തിരുവനന്തപുരം: തിരുവനന്തപുരം മുതൽ അങ്കമാലി വരെ എം സി റോഡിനു സാമാന്തരമായി നാലുവരി ഗ്രീൻഫീൽഡ് പാത നിർമ്മിക്കാനുള്ള നീക്കത്തെ എതിർത്ത് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ്. എം സി റോഡിന് സമാന്തരമായി മറ്റൊരു റോഡ് വന്നാൽ അത് എം സി റോഡുമായി ബന്ധപ്പെട്ട് ടൗണുകളെ ബാധിക്കുമെന്നാണ് കൊടിക്കുന്നിൽ സുരേഷ് പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും കൊടിക്കുന്നിൽ കണ്ടു. ഇതോടെ സൈബറിടത്തിൽ കൊടികകുന്നിൽ വികസന വിരുദ്ധനാണെന്ന ആരോപണവും ശക്തമാണ്.

ഗ്രീൻഫീൽഡ് പാത വന്നാൽ വൻ പാരിസ്ഥിതിക പ്രശ്‌നമാണെന്നും എം സി റോഡിന്റെ പ്രാധാന്യം ഇല്ലാതാക്കി സമാന്തരമായി മറ്റൊരു നാലുവരി പാത നിർമ്മിക്കുന്നത് അശാസ്ത്രീയവും സാമ്പത്തിക ധൂർത്തും ആയിരക്കണക്കിന് (വീടുകൾ , വ്യാപാര സ്ഥാപനങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, ആരാധനാലയങ്ങൾ )ഉൾപ്പെടെ ഇടിച്ചു നിരപ്പാക്കി നാലു വരി പാത നിർമ്മിക്കാനുള്ള നടപടി പ്രായോഗികമല്ലെന്നുമാണ് കൊടിക്കുന്നിൽ കേന്ദ്രമന്ത്രിയെ അറിയിച്ചത്.

പദ്ധതി നടപ്പാക്കുന്നതിനു മുൻപ് വിശദമായ ചർച്ചകൾ പ്രദേശത്തെ എംപി മാർ, എംഎ‍ൽഎ മാർ, തദേശ സ്വയഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങിയവരുമായി ചർച്ച നടത്തി അഭിപ്രായ രൂപീകരണത്തിന് ശേഷം മാത്രമേ നിർമ്മാണ നടപടികളുമായി മുൻപോട്ടു പോകാവൂ എന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നാഷണൽ ഹൈവേ അതൊറിട്ടി ചെയർമാന് നിർദ്ദേശം നൽകിയെന്ന് കൊടിക്കുന്നിൽ അവകാശപ്പെട്ടു.

വൻ പാരിസ്ഥിതീക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഈ റോഡിന്റെ നിർമ്മാണംനടത്തിയാൽ കുന്നും മലയും ഇടിച്ചു നിരപ്പാക്കേണ്ടി വരും ചെറു തോടുകളിലെയും മറ്റു ജലശയങ്ങളിലെയും വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുകയും ചെയ്യുന്ന പുതിയ ഗ്രീൻ ഫീൽഡ് സർവ്വേ കേരളത്തിലെ ഇടതുപക്ഷ സർക്കാർ വിഭാവനം ചെയ്തിരിക്കുന്ന സിൽവർ ലൈനിനു സമാനമായ സാഹചര്യം ഉണ്ടാകുമെന്നും അദേഹം പറഞ്ഞു.

തിരുവനന്തപുരം അങ്കമാലി ഗ്രീൻ ഫീൽഡ് റോഡ് നിർമ്മാണം നടപടി ക്രമങ്ങൾ നാഷണൽ ഹൈവേ അതൊറട്ടി ആരംഭിക്കുന്നതിനു മുൻപായി എംപി, എംഎ‍ൽഎ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികൾ എനിവരുമായി കൂടിയാലോചന നടത്തി അഭിപ്രായ സമന്വയം ഉണ്ടാക്കിയിട്ടില്ല. നാല് വരി പാതയുടെ അലൈന്മെന്റ് നിശ്ചയിച്ച കാര്യവും, കൺസൽടൻസി തയാറാക്കിയ റിപ്പോർട്ടുകളോ ഒന്നും തന്നെ ജനപ്രതിനിധികൾ അറിയാൻ കഴിയാത്ത സാഹചര്യം ആണ്. സംസ്ഥാന പൊതുമരാമത്തു വകുപ്പും, നാഷണൽ ഹൈവേ ഉദ്യോഗസ്ഥരും ഗ്രീൻ ഫീൽഡ് ഹൈവേ പേരിൽ നടത്തികൊണ്ടിരിക്കുന്ന രഹസ്യ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ട്.

തിരുവനന്തപുരം മുതൽ അങ്കമാലി വരെ എം സി റോഡ് വികസിപ്പിച്ചു നവീകരിക്കുന്നതിനു പകരം സാമാന്തരമായി മറ്റൊരു നാലുവരി പാത നിർമ്മിച്ചാൽ എം സി റോഡിന്റെ പ്രാധാന്യം കൊണ്ട് വികസിച്ചു വന്ന ടൗണുകളും, ജംഗ്ഷനുകളും നാശത്തിന്റെ വക്കിലേക്ക് പോകുന്ന സ്ഥിതി സംജാതമാകും നിർദിഷ്ട സമാന്തര ഗ്രീൻ ഫീൽഡ് ഹൈവേ നിർമ്മാണ നീക്കം ഉപേക്ഷിക്കണം എന്നും സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുള്ള സമ്മർദ്ദം തള്ളി കളയണം നിലവിലെ നാഷണൽ ഹൈവേ പാതകളും, സംസ്ഥാന പാതകളും, ഉപ പാതകളും, മെച്ചപ്പെട്ട രീതിയിൽ പുനർ നിർമ്മിച്ചു വികസനം നടത്തി യാത്ര ഗതാഗത മെച്ചപ്പെടുത്തുന്നതിനു പകരം കോടി കണക്കിന് രൂപ അനാവശ്യമായി ചിലവഴിച്ചു പുതിയ പാതകൾ കൊണ്ട് വരുന്നത് കേരളം പോലെ ഒരു കൊച്ചു സംസ്ഥാനത്തിന് താങ്ങാവുന്നത് അല്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു.