തിരുവനന്തപുരം: കഴിഞ്ഞ ആഴ്‌ച്ച കോടിയേരി ബാലകൃഷ്ണന്റെ ചിരിക്കുന്ന ചിത്രങ്ങൾ സൈബറിടത്തിൽ വൈറലായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ അദ്ദേഹം ഭേദമായി വരുന്നു എന്ന വിധത്തിലാണ് ഈ ചിത്രങ്ങൾ പ്രചരിച്ചിരുന്നത്. എന്നാൽ, അങ്ങനെ ആയിരുന്നില്ല സംഭവിച്ചത്. മുൻകാലങ്ങളിലെ ചിത്രങ്ങൾ അദ്ദേഹത്തിന്റെ അനുയായികൾ പ്രചരിപ്പിക്കുകയായിരുന്നു. കോടിയേരിയോടുള്ള സ്‌നേഹം കൊണ്ടായിരുന്നു അത്തരമൊരു സൈബർ പ്രചരണം നടന്നത്. എല്ലാവരും കോടിയേരി മടങ്ങി വരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. എന്നാൽ ഒരാഴ്്ച്ച കഴിയുമ്പോൾ അദ്ദേഹം ജീവിതത്തിൽ നിന്നും ലാൽ സലാം പറഞ്ഞു വിടവാങ്ങി.

കാൻസർ രോഗമായരുന്നു കോടിയേരി എന്ന രാഷ്ട്രീയ അതികായനെ വീഴ്‌ത്തിയത്. കാൻസറിനോട് പൊരുതുന്നതിന് ഒപ്പം അദ്ദേഹം തന്റെ രാഷ്ട്രീയ എതിരാളികളോടും പൊരുതി. രോഗത്തിന്റെ അവശതകൾക്കിടയിലും അദ്ദേഹം കരുത്തോടെ പാർട്ടിയെ നയിച്ചു. രാഷ്ട്രീയ ശത്രുക്കളോട് പോലും സൗമ്യമായി ഇടപെടുന്ന കോടിയേരിയുടെ ശൈലി ഏവരിലും ആദരവ് സൃഷ്ടിക്കുന്നതായിരുന്നു. കാൻസർ ബാധിതനാണെന്ന കാര്യം അദ്ദേഹം മറച്ചുവെച്ചിരുന്നില്ല.

ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ കോടിയേരിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു, കാൻസറാണ്, കരഞ്ഞിട്ടെന്ത് കാര്യം, നേരിടുക തന്നെ. കേരളത്തിൽ നടക്കുന്ന സംഭവങ്ങൾ രോഗത്തിനിടയിലും ശ്രദ്ധിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി പൂർണമായും ചികിത്സക്ക് കൂടെനിന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. രോഗ ലക്ഷണം കണ്ടെത്തിയത് അവിചാരിതമായിരുന്നു.

ഡയബറ്റിക്‌സ് രോഗി എന്ന നിലയിൽ സ്ഥിരം ചെക്കപ്പ് ഉണ്ടായിരുന്നു. അതിനിടയിലാണ് കാൻസർ കണ്ടെത്തിയത്. ഇത് മനസിലാക്കിയപ്പോൾ ഡോക്ടർമാർ അതിന്റെ ഗൗരവം എനിക്ക് പറഞ്ഞുതന്നു. വിദഗ്ധ ചികിത്സ വേണമെന്ന് പാർട്ടി തീരുമാനിച്ചു. രോഗം വന്നപ്പോൾ ഉലഞ്ഞില്ല. സ്വാഭാവികമായും രോഗത്തെ നേരിടുക എന്നതായിരുന്നു ലക്ഷ്യം. ഇന്നസെന്റും ഭാര്യയും കാണാൻ വന്നു. നേരിടാം എന്നുള്ള ആത്മവിശ്വാസം വന്നു. ചികിത്സക്കിടെ ചില വിഷമങ്ങൾ ഉണ്ടായി. എന്നാലും നേരിട്ടു. അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിരുന്നു. മക്കളുമായി ബന്ധപ്പെട്ട വിവാദങ്ങൾ അദ്ദേഹത്തെ രോഗത്തിനിടെയിലും വിഷമിപ്പിച്ചു. ബിനീഷ് കോടിയേരിയുടെ അറസ്റ്റും ബിനോയ് കോടിയേരിയുടെ പിതൃത്വ വിഷയവും കോടിയേരിയെ വിവാദത്തിലാക്കി.

രോഗം സ്ഥിരീകരിച്ചോടെ അമേരിക്കയിലേക്ക് അദ്ദേഹം ചികിത്സക്കായി പോകുകയായിരുന്നു. ചികിത്സക്ക് പോയപ്പോൾ പാർട്ടിയുടെ ചുമതല വഹിക്കാൻ എ വിജയരാഘവന് അദ്ദേഹം ചുമതല നൽകി. നിയമസഭാ തെരഞ്ഞെടുപ്പു വേളിയിൽ പാർട്ടി സെക്രട്ടറി അല്ലാതിരുന്നിട്ടും എല്ലാം ഏകോപിപ്പിച്ചതും തന്ത്രം മെനഞ്ഞതും സ്ഥാനാർത്ഥി നിർണയം നടത്തിയതും അടക്കം കോടിയേരിയായിരുന്നു. ഈ തീരുമാനങ്ങളെ ശരിവെക്കുന്ന വിധത്തിലായിരുന്നു തെരഞ്ഞെടുപ്പിലെ വിജയവും. പിന്നീട് മന്ത്രിസഭാ രൂപീകരണ വേളയിലും കോടിയേരിയുടെ തീരുമാനങ്ങൾ നിർണായകമായി. തന്റെ എല്ലാ പോരാട്ടങ്ങൾക്കും കരുത്തേകുന്നത് പാർട്ടിയാണെന്ന ഉറച്ച ബോധ്യം എന്നും സഖാവ് കോടിയേരി ബാലകൃഷ്ണന് ഉണ്ടായിരുന്നു. സാമൂഹികമാറ്റത്തിനാണ് പാർട്ടി പോരാടുന്നതെന്ന ഉറച്ച ബോധ്യമായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്.

അതേസമയം രോഗത്തിന്റെ രണ്ടാം വരവിൽ കോടിയേരിക്ക് പിടിച്ചു നിൽക്കാൻ സാധിച്ചില്ല. പാർട്ടിയെ നയിക്കാൻ വയ്യെന്ന ഘട്ടത്തിൽ അദ്ദേഹം സ്ഥാനമൊഴിഞ്ഞു. എം വി ഗോവിന്ദൻ പകരക്കാരനായി മാറുകയും ചെയ്തു. രോഗം മുർച്ഛിച്ച് ചികിത്സക്കായി ചെന്നൈയിലേക്ക് പോകുന്നതിന് മുൻപ് അവസാനമായി പങ്കെടുത്ത യോഗത്തിൽ കോടിയേരി യുവക്കളോടായി പറഞ്ഞത് പെയിൻ ആൻഡ് പാലയേറ്റീവ് രംഗത്ത് നടത്തേണ്ട ഇടപെടലുകളെ കുറിച്ചായിരുന്നു. പ്രത്യേകിച്ച് കിടപ്പു രോഗികളുടെ പരിചരണം ഏറ്റെടുക്കണമെന്ന് അദ്ദേഹം യുവാക്കളോട് അഭ്യർത്ഥിച്ചു. അർബുധ രോഗത്തോട് നടത്തിയ ചെറുത്തുനിൽപ്പിൽ നിന്ന് കൂടിയായിരുന്നു അദ്ദേഹം അത്തരത്തിലുള്ള ആവശ്യം യുവാക്കളോടായി പങ്കുവച്ചത്.

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇ.കെ.നയനാർ ചാരിറ്റബിൾ ട്രസ്റ്റ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു കോടിയേരി അവസാനമായെത്തിയത്. കൂടാതെ അതിന് മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളെജിൽ തന്നെ നടന്ന ഡിവൈഎഫ്ഐ പരിപാടിയിലും പാലിയേറ്റീവ് പ്രവർത്തനങ്ങളിലേക്ക് പ്രവർത്തകർ ഇറങ്ങണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പ്രത്യേകിച്ച് കിടപ്പുരോഗികളുടെ ശുശ്രൂഷിക്കുന്നതിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകരും സിപിഐഎം വാളന്റിയർമാരും പ്രവർത്തകരും ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.

കോടിയേരിയുടെ സംസ്‌കാരം തിങ്കളാഴ്ച

അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് തലശേരിയിൽ. മൃതദേഹം ഞായറാഴ്ച എയർ ആംബുലൻസിൽ തലശേരിയിലെത്തിക്കും. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിൽ പാർട്ടിക്കൊടി താഴ്‌ത്തി. ഞായറാഴ്ച ഉച്ചമുതൽ തലശേരി ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് കോടിയേരി മാടപ്പീടികയിലെ വസതിയിലും പൊതുദർശനം. 3ന് രാവിലെ 11 മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനു ശേഷം വൈകിട്ട് 3ന് പയ്യാമ്പലത്ത് സംസ്‌കാരം. അന്നു മാഹി, തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിൽ ആദരസൂചകമായി ഹർത്താൽ ആചരിക്കും.