- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലു മണിയോടെ സഖാവിന്റെ ആരോഗ്യം വഷളായി എന്ന് സന്ദേശമെത്തി; തൊട്ടു പിന്നാലെ വിദേശ യാത്ര റദ്ദാക്കി മുഖ്യമന്ത്രി; പാർട്ടി സെക്രട്ടറി അതിവേഗം ചെന്നൈയിലേക്ക് പോയതോടെ ഗൗരവം വ്യക്തമായി; സ്പീക്കർ ഷംസീറും തിരിച്ചത് എല്ലാം ഉറപ്പിച്ചു; എട്ടരയോടെ സ്ഥിരീകരണമെത്തി; തിങ്കളാഴ്ച മൂന്നിന് പയ്യാമ്പലത്ത് അന്ത്യവിശ്രമം; കോടിയേരിക്ക് യാത്രാ മൊഴിയുമായി കേരളം കണ്ണൂരിലേക്ക്
തിരുവനന്തപുരം: സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ (69) അന്തരിച്ചു. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ രാത്രി 8:30 ഓടെയായിരുന്നു അന്ത്യം. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. മൃതദേഹം ചെന്നൈയിൽ നിന്ന് ഞായറാഴ്ച നാട്ടിലെത്തിക്കും. പകൽ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം. തുടർന്ന് കോടിയേരി മാടപ്പീടികയിലെ വസതിയിൽ പൊതുദർശനം. തിങ്കൾ രാവിലെ 11 മുതൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ. വൈകീട്ട് 3 മണിക്ക് പയ്യാമ്പലത്ത് സംസ്‌കാരം. ഇതാണ് സിപിഎം തീരുമാനിച്ചിരിക്കുന്ന സമയക്രമം.
കോടിയേരിയുടെ മരണ വാർത്ത അറിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അപ്പോളോ ആശുപത്രിയിൽ എത്തി. തമിഴ്‌നാട് ഗവർണ്ണറും സന്ദർശിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തിലാണ് ചെന്നൈയിൽ നടപടികൾ പുരോഗമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ കണ്ണൂരിലെത്തും. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് കോടിയേരിയുടെ നില അതീവ ഗുരുതരമായത്. അപ്പോൾ തന്നെ മുഖ്യമന്ത്രി പിണറായിക്ക് സന്ദേശമെത്തി. അതോടെ എകെജി സെന്റർ മൂകമായി. മുഖ്യമന്ത്രി യൂറോപ്പ് പര്യടനം റദ്ദാക്കി. അതിവേഗം എംവി ഗോവിന്ദൻ ചെന്നൈയിലേക്ക് പോയി. ഇതോടെ തന്നെ കോടിയേരിയുടെ ആരോഗ്യനിലയിൽ വ്യക്തമായ സന്ദേശം കേരളത്തിന് കിട്ടി. പിന്നാലെ മരണവും സ്ഥിരീകരിച്ചു. സ്പീക്കർ ഷംസീർ ചെന്നൈയിലേക്ക് പോകുന്നുവെന്ന വാർത്തയും ഇതിനിടെ എത്തിയിരുന്നു.
കോടിയേരിക്ക് അന്ത്യാജ്ഞലി അർപ്പിക്കാനായി കേരളം കണ്ണൂരിലേക്ക് ഒഴുകും. പയ്യാമ്പലത്ത മണ്ണിൽ ഇല്ലാ.. ഇല്ല.. മരിക്കില്ല... ജീവിക്കും ഞങ്ങളിലൂടെ എന്ന വേദന കലർന്ന മുദ്രാവാക്യം മുഷ്ടി ഉയർത്തി സഖാക്കൾ വിളിക്കും. നയതന്ത്രവും കാർക്കശ്യവും ഒരു പോലെ വഴങ്ങിയ സഖാവിന് അനുയോജ്യമായ അന്ത്യയാത്ര ഒരുക്കാനാണ് സിപിഎം തീരുമാനം. ഇതിനുള്ള ഒരുക്കമെല്ലാം കണ്ണൂരിലെ പാർട്ടി നേതൃത്വം തുടങ്ങി കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാകും എല്ലാം ഇനി നടക്കുക.
രോഗബാധയെ തുടർന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഓഗസ്റ്റ് 28ന് കോടിയേരി ചുമതല ഒഴിയുകയായിരുന്നു. 2022 മാർച്ച് നാലിനാണ് സംസ്ഥാന സെക്രട്ടറിയായി കോടിയേരിയെ മൂന്നാമതും തെരഞ്ഞെടുക്കുന്നത്. കാൻസർ ബാധിതനായാണ് സിപിഎമ്മിന്റെ സമുന്നതനായ നേതാവ് കോടിയേരി ബാലകൃഷ്ണൻ വിടവാങ്ങിയത്. രോഗത്തിന്റെ അവശതകൾക്കിടയിലും അദ്ദേഹം കരുത്തോടെ പാർട്ടിയെ നയിച്ചു. രാഷ്ട്രീയ ശത്രുക്കളോട് പോലും സൗമ്യമായി ഇടപെടുന്ന കോടിയേരിയുടെ ശൈലി ഏവരിലും ആദരവ് സൃഷ്ടിക്കുന്നതായിരുന്നു. കാൻസർ ബാധിതനാണെന്ന കാര്യം അദ്ദേഹം മറച്ചുവെച്ചില്ല.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ കോടിയേരിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു, കാൻസറാണ്, കരഞ്ഞിട്ടെന്ത് കാര്യം, നേരിടുക തന്നെ. കേരളത്തിൽ നടക്കുന്ന സംഭവങ്ങൾ രോഗത്തിനിടയിലും ശ്രദ്ധിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി പൂർണമായും ചികിത്സക്ക് കൂടെനിന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. രോഗ ലക്ഷണം കണ്ടെത്തിയത് അവിചാരിതമായിരുന്നു. വിദഗ്ധ ചികിത്സ വേണമെന്ന് പാർട്ടി തീരുമാനിച്ചു. രോഗം വന്നപ്പോൾ ഉലഞ്ഞില്ല. സ്വാഭാവികമായും രോഗത്തെ നേരിടുക എന്നതായിരുന്നു ലക്ഷ്യം. ഇന്നസെന്റും ഭാര്യയും കാണാൻ വന്നു. നേരിടാം എന്നുള്ള ആത്മവിശ്വാസം വന്നു. ചികിത്സക്കിടെ ചില വിഷമങ്ങൾ ഉണ്ടായി. എന്നാലും നേരിട്ടു. അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിരുന്നു.
സിപിഎം സംസ്ഥാന ഘടകത്തിന്റെ അമരത്തേക്കു മൂന്നാം തവണയും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തോറ്റതു രോഗവും വിവാദങ്ങളുമാണ്. ഉദ്ദേശിച്ച രീതിയിൽ ഭരണം മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ തന്റെ മനസ്സറിയുന്നറിയുന്നവർ പാർട്ടി തലപ്പത്ത് വേണം എന്ന ആഗ്രഹം കൊണ്ടായിരിക്കണം, സെക്രട്ടറി സ്ഥാനത്തേക്കു കോടിയേരിയുടെ മൂന്നാംവരവു നിർദ്ദേശിച്ചതു മുഖ്യമന്ത്രി പിണറായി വിജയനാണ്. അതിനെ പിന്താങ്ങുന്ന കാര്യത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സമിതിക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. രോഗവും മകന്റെ അറസ്റ്റും അലട്ടിയ പശ്ചാത്തലത്തിൽ കോടിയേരി മാറി എ.വിജയരാഘവൻ സെക്രട്ടറിയായപ്പോഴും കോടിയേരിയായിരുന്നു പ്രശ്‌നങ്ങളിൽ സിപിഎമ്മിന് കരുത്തായത്.
അപ്പോഴും കോടിയേരിയുടെ അനുഭവസമ്പത്തും കഴിവും പാർട്ടി പ്രയോജനപ്പെടുത്തി. എൽഡിഎഫ് ഘടകകക്ഷികളെ തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒന്നിച്ചു നിർത്താൻ കഴിഞ്ഞതു പിന്നണിയിൽനിന്നുള്ള കോടിയേരിയുടെ ഇടപെടൽ കൊണ്ടാണ്. ശബരിമല യുവതി പ്രവേശനത്തിൽ ലോക്‌സഭയിൽ കിട്ടിയ തിരിച്ചടികളെ സിപിഎം മറികടന്നതും കോടിയേരിയുടെ നേതൃവൈഭവത്തിന് തെളിവാണ്.
മറുനാടന് മലയാളി ബ്യൂറോ