- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഒളിവിൽ പോകാതെ തെരുവിൽ പ്രതിഷേധിച്ച ഏക നേതാവ്; അടി കൊള്ളുമ്പോഴും പുഞ്ചിരിച്ച മുഖവുമായി തല ഉയർത്തി ലോക്കപ്പിൽ ഇരുന്നു; മന്ത്രിയാകേണ്ട പയ്യനെന്ന് ഒരു പൊലീസുകാരൻ പറഞ്ഞതു കൊണ്ടു മാത്രം കാക്കിയിട്ട ഇടിയൻ വെറുതെ വിട്ടു; ആഭ്യന്തരം കിട്ടിയപ്പോൾ സേനയ്ക്ക് നൽകിയത് 'ജനമൈത്രി മുഖം'; കോടിയേരി പൊലീസിനെ നിലയ്ക്കു നിർത്തിയ മന്ത്രി
തിരുവനന്തപുരം: അടിയന്തരാവസ്ഥയിലെ അനുഭവങ്ങളുടെ തീചൂളയിൽ വളർന്ന നേതാവായിരുന്നു സഖാവ് കോടിയേരി ബാലകൃഷ്ണൻ. അടിയന്തരാവസ്ഥയെ രാജ്യമെങ്ങും ഒളിവിലിരുന്നായിരുന്നു വിപ്ലവ സിംഹങ്ങൾ പോലും പ്രതിഷേധിച്ചത്. എന്നാൽ കോടിയേരിയെന്ന് യുവാവ് പ്രതിഷേധം പരസ്യമായി തെരുവിലെത്തിച്ചു. ഇടതു യുവാക്കളുടെ പ്രതിഷേധം സംഘടിച്ചപ്പോൾ ഏൽക്കേണ്ടി വന്നത് ക്രൂര മർദ്ദനമാണ്. ആ പൊലീസ് മർദ്ദനത്തെ ചിരിച്ച മുഖവുമായി അതിജീവിച്ച കോടിയേരി പിന്നീട് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായി. പൊലീസ് പരിഷ്‌കരണത്തിലെ ചാലകശക്തിയുമായി. ജയിൽ പരിഷ്‌കരണത്തിനും തുടക്കമിട്ടു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം തലശേരിയിൽ കോടിയേരിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടന്നു. പൊലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ട് രണ്ടു ദിവസം മർദിച്ചു. രണ്ടു ദിവസം കഴിഞ്ഞ് മിസ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കണ്ണൂർ സെ ൻട്രൽ ജയിലിൽ പിണറായി വിജയൻ, ഇമ്പിച്ചിബാവ, വി വി ദക്ഷിണാമൂർത്തി, എം പി വീരേന്ദ്രകുമാർ, ബാഫഖി തങ്ങൾ എന്നിവർക്കൊപ്പം ജയിൽവാസം. ഈ സമയം രാഷ്ട്രീയപഠനവും ഹിന്ദി പഠനവും നടന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം കണ്ണൂരിലെ രാഷ്ട്രീയ കരുത്തിന്റെ പ്രതീകമായി കോടിയേരി മാറി. ചിരിക്കുന്ന മുഖവുമായി കോടിയേരി ജനങ്ങളിലേക്ക് ഇറങ്ങി.
അടിയന്തരാവസ്ഥയിൽ അറസ്റ്റിലായ കോടിയേരിയെ പൊലീസ് ഏമാൻ തല്ലി ചതച്ചു. അടികൊണ്ട് തളരുമ്പോഴും ചരിക്കുകയായിരുന്നു കോടിയേരി. ഈ ക്രൂര മർദ്ദനം കണ്ടെത്തിയ ഒരു പൊലീസുകാരൻ മർദ്ദിക്കുന്നവരെ താക്കീത് ചെയ്തു. ഇയാൾ ഭാവിയിൽ മന്ത്രിയാകാനുള്ളതാകുമെന്നും ആ പൊലീസുകാരൻ പറഞ്ഞു. അതു കേട്ടശേഷമാണ് ഇടിയൻ പൊലീസുകാരൻ കോടിയേരിയെ വെറുതെ വിട്ടത്. അന്ന് ആഭ്യന്തരമന്ത്രി കെ കരുണാകരനായിരുന്നു. പൊലീസിന് പല്ലും നഖവും ഉണ്ടായിരുന്ന കാലം. ആ പൊലീസുകാരന്റെ മന്ത്രിയാകേണ്ട പയ്യനെന്ന വാക്കില്ലായിരുന്നുവെങ്കിൽ കോടിയേരിയെ അടിച്ചു കൊല്ലുമായിരുന്നു പൊലീസിലെ ക്രൂരന്മാർ. അവിടെ കോടിയേരിക്ക് ജീവിതം തിരിച്ചു കിട്ടി. പിന്നെ ആ അനുഭവ ചൂളയിൽ നിന്ന് മുദ്രാവാക്യം വിളിയുമായി കേരള രാഷ്ട്രീയത്തിലെ വിപ്ലവ നക്ഷത്രമായി.
1980 മുതൽ 1982 വരെ ഡി വൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി, 1990 മുതൽ അഞ്ചു വർഷം സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി, കൂത്തുപറമ്പ് വെടിവയ്പ്, കെ വി സുധീഷി ന്റെ കൊലപാതകം തുടങ്ങി സംഭവബഹുലമായ കാലമായിരുന്നു അത്. 1988ൽ ആലപ്പുഴയിൽ നടന്ന സിപിഐം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മി റ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1995ൽ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിലേക്കും 2002ൽ ഹൈദരാബാദിൽ നടന്ന 17-ാം പാർ ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2008ലെ 19-ാം പാർട്ടി കോൺഗ്രസിൽ പൊളിറ്റ്ബ്യൂറോ അംഗമായി. പിന്നീട് സിപിഎം സംസ്ഥാന സെക്രട്ടറിയുമായി. അങ്ങനെ ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽ പാർട്ടിയിലെ ഒട്ടുമിക്ക പദവികളും കോടിയേരിയെ തേടിയെത്തി.
ലോക ടൂറിസം ഭൂപടത്തിൽ കേരളത്തിന് പ്രമുഖ സ്ഥാനം നേടിക്കൊടുക്കാൻ അദ്ദേഹം നടത്തിയ ഭാവനാപൂർണമായ പ്രവർത്തനം കാരണമായി. പ്രതിപക്ഷ ഉപനേതാവെന്ന നിലയിൽ നിയമസഭയിൽ ഭരണപക്ഷത്തിന്റെ കൊള്ളരുതായ്മകൾ തുറന്നുകാട്ടാനും ഭരണപക്ഷത്തിന്റെ കുതന്ത്രങ്ങളെ തത്സമയം കണ്ടെത്തി പൊളിക്കാനും സമർഥമായ നേതൃത്വംനൽകി. പാർട്ടി സെക്രട്ടറിയായ ശേഷം സംഘടനയ്ക്ക് പുതിയ മുഖം നൽകി. ഭരണ തുടർച്ചയിലേക്ക് സിപിഎമ്മിനെ എത്തിച്ചത് കോടിയേരിയുടെ കരുതലുകൾ ചേർത്ത സംഘാടന ശൈലിയായിരുന്നു. ആരേയും പിണക്കാത്ത നേതാവ്. എന്നാൽ രാഷ്ട്രീയ ഏതിരാളികൾക്ക് ശക്തമായ ഭാഷയിൽ മറുപടി പറഞ്ഞ നേതാവും. വിവാദങ്ങളിൽ കുടുംബം ചെന്നു പെട്ടപ്പോഴും മലയാളികൾ കോടിയേരിയെ തള്ളി പറഞ്ഞില്ല. ക്യാൻസർ രോഗത്തെ അതിജീവിച്ച് കേരള രാഷ്ട്രീയത്തിൽ സജീവമാകുമ്പോഴാണ് വീണ്ടും രോഗം വില്ലനായി എത്തിയത്. ചെന്നൈ അപ്പോളോയിലേക്കുള്ള കോടിയേരിയുടെ യാത്രയെ വേദനയോടെയാണ് ഓരോ മലയാളിയും ഉൾക്കൊണ്ടത്.
സംഘാടകനെന്ന നിലയിലും മന്ത്രി എന്ന നിലയിലും മികവ് കാട്ടി. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയാപ്പോൾ ആഭ്യന്തരം കോടിയേരിക്ക് നൽകിയത് പാർട്ടി തീരുമാനമായിരുന്നു. പിണറായി-വി എസ് സംഘർഷത്തിന്റെ പ്രതിഫലനം. വിഎസിന് 2006ൽ മത്സരിക്കാൻ ആദ്യം പാർട്ടി സീറ്റ് നൽകിയിരുന്നില്ല. അത് പ്രതിഷേധമായി മാറി. പിന്നീട് പാർട്ടി തെറ്റു തിരുത്തി. വിഎസിന്റെ വ്യക്തിപ്രഭാവം അധികാരത്തിലേക്ക് തിരിച്ചെത്താൻ അനിവാര്യമാണെന്ന് അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായിയെ ബോധ്യപ്പെടുത്തിയത് കോടിയേരിയായിരുന്നു. അന്ന് പാർട്ടിയിലെ വിഭാഗീയത പിളർപ്പിലേക്ക എത്തായതെ പോയതും കോടിയേരിയുടെ നയതന്ത്രത്തിന്റെ മികവായിരുന്നു. വിഎസിനും പിണറായിക്കും ഇടയിലെ പാലമായി കോടിയേരി മാറി.
2006ലെ എൽഡിഎഫ് സർക്കാരിൽ ആഭ്യന്തര- ടൂറിസം മന്ത്രിയായി. കേരളാ പൊലീസിനെ ആധുനിക വൽക്കരിക്കുന്നതിലും പൊലീസുകാരുടെ സേവന-വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുന്നതിലും വലിയ സംഭാവന നൽകി. ഭരണകൂടത്തിന്റെ മർദനോപകരണം എന്ന കുപ്രസിദ്ധിയിൽനിന്ന് ജനസേവ കരാക്കി കേരളാ പൊലീസിന്റെ മുഖം മാറ്റിയെടുക്കുന്നതിൽ കോടിയേരിയെന്ന ഭരണകർത്താവിന്റെ കൈയൊപ്പു പതിഞ്ഞു. ജനമൈത്രി പൊലീസ് കേരളത്തിന് പുതിയ അനുഭവമായി. ക്രമസമാധാന പാലനത്തിൽ കേരളത്തെ ഏറ്റവും മികച്ച സംസ്ഥാനമായി ഉയർത്തി.
അന്ന് വി എസ് അച്യുതാനന്ദൻ എന്ന മുഖ്യമന്ത്രിയുമായി കോടിയേരി ഒരിക്കൽ പോലും പരസ്യമായ അഭിപ്രായ ഭിന്നതകളിലേക്ക് പോയില്ല. അതു തന്നെയായിരുന്നു ആ സർക്കാരിനെ മുമ്പോട്ട് കൊണ്ടു പോയതും. പിണറായി-വി എസ് പോര് ആധിക്യത്തിലേക്ക് എത്തായിരിക്കാനും അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി പ്രത്യേകം ശ്രദ്ധിച്ചു. പൊലീസിനെ ഭരിച്ച മന്ത്രിയായിരുന്നു കോടിയേരി. ജനമൈത്രി പൊലീസ് എന്ന ആശയം അവതരിപ്പിച്ചതു പോലെ ജനങ്ങളെ ചിരിച്ച മുഖത്തോടെ മാത്രം കണ്ട നേതാവായിരുന്നു കോടിയേരി. പാർട്ടിയിലും ഭരണത്തിലും ഒന്നാമനാകാൻ ആഗ്രഹിക്കാതെ പാർട്ടിയെ ഒരുമിപ്പിച്ച നേതാവ്.
മലപ്പുറം സമ്മേളനത്തിൽ വി.എസിനെ നേരിടുന്നതിൽ പിണറായിക്ക് പിന്നിൽ മുഖ്യപങ്ക് വഹിച്ചത് കോടിയേരിയായിരുന്നു. പിൽക്കാലത്ത് പിണറായിയെയും വി.എസിനെയും കൈപൊള്ളാതെ കൈകാര്യം ചെയ്ത് വിജയിച്ച അപൂർവ്വം നേതാക്കളിൽ ഒരാളായി മാറി. പാർട്ടിയിൽനിന്ന് പുറത്ത് പോയ എം വി രാഘവനെ നിയമസഭയിൽ 'കൈകാര്യം' ചെയ്യാനും അകത്ത് കലഹിച്ച വി.എസിനെ അനുനയിപ്പിക്കാൻ ശ്രമിക്കാനും കോടിയേരിക്ക് കഴിഞ്ഞു. സിപിഎം മന്ത്രിമാരും മുഖ്യമന്ത്രി വി.എസും തമ്മിലെ ഭിന്നതകൾ മൂർച്ഛിച്ച് ഒടുവിൽ മുഖ്യമന്ത്രിയെ മാറ്റണമെന്ന ഘട്ടത്തിൽ എത്തിയപ്പോഴും കോടിയേരി വി.എസിനോട് സംസാരിക്കാൻ കഴിയുന്ന അകലം എന്നും സൂക്ഷിച്ചിരുന്നു.
അതു തന്നെയാണ് സിപിഎമ്മിനെ ആ പ്രതിസന്ധി ഘട്ടത്തിൽ ഒറ്റ പാർട്ടിയായി നിലനിർത്തിയതും. പിണറായിയുടെ വലം കൈയായി നിൽക്കുമ്പോഴും വി എസ് എന്ന കരുത്തനെ തിരിച്ചറിഞ്ഞ നേതാവായിരുന്നു കോടിയേരി.
മറുനാടന്‍ മലയാളി ബ്യൂറോ