കണ്ണൂർ: കേരളം കണ്ണൂരിലേക്ക്. സമരതീക്ഷ്ണവും സൗമ്യദീപ്തവുമായ ജീവിതംകൊണ്ട് മനസ്സുകളെ കീഴടക്കിയ പ്രിയ നേതാവിന് ആദരവ് നൽകുകയാണ് കേരളം. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ (69) സംസ്‌കാരം നാളെ നടക്കും. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ശനി രാത്രി എട്ടിന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.

ഞായർ പകൽ 11ന് എയർ ആംബുലൻസിൽ കണ്ണൂരിലെത്തിക്കുന്ന മൃതദേഹം തലശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് കോടിയേരി മാടപ്പീടികയിലെ വസതിയിൽ തിങ്കൾ രാവിലെ 10 വരെ പൊതുദർശനം. രാവിലെ 11 മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലെ പൊതുദർശനത്തിനുശേഷം പകൽ മൂന്നിന് പയ്യാമ്പലത്ത് സംസ്‌കരിക്കും. ആദരസൂചകമായി തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിൽ തിങ്കളാഴ്ച ഹർത്താൽ ആചരിക്കും.

രാവിലെ 10 മണിയോടെ ചെന്നൈയിൽനിന്ന് കോടിയേരിയുടെ മൃതദേഹം എയർ ആംബുലൻസിൽ കണ്ണൂരിലേക്ക് കൊണ്ടുപോകും. ഭാര്യ വിനോദിനിയും മകൻ ബിനോയ് കോടിയേരിയും ഒപ്പമുണ്ടാകും. 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തും. തുടർന്ന് വിലാപയാത്രയായി വാഹനങ്ങളുടെ അകമ്പടിയോടെ തലശ്ശേരിയിൽ എത്തിക്കും. പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാൻ പാർട്ടി പ്രവർത്തകരും കണ്ണൂരിലേക്ക് ഒഴുകുകയാണ്.

അന്ത്യസമയത്ത് ഭാര്യ വിനോദിനിയും മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും ഒപ്പമുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രാത്രി ചെന്നൈയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര ഉപേക്ഷിച്ചു. തിങ്കൾ രാവിലെ കണ്ണൂരിലെത്തും. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അപ്പോളോ ആശുപത്രിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം ഓഗസ്റ്റ് അവസാനമാണ് സ്ഥാനമൊഴിഞ്ഞ് ചികിത്സയ്ക്കായി ചെന്നൈയിലേക്ക് തിരിച്ചത്. ആ യാത്ര മരണത്തിലേക്കായി.

കണ്ണൂർ ജില്ലയിലെ തലശേരിയിൽ കുഞ്ഞുണ്ണി കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബർ 16ന് ആയിരുന്നു കോടിയേരിയുടെ ജനനം. വിദ്യാർത്ഥിയായിരുന്നപ്പോൾത്തന്നെ രാഷ്ട്രീയത്തിൽ സജീവമായി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ്, സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പൊലീസിന്റെ ക്രൂരമർദനത്തിന് ഇരയായി. മിസ തടവുകാരനായി 16 മാസം ജയിലിൽ കഴിഞ്ഞു.

1982ലും 1987ലും 2001ലും തലശേരിയിൽനിന്ന് നിയമസഭയിലെത്തി. 2001-06, 2011- 16ലും പ്രതിപക്ഷ ഉപനേതാവായും 2006-11ൽ ആഭ്യന്തര, ടൂറിസം മന്ത്രിയായും പ്രവർത്തിച്ചു. 1988ൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും 1995ൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായി. 2002ൽ കേന്ദ്ര കമ്മിറ്റിയിലേക്കും 2008ൽ പൊളിറ്റ് ബ്യൂറോയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2015ൽ ആലപ്പുഴ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയായി. 2016ൽ വൻ ഭൂരിപക്ഷത്തോടെ എൽഡിഎഫിന് അധികാരം ലഭിച്ച തെരഞ്ഞെടുപ്പിൽ അമരക്കാരനായി.

2018ൽ തൃശൂർ സമ്മേളനത്തിലും സെക്രട്ടറിയായി തുടർന്നു. 2020 നവംബർമുതൽ ഒരുവർഷം ചികിത്സയ്ക്കായി ചുമതലയൊഴിഞ്ഞു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പുവേളയിൽ മുന്നണിയുടെ വിജയത്തിനായി അനാരോഗ്യം വകവയ്ക്കാതെ അക്ഷീണം പ്രവർത്തിച്ചു. 2022 മാർച്ചിൽ എറണാകുളം സമ്മേളനത്തിൽ മൂന്നാം തവണയും സെക്രട്ടറിയായി. ദേശാഭിമാനി ചീഫ് എഡിറ്ററായും പ്രവർത്തിച്ചു.