തിരുവനന്തപുരം: കണ്ണൂർ സഖാക്കളിൽ മനസ്സ് തുറന്ന് പുഞ്ചിരിച്ച നേതാക്കൾ കുറവാണ്. ഇകെ നായനാരായിരുന്നു ആദ്യ കാല കമ്മ്യൂണിസ്റ്റുകളിൽ ഇതിന് അപവാദം. രണ്ടാം തലമുറയിൽ പിണറായി അടക്കമുള്ള നേതാക്കൾ കാർക്കശ്യമാണ് മുഖത്ത് നിറച്ചത്. സമകാലീകരായ കോൺഗ്രസ് നേതാക്കളും അങ്ങനെ തന്നെ. പരിവാർ രാഷ്ട്രീയത്തിലെ നേതാക്കളും മുഖത്തെ ഭാവം കടുപ്പമുള്ളതാക്കി. ഇവിടെയാണ് കോടിയേരി ബാലകൃഷ്ണൻ എന്ന നേതാവ് വ്യത്യസ്തനായത്. കണ്ണൂരിലെ കാഠിന്യം രാഷ്ട്രീയ നിലപാടുകളിൽ മാത്രമായി കോടിയേരി ഒതുക്കി. സൗഹൃദവും സഹൃദയത്വവും പുഞ്ചിരിയും പ്രവർത്തികളിൽ നിറത്തു. മുമ്പിലെത്തുന്നവരോടെല്ലാം സ്നേഹത്തിന്റെ ഭാഷയിൽ ആശയ വിനിമയം നടത്തി. ഇതിനെല്ലാം കാരണം കോടിയേരിയുടെ തിരുവനന്തപുരത്തെ പഠനകാലമാണെന്ന് കരുത്തുന്ന സഖാക്കളുമുണ്ട്.

ബ്രണ്ണൻ കോളേജിൽ അഡ്‌മിഷൻ കിട്ടാതെ പഠനത്തിനായി കോടിയേരി തിരുവനന്തപുരത്തേക്ക് എത്തി. യൂണിവേഴ്സിറ്റി കോളേജിലായിരുന്നു ഡിഗ്രിക്കാലം. കണ്ണൂരിൽ നിന്നുള്ള വിദ്യാർത്ഥി നേതാവ് തിരുവനന്തപുരത്തെ സൗഹൃദങ്ങൾ കൂട്ടാക്കിയാണ് വളർന്നു കയറിയത്. ആ പഠനകാല അനുഭവം കോടിയേരിയെ മറ്റ് കണ്ണൂർ നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കി. സിപിഎം സംസ്ഥാന സമിതിയിൽ എത്തിയ ശേഷം കുടുംബത്തോടെ കോടിയേരി തിരുവനന്തപുരത്തേക്ക് വന്നു. മക്കളുടെ വിദ്യാഭ്യാസം അടക്കം എല്ലാം തലസ്ഥാന ജില്ലയിൽ. എല്ലാ അർത്ഥത്തിലും തിരുവനന്തപുരത്തുകാരനായി കോടിയേരി മാറി. സിപിഎം സംസ്ഥാന സമിതി ഓഫീസായ എകെജി സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തനം. മരുതൻകുഴിയിൽ വീടു വാങ്ങി അതിന് 'കോടിയേരി' എന്ന് പേരിട്ട് മക്കളും കുടുംബവും താമസവുമായി. അപ്പോഴും എകെജി സെന്റർ ഫ്ളാറ്റിലായിരുന്നു കോടിയേരിയുടെ താമസം.

അസുഖം തളർത്തി അമേരിക്കയിലേക്ക് ആദ്യം ചികിൽസയ്ക്ക് പോയി മടങ്ങി എത്തിയതും തിരുവനന്തപുരത്തേക്ക് തന്നെ. ഇവിടെ പാർട്ടി പ്രവർത്തനവുമായി മുഴുകി കോടിയേരി വീണ്ടും ആരോഗ്യത്തിലേക്ക് മടങ്ങി എത്തി. സിപിഎമ്മിന് തുടർഭരണവും നൽകി. പാർട്ടിയെ ജനങ്ങളുമായി അടുപ്പിച്ചു നിർത്തുന്ന മാസ്മരിക പ്രഭാവം കോടിയേരിക്കുണ്ടായിരുന്നു. സംഘാടനത്തിലെ ഈ ജനമൈത്രി മുഖമാണ് സിപിഎമ്മിന് ഭരണ തുടർച്ച നൽകിയതും. പിണറായിയുടെ ആദ്യ ഭരണകാലത്ത് ഓരോ വിവാദമുണ്ടാകുമ്പോഴും കോടിയേരി കരുതലോടെ ഇടപെട്ടു. മസ്‌ക്കറ്റ് ഹോട്ടലിൽ മാധ്യമങ്ങളോട് പിണറായി കടക്ക് പുറത്തെന്ന് പറയുമ്പോഴും തൊട്ടടുത്ത് കോടിയേരിയുണ്ടായി. വലിയൊരു സംഘർഷത്തിലേക്ക് അന്ന് കാര്യങ്ങളെത്താത്ത് കോടിയേരിയുടെ ചിരിമുഖമായിരുന്നു. മാധ്യമങ്ങളെ കടന്നാക്രമിക്കാതെ പാർട്ടി നയം കോടിയേരി പ്രഖ്യാപിച്ചു. കുടുംബം വിവാദത്തിലേക്ക് പോകുമ്പോഴും മാധ്യമങ്ങളിൽ നിന്ന് കോടിയേരി ഒഴിഞ്ഞു മാറിയില്ല. അങ്ങനെ തിരുവനന്തപുരത്തെ ജനങ്ങൾക്കും മാധ്യമങ്ങൾക്കുമെല്ലാം കോടിയേരി സ്വന്തം സഖാവായി.

കണ്ണൂരിലെ കല്ലറ തലായി എൽപി സ്‌കൂൾ റിട്ട. അദ്ധ്യാപകൻ പരേതനായ കോടിയേരി മൊട്ടമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും പരേതയായ നാരായണിയമ്മയുടെയും മകനായി 1953 നവംബർ 13നാണ് ജനനം. നാലു പെങ്ങന്മാരുടെ പ്രിയപ്പെട്ട അനുജനായാണ് ഏറ്റവും ഇളയവനായ ബാലകൃഷ്ണൻ വളർന്നത്. ആറു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. ഓണിയൻ ഹൈസ്‌കൂളിൽ എട്ടാം ക്ലാസിൽ പടിക്കുമ്പോൾ കെഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായാണ് കോടിയേരി രാഷ്ട്രീയത്തിൽ എത്തുന്നത്. ആർഎസ്എസ്മായുള്ള സംഘർഷവും മറ്റും കാരണം പത്താം ക്ലാസിനുശേഷം വീട്ടുകാർ തുടർന്നു പഠിക്കാൻ അയയ്ക്കാതെ ചെന്നൈയിലേക്കയയ്ച്ചു. അവിടെ ചിട്ടിക്കമ്പനിയിൽ രണ്ടു മാസം ജോലി ചെയ്തു. തിരിച്ചെത്തിയപ്പോഴേക്കും തലശേരി ബ്രണ്ണൻ കോളജിൽ പ്രവേശനം കഴിഞ്ഞിരുന്നു. അങ്ങനെ മാഹി എംജി കോളജിൽ പ്രീഡിഗ്രിക്കു ചേർന്നു. പിന്നീട് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്നു ഡിഗ്രിയും നേടി. ആ പഠനകാലം സ്വഭാവ രൂപീകരണത്തിൽ വലിയ പങ്കു വഹിക്കുകയും ചെയ്തു.

യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥിയായിരിക്കെ 1973ൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി. 1973 മുതൽ 1979 വരെ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായി. അടിയന്തരാവസ്ഥക്ക് തൊട്ടുമുമ്പും ശേഷവുമുള്ള കാലം എസ്എഫ്ഐയെ സംബന്ധിച്ച് നിർണായകമായിരുന്നു. അടിയന്തരാവസ്ഥക്കുമുമ്പ് കേരള ത്തിലെ അച്യുതമേനോൻ സർക്കാരിന്റെ പിന്തുണയോടെ കെഎസ്‌യുവും മറ്റു പിന്തിരിപ്പൻ ശക്തികളും എസ്എഫ്ഐയെ തകർക്കാൻ ശ്രമിച്ചു. - 1971ലെ തലശേരി കലാപത്തിൽ മുസ്ലിം ജനവിഭാഗങ്ങൾക്ക് ആത്മധൈര്യം പകരാനും സഹായം നൽകാനുമുള്ള സ്‌ക്വാഡ് പ്രവർത്തനത്തിൽ സജീവമായി. 1970ൽ സിപിഐ എം ഈങ്ങയിൽപീടിക ബ്രാഞ്ച് സെക്രട്ടറിയായ അദ്ദേഹം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാകുമ്പോൾ കോടിയേരി ലോക്കൽ സെക്രട്ടറിയായിരുന്നു. അന്ന് വയസ്സ് വെറും പതിനെട്ട്. തിരുവനന്തപുരത്തെ സൗഹൃദ കരുത്തിൽ രൂപപ്പെട്ട രാഷ്ട്രീയ മനസ്സുമായി കണ്ണൂരിലെത്തി കേരളത്തെ കീഴടക്കുകയായിരുന്നു കോടിയേരി.

എകെജി സെന്ററിലെ തൊട്ടു മുന്നിലെ ഫ്ളാറ്റിൽ നിന്ന് കോടിയേരി ചികിൽസയ്ക്ക് ചെന്നൈയിലേക്ക് പോകുന്നത് കാണാൻ രാഷ്ട്രീയം മറന്ന് തിരുവനന്തപുരത്തെ സുഹൃത്തുക്കൾ എത്തി. ആരോഗ്യത്തോടെ തിരിച്ചു വരുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. പക്ഷേ അതു തെറ്റി. ഒക്ടോബറിലെ നഷ്ടമായി കോടിയേരി മാറുകയാണ്. തിരുവനന്തപുരത്ത് അഴിമതിക്കെതിരായ സമരം, ജെഎൻയുവിലെ വിദ്യാർത്ഥി ധ്വംസനത്തിനെതിരെ നടന്ന സമരം, നാൽപ്പാടി വാസുവിന്റെ വധത്തിൽ പ്രതിഷേധിച്ച് നടന്ന സമരം, കർഷകരുടെ ആവശ്യങ്ങളുന്നയിച്ചു നടത്തിയ റെയിൽവേ സമരം എന്നിവയിൽ പങ്കെടുത്തപ്പോൾ പൊലീസിന്റെ ഭീകര മർദനമേറ്റു.

1982, 87, 2001, 2006, 2011 വർഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തലശേരി മണ്ഡലത്തിൽനിന്ന് വിജയിച്ചു. 2001ലും 2011ലും പ്രതിപക്ഷ ഉപനേതാവായി. 2006ലെ എൽഡിഎഫ് സർക്കാരിൽ ആഭ്യന്തര- ടൂറിസം മന്ത്രിയായി. കേരളാ പൊലീസിനെ ആധുനിക വൽക്കരിക്കുന്നതിലും പൊലീസുകാരുടെ സേവന-വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുന്നതിലും വലിയ സംഭാവന നൽകി. ഭരണകൂടത്തിന്റെ മർദനോപകരണം എന്ന കുപ്രസിദ്ധിയിൽനിന്ന് ജനസേവ കരാക്കി കേരളാ പൊലീസിന്റെ മുഖം മാറ്റിയെടുക്കുന്നതിൽ കോടിയേരിയെന്ന ഭരണകർത്താവിന്റെ കൈയൊപ്പു പതിഞ്ഞു. ജനമൈത്രി പൊലീസ് കേരളത്തിന് പുതിയ അനുഭവമായി. ക്രമസമാധാന പാലനത്തിൽ കേരളത്തെ ഏറ്റവും മികച്ച സംസ്ഥാനമായി ഉയർത്തി.

ലോക ടൂറിസം ഭൂപടത്തിൽ കേരളത്തിന് പ്രമുഖ സ്ഥാനം നേടിക്കൊടുക്കാൻ അദ്ദേഹം നടത്തിയ ഭാവനാപൂർണമായ പ്രവർത്തനം കാരണമായി. പ്രതിപക്ഷ ഉപനേതാവെന്ന നിലയിൽ നിയമസഭയിൽ ഭരണപക്ഷത്തിന്റെ കൊള്ളരുതായ്മകൾ തുറന്നുകാട്ടാനും ഭരണപക്ഷത്തിന്റെ കുതന്ത്രങ്ങളെ തത്സമയം കണ്ടെത്തി പൊളിക്കാനും സമർഥമായ നേതൃത്വംനൽകി.