- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഎച്ചിന്റെ വേർപാടിന്റെ അമ്പതാംവർഷം തലശ്ശേരിക്ക് വേദനയായി മറ്റൊരു ഒക്ടോബർ; നാട്ടിടവഴികളിലൂടെ പരിചയക്കാരോട് കുശലം പറഞ്ഞു നടക്കാൻ ഇനി കോടിയേരിക്കാരൻ ഇല്ല; വിപ്ലവമാസത്തിൽ മൊട്ടമ്മലിലെ സഖാവിന്റെ മടക്കം; തലശേരി പറയുന്നത് കോടിയേരിയുടെ കൂടി ചരിത്രം: കടുംചുവപ്പാക്കി നാടിനെ മാറ്റിയ സഖാവ് വിട വാങ്ങുമ്പോൾ
കണ്ണൂർ: ഒക്ടോബർ മാസം കമ്യൂണിസ്റ്റ് പാർട്ടികൾക്ക് വിപ്ലവങ്ങളുടെ മാസംകൂടിയാണ്. എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാർട്ടിയായ സി.പി. എമ്മിനെ സംബന്ധിച്ചിടുത്തോളം ഒക്ടോബർ രണ്ടു പ്രമുഖ നേതാക്കളെ നഷ്ടപ്പെട്ട മാസംകൂടിയാണ് ഒക്ടോബർ. ഇതുപോലൊരു ഒക്ടോബറിലാണ് തലശേരിക്ക് പ്രഥമസംസ്ഥാന സെക്രട്ടറി സി. എച്ച് കണാരനെ നഷ്ടപ്പെടുന്നത്. സി എച്ചിന്റെ വേർപാടിന്റെ അൻപതാം വർഷത്തിൽ കോടിയേരി ഗ്രാമം രാജ്യത്തിന് സംഭാവന നൽകിയ മറ്റൊരു നേതാവുകൂടിയാണ് വിടപറയുന്നത്.
സി എച്ചിനുശേഷം കോടിയേരിയിൽനിന്ന് സിപി എമ്മിന്റെ അമരത്തെത്തിയ കമ്യുണിസ്റ്റ് വിപ്ലവകാരി കോടിയേരിയുടെ വിയോഗത്തിന്റെ തീരാവേദനയിലാണിപ്പോൾ ജന്മനാടായ കോടിയേരി ഉൾപ്പെടുന്ന തലശേരി. മുഖ്യമന്ത്രി പിണറായി വിജയനെപ്പോലെ സ്ഥലനാമത്തിൽ അറിയപ്പെ!ുന്ന നേതാവ് കൂടിയായിരുന്നു കോടിയേരി എന്ന മൊട്ടമ്മൽ ബാലകൃഷ്ണൻ. മൊട്ടമ്മൽ ബാലകൃഷ്ണൻ കോടിയേരി ബാലകൃഷ്ണനായിനു പിന്നിൽ ഒരു കഥയുണ്ട്. ഓണിയൻ ഹൈസ്്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ആ വർഷം കാഞ്ഞങ്ങാട് നടന്ന കെ. എസ്. വൈ. എഫ് . ജില്ലാസമ്മേളനത്തിൽ പ്രതിനിധിയായി കോടിയേരി തെരഞ്ഞെടുക്കപ്പട്ടിരുന്നു. മൊട്ടമ്മൽ ബാലകൃഷ്ണനെന്നായിരുന്നു അന്ന് അറിയപ്പെട്ടിരുന്നത്.
ബാലകൃഷ്ണനൊപ്പം മൂഴിക്കരയിൽ നിന്നുള്ള ബാലനും സമ്മേളന പ്രതിനിധിയായിരുന്നു. സമ്മേളന നഗരിയിൽ പേര് രജിസ്റ്റർ ചെയ്തപ്പോൾ ഇരുവരെയും തിരിച്ചറിയാനായി മൊട്ടമ്മൽ ബാലകൃഷ്ണൻ എന്ന പേര് സംഘാടകർ കോടിയേരി ബാലകൃഷ്ണനെന്നാക്കി. മൂഴിക്കരയിൽ നിന്നുള്ള ബാലൻ മൂഴിക്കര ബാലനുമായി മാറി. പിന്നീട് വെറും കോടിയേരിയെന്നു പറഞ്ഞാൽപ്പോലും അതു കോടിയേരിയായി മാറിയെന്നത് പിൽക്കാലത്തെ രാഷ്ട്രീയ കേരളത്തിന്റെ ചരിത്രമായി മാറി. തലശേരിയായിരുന്നു കോടിയേരിയുടെ രാഷ്ട്രീയ തട്ടകം. ഏത് മുക്കും മൂലയിലൂടെയും വഴിതെറ്റാതെ കോടിയേരിക്കു നടന്നുപോവാനറിയാമായിരുന്നു.
നാട്ടിടവഴികളിലൂടെ പരിചയക്കാരോട് കുശലം പറഞ്ഞ് നടന്നുപോകുന്ന കോടിയേരിയെ നാട് മനസ്സിൽ സൂക്ഷിച്ചു. ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർധിച്ചുവരികയായിരുന്നു. ഇന്നു കാണുന്ന കടുംചുവപ്പിലേക്ക് തലശേരിയെ വളർത്തിയവരിൽ മുൻനിരക്കാരാണ്് കോടിയേരി. എല്ലാവരോടും സുഖവിവരം തിരക്കിയും ചിരിച്ച് കുശലം പറഞ്ഞും നടന്നുപോകുന്ന കോടിയേരി. പരിചയപ്പെടുന്നവരെല്ലാം സ്വന്തം കുടുംബാംഗത്തെ പൊലെ അദ്ദേഹത്തെ ഇടനെഞ്ചോട് ചേർത്തുനിർത്തി. ജനങ്ങൾക്കിടയിൽ ജീവിച്ച്, അവരിൽനിന്ന് ഊർജം ഉൾക്കൊണ്ട നേതാവായിരുന്നു അദ്ദേഹം.
സംസ്ഥാനരാഷ്ട്രീയത്തിലെതിരക്കുകളിൽ നിന്നും അൽപം ആശ്വാസത്തിനായി കോടിയേരി ഓടിയെത്തിയിരുന്നത് സ്വന്തം ജന്മനാട്ടിലേക്ക് തന്നെയായിരുന്നു. തിരുവനന്തപുരത്തു താമസം മാറ്റിയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വോട്ട് തലശേരി ഓണിയൻ സ്‌കൂളിൽ തന്നെയായിരുന്നു. വോട്ടെടുപ്പ് ദിവസം ക്യൂവിൽ നിൽക്കുന്ന കോടിയേരിയുടെയും കുടുംബത്തിന്റെ കാഴ്‌ച്ച തെരഞ്ഞെടുപ്പിലെ പതിവുള്ളതൊന്നാണ്. എല്ലാതെരഞ്ഞെടുപ്പു ദിവസങ്ങളിലും നാട്ടിലെ പാർട്ടിക്കാർക്ക് ഒപ്പമായിരുന്നു കോടിയേരി.പലരെയും പേരെടുത്തു വിളിക്കാവുന്ന അടുപ്പം അദ്ദേഹം കാണിച്ചു. ഇതു പോലെ തന്നെ തലശേരി എന്നും ഈ ജനകീയ നേതാവിനെ ഹൃദയത്തോട് ചേർത്തു നിർത്തിയിട്ടേയുള്ളൂ. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തലശേരിയെന്നും കോടിയേരിയെ വിജയതിലകമണിയിച്ചു.
1982, 1987, 2001, 2006, 2011 തെരഞ്ഞെടുപ്പുകളിൽ തലശേരിയെ നിയമസഭയിൽ പ്രതിനീധീകരിച്ചത് കോടിയേരിയാണ്. കെ സുധാകരനും രാജ്‌മോഹൻ ഉണ്ണിത്താനുമടക്കമുള്ള കോൺഗ്രസിലെ പ്രമുഖരെല്ലാം തലശേരിയിൽ കോടിയേരിയുടെ മുന്നിൽ മുട്ടുകുത്തിവീണു. നിയമസഭയിലും അദ്ദേഹം എന്നും തിളങ്ങി. കുറിക്കുകൊള്ളുന്ന വാദമുഖങ്ങളുന്നയിച്ച് രാഷ്ട്രീയ എതിരാളികളെ അദ്ദേഹം വെട്ടിലാക്കി. നിയമസഭയിൽ കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്നതായിരുന്നു ശൈലി. 2001ൽ പ്രതിപക്ഷ ഉപനേതാവായി. 2006ൽ ആഭ്യന്തര ടൂറിസം മന്ത്രി. ഏത് പ്രതിസന്ധിയെയും നിറഞ്ഞചിരിയോടെ നേരിടുന്ന ശൈലി. അതാണ് കോടിയേരി ബാലകൃഷ്ണന്റെ സവിശേഷത.
പലവിധ കടന്നാക്രമണങ്ങളെ നേരിട്ടപ്പോഴും പതറാതെ, ഉറച്ച രാഷ്ട്രീയ നിലപാടുമായിനിന്ന നേതൃശേഷി കേരളം പലവട്ടം കണ്ടതാണ്. നർമം കലർത്തിയുള്ള പ്രസംഗത്തിൽ, പെരുമാറ്റത്തിൽ, ഇടപെടലിൽ എല്ലാറ്റിലുമുണ്ടായിരുന്നു എന്നുമൊരു കോടിയേരി ടച്ച്. അദ്ദേഹത്തിന് മാരകമായ അസുഖം ബാധിച്ചതറിഞ്ഞപ്പോൾ മനസ് നൊന്ത് വിലപിച്ച അനേകായിരങ്ങളുണ്ട്. രോഗമുക്തിനേടി പഴയ പ്രസരിപ്പോടെ കോടിയേരി തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നവർ. നാടിനെ കണ്ണീരിലാഴ്‌ത്തിയാണ് ഒടുവിൽ കോടിയേരി വിടപറയുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്