കൊല്ലം: കേരള സർക്കാറിന്റെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ പദവി കോടിയേരി കുടുംബത്തിന് നഷ്ടമാകും. സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനായ സി.ആർ വിനയകുമാർ ആണ്് നിലവിൽ സ്ഥാപനത്തിന്റെ മാനേജിഗ് ഡയറക്ടർ. വിനയകുമാറിനെ മാറ്റാൻ സർക്കാർ തലത്തിൽ തീരുമാനമായി. പകരം പുതിയ എംഡിയെ നിയമിക്കാനും നടപടി ക്രമങ്ങളുമായി. കെഎസ് ഇബിയിൽ നിന്നും വിരമിച്ച ഇടതുപക്ഷത്തെ പ്രമുഖനെ എംഡിയാക്കാനാണ് ഈ നീക്കം.

ഡെപ്യൂട്ടേഷനിൽ മാനേജിഗ് ഡയർക്ടർ സ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തിയാണ് വിനയകുമാറിനെ ഇവിടെ നിയമിച്ചിരിക്കുന്നത് എന്ന ആരോപണം ഉയർന്നിരുന്നു. ഇലക്ട്രിക്കൽ എൻജീനിയറിഗ് പാസായ വ്യക്തികൾ ഇരിക്കേണ്ട പോസ്റ്റിൽ നിയമിതനായ വിനയകുമാറിന്റെ യോഗ്യത എം.എ മലയാളമാണ്. കെ.എസ്.ഇ.ബി യിൽ നിന്നും ഡെപ്യൂട്ടി ചീഫ് എൻജീനിയറോ, ചീഫ് എക്‌സിക്യൂട്ടിവ് എൻജീനിയറോ ആണ് മുമ്പ് ഈ പോസ്റ്റിൽ ജോലി ചെയ്തിരുന്നത്. ഇലക്ട്രിക്ക് ഉപകരണങ്ങൾ ഉണ്ടാക്കുന്ന ഈ സ്ഥാപനത്തിലെ മാനേജിഗ് ഡയറക്ടർ ടെക്‌നിക്കൽ അറിവുകളുള്ള ആളാകണം എന്ന സാമാന്യയുക്തി പോലും ഈ നിയമനത്തിൽ പാലിച്ചില്ല.

ഒരു കൊല്ലമാണ് മാനേജിഗ് ഡയർക്ടറുടെ കാലവധി . അഞ്ച് കൊല്ലത്തിൽ അധികം ഒരാളെ തന്നെ നിയമിക്കരുത് എന്നുമാണ് നിയമം. ഇതെല്ലാം അട്ടിമറിച്ചതിന് പിന്നിൽ കോടിയേരിയുടെ സ്വാധീനമാണെന്ന ആരോപണം ഉയർന്നിരുന്നു. ആ അടുത്ത കാലത്ത് വിനയകുമാർ ചീട്ടുകളി വിവാദത്തിൽ കുടുങ്ങി. ട്രിവാൻഡ്രം ക്ലബ്ബിൽ നിന്നും അറസ്റ്റിലാവുകയും ചെയ്തു. ഇതോടെ സിപിഎമ്മിനും സർക്കാരിനും വിനയകുമാർ അനഭിമതനായി. ഇതിന്റെ തുടർച്ചയായാണ് വിനയകുമാറിനെ മാറ്റുന്നത്. കെ എസ് ഇ ബിക്ക് ആവശ്യമായ സ്മാർട്ട് മീറ്ററുകൾ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് വഴി വാങ്ങാനാണ് ആലോചന. ഇതിനിടെയാണ് തലപ്പത്തെ മാറ്റം.

ഏകദേശം 8000 കോടി രൂപയുടെ സ്മാർട്ട മീറ്ററുകളാണ് വാങ്ങുക. അതുകൊണ്ട് തന്നെ ഈ സ്ഥാപനത്തെ ഇനി നയിക്കാൻ എത്തുന്നത് ആരെന്നത് നിർണ്ണായകമാണ്. സിപിഎം നേതൃത്വത്തിന് കൂടുതൽ അടുപ്പമുള്ള ഒരാൾ ഈ തസ്തികയിൽ എത്തുമെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്റെ താൽപ്പര്യമാകും നിർണ്ണായകം. വിനയകുമാറിന്റെ പകരക്കാരനെ കണ്ടെത്താനുള്ള ചർച്ച അതിവേഗം പുരോഗമിക്കുകയാണെന്നാണ് സൂചന.

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ സഹോദരനാണ് വിനയകുമാർ. സർക്കാറിന്റെ ഐ.പി.എസ് കോച്ചിഗ് സെന്ററിൽ ജോലി ചെയ്തിരുന്ന വിനയകുമാറിനെ കോടിയേരിയുടെ താൽപ്പര്യപ്രകാരമാണ് സിപിഎം യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ തലപ്പത്ത് എത്തിച്ചത്. കൊല്ലം പള്ളിമുക്കിന് സമീപത്തായിട്ടുള്ള യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്് 1950 ലാണ് കമ്പനി സ്ഥാപിതമായത്.

ഇലക്ട്രിസിറ്റി ഹൗസ് സർവീസ് എനർജി മീറ്ററുകൾ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറിയാണ് യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്. കമ്പനിയുടെ പ്രധാന ഓഹരികൾ 1957 -ൽ കേരള സർക്കാർ ഏറ്റെടുത്തു.