തിരുവനന്തപുരം: പൊലീസിനെ ഭരിച്ച ആഭ്യന്തര മന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. എല്ലാ വിഷയത്തിലും ചെയ്യേണ്ടത് ചെയ്ത മന്ത്രി. പൊലീസ് മേധാവിക്ക് പോലും സ്വാധീനിക്കാൻ കഴിയാത്ത മന്ത്രി. തീരുമാനം എന്നും എടുത്തത് ആഭ്യന്തരമന്ത്രിയായിരുന്നു. ശബരിമലയിൽ അടക്കം ഈ കരുതൽ ആഭ്യന്തര മന്ത്രി കാട്ടി. പൊലീസിന്റെ കടംപിടിത്തങ്ങൾക്കൊന്നും കൂട്ടു നിൽക്കാതെ ശരിയെന്ന് തോന്നിയത് ചെയ്ത മന്ത്രി. ശബരിമലയിൽ പൊലീസ് കൂടുതൽ ഇടപെടൽ തുടങ്ങിയ ജേക്കബ് പുന്നൂസ് പൊലീസ് മേധാവിയയപ്പോഴാണ്. അന്ന് ശബരിമലയെ തൽസമയം ഇന്റർനെറ്റിലെത്തിക്കാനായിരുന്നു പൊലീസ് പദ്ധതി. എന്നാൽ വേണ്ടെന്ന് പറയാതെ ആ പദ്ധതിയെ നുള്ളിയെറിഞ്ഞ ആഭ്യന്തര മന്ത്രിയായിരുന്നു കോടിയേരി.

ശബരിമലയിലെ തിരക്ക് ജനങ്ങൾക്ക് സ്വയം ബോധ്യപ്പെടുക. അതനുസരിച്ച് ശബരിമല യാത്ര തീരുമാനിക്കു. ഇതായിരുന്നു അന്ന് പൊലീസിന്റെ ലൈവ് വെബ് കാസ്റ്റിംഗിന് പിന്നിലെ മണ്ടൻ ബുദ്ധി. ശബരിമലയിലെ തന്ത്രപ്രധാനമായ 12 സ്ഥലങ്ങൾ തൽസയം പൊലീസ് വെബ് സൈറ്റിൽ കാണിക്കാനായിരുന്നു ആലോചന. എന്നാൽ ഇതിന് വലിയ സുരക്ഷാ പ്രശ്‌നങ്ങളുണ്ടായിരുന്നു. പൊലീസിന്റെ നീക്കങ്ങൾ പോലും ശബരിമലയെ ലക്ഷ്യമിടുന്ന തീവ്രവാദികൾക്ക് തൽസമയം മനസ്സിലാക്കാനുള്ള അവസരം. അതിലെ സുരക്ഷാ പ്രശ്‌നങ്ങൾ ചില മാധ്യമങ്ങൾ ചർച്ചയാക്കി. എന്നാൽ വമ്പന്മാർ കണ്ടില്ലെന്ന് നടിച്ചു. ആരെതിർത്താലും പദ്ധതി നടപ്പാക്കുമെന്ന് പൊലീസ് മേധാവിയായിരുന്ന ജേക്കബ് തോമസ് പ്രഖ്യാപിക്കുകയും ചെയ്തു.

അന്ന് ദേവസ്വം മന്ത്രിയായിരുന്നത് കടന്നപ്പള്ളി രാമചന്ദ്രനായിരുന്നു. ശബരിമലെ തൽസമയം കാണിക്കുന്നതിലെ പ്രശ്‌നങ്ങൾ കടന്നപ്പള്ളിയും തിരിച്ചറിഞ്ഞു. എന്നാൽ സിപിഎമ്മിലെ പ്രധാനിയായ കോടിയേരിയുടെ ആഭ്യന്തരം എടുത്ത തീരുമാനത്തെ എതിർക്കാനോ ചോദ്യം ചെയ്യാനോ കടന്നപ്പള്ളി തയ്യാറായിരുന്നില്ല. ഇതിനിടെ വാർത്ത നൽകിയവർക്കെതിരെ ഇന്റലിജൻസ് അന്വേഷണവും പൊലീസ് നടത്തി. തൽസമയ ദൃശ്യങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തേക്ക് പോകുന്നത് ചർച്ചയാക്കുകയും അതിന് പിന്നിലെ സുരക്ഷാ പ്രശ്‌നങ്ങളിൽ ചോദ്യം ഉയർത്തിയവരേയും ശബരിമലയെ നശിപ്പിക്കാൻ ശ്രമിക്കുന്ന വിഘടനവാദികളായി പോലും ചിത്രീകരിക്കാൻ പൊലീസ് ശ്രമിച്ചു.

ശബരിമലയിൽ സുരക്ഷാ ക്രമീകരണം വിലയിരുത്താൻ എത്തുന്ന ആഭ്യന്തരമന്ത്രി അത് ഉദ്ഘാടനം ചെയ്യുമെന്നും പൊലീസ് പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം കോടിയേരി പമ്പയിൽ നിന്ന് നടന്ന സന്നിധാനത്ത് എത്തി. പൊലീസിന്റെ ഉന്നത തല യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. ശബരിമയിൽ തൽസമയ സിസിടിവി ഉദ്ഘാടനം ചെയ്യണമെന്ന നിർദ്ദേശം അന്നത്തെ പൊലീസ് മേധാവി തന്നെ കോടിയേരിയുടെ മുമ്പിൽ നിർദ്ദേശമായി വച്ചു. എന്നാൽ ആ പദ്ധതി താങ്കൾ ഉദ്ഘാടനം ചെയ്താൽ മതിയെന്നും ഞാൻ അങ്ങോട്ടില്ലെന്നും ചിരിച്ചു കൊണ്ട് ആഭ്യന്തരമന്ത്രി മറുപടി നൽകി. ആരോടും ചൂടായില്ല. പദ്ധതി വേണ്ടെന്നും പറഞ്ഞില്ല.

എന്നാൽ ശബരിമലയിലെ സുരക്ഷയ്ക്ക് സിസിടിവിയിൽ 12 സ്ഥലങ്ങൾ വെബ് സൈറ്റിലെത്തുന്നതിന്റെ സുരക്ഷാ പ്രശ്‌നം കോടിയേരിയെന്ന അവിശ്വാസിയെന്ന് ഏവരും വിശേഷിപ്പിക്കുന്ന കോടിയേരിക്ക് മനസ്സിലായിരുന്നു. അതുകൊണ്ടായിരുന്നു ആ പിന്മാറ്റം. കോടിയേരിയുടെ മനസ്സ് മനസ്സിലാക്കി പ്രവർത്തിച്ചില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് പൊലീസിനും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ആ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വെബ് സൈറ്റിലെത്തിയില്ല.

പൊലീസിന്റെ പെരുമാറ്റവും സേവനനിലവാരവും ആത്മാഭിമാനവും അച്ചടക്കവും ഉയർത്തുന്നതിൽ അതുല്യമായ സംഭാവന നൽകിയ വ്യക്തിയാണ് കോടിയേരി ബാലകൃഷ്ണനെന്ന് മുൻ ഡിജിപി ജേക്കബ് പുന്നൂസ് സ്മരിക്കുന്നുണ്ട് കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് പൊലീസ് സേനക്കുണ്ടായ നേട്ടങ്ങളെ കുറിച്ച് തന്റെ ഫേസ്‌ബുക്ക് പേജിലാണ് ജേക്കബ് പുന്നൂസ് പങ്കുവെച്ചത്. അദ്ദേഹം നടപ്പാക്കിയ ജനമൈത്രി പൊലീസുവഴി പൊലീസുകാർ കുടുംബമിത്രങ്ങളായും സ്റ്റുഡന്റ്പൊലീസ് കേഡറ്റ് പദ്ധതി വഴി പൊലീസുകാർ കുട്ടികൾക്ക്അദ്ധ്യാപകരായും അദ്ധ്യാപകർ സ്‌കൂളിലെ പൊലീസ്ഉദ്യോഗസ്ഥരും ആയും മാറി. പൊലീസിന്റെ പെരുമാറ്റവും സേവന നിലവാരവും ആത്മാഭിമാനവും അച്ചടക്കവും ഉയർത്തുന്നതിൽ അതുല്യമായ സംഭാവന നൽകിയ വ്യക്തിയാണ് നമ്മെവിട്ടുപോയത്‌ജേക്കബ് പുന്നൂസ് പറയുന്നത് ഇങ്ങനെയാണ്.

ശബരിമലയിലെ സ്ത്രീ പ്രവേശനവും നവോത്ഥാനവും ചർച്ചയാകുമ്പോൾ സിപിഎം സെക്രട്ടറിയായിരുന്നു കോടിയേരി. ഉറച്ച നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയൻ പോകുമ്പോൾ തിരുത്താൻ കോടിയേരിക്ക് കഴിഞ്ഞില്ല. എന്നാൽ ലോക്‌സഭയിലെ തിരിച്ചടി തിരുത്തലിനുള്ള അവസരമാക്കി കോടിയേരി മാറ്റി. വിശ്വാസികളെ പാർട്ടിക്ക് ഒപ്പം നിർത്താനുള്ള ദൗത്യം കോടിയേരി ഏറ്റെടുത്തു. വീടുകളിൽ നേരിട്ടെത്തി വിശദീകരിച്ചു. ആ തെറ്റും സിപിഎം തിരുത്തി. അതിന്റെ പ്രതിഫലനമായിരുന്നു ഇടതു സർക്കാരിന്റെ തുടർഭരണം.

കോടിയേരി വിശ്വാസിയായിരുന്നില്ല. പക്ഷേ കുടുംബത്തിന്റെ ഇഷ്ടങ്ങളെ എതിർത്തതുമില്ല. അതുകൊണ്ട് തന്നെ പൂമൂടൽ അടക്കമുള്ള വിശ്വാസ വിവാദങ്ങൾ കോടിയേരിയ്‌ക്കെതിരെ ഉണ്ടായി. ശബരിമലയിൽ രണ്ട് മക്കളും നിത്യ സന്ദർശകരുമായി. അങ്ങനെ മറ്റുള്ളവരുടെ വിശ്വാസത്തെ അംഗീകരിച്ച കമ്യൂണിസ്റ്റായി കോടിയേരി മാറി.