കണ്ണൂർ: അന്തരിച്ച മുതിർന്ന സിപിഎം നേതാവും പൊളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വസതിയിലെ പൊതുദർശനത്തിന് ശേഷം കണ്ണൂർ സിപിഎം ജില്ല കമ്മിറ്റി ഓഫിസിലേക്ക് കൊണ്ടുപോകുന്നു. വിലാപയാത്രയായാണ് കണ്ണൂരിലേക്ക് പോകുന്നത്. പാതയിലുടനീളം നൂറുകണക്കിനാളുകളാണ് അന്ത്യാഭിവാദ്യമർപ്പിക്കാനായി കാത്തുനിൽക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തിങ്കളാഴ്ച പയ്യാമ്പലത്ത് അഗ്‌നിനാളങ്ങൾ ഏറ്റുവാങ്ങും.

പ്രിയനേതാക്കളായ ഇ.കെ. നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മൃതികുടീരത്തിനോടുചേർന്നാണ് ചിതയൊരുക്കുന്നത്. തലശ്ശേരി മാടപ്പീടികയിലെ വീട്ടിലും കണ്ണൂർ എ.കെ.ജി.ഹാളിലും പൊതുദർശനത്തിനുവെച്ചശേഷം മൂന്നുമണിയോടെയാണ് ഔദ്യോഗികബഹുമതികളോടെ സംസ്‌കാരം നടക്കുക. പയ്യാമ്പലം കടപ്പുറത്ത് രാഷ്ട്രീയഗുരു ഇ.കെ. നായനാർ, പാർട്ടി മുൻ സെക്രട്ടറി ചടയൻ ഗോവിന്ദൻ എന്നിവരുടെ സ്മൃതികുടീരത്തിന് സമീപത്തായാണ് കോടിയേരിക്ക് ചിതയൊരുക്കുന്നത്. അതിനുള്ള മുന്നൊരുക്കങ്ങൾ പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ പൂർത്തിയായി.

ഇന്നലെ രാത്രി 10 വരെ തലശ്ശേരി ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ ജനപ്രവാഹമായിരുന്നു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രമുഖ വ്യക്തികളും പാർട്ടി പ്രവർത്തകരും സാധാരണക്കാരുമെല്ലാം കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന നേതാവിന് ആദരാഞ്ജലികളർപ്പിക്കാനെത്തി. രാത്രി 11ഓടെ തലശ്ശേരി മാടപ്പീടികയിലെ വീട്ടിലേക്ക് മൃതദേഹം എത്തിക്കുമ്പോഴേക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളും വീട്ടിലെത്തിയിരുന്നു. അർധരാത്രി കഴിഞ്ഞും ആളുകൾ കോടിയേരിയുടെ ഭൗതികദേഹത്തിൽ അന്ത്യാഭിവാദ്യമർപ്പിക്കാനായി വീട്ടിലേക്കെത്തി.

കണ്ണൂരിലെ സിപിഎം ജില്ല കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിന് ശേഷം വൈകീട്ട് മൂന്നോടെ സംസ്‌കാരത്തിനായി പയ്യാമ്പലത്തേക്ക് കൊണ്ടുപോകും. സ്ഥലപരിമിതി കണക്കിലെടുത്ത് പാർട്ടി നേതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും മാത്രമാണ് സംസ്‌കാര ചടങ്ങ് നടക്കുന്ന തീരത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ബാക്കിയുള്ളവർക്ക് ദൂരെനിന്ന് ചടങ്ങ് കാണാൻ സംവിധാനമൊരുക്കും.

ശനിയാഴ്ച രാത്രി ചെന്നൈ അപ്പോളോ ആശുപത്രിയിൽ അന്തരിച്ച കോടിയേരിയുടെ മൃതദേഹം ഞായറാഴ്ച ഒരുമണിയോടെയാണ് എയർ ആംബുലൻസിൽ കണ്ണൂർ വിമാനത്താവളത്തിലെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ, സിപിഎം. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, മന്ത്രിമാർ, കോൺഗ്രസ് നേതാവ് സണ്ണി ജോസഫ് എംഎ‍ൽഎ. എന്നിവരടക്കം നേതാക്കളും പ്രവർത്തകരും വിമാനത്താവളത്തിൽ കാത്തുനിന്നിരുന്നു. വിമാനത്താവളത്തിൽ നിന്നും ആരംഭിച്ച വിലാപയാത്ര കടന്നുപോകുന്ന വഴികളിലാകെ പതിനായിരക്കണക്കിനാളുകളാണ് പ്രിയനേതാവിന് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയത്. മട്ടന്നൂർ, കൂത്തുപറമ്പ്, കതിരൂർ തുടങ്ങി 14 കേന്ദ്രത്തിൽ അന്ത്യോപചാരമർപ്പിക്കാൻ അവസരമുണ്ടാകുമെന്നറിയിച്ചതിനെ ത്തുടർന്ന് വൻജനസഞ്ചയമുണ്ടായിരുന്നു.

സമയക്കുറവുകാരണം എവിടെയും വാഹനം നിർത്തി പ്രത്യേകം കാണാൻ സൗകര്യമൊരുക്കിയിരുന്നില്ല. പതിറ്റാണ്ടുകളോളം ജനഹൃദയങ്ങളെ ത്രസിപ്പിക്കുകയും ആവേശംകൊള്ളിക്കുകയുംചെയ്ത വീരനേതാവിന്റെ ചേതനയറ്റ ശരീരംകണ്ട് വിങ്ങിപ്പൊട്ടുകയും പൊട്ടിക്കരയുകയുമായിരുന്നു പലരും. പൂക്കളെറിഞ്ഞും മുദ്രാവാക്യം മുഴക്കിയും പ്രിയസഖാവിന് ജനങ്ങൾ വിടനൽകുകയായിരുന്നു. കാൽനൂറ്റാണ്ടോളംകാലം തലശ്ശേരിയുടെ ജനപ്രതിനിധിയായി, വികസന നായകനായി, കേരളരാഷ്ട്രീയത്തിൽ തലയുയർത്തിനിന്ന പ്രിയനേതാവിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര എത്തുന്നതിന് മണിക്കൂറുകൾ മുമ്പേതന്നെ തലശ്ശേരി ടൗൺഹാൾ ജനനിബിഡമായി.

ടൗൺഹാളിനകത്തും പുറത്തും സമീപനറോഡുകളിലുമായി അന്ത്യാഞ്ജലിയർപ്പിക്കാൻ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് കാത്തുനിന്നിരുന്നത്. 'കോടിയേരി മരിച്ചിട്ടില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ' എന്നും 'ലാൽസലാ'മെന്നും മുദ്രാവാക്യങ്ങൾ നിറഞ്ഞുനിൽക്കെ പൊലീസും സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളും ഗാർഡ് ഓഫ് ഓണർ നൽകിയാണ് മൃതദേഹം ടൗൺഹാളിനകത്തേക്ക് മാറ്റിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ, നേതാക്കളായ എസ്. രാമചന്ദ്രൻപിള്ള, എം.എ. ബേബി, ഇ.പി. ജയരാജൻ, എ.കെ. ബാലൻ, പി.കെ. ശ്രീമതി, എളമരം കരീം, മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, പി. രാജീവ്, കെ.എൻ. ബാലഗോപാൽ തുടങ്ങിയവർ ചേർന്ന് പാർട്ടിപതാക പുതപ്പിച്ചു. സിപിഎം. സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ, സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ വി.എൻ. വാസവൻ, കെ. കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, മുന്മന്ത്രിമാരായ പാലോളി മുഹമ്മദ് കുട്ടി, തോമസ് ഐസക്, സി.കെ. നാണു, രാമചന്ദ്രൻ കടന്നപ്പള്ളി എംഎ‍ൽഎ., കെ.കെ. ശൈലജ എംഎ‍ൽഎ. തുടങ്ങിയവരും എത്തിയിരുന്നു. വിവിധരാഷ്ട്രീയ കക്ഷി നേതാക്കളായ കെ.സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എ.പി.അബ്ദുള്ളകുട്ടി, പി.കെ.കൃഷ്ണദാസ്, പി.കെ.കുഞ്ഞാലിക്കുട്ടി, സി.പി.ജോൺ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു. 

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കാൻ സർക്കാർ ഉത്തരവിട്ടു. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇത് സംബന്ധിച്ച് കണ്ണൂർ ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും നിർദ്ദേശം നൽകി. തിങ്കളാഴ്ച കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് നടക്കുന്ന സംസ്‌കാരച്ചടങ്ങിൽ മുഴുവൻ സുരക്ഷാ സജ്ജീകരണങ്ങൾ ഏർപ്പെടുത്തണമെന്നും ഗൺ സല്യൂട്ടോടെ സംസ്ഥാനത്തിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തണമെന്നും ഉത്തരവിൽ പറയുന്നു.