- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടിയേരിയുടെ നിലയിൽ മാറ്റമില്ല; കീമോ തൊറാപ്പിയുടെ അവശത മാറുന്നില്ല; സന്ദർശകരോട് സംസാരിക്കുന്നുണ്ടെങ്കിലും രോഗാവസ്ഥ മാറാത്തത് ആശങ്ക; മരുന്നുകളോട് പ്രതികരിക്കുന്നത് ശുഭ സൂചന; മുഖ്യമന്ത്രി ചെന്നൈയിൽ; അപ്പോള ആശുപത്രി ഡോക്ടർമാരുമായി പിണറായി ചർച്ച ചെയ്യും; അമേരിക്കയിലേക്ക് സിപിഎം നേതാവിനെ കൊണ്ടു പോകുന്നത് പരിഗണനയിൽ
ചെന്നൈ: ചെന്നൈ അപ്പോളോ ആശുപത്രിയിലുള്ള സിപിഎം മുൻ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നിലയിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിൽ അപ്പോളോ ആശുപത്രിയിൽ എത്തി ചികിൽസ വിലയിരുത്തും. കീമോ തൊറോപ്പി ചെയ്ത ക്ഷീണവും കോടിയേരിക്കുണ്ട്. ഈ സാഹചര്യത്തിൽ കോടിയേരിയെ അമേരിക്കയിലേക്ക് കൊണ്ടു പോകാനുള്ള സാധ്യതയും മുഖ്യമന്ത്രി തേടും. ഇത്തരം ചർച്ചകൾക്ക് വേണ്ടിയാണ് പിണറായി ചെന്നൈയിൽ എത്തുന്നത്.
അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആദ്യഘട്ട പരിശോധനകൾ പൂർത്തിയായിരുന്നു. അണുബാധയുണ്ടായോ എന്നാണ് പരിശോധിച്ചത്. സന്ദർശകർക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ക്ഷേമം അന്വേഷിച്ചെത്തുന്നവരോട് അദ്ദേഹം നേരിട്ടു സംസാരിക്കുന്നുണ്ട്. ഭാര്യ വിനോദിനി, മകൻ ബിനീഷ് എന്നിവർ ഒപ്പമുണ്ട്. സംസ്ഥാന കൃഷി മന്ത്രി പി.പ്രസാദ്, ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ എന്നിവർ നേരത്തെ ആശുപത്രിയിലെത്തി. മുസ്ലിം ലീഗ് നേതാക്കളും നിയുക്ത സ്പീക്കർ എഎൻ ഷംസീറും കോടിയേരിയെ കണ്ടിരുന്നു. അവരെല്ലാം കോടിയേരി സുഖം പ്രാപിക്കുന്നുവെന്ന സൂചനകളാണ് നൽകിയത്.
അമേരിക്കയിൽ കോടിയേരിയെ ചികിത്സിച്ച ഡോക്ടർമാരുമായി കൂടിയാലോചിച്ചാണ് വിവിധ പരിശോധനകൾ പൂർത്തിയാക്കിയത്. കീമോ തെറാപ്പിയുടെ പാർശ്വഫലങ്ങൾ ഭേദമാകാനുള്ള ചികിത്സയാണ് അദ്ദേഹത്തിന് നൽകുന്നത്. സന്ദർശകർക്ക് കർശന നിയന്ത്രണമുള്ളതുകൊണ്ട് ഏറ്റവും അടുപ്പമുള്ളവരെ മാത്രമാണ് അനുവദിക്കുന്നത്. എയർ ആംബുലൻസ് മാർഗമാണ് കോടിയേരിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി പദവിയൊഴിഞ്ഞിരുന്നു. എം വി ഗോവിന്ദനാണ് പകരം ചുമതല നൽകിയത്. അർബുദത്തെ തുടർന്ന് കോടിയേരി നേരത്തെയും അവധിയെടുത്തിരുന്നു.
അമേരിക്കയിൽ ചികിത്സക്ക് ശേഷമാണ് കോടിയേരി വീണ്ടും പദവിയേറ്റെടുത്തത്. എന്നാൽ, ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപ്പോളോ ആശുപത്രിയിൽ 15 ദിവസത്തെ ചികിത്സ വേണമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ചിലപ്പോൾ സമയം നീണ്ടേക്കും. ഇതിനൊപ്പമാണ് അമേരിക്കയിലേക്ക് വീണ്ടും കോടിയേരിയെ കൊണ്ടു പോകുന്നത് പരിഗണിക്കുന്നത്.
മൂന്നാമൂഴത്തിൽ സംസ്ഥാന സെക്രട്ടറിയായി അഞ്ചുമാസം പിന്നിടുമ്പോഴാണ് സിപിഎം സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള കോടിയേരിയുടെ പിന്മാറ്റം. ഒഴിയാമെന്ന കോടിയേരിയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. യെച്ചൂരിയും കാരാട്ടും കൂടി പങ്കെടുത്ത അടിയന്തര സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്നാണ് നിർണ്ണായക തീരുമാനമെടുത്തത്. മുസ്ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ ചികിത്സയിൽ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അപ്പോളോ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ ചികിത്സക്കായി ഓഗസ്റ്റ് 29നാണ് ചെന്നൈയിലേക്ക് മാറ്റിയത്. എയർ ആംബുലൻസ് മാർഗമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയത്. മന്ത്രി എംബി രാജേഷും കോടിയേരിയെ സന്ദർശിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ