തവനൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ഒന്നാം പ്രതി കൊടി സുനിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മാറ്റാനുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള വന്‍ തന്ത്രമെന്ന് സൂചന. നിലവില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന ശുപാര്‍ശ ജയില്‍ വകുപ്പിന് മുന്നിലുണ്ടെങ്കിലും, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എങ്ങനെയെങ്കിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തിരിച്ചെത്താനാണ് സുനിയും സംഘവും ചരടുവലിക്കുന്നത്. തവനൂര്‍ ജയിലില്‍ ഉദ്യോഗസ്ഥരുമായി നിരന്തരം കൊമ്പുകോര്‍ക്കുന്നതും പ്രശ്‌നങ്ങളുണ്ടാക്കുന്നതും ഈ ജയില്‍മാറ്റത്തിന് വഴിയൊരുക്കാനാണെന്ന ആക്ഷേപം ശക്തമാണ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണമാറ്റമുണ്ടായാല്‍ കണ്ണൂരിന് പുറത്തുള്ള ജയിലുകള്‍ തനിക്ക് സുരക്ഷിതമാകില്ലെന്ന കൃത്യമായ ബോധ്യം കൊടി സുനിക്കുണ്ട്. ക്വട്ടേഷന്‍ ഏറ്റെടുക്കലും മറ്റും നടക്കാതെ പോകും. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൂജപ്പുരയിലോ വിയ്യൂരിലോ ഉള്ള കടുത്ത നിയന്ത്രണങ്ങള്‍ മറികടക്കുക അസാധ്യമാകും. എന്നാല്‍ കണ്ണൂര്‍ ജയിലിലാണെങ്കില്‍ രാഷ്ട്രീയ സ്വാധീനവും പ്രാദേശികമായ പിന്തുണയും ഉപയോഗിച്ച് സുരക്ഷിതമായി കഴിയാമെന്നും പരോള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ എളുപ്പമാകുമെന്നും സുനി കണക്കുകൂട്ടുന്നു.

ഇതിനായി തവനൂരിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും ചരട് വിവാദമുണ്ടാക്കിയും 'നിയന്ത്രിക്കാനാവാത്ത തടവുകാരന്‍' എന്ന പ്രതിച്ഛായ സൃഷ്ടിച്ച് സ്ഥലംമാറ്റത്തിന് കളമൊരുക്കുകയാണ്. തവനൂര്‍ ജയിലിലെ ജോയിന്റ് സൂപ്പര്‍ണ്ടിനെ ഭീഷണിപ്പെടുത്തിയതും കൈയിലെ ചരട് ഊരിയെറിഞ്ഞ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയതും ബോധപൂര്‍വ്വമായ നീക്കമാണെന്ന് ജയില്‍ ജീവനക്കാര്‍ക്കിടയില്‍ സംസാരമുണ്ട്. പൂജപ്പുരയിലേക്ക് മാറ്റാനാണ് നിലവില്‍ സൂപ്രണ്ട് കത്ത് നല്‍കിയിട്ടുള്ളതെങ്കിലും, രാഷ്ട്രീയ സമ്മര്‍ദ്ദം ഉപയോഗിച്ച് ഇത് കണ്ണൂരിലേക്ക് തിരിച്ചുവിടാനാണ് അണിയറയില്‍ ശ്രമം നടക്കുന്നത്.

ന്യൂമാഹി ഇരട്ടക്കൊലക്കേസ് വിചാരണയുടെ മറവില്‍ നേരത്തെ കണ്ണൂരിലെത്തിയപ്പോള്‍, ഹോട്ടലില്‍ വെച്ച് മദ്യപിച്ചത് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ സുനിയുടെ കണ്ണൂര്‍ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു. വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് സുനിയെ തവനൂരിലേക്ക് മാറ്റിയത്. എന്നാല്‍ അവിടെയും ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കാനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും സുനി ശ്രമിക്കുന്നതായി പരാതികളുണ്ട്. പൂജപ്പുരയിലേക്ക് മാറ്റിയാല്‍ ഈ സൗകര്യങ്ങള്‍ നഷ്ടപ്പെടുമെന്നതിനാലാണ് കണ്ണൂര്‍ എന്ന ആവശ്യത്തില്‍ സുനി ഉറച്ചുനില്‍ക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് ഈ മാറ്റം നടന്നില്ലെങ്കില്‍ രാഷ്ട്രീയ സാഹചര്യം മാറുന്നത് സുനിയുടെ ജയില്‍ ജീവിതത്തെ സാരമായി ബാധിക്കും.

ജയില്‍ വകുപ്പിലെ ഉന്നതര്‍ക്ക് മേല്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദമാണ് സുനിയുടെ ജയില്‍മാറ്റ കാര്യത്തില്‍ നിലവിലുള്ളത്. തവനൂരിലെ ഉദ്യോഗസ്ഥര്‍ സുനിയുടെ ഭീഷണിയില്‍ ഭയന്ന് കഴിയുമ്പോഴും ജയില്‍ വകുപ്പ് പുലര്‍ത്തുന്ന മൗനം ഈ അണിയറനീക്കങ്ങള്‍ക്ക് ബലം പകരുന്നതാണ്.