- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടിയേരിയുടെ ആരോഗ്യനിലയിൽ പുരോഗതി; നില മെച്ചപ്പെട്ടതായും രണ്ടാഴ്ച കൊണ്ട് ആശുപത്രി വിടാനാകുമെന്നും അടുത്ത വൃത്തങ്ങൾ; സന്ദർശകർക്കു വിലക്ക് തുടരുന്നു; ഫോട്ടോകൾ പങ്കുവച്ച് സിപിഎം എംഎൽഎമാരും നേതാക്കളും
ചെന്നൈ: അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയിൽ പുരോഗതി. ആശുപത്രിയിൽ നിന്നുള്ള കോടിയേരിയുടെ ഫോട്ടോകൾ സിപിഎം എംഎൽഎമാരും സൈബർ സഖാക്കളുമടക്കം പങ്കുവച്ചു. കോടിയേരിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് എംഎൽഎമാർ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ അറിയിച്ചു. രണ്ട് ഫോട്ടോകളാണ് പുറത്തുവന്നിട്ടുള്ളത്.
ഓഗസ്റ്റ് 29നാണ് കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിൽസയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടു പോയത്. 30-ാം തീയതി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോളോ ആശുപത്രിയിൽ നിന്നുള്ള കോടിയേരിയുടെ ആരോഗ്യനില മെച്ചപ്പെട്ട ഫോട്ടോ അദ്ദേഹത്തിന്റെ പി.എ എം.കെ റജുവാണ് പങ്കുവച്ചത്. കോടിയേരിക്കൊപ്പം അപ്പോളോ ആശുപത്രിയിൽ തന്നെ തുടരുകയാണ് എം.കെ റജുവും. വി കെ പ്രശാന്ത് എംഎൽഎ അടക്കം സാമൂഹ്യ മാധ്യമങ്ങളിൽ ഫോട്ടോ പങ്കുവച്ചിട്ടുണ്ട്.
നില ഏറെ മെച്ചപ്പെട്ടതായും ഇതേ പുരോഗതി തുടർന്നാൽ രണ്ടാഴ്ചയ്ക്കകം ആശുപത്രി വിടാൻ ആകുമെന്നും കോടിയേരിയുടെ അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. സന്ദർശകർക്കു വിലക്ക് ഇപ്പോഴും തുടരുകയാണ്. ശരീരത്തിലുണ്ടായിരുന്ന അണുബാധയുടെ തോതു കുറഞ്ഞു. എങ്കിലും ഇനിയും അണുബാധ സാധ്യത കണക്കിലെടുത്താണ് സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാലാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞത്. സ്ഥാനത്ത് തുടരാൻ കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ തന്നെ നേതൃത്വത്തെ അറിയിക്കുകയായിരുന്നു. അതിന് ശേഷമാണ് അദ്ദേഹം ചികിത്സയ്ക്കായി അപ്പോളോ ആശുപത്രിയിലെത്തിയത്.
കോടിയേരിക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ പാർട്ടി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അപ്പോളോ ആശുപത്രിയിലേക്ക് കോടിയേരിയെ കൊണ്ടുപോയത്. ആദ്യഘട്ടത്തിൽ 15 ദിവസത്തെ ചികിത്സയാണ് അപ്പോളോ ആശുപത്രിയിൽ നൽകുക. തുടർ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏകോപിപ്പിക്കുന്നത് പാർട്ടി നേതൃത്വമാണ്. വിദഗ്ധ ചികിത്സയിലൂടെ കോടിയേരി തിരിച്ചുവരുമെന്നാണ് പാർട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്.
ചികിത്സയിൽ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും ചെന്നൈയിലെത്തി സന്ദർശിച്ചിരുന്നു. ഒരുമണിക്കൂറോളം ആശുപത്രിയിൽ ചിലവഴിച്ച മുഖ്യമന്ത്രി ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അന്ന് മടങ്ങിയത്. ഓഗസ്റ്റ് 29 നാണ് കോടിയേരി ബാലകൃഷ്ണനെ തുടർ ചികിത്സകൾക്കായി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യ പ്രശ്നങ്ങൾ കാരണം ഓഗസ്റ്റ് 28നാണ് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞത്. തുടർന്ന് എം വി ഗോവിന്ദനെ പുതിയ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു.
എം വിഗോവിന്ദനും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും കോടിയേരിയെ സന്ദർശിച്ചിരുന്നു. ചികിത്സയുടെ ഭാഗമായി ശരീരം ക്ഷീണിച്ചതാണ് പ്രശ്നമായത്. നല്ല രീതിയിൽ ചികിത്സ നൽകിയാൽ അദ്ദേഹത്തിന് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയാണ് ഡോക്ടർമാർ നൽകുന്നതെന്ന് എം വിഗോവിന്ദൻ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ