- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
37-ാം വയസ്സിൽ ജില്ലാ സെക്രട്ടറി; 42ൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ; ഏഴ് കൊല്ലം കഴിഞ്ഞ് പിബിയിൽ; എകെജി സെന്ററിൽ മൂന്നു ടേം; ബിനോയിയും ബിനീഷും ഉണ്ടാക്കിയത് തലവേദനകൾ; പൂമൂടൽ.. ശത്രു സംഹാരം.. പിന്നെ ഏലസും; രാഷ്ട്രീയം വിടുമെന്ന് കരുതിയവരെ അമ്പരപ്പിച്ചു; മുംബൈയിലെ വിധിക്ക് പിന്നാലെ അന്ത്യയാത്ര; കോടിയേരി അതിജീവിച്ചത് വമ്പൻ വിവാദങ്ങൾ
കൊച്ചി: സിപിഎമ്മിനെ നയിക്കാൻ ഇനി കോടിയേരി ബാലകൃഷ്ണൻ ഇല്ല. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞാൽ കേരളത്തിലെ പാർട്ടിയിലെ രണ്ടാമനായിരുന്നു കോടിയേരി. എകെജി സെന്ററും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിൽ ഏറ്റുമുട്ടലുകളുണ്ടാകാതെ നോക്കുന്ന പിണറായിയുടെ പ്രിയ സഖാവ്. അതുകൊണ്ട് മാത്രമാണ് വിവാദങ്ങളിലൂടെ നടന്നു നീങ്ങിയിട്ടും കോടിയേരി വീണ്ടും സിപിഎമ്മിന്റെ തലപ്പത്ത് മൂന്നാം വട്ടവും എത്തിയത്. പാർട്ടിയിലെ വിഭാഗീയത തകർത്തെറിയാൻ പിണറായിക്ക് കരുത്തായതും കോടിയേരിയുടെ നയതന്ത്ര മനോഭാവമാണ്. ഈ രണ്ട് നേതാക്കൾ ഒരുമിച്ച് നിൽക്കുന്നിടത്തായിരുന്നു സിപിഎമ്മിന് തുടർഭരണവും കിട്ടിയത്. ഈ കൂട്ടായ്മയാണ് തകരുന്നത്.
അസുഖ കാലത്തും കൊച്ചിയിലെ സമ്മേളനത്തിൽ കോടിയേരിയെ പാർട്ടി സെക്രട്ടറിയായി തെരഞ്ഞെടുത്തത് ഏകകണ്ഠമായാണ്. ആരും കോടിയേരിയെന്ന നേതാവിനെ എതിർക്കുന്നില്ല. അങ്ങനെ സിപിഎം സെക്രട്ടറി പദവിയിൽ മൂന്നാം ടേമിൽ എത്തി കോടിയേരി. പാർലമെന്ററി രംഗത്തും പാർട്ടിയിലും വിജയങ്ങളും ഉയർച്ചകളും മാത്രം താണ്ടിയ കോടിയേരി. എന്നാൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടാക്കിയ തലവേദന ഏറെയാണ്. സാധാരണ കമ്യൂണിസ്റ്റുകാരന്റെ രാഷ്ട്രീയം പോലും അവസാനിപ്പിക്കേണ്ടി വരുന്ന തരത്തിലെ വിവാദങ്ങൾ ചർച്ചയായി. അപ്പോഴും തളർന്നില്ല. 2019ൽ ബാധിച്ച അർബുദം ശരീരത്തെ തളർത്തിയപ്പോഴും കോടിയേരി ബാലകൃഷ്ണൻ എന്ന പാർട്ടി സെക്രട്ടറി തകർന്നില്ല. പക്ഷേ മക്കളുണ്ടാക്കിയ പൊല്ലാപ്പുകൾ ഏറെയായിരുന്നു. അതിനെ പിണറായിയുടെ കരുത്തിൽ അതിജീവിക്കുകയായിരുന്നു കോടിയേരി. പക്ഷേ വീണ്ടും രോഗമെത്തി. അപ്പോഴും മക്കൾ വിവാദം തളർത്തി. മുംബൈയിലെ കേസിൽ നിന്ന് ബിനോയ് രക്ഷ നേടിയ വാർത്തയ്ക്ക് പിന്നാലെ അച്ഛന്റെ മരണ വാർത്തയും കേരളത്തെ വേദനിപ്പിക്കാൻ എത്തി.
മഹാരോഗത്തിലും വീഴാത്ത പാർട്ടി സെക്രട്ടറി പക്ഷേ മകൻ ബിനീഷ് കോടിയേരി നേരിട്ട കള്ളപ്പണ കേസിൽ തളർന്നു. രണ്ട് നിർണ്ണായക തെരഞ്ഞെടുപ്പുകൾ മുന്നിൽ നിൽക്കെ് കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് അവധി എടുത്തു. കണ്ണൂർ ജില്ലയിൽ തലശ്ശേരിക്കടുത്ത് കോടിയേരിയിൽ പരേതരായ മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും പുത്രനായി 1953 നവംബർ 16നാണ് കോടിയേരി ബാലകൃഷ്ണൻ ജനിച്ചത്. സിപിഎം നേതാവും തലശേരി മുൻ എംഎൽഎയുമായ എം. വി. രാജഗോപാലിന്റെ മകളായ എസ്. ആർ. വിനോദിനിയാണ് ഭാര്യ. മക്കൾ ബിനോയ്, ബിനീഷ്. മരുമക്കൾ ഡോ. അഖില, റിനീറ്റ. പേരക്കുട്ടികൾ ആര്യൻ ബിനോയ്, ആരുഷ് ബിനോയ്, ഭദ്ര ബിനീഷ്. ഇതിൽ ബിനീഷും ബിനോയിയും പലവിധ വിവാദങ്ങളിലൂടെ കടന്നു പോയി. ആദ്യം ബിനീഷിന്റെ രാഷ്ട്രീയ പ്രവർത്തനവും കേസുകളുമാണ് കുരുക്കായത്.
അച്ഛന്റെ ലേബലിൽ പാർട്ടിയിൽ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും എത്തി. ഇതോടെ ബിനീഷ് പതിയെ രാഷ്ട്രീയത്തിൽ നിന്ന് പിന്നോട്ട് പോയി. ഇതിനിടെ ബിനീഷിന്റെ സൗഹൃദങ്ങളും തലവേദനയായി. എന്നാൽ മൂത്തമകൻ ബിനോയ് എല്ലാ അർത്ഥത്തിലും അച്ഛനെ വെട്ടിലാക്കി. ബിനോയ് കോടിയേരിക്കെതിരെ ഉയർന്നുവന്നിട്ടുള്ള ബലാൽസംഗ കേസിന്റെ നിജസ്ഥിതി ഇനിയും തെളിഞ്ഞിട്ടില്ല. കേസ് 80 ലക്ഷം കൊടുത്ത് ഒത്തു തീർപ്പാക്കുകയായിരുന്നു. നേരത്തെ ദുബായിയിലെ വ്യവസായിയാണ് കോടി കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി ബിനോയ് കടന്നു കളഞ്ഞെതെന്ന് ആരോപണവുമായി രംഗത്തെത്തിയത്. പണം തിരിച്ചുകിട്ടാനുള്ള ശ്രമങ്ങൾ വിജയിക്കാതെയായപ്പോൾ വ്യവസായി സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് ഇത് സംബന്ധിച്ച പരാതി നൽകുകയായിരുന്നു.
ദുബായ് പൊലീസിൽ നൽകിയ പരാതിയിൽ ബിനോയിയുടെ പാസ്‌പോർട്ട് പിടിച്ചുവെയ്ക്കുകയും ദുബായിൽനിന്ന് പുറത്തുപോകുന്നതിന് യാത്രാവിലക്ക് ഏർപ്പെടത്തുകയും ചെയ്തിരുന്നു. പത്തുലക്ഷം ദിർഹം നൽകുന്നതിൽ പരാജയപ്പെട്ടുവെന്നായിരുന്നു കേസ്. പിന്നീട് ഉന്നത ഇടപടെലിലൂടെ കേസ് ഒതുക്കി തീർത്തു. ഇതിന് ശേഷവും ബിനോയ് അച്ഛന് തലവേദനയായി മാറി. ബിനോയിയുടെ തലവേദന ഒഴിഞ്ഞ ഘട്ടത്തിലാണ് അടുത്ത ബിനീഷ് കോടിയേരി വിവാദത്തിൽ ആകുന്നത്. മയക്കുമരുന്നു കേസിൽ കുടുങ്ങിയ ബിനീഷിനെ കോടിയേരി പരസ്യമായി തള്ളിപ്പറഞ്ഞിട്ടും കാര്യമാുണ്ടായില്ല. തിരുവനന്തപുരത്തെ വീട്ടിൽ ഇഡി റെയ്ഡ് നടത്തുകയും കുടുംബം തന്നെ കൂടുതൽ വിവാദത്തിൽ ആകുകയും ചെയ്തിരുന്നു. പിന്നാലെ മുംബൈയിലെ ബിനോയിയുടെ കേസും
എന്നും മക്കൾ വിവാദത്തിൽ
രാഷ്ട്രീയത്തിൽ ഇല്ലെങ്കിലും വിവാദങ്ങളുടെ സന്തത സഹചാരികൾ ആണ് കോടിയേരിയുടെ മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും. രവി പിള്ളയുടെ ആർപി ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു മുൻപ് ബിനീഷ് കോടിയേരി. ഏഴു ലക്ഷത്തോളം രൂപ മാസശമ്പളം വാങ്ങിയാണ് ബിനീഷ് ജോലി ചെയ്യുന്നത് എന്നാണ് അന്ന് വന്നിരുന്ന വാർത്തകൾ. പിന്നീട് സിനിമയായി ബിനീഷ് കോടിയേരിയുടെ തട്ടകം. ഒപ്പം ഒട്ടനവധി വ്യവസായ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടു ബിനീഷിന്റെ പേര് പുറത്തുവരുന്നുണ്ട്. കാർ അക്‌സസറികൾ, ഫർണിച്ചർ, ഹോട്ടൽ വ്യവസായം എന്നിങ്ങനെ തിരുവനന്തപുരത്തെ വിവിധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ബിനീഷിന്റെ പേര് കേൾക്കാം.
വിവിധ ബിസിനസുകൾ ഏർപ്പെടുത്തി നടത്തിയിരുന്ന ബിനോയ് ഗൾഫിൽ പ്രശ്‌നങ്ങളിൽ കുടുങ്ങിയിരുന്നു. ട്രാവൽ ബാൻ വരെ ഗൾഫിൽ ബിനോയ്ക്ക് വന്നിരുന്നു. 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ് പുറത്തുവന്നതോടെയാണ് ബിനോയ് കോടിയേരിയും മുഖ്യധാരയിലേക്ക് വന്നത്. ഗൾഫിലെ വൻ മലയാളി വ്യവസായി ഇടപെട്ടാണ് ഈ കേസിനു തീർപ്പാക്കിയത് എന്നാണ് ലഭിച്ച വിവരം. ദുബായിൽയിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ജാസ് ടൂറിസം എൽഎൽസി എന്ന കമ്പനിയാണ് ബിനോയിക്കെതിരെ പരാതി നൽകിയത്.
ബിനോയ് കമ്പനിക്ക് നൽകിയ ചെക്കുകൾ മടങ്ങുകയും ദുബൈയിൽ നിന്നും മുങ്ങുകയും ചെയ്തപ്പോൾ ഇന്റർപോളിന്റെ സാഹയം തേടിയിരുന്നു. പിന്നീട് ദിവസങ്ങൾക്കുള്ളിൽ കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തിന് കിട്ടിയ പരാതി പുറത്തായതിന് പിന്നിൽ പാർട്ടിയിലെ തന്നെ ഒരു വിഭാഗം തന്നെയായിരുന്നുവെന്നും അന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.
2020-ൽ അച്ഛനെ ആപ്പിലാക്കാനുള്ള ഊഴം പക്ഷേ ബിനീഷിനായിരുന്നു. ചേട്ടൻ സൃഷ്ടിച്ച തലവേദനയിൽനിന്ന് തടിയൂരാൻ അച്ഛന് കഴിഞ്ഞെങ്കിലും. ഇവിടെ കേസ് മയക്കുമരുന്നായതിനാലും അന്വേഷണം നടത്തുന്നത് എൻഫോഴ്സ്മെന്റ് ആണെന്നതും കോടിയേരിയുടെ കസേരയെ ആട്ടിയുലച്ചു. കോടിയേരി താമസിച്ചിരുന്ന തിരുവനന്തപുരത്തെ ബിനോയിയുടെ വീട്ടിലേക്ക് ഇ.ഡിയും ആദായനികുതിയും പരിശോധന നടത്തി.
ഇതോടെ കോടിയേരി ബാലകൃഷ്ണൻ എന്ന സിപിഎം. സംസ്ഥാന സെക്രട്ടറിക്ക് പാർട്ടി തീർത്ത എല്ലാ പ്രതിരോധവും അഴിഞ്ഞുവീണു. മകൻ ചെയ്ത തെറ്റിന് അച്ഛനെന്ത് പിഴച്ചുവെന്നും ബിനീഷ് ഒരു വ്യക്തിയാണെന്നും ആ വ്യക്തിയുടെ തീരുമാനങ്ങൾക്ക് കോടിയേരിക്ക് പങ്കില്ലെന്നും പാർട്ടി അവസാന നിമിഷവും നിലപാട് എടുത്തെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണൻ അനിവാര്യമായ അവധി എടുത്തു. പിന്നീട് വീണ്ടും മടങ്ങി എത്തുകയും ചെയ്തു.
മിനി കൂപ്പറിൽ 'സെക്രട്ടറി വിവാദം'
സിപിഎം നടത്തിയ ജനജാഗ്രതയാത്രയ്ക്കിടെ സ്വർണ കടത്ത് കേസിലെ പ്രതിയുടെ കാറിൽ കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ചതും വിവാദമായിരുന്നു. ജാഗ്രതകുറവുണ്ടായി എന്ന് ഏറ്റുപറഞ്ഞാണ് പാർട്ടി വിമർശനത്തെ പ്രതിരോധിച്ചത്. കമ്മ്യൂണിസ്റ്റ് ജീവിതരീതിയെക്കുറിച്ച് പാർട്ടി സമ്മേളനങ്ങളിലും പ്രത്യേക പ്ലീനങ്ങളിലും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാറുണ്ട്. ഇതൊക്കെ നിലനിൽക്കെയാണ് പാർട്ടി സെക്രട്ടറിയുടെ മക്കൾക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉയരുന്നത്. ബംഗാളിൽ എസ്എഫ് ഐ നേതാവും എം പിയുമായ ഋതബൃത ബാനർജിയെ സിപിഎം പുറത്താക്കിയത് അദ്ദേഹത്തിന്റെ ജീവിത രീതി പാർട്ടി നയങ്ങൾക്ക് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു.
ചൂതാട്ടം നടത്തിയ ഭാര്യാ സഹോദരി
തലശ്ശേരിയിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യാ സഹോദരി പൊലീസ് പിടിയിലായത് വലിയ ചർച്ചയായിരുന്നു. തലശേരി ധർമ്മടത്തെ വീട്ടിൽ നിന്നാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരിയായ എസ്ആർ.അരുണ(46)യെ ചൂതാട്ടം നടത്തിയെന്നാരോപിച്ച് ധർമ്മടം എസ്‌ഐ.സി.ഷാജുവും സംഘവും കസ്റ്റഡിയിൽ എടുത്തത്. 2,19,800രൂപ ഇവരിൽ നിന്നും പിടിച്ചെടുത്തു. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് അരുണയും സംഘവും വലയിലായത്. എന്നാൽ രാഷ്ട്രീയ സമ്മർദ്ദം കാരണം വൻ സെക്‌സ് റാക്കറ്റിനെ പിടികൂടി അത് ചൂതാട്ടമാക്കി പൊലീസ് മാറ്റുകയായിരുന്നുവെന്ന് കോടിയേരിയുടെ രാഷ്ട്രീയ എതിരാളികൾ പ്രചരിപ്പിച്ചു. . പിടികൂടിയ ഉടൻ ദൃശ്യമാധ്യമങ്ങളിൽ തലശേരിയിൽ പെൺവാണിഭസംഘം വലയിലെന്ന് വാർത്ത വന്നെങ്കിലും പൊടുന്നനെ പിൻവലിക്കുകയായിരുന്നു എന്നാണ് ആരോപണം..
ഇത് നാട്ടുകാരുടെ ആരോപണത്തെ ബലപ്പെടുത്തുന്നു. കോടിയേരിയുടെ അരുമ ശിഷ്യനും ഡിവൈഎഫ്‌ഐ നേതാവുമായ തലശേരിക്കാരൻ നേരിട്ടിടപ്പെട്ടാണ് കേസ് അട്ടിമറിച്ചതെന്ന് ആരോപണമുണ്ട്. ഉന്നത പൊലീസ് ഉദ്യേഗസ്ഥർ അരുണയെ രക്ഷിക്കാൻ ഇടപ്പെട്ടു. സ്വാമിക്കുന്നിലെ ഇവരുടെ വീട്ടിൽ നിരവധി അപരിചിതരായ യുവതികൾ വന്നു പോകാറുണ്ട്. അന്ന് ഇവരെ പിടികൂടുമ്പോൾ വീട്ടിനുള്ളിൽ യുവതികൾ ഉണ്ടായിരുന്നൂവെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഇവരെ പിടികൂടി വാഹനത്തിൽ കയറ്റുമ്പോൾ വീടു പൂട്ടാതെയാണ് പൊലീസ് പോകുന്നതും. വേലക്കാരി വീട്ടിനുള്ളിലുണ്ടെന്ന വിചിത്രമായ മറുപടിയാണ് പൊലീസ് നൽകിയത്.
സ്റ്റേഷനിലെത്തി മണിക്കൂറുകൾക്കുള്ളിൽ അരുണ വീട്ടിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു. ഏറെക്കാലം വിദേശത്തായിരുന്നു ഇവർ നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് വിവാദത്തിൽ പെട്ടത്.
പൂമൂടൽ.. ശത്രു സംഹാരം.. പിന്നെ ഏലസും
സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ ശത്രുസംഹാര പൂജ നടത്തിയെന്നതും ആരോപണമായി. ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. ക്ഷേത്രാരാധനയുടെ മറ്റും നടത്തിയതിന്റെ പേരിൽ പാർട്ടി പ്രാദേശിക ഭാരവാഹികൾക്കും അംഗങ്ങൾക്കും പാർട്ടി അണികൾക്കുമെതിരെ നടപടിയെടുക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽത്തന്നെ എട്ടോളം തന്ത്രി പ്രമുഖരെ പങ്കെടുപ്പിച്ച് പൂജ കഴിച്ചത് പാർട്ടി ഗ്രാമമായ കോടിയേരിയിലും പരിസരത്തും സജീവ ചർച്ചയാവുകയും ചെയ്തു. കൈമുക്ക് ശ്രീധരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ തൃശൂർ കൊടകരയിലെ പ്രമുഖ തന്ത്രികുടുംബത്തിലെ പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകളെന്നും റിപ്പോർട്ട് ചെയ്തു.
സുദർശന ഹോമം, ആവാഹന പൂജകൾ തുടങ്ങിയവയാണ് നടത്തിയത്. എട്ടോളം തന്ത്രിപ്രമുഖർ പൂജകളിൽ പങ്കെടുത്തെന്നാണ് സൂചനയും ചർച്ചയാക്കി. തൊട്ടടുത്ത വീട്ടുകാരെ താൽക്കാലികമായി ഒഴിപ്പിച്ച് വൈദികർക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കുകയായിരുന്നു. പൂജയിൽ പങ്കെടുക്കാൻ കോടിയേരി ബാലകൃഷ്ണൻ വീട്ടിലെത്തിയെന്ന് ആരോപണമെത്തി. മുമ്പും കോടിയേരിയുടെ കുടുംബാഗങ്ങൾ തറവാട്ടിൽ ദോഷ പരിഹാര പൂജകൾ നടത്തിയത് വാർത്തയായിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് കോടിയേരിക്ക് വേണ്ടി കാടാമ്പുഴയിൽ പൂമൂടൽ പൂജ കഴിച്ചിരുന്നു ഇതും വൻ വിവാദമായിരുന്നു.
കോടിയേരി താമസിക്കുന്ന തലശ്ശേരിയിലെ പപ്പന്റപീടികയിലെ മൊട്ടേമ്മൽ വീട്ടിൽ 2017 ഡിസംമ്പർ നാലു മുതൽ എട്ടുവരെയായിരുന്നു ശത്രുദോഷ പരിഹാര പൂജ. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ നിയമം കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട കോടിയേരിയുടെ കൈമുട്ടിന് മുകളിൽ ഏലസ് കെട്ടിയിട്ടുണ്ടെന്ന വാർത്തയും പുറത്തു വന്നിരുന്നു. പാർട്ടി അണികളെ അക്രമിക്കാൻ വരുന്നവരെ തിരിച്ചടിക്കണമെന്ന് ആവേശത്തോടെ പറഞ്ഞ് കൈയുയർത്തിയതാണ് കോടിയേരിക്ക് വിനയായത്. കൈ ഉയർത്തിയപ്പോൾ മുട്ടിന് മുകളിൽ ജപിച്ച് കെട്ടിയ ഏലസ് ക്യാമറകളുടെ കണ്ണിൽ പതിയുകയായിരുന്നു.
എന്നാൽ പിന്നീട് അത് ഏലസല്ലെന്ന വാദവുമായി സിപിഎം രംഗത്തെതുകയും ചെയ്തിരുന്നു. ഇത് പ്രമേഹ രോഗികകൾ ഉപയോഗിക്കുന്ന ഗ്ലൂക്കോസ് മോണിറ്ററിങ് ചിപ്പാണെന്ന് പാർട്ടി വൃത്തങ്ങൾ പിന്നീട് വിശദീകരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ