്റെ അറിേവാടെയാണ് ധര്‍മരാജന്‍ പാര്‍ട്ടി പ്രചാരണത്തിനായി കര്‍ണാടകയില്‍നിന്ന് പണമെത്തിച്ചതെന്നും കുറ്റപത്രത്തിലുണ്ട്.