- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് നായനാരെ ഇന്ന് കോടിയേരിയെ; പിണറായി തോളിലേറ്റിയത് രണ്ട് സഖാക്കളെ; ഇല്ല... കോടിയേരി മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന് ആവേശത്താൽ മുദ്രാവാക്യം വിളിച്ച് അണികൾ; പയ്യാമ്പലത്ത് തന്റെ പ്രിയ സഖാവിനെ തീനാളങ്ങൾ ഏറ്റുവാങ്ങിയ ശേഷവും ഓർമകളുടെ തിരയിളക്കത്തിൽ പിണറായി
കണ്ണൂർ:വർഷങ്ങൾക്കു മുൻപ് ജനകീയ കമ്യൂണിസ്റ്റും മുന്മുഖ്യമന്ത്രിയുമായ ഇ.കെ നായരനാരെ ചുമലിലേറ്റിയ മുഖ്യമന്ത്രി പിണറായി വിജയൻ വർഷങ്ങൾക്കിപ്പുറം പ്രീയസഖാവായ കോടിയേരി ബാലകൃഷ്ണന്റെ നിശ്ചേതനയറ്റ ശരീരവും ചുമലിലേറ്റി. മുഖ്യമന്ത്രിയെന്ന പദവി അൽപനേരം മറന്നുകൊണ്ടു പ്രീയസഖാവായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തോളിലെടുത്ത് മുൻപിൽ നടന്ന പിണറായി വിജയന്റെ ചിത്രം അണികളുടെ മനസിൽ വികാരവിക്ഷോഭങ്ങൾ സൃഷ്ടിച്ചതോടെ ഇല്ലാ കോടിയേരി മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെയെന്ന ആവേശകരമായ മുദ്രാവാക്യങ്ങൾ ദിഗന്തങ്ങൾ മുഴുങ്ങുമാറും ഉയർന്നു.
2004 ൽ ഇ.കെ.നായനാരുടെ മൃതദേഹം തിരുവനന്തപുരം മുതൽ കണ്ണൂർ വരെ വിലാപ യാത്രയായി കൊണ്ടുവരുന്ന വേളയിലും നായനാരുടെ മൃതദേഹം തോളിലെടുക്കാൻ മുന്നിൽ നിന്നത് പിണറായി വിജയനായിരുന്നു. സഹോദരനെ നഷ്ടപ്പെട്ട വേദനയിൽ മൃതദേഹം തോളിലെടുത്ത് മുൻപന്തിയിൽ പിണറായി വിജയൻ നടക്കുമ്പോൾ അത് മറ്റൊരു ചരിത്രം വീണ്ടും ആവർത്തിക്കുകയാണ്. 'സോദരതുല്യം എന്നല്ല, യഥാർത്ഥ സഹോദരർ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങൾ' എന്ന പിണറായിയുടെ അനുസ്മരണം തന്നെ സഹോദരനെ നഷ്ടപ്പെട്ട വേദനയോടെയായിരുന്നു പ്രകടിപ്പിച്ചത്.
മഹാരഥന്മാർ ഉറങ്ങുന്ന പയ്യാമ്പലത്തിന്റെ ചുവന്ന മണ്ണിൽ തീനാളങ്ങൾ പ്രിയ സഖാവിനെ ഏറ്റുവാങ്ങിയതിനു ശേഷവും ഓർമകളുടെ തിരയിളക്കം മുഖ്യമന്ത്രിയിൽ അലയടിച്ചുയർന്നു. പയ്യാമ്പലം പാർക്കിൽ വൈകുന്നേരം നടന്ന സർവകക്ഷി അനുസ്മരണ യോഗത്തിൽ വികാരവിക്ഷുബ്ധനായ പിണറായിക്ക് പത്തു മിനുട്ട് പോലും തികച്ചും പ്രസംഗിക്കാനായില്ല. വാക്കുകൾ ഇടറുകയും തൊണ്ടവറ്റുകയും ചെയ്തതിനാൽ അദ്ദേഹം പാതിവഴിയിൽ പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
കോടിയേരിയെ ഒരു നോക്കുകാണാൻ ഗ്രാമങ്ങളിൽ നിന്നും പതിനായിരക്കണക്കിന് സാധാരണ മനുഷ്യരാണ് ഒഴുകിയെത്തിയത്. ഇന്ന് രാവിലെ പത്തുമണിയോടെ തലശേരി ഈങ്ങയിൽ പീടികയിലെ വീട്ടിൽ നിന്നും കണ്ണൂർ നഗരത്തിലേക്ക് പ്രയാണമാരംഭിച്ച ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര കാണാൻ നായനാരുടെ അന്ത്യയാത്രയെ അനുസ്മരിക്കുന്ന വിധത്തിൽ ആയിരങ്ങൾക്ക റോഡരികിൽ കറുത്ത ബാഡ്ജും പുഷ്പങ്ങളുമായി കാത്തുനിന്നിരുന്നു. സ്ത്രീകളും കുട്ടികളും വയോധികരുമടങ്ങുന്ന എണ്ണമറ്റയാളുകളാണ് പ്രീയ സഖാവിനെ ഒരു നോക്കുകാണാൻ അദ്ദേഹം ദീർഘകാലം പ്രവർത്തിച്ച സി.പി. എം ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലേക്ക് ഒഴുകിയെത്തിയത്. കേരളാ ഗവർണർമുതൽ സാധാരണക്കാർ വരെ കോടിയേരിയെ ഒരുനോക്കുകാണാനായി ക്ഷമയോടെകാത്തു നിന്നു. രാവിലെ പത്തുമണി മുതൽ നീണ്ടക്യൂവാണ് ദൃശ്യമായത്. എൽ. ഐ.സി ഓഫീസും കടന്നു രണ്ടുവരിയും മൂന്നുവരിയുമായി ക്യൂ മാറി. ജനതിരിക്ക് ഒഴിവാക്കാൻ വിലാപയാത്ര വരുന്ന വഴി വിവിധസ്ഥലങ്ങളിൽ പൊതുദർശനത്തിന് വെച്ചിരുന്നുവെങ്കിലും ജനസാഗരം കണ്ണൂരിലേക്ക് ഒഴുകിയെത്തുകയായിരുന്നു. തിരക്കൊഴിവാക്കാൻ പൊലിസിനും ചുവപ്പുവളൻഡിയർമാർക്കും ഏറെ പാടുപെടേണ്ടി വന്നു.
കോടിയേരിക്ക് ഏറെ വൈകാരിക ബന്ധമുള്ള അഴീക്കോടൻ മന്ദരത്തിന്റെ അങ്കണത്തിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ചപ്പോൾ മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾ മണിക്കൂറുകളോളം സാക്ഷികളായി നിശബ്ദമിരുന്നു. സി.പി. എം അഖിലേന്ത്യാസെക്രട്ടറി സീതാറാം യെച്യൂരി, പ്രകാശ്കാരാട്ട്, പി.ബി അംഗങ്ങളായ എം. എ ബേബി, എ.വിജയരാഘവൻ, ജി.രാമകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എം.,വി ഗോവിന്ദൻ, നേതാക്കളായ ഇ.പി ജയരാജൻ, പി.കെ ശ്രീമതി, ടി.പി രാമകൃഷ്ണൻ,എ.കെ ബാലൻ,വിജുകൃഷ്ണൻ മന്ത്രിമാരായ വി.ശിവൻകുട്ടി, കെ. എൻ ബാലഗോപാൽ, വി. എൻ വാസവൻ, റോഷി അഗസ്റ്റിൻ, ആന്റണിരാജു, മുഹമ്മദ് റിയാസ്, കെ. രാധാകൃഷ്ണൻ, എം.ബി രാജേഷ്, എംപിമാരായ എം. കെ രാഘവൻ, ബിനോയ് വിശ്വം, ജോൺ ബ്രിട്ടാസ്, വി.ശിവദാസൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പി. ശ്രീരാമകൃഷ്ണൻ, എംപിമാരായ എം. എ ആരിഫ്, വി.ശിവദാസൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, കഥാകൃത്ത് ടി.പത്മനാഭൻ, സംവിധായകൻ ഷാജി എൻ.കരുൺ, ഇ.ടി മുഹമ്മദ് ബീഷർ, തോമസ് ചാഴിക്കാടൻ, ഫുട്ബോൾതാരം സി.കെ വിനീത് എംഎൽഎമാരായ കെ.കെ ശൈലജ, അഡ്വ. സണ്ണിജോസഫ്, കെ.വിസുമേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി, എം.വിജിൻ, ടി. ഐമധുസൂദനൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
മുഖ്യമന്ത്രി പിണറായിവിജയൻ, സീതാറാംയെച്ചുരിത തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഉച്ചയ്ക്ക് രണ്ടു മണിയോടെ അഴീക്കോടൻ മന്ദിരത്തിൽ നിന്നും വിലാപയാത്ര തുടങ്ങിയത്. ധീരസഖാവെ കോടിയേരി ഇല്ല നിങ്ങൾ മരിക്കുന്നില്ലെന്ന തൊണ്ടപൊട്ടുമാറ് മുദ്രാവാക്യവുമായി നേതാക്കൾക്ക് പിന്നിൽജനസമുദ്രമാണ് അണിനിരന്നത്. കണ്ണൂർ നഗരത്തിന്റെ റോഡരികുകളിൽ പ്രീയസഖാവിന്റെ അന്ത്യയാത്രകാണാൻ വൻജനാവലി തന്നെ കാത്തുനിന്നു. കടന്നുപോകുന്ന പാതയിൽ പുഷ്പവൃഷ്ടി നടത്തിയാണ് വിലാപയാത്ര കടന്നു പോയത്. പൊലിസും റെഡ് വളൻഡിയർമാരും നിരവധി വാഹനങ്ങളും വിലാപയാത്രയിൽ അണിനിരന്നു. റോഡ് തിങ്ങിനിറഞ്ഞാണ് വിലാപയാത്ര കടന്നു പോയത്.
പയ്യാമ്പലത്ത് വിലാപയാത്രത്തെുമ്പോൾ മണൽതരിപോലും താഴെയിട്ടാൽ വീഴാത്തത്ര ജനസാഗരമായി കഴിഞ്ഞിരുന്നു. നേരത്തെ സജ്ജമാക്കിയ പന്തലിനകത്തായിരുന്നു ചിതയൊരുക്കിയത് പയ്യാമ്പലം പാലത്തിന്സമീപം നിർത്തിയ ആംബുലൻസിൽ നിന്നും കോടിയേരിയുടെ ശവമഞ്ചം മുഖ്യമന്ത്രിയും സീതാറാം യെച്ചൂരി, മന്ത്രി കെ. എൻ ബാലഗോപാൽ, എന്നിവരുടെ നേതൃത്വത്തിലെടുത്ത് ചിതയിലെത്തിച്ചത് അണികളിൽആവേശകരമായ കാഴ്ചയായി മാറി. മൃതദേഹം ചിതയിലേക്ക് വെച്ചപ്പോൾ മുൻ ആഭ്യന്തരമന്ത്രിയായ കോടിയേരിക്ക് ആകാശത്തേക്ക് നിറയൊഴിച്ചും ബ്യൂഗിൾ മുഴക്കിയും കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോയുടെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ ഓണർ നൽകി. പ്രീയസഖാവെ കോടിയേരി ഇല്ല നിങ്ങൾ മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ നിങ്ങളുയർത്തിയ ചോരചെങ്കൊടി, ഞങ്ങളീവാനിൽ ഉയർത്തിക്കെട്ടുമെന്നും തൊണ്ടപൊട്ടുമാറുച്ചത്തിൽ ആയിരങ്ങളുടെ മുദ്രാവാക്യങ്ങൾക്കിടെ കോടിയേരിയുടെ മക്കളായ ബിനോയിയും ബിനീഷും ചിതയ്ക്കു തീകൊളുത്തിയപ്പോൾ അഗ്നിജ്വാലയായി കോടിയേരി മാറി. പയ്യാമ്പലത്ത് ചടയനും നായനാർക്കും മധ്യേയാണ് കോടിയേരിക്ക് ചിതയൊരുക്കിയത്.
പയ്യാമ്പലം പാർക്കിൽ സംസ്‌കാര ചടങ്ങുകൾക്കു ശേഷം നടന്ന സർവകക്ഷിയോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രിയടക്കമുള്ളവർ കോടിയേരിയെന്ന വികാരമാണ് പങ്കുവെച്ചത്. വികാരവിക്ഷുബ്ധനായി വാക്കുകൾകിട്ടാതെ മുഖ്യമന്ത്രി പ്രസംഗം പാതിവഴിയിൽ നിർത്തിയത് തിരയടങ്ങിയ കടലിനെപ്പോലെ യോഗത്തെ നിശബ്ദമാക്കി.
പാർട്ടി പൊളിറ്റ്ബ്യൂറോയിലെ ചിരിക്കുന്ന നേതാവിനെയാണ് കോടിയേരിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് അഖിലേന്ത്യാസെക്രട്ടറി സീതാറാംയെച്ചൂരിപറഞ്ഞു. പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം. എ ബേബി, എ.വിജയരാഘവൻ, ജി.രാമകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, വിവിധകക്ഷി നേതാക്കളായ സി.കെ പത്മനാഭൻ, ബിനോയ് വിശ്വം, അബ്ദുറഹിമാൻ കല്ലായി, സണ്ണിജോസഫ്, സ്പീക്കർ എ. എൻ ഷംസീർ, മന്ത്രിമാരായകെ. എൻ ബാലഗോപാൽ, .ടി. എ തോമസ് ഐസക്ക്ആർ.ബിന്ദു, വി. എൻ വാസവൻ, അഹ്മദ് ദേവർകോവിൽ, മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രൻ, മുന്മന്ത്രി സജിചെറിയാൻ, ഗോകുലം ഗോപാലൻ, എം. എം മണി, സ്വാമി സന്ദീപാനന്ദഗിരി, കെ.കെ ശൈലജ എംഎൽഎ, എം. എ റഹീം, എം.സ്വരാജ് തുടങ്ങിയവർ പങ്കെടുത്തു.
പാർട്ടി പൊളിറ്റ്ബ്യൂറോയിലെ എന്നും ചിരിക്കുന്ന നേതാവിനെയാണ് കോടിയേരിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്ന് സി.പി. എം അഖിലേന്ത്യാസെക്രട്ടറി സീതാറാംയെച്ചൂരി പറഞ്ഞു. കണ്ണൂർ പയ്യാമ്പലം പാർക്കിൽ കോടിയേരിയുടെ സംസ്‌കാര ചടങ്ങുകൾക്കു ശേഷം നടത്തിയ സർവകക്ഷി അനുശോചനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കടുത്ത രോഗാവസ്ഥയിലും അദ്ദേഹം പാർട്ടിയെ കുറിച്ചു ചിന്തിക്കുകയും പ്രവർത്തനത്തിൽ മുഴുകകയുമായിരുന്നു. ഗുരുതരമായ കാൻസർ രോഗം ശരീരത്തിൽ നിന്നും ബാധിച്ചിട്ടും അദ്ദേഹം അതു പാർട്ടി പ്രവർത്തനത്തിൽ കാണിച്ചില്ല. ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ചു ആഴമേറി ചിന്തിച്ച നേതാവായിരുന്നു കോടിയേരിയെന്നും പാർട്ടി നേരിടുന്ന വെല്ലുവിളികളെ കുറിച്ചു അദ്ദേഹം ബോധവാനായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പ്രത്യേകിച്ച് സി.പി. എമ്മിന് കോടിയേരിയുടെ വിയോഗം കനത്ത നഷ്ടമാണുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്