- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റുഡന്റ് പൊലീസ് കെഡറ്റും ജനമൈത്രി പൊലീസും; തുരുമ്പിച്ച ജീപ്പ് മാറ്റി വേഗത്തിൽ കുതിക്കാൻ പുതിയ വാഹനങ്ങൾ; ജയിലിൽ ഗോതമ്പുണ്ടയ്ക്ക് പകരം ചപ്പാത്തി അടക്കം ഭക്ഷണങ്ങൾ; ജയിൽ സംവിധാനങ്ങളെ പരിഷ്കരിച്ച മന്ത്രി; കോടിയേരി കാലത്തിനൊപ്പം സഞ്ചരിച്ച ഭരണാധികാരി
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന നേതാവ് എന്നതിനൊപ്പം സംസ്ഥാനം കണ്ട മികച്ച ആഭ്യന്തര മന്ത്രി കൂടിയാണ് കോടിയേരി ബാലകൃഷ്ണൻ. സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്നു.
പൊലീസ് ജയിൽ സേനകളിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കിയ ആഭ്യന്തര മന്ത്രിയായിരുന്നു കോടിയേരി എന്നത് ഏറെ ശ്രദ്ധേയം. സമരങ്ങളിലും മറ്റുമായി ജയവാസവും അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആഭ്യന്തര മന്ത്രിയായിരിക്കെ പൊലീസ് സേനയിലും ജയിലിലും അനിവാര്യമായ മാറ്റങ്ങൾ അദ്ദേഹം കൊണ്ടുവന്നു.
അതിൽ ഏറ്റവും ശ്രദ്ധ നേടിയ പരിഷ്‌കരണങ്ങളായിരുന്നു സ്റ്റുഡന്റ് പൊലീസ് കെഡറ്റും ജനമൈത്രി പൊലീസുമെല്ലാം. പൊലീസിനെ ഭീതിയുടെ നിഴലിൽ നിർത്തുന്നതിന് പകരം ജനങ്ങളോട് കൂടുതൽ അടുപ്പിക്കാൻ ശ്രമിച്ച നേതാവ്. നിരവധി വെല്ലുവിളികളെ നേരിടേണ്ടി വന്നെങ്കിലും എല്ലാം അതിജീവിച്ചു.
ജയിൽ വകുപ്പിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നു. ശിക്ഷ കേന്ദ്രം എന്നതിനപ്പുറത്ത് സർക്കാരിനു വരുമാനമുണ്ടാക്കുന്ന ഉൽപാദന കേന്ദ്രം കൂടിയായി ജയിലിനെ മാറ്റി. ജയിലിലെ ഗോതമ്പുണ്ട എന്ന ക്‌ളീഷേ ഡയലോഗുകളെ മാറ്റിമറിച്ച് 2 രൂപയ്ക്ക് ജയിൽ ചപ്പാത്തി എന്ന തരംഗമുണ്ടാക്കി.
പൊലീസ് - ജയിൽ സേനകളിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കിയ ആഭ്യന്തരമന്ത്രിയെയാണ് കോടിയേരിയിൽ കേരളം കണ്ടത്. അടിയന്തരാവസ്ഥയിൽ തടവുകാരനായി കണ്ണൂർ ജയിലിൽ കഴിഞ്ഞിട്ടുണ്ട് കോടിയേരി. വിദ്യാർത്ഥി സമരങ്ങളിലും കർഷകരുടെ ആവശ്യങ്ങളുന്നയിച്ചു നടത്തിയ റെയിൽവേ സമരത്തിലും പൊലീസിന്റെ മർദനമേറ്റു. അനുഭവങ്ങൾ കൊണ്ടു പൊലീസിനെയും ജയിലിനെയും മനസ്സിലാക്കിയ കോടിയേരി, അവസരം കിട്ടിയപ്പോൾ രണ്ടു സംവിധാനങ്ങളെയും പരിഷ്‌കരിക്കാൻ ശ്രമിച്ചു.
സ്റ്റുഡന്റ് പൊലീസ് കെഡറ്റ് മുതൽ ജനമൈത്രി പൊലീസ് വരെ കോടിയേരിയുടെ പരിഷ്‌കാരങ്ങളായിരുന്നു. പാർട്ടി ഭരിക്കുമ്പോൾ പാർട്ടിക്കാർ പൊലീസിനെ ഭരിക്കുന്ന രീതി വിട്ട്, പൊലീസിനെ ജനങ്ങളോട് അടുപ്പിക്കാനാണു കോടിയേരി ശ്രമിച്ചത്. പൊലീസുകാർക്ക് ആദ്യമായി ഔദ്യോഗിക മൊബൈൽ ഫോൺ കണക്ഷൻ (സിയുജി) നടപ്പാക്കിയതും കോടിയേരിയുടെ കാലത്താണ്. പൊലീസിനെതിരെ വിമർശനങ്ങൾ സ്വാഭാവികമായും ഉയർന്നെങ്കിലും ആഭ്യന്തരമന്ത്രിയുടെ കൈപ്പിടിയിൽ തന്നെയായിരുന്നു വകുപ്പ്. മൂന്നാർ കുടിയൊഴിപ്പിക്കൽ ഉൾപ്പെടെ വെല്ലുവിളി ഉയർത്തിയ പൊലീസ് നടപടികൾ പലതുണ്ടായെങ്കിലും കൈവിട്ടുപോകാതിരിക്കാനുള്ള മെയ്വഴക്കം കോടിയേരി കാട്ടി.
ജയിൽ വകുപ്പിൽ വിപ്ലവകരമായ പരിഷ്‌കാരങ്ങൾ തന്നെയുണ്ടായി. കുറ്റവാളികളുടെ സ്വഭാവ പരിവർത്തന കേന്ദ്രം എന്നതിനൊപ്പം സർക്കാരിനു വരുമാനമുണ്ടാക്കുന്ന ഉൽപാദന കേന്ദ്രം കൂടിയായി ജയിലിനെ മാറ്റി. ചപ്പാത്തി ഉൾപ്പെടെ ഉൽപാദന യൂണിറ്റുകൾ തുടങ്ങി. 2 രൂപയുടെ ജയിൽ ചപ്പാത്തി കേരളത്തിൽ തരംഗമായി. ജയിലിൽ പുതിയ തൊഴിൽ സംസ്‌കാരമുണ്ടായി. ജയിൽമോചിതരാവുന്നവർക്കു സ്വന്തമായി തൊഴിലെടുത്തു ജീവിക്കാൻ കഴിയുന്ന സാഹചര്യം വന്നു. തടവുകാരുടെ ഭക്ഷണക്രമത്തിൽനിന്ന് ഔദ്യോഗികമായി ഗോതമ്പുണ്ടയെ പടിക്കു പുറത്താക്കിയതും കോടിയേരിയാണ്. പുതിയ വിഭവങ്ങളുമായി പുതിയ മെനു നിലവിൽ വന്നു.
ജയിൽ വകുപ്പിലെ കാലഹരണപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുതി. 1898 ൽ ബ്രിട്ടിഷുകാരുടെ കാലത്തുണ്ടാക്കിയ പ്രിസൺ ആക്ട് 2010 ലാണു മാറ്റിയത്. ജീവനക്കാരുടെ നിയമനം സംബന്ധിച്ച സ്‌പെഷൽ റൂൾ 1958 ലേതായിരുന്നു. അതും പരിഷ്‌കരിച്ചു. ജയിൽ വകുപ്പിന്റെ ചരിത്രത്തിൽ ആധുനികവൽക്കരണത്തിന് ഏറ്റവും വലിയ തുക ലഭിച്ചതും കോടിയേരിയുടെ കാലത്താണ്. 13ാം ധനകാര്യ കമ്മിഷനിൽനിന്ന് 154 കോടി രൂപയാണു വാങ്ങിയെടുത്തത്. സോളർ പാനലും സിസിടിവിയും ആധുനിക മെറ്റൽ ഡിറ്റക്ടറുകളുമെല്ലാം ജയിലുകളിലെത്തി. സംസ്ഥാനത്തെ രണ്ടാമത്തെ തുറന്ന ജയിലായ കാസർകോട് ചീമേനി തുറന്ന ജയിൽ ഉദ്ഘാടനം ചെയ്തു.
2000 ൽ സ്ഥലമേറ്റെടുത്ത ജയിലിന്റെ നിർമ്മാണം ഇഴഞ്ഞ ഘട്ടത്തിലാണു കോടിയേരിയുടെ ഇടപെടലുണ്ടായത്. തടവുകാരുടെ ആധിക്യം കൊണ്ടു ജയിലുകൾ വീർപ്പുമുട്ടിയപ്പോൾ വിയ്യൂർ അതീവ സുരക്ഷാ ജയിൽ, ഹോസ്ദുർഗ് ജില്ലാ ജയിൽ, കോഴിക്കോട് സ്‌പെഷൽ സബ്ജയിൽ, മലമ്പുഴ ജില്ലാ ജയിൽ, വിയ്യൂർ സബ്ജയിൽ, വിയ്യൂർ വനിതാ ജയിൽ, പത്തനംതിട്ട ജില്ലാ ജയിൽ, പൂജപ്പുര ജില്ലാ ജയിൽ ഇങ്ങനെ ഒരുപിടി ജയിലുകൾക്കു തുടക്കമിട്ടു. ആഭ്യന്തരവകുപ്പിന്റെ തൊപ്പിയിൽ ജനകീയതയുടെയും ആധുനീകരണത്തിന്റെയും പൊൻതൂവൽ ചാർത്തിയതായിരുന്നു കോടിയേരി ബാലകൃഷ്ണൻ എന്ന ആഭ്യന്തര മന്ത്രിയുടെ ഭരണകാലഘട്ടം
മറുനാടന് മലയാളി ബ്യൂറോ