- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി എസ് പാർട്ടി സെക്രട്ടറിയയിരുന്നപ്പോൾ സംസ്ഥാന സമിതിയിൽ എത്തി; ആലപ്പുഴ സമ്മേളനം പുന്നപ്രയിലെ സമര നായകൻ ബഹിഷ്‌കരിച്ചപ്പോഴും കോടിയേരിയെ സെക്രട്ടറിയായി പിന്തുണച്ചു; മുഖ്യമന്ത്രിയായിരുന്നപ്പോൾ ആഭ്യന്തരം നോക്കിയത് കലഹമില്ലാതെ; വിഎസിന്റെ കണ്ണുകൾ നനഞ്ഞു; കോടിയേരി ഓർമ്മയിലെ ചെങ്കതിർ ആകുമ്പോൾ
തിരുവനന്തപുരം: സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ മരണ വാർത് കേട്ട് പുന്നപ്ര വയലാറിലെ വിപ്ലവ നായകന്റേയും കണ്ണു നിറഞ്ഞു. പ്രായാധിക്യത്തിന്റെ ആരോഗ്യ പ്രശ്നങ്ങൾക്കിടയിലും പ്രിയ സഖാവിന് അനുശോചനം അറിയിക്കുകയാണ് വി എസ് അച്യുതാനന്ദൻ.
മകൻ അരുൺ കുമാറാണ് വിഎസിന്റെ അനുശോചനം അറിയിച്ചത്. 'കോടിയേരി നമ്മെ വിട്ടുപോയിരിക്കുന്നു, അറിഞ്ഞ ഉടൻ തന്നെ അച്ഛനെ അറിയിച്ചപ്പോൾ അദ്ദേഹത്തിന്റെ കണ്ണിൽ ഒരു നനവായിരുന്നു' അരുൺ കുമാർ ഫേസ്‌ബുക്കിൽ കുറിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ദീർഘനാളായി വി എസ് വിശ്രമത്തിലാണ്. വി എസ് മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു കോടിയേരി. മന്ത്രിസഭയിലെ രണ്ടാമൻ. പൊലീസ് വകുപ്പിനെ തലയെടുപ്പോടെ നയിച്ച നേതാവ്.
പിണറായി വിജയനും വി എസ് അച്യുതാനന്ദനും രണ്ടുദിശയിൽ സഞ്ചരിച്ച കാലത്ത് പിണറായിക്കൊപ്പമായിരുന്നു കോടിയേരി. പക്ഷേ, ഒരിക്കൽ പോലും വിഎസുമായി കലഹിച്ചില്ല. വിഎസും പിണറായി വിജയനും പോലും അച്ചടക്ക നടപടികൾ നേരിട്ടപ്പോൾ കോടിയേരിക്കെതിരേ ഒരിക്കലും പാർട്ടി നടപടികളും ഉണ്ടായില്ല. അതിന് കാരണം രണ്ടു പേരെയും പിണക്കാതെ കരുതലോടെ നടത്തിയ പ്രതികരണവും ഇടപെടലുമായിരുന്നു.
1988ലെ ആലപ്പുഴ സമ്മേളനത്തിൽ സംസ്ഥാന സമിതിയിലേക്ക്. അന്ന് സംസ്ഥാന സെക്രട്ടറി വി എസ്. 2015ലെ ആലപ്പുഴ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി. അന്ന് വി എസ് ആലപ്പുഴ സംസ്ഥാന സമ്മേളനം ബഹിഷ്‌കരിച്ചെങ്കിലും സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരിക്ക് പൂർണ പിന്തുണ നൽകി. അതിനു മുൻപ് 2008ൽ കോടിയേരിയുടെ പേര് പോളിറ്റ് ബ്യൂറോയിലേക്കു നിർദ്ദേശിക്കപ്പെട്ടപ്പോൾ ഒരെതിർപ്പുമില്ലാതെ വി എസ് അംഗീകരിച്ചു. മുഖ്യമന്ത്രിയായിരുന്ന വിഎസുമായി ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർ കലഹിച്ചപ്പോഴും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനുമായി ഒരിടർച്ചപോലും വിഎസിന് ഉണ്ടായില്ലെന്നതും ചരിത്രം.
സിപിഎമ്മിൽ വിഭാഗീയത കത്തികാളി നിന്ന കാലത്ത് പാർട്ടിയിൽ ഇരുവിഭാഗത്തിനെയും ഒരുമിപ്പിക്കുന്ന പാലമായിരുന്നു കോടിയേരി ബാലകൃഷ്ണൻ. പിണറായിക്ക് ശേഷം പാർട്ടിസെക്രട്ടറി എന്ന നിലയിൽ നിർണായകഘട്ടത്തിൽ പ്രസ്ഥാനത്തെ നയിച്ച് അതിനെ ഭരണത്തിലും തുടർഭരണത്തിലും എത്തിച്ചുവെന്നത് കോടിയേരിയുടെ ഏറ്റവും വലിയ നേട്ടമാണ്. അതിന് മുൻപും പിണറായിക്കൊപ്പം ഉറച്ചുനിൽക്കുന്ന വേളയിലും വി.എസിനെ പിണക്കാതെ ഒന്നിപ്പിച്ചുകൊണ്ടുപോയ നേതാവായിരുന്നു അദ്ദേഹം.
2006ൽ ഇടതുമുന്നണി അധികാരത്തിൽ എത്തുന്ന വേളയിൽ വി എസ്് അച്യുതാനന്ദൻ മുഖ്യമന്ത്രിയായി എത്തിയവേളയിലായിരുന്നു കോടിയേരിയുടെ നയതന്ത്രജ്ഞത ഏറെ പ്രകടമായത്. പാർട്ടിക്ക് ഭരണം കിട്ടിയെങ്കിലും വി.എസിന് ആഭ്യന്തരവകുപ്പ് നൽകില്ലെന്ന പാർട്ടി നിലപാട് ആകെ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഒടുവിൽ കോടിയേരിക്ക് ആഭ്യന്തരവും വിജിലൻസും നൽകിയാണ് പാർട്ടി ആ പ്രതിസന്ധി പരിഹരിച്ചത്.ആഭ്യന്തരം വിജിലൻസ് വകുപ്പുകൾ ഏറ്റെടുത്തുവെങ്കിലും വി.എസിനെ പിണക്കാതെ അദ്ദേഹത്തെ ഒപ്പം നിർത്തികൊണ്ടാണു കോടിയേരി മുന്നോട്ടുപോയത്. ചില ഘട്ടങ്ങളിൽ ആഭ്യന്തരവകുപ്പിൽ മുഖ്യമന്ത്രി ഇടപെട്ട് പൊലീസ് മേധാവിമാരെ നേരിട്ട് വിളിച്ച് ചർച്ച നടത്തിയത് വിവാദമായിരുന്നു.
എന്നാൽ, അതൊക്കെ സമചിത്തതയോടെ നേരിട്ട വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. പാർട്ടിയുടെ ഔദ്യോഗികപക്ഷത്തിന്റെ ഏറ്റവും വിശ്വസ്തനായ അനുയായി ആയിരുന്നപ്പോഴും വി.എസിനും പ്രിയങ്കരനായിരുന്നു കോടിയേരി. ആ ഘട്ടത്തിൽനിന്നാണ് 2015ൽ പാർട്ടിയുടെ സെക്രട്ടറിയായി കോടിയേരി എത്തിയത്. നേതൃത്വത്തോട് പിണങ്ങി സമ്മേളനത്തിൽനിന്ന് വി എസ്. ഇറങ്ങിപ്പോയത് ഏറെ ചർച്ചയായ സമ്മേളനമായിരുന്നു അത്. പാർട്ടി അത്രയേറെ പ്രതിസന്ധി നേരിട്ടിരുന്ന സമയത്ത് സെക്രട്ടറിയായി ചുമതല ഏറ്റെടുത്ത കോടിയേരി കടുംപിടുത്തം എന്ന നിലപാട് വിട്ട് അനുനയത്തിന്റെ പാത സ്വീകരിച്ചു.
ആദ്യം പ്രതിപക്ഷനേതാവായിരുന്ന വി.എസിനെ തന്നെ അനുനയിപ്പിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. അതിനുശേഷം പാർട്ടിയിൽ വിരുദ്ധചേരികളിൽനിന്നവരെ ഒന്നിപ്പിച്ച് ഒറ്റകെട്ടായി മുന്നോട്ടുനയിച്ചു.
വി.എ.അരുൺകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്...
ഞെട്ടലും വേദനയും ഉളവാക്കുന്ന ആ വാർത്ത ശ്രവിച്ചുകഴിഞ്ഞു. സ. കോടിയേരി നമ്മെ വിട്ടുപോയിരിക്കുന്നു. ആദ്യം ചെയ്തത് അച്ഛനോട് വിവരം പറയുകയാണ്. ഒരു നിമിഷം നിശബ്ദനായിരുന്ന അച്ഛന്റെ കണ്ണുകളിൽ ഒരു നനവ് എനിക്ക് വ്യക്തമായി കാണാനായി. 'അനുശോചനം അറിയിക്കണം' എന്നു മാത്രം പറയുകയും ചെയ്തു.
അച്ഛന്റെ അനുശോചനം യശഃശരീരനായ കോടിയേരിയുടെ കുടുംബാംഗങ്ങളെ അറിയിക്കുകയല്ലാതെ മറ്റൊന്നും ഇത്തരുണത്തിൽ ചെയ്യാനില്ലല്ലോ എന്ന വേദന മനസ്സിൽ കനംതൂക്കുന്നു. അച്ഛനോട് ഏറ്റവും ആദരവും സ്‌നേഹവും പുലർത്തിയ നേതാവായിരുന്നു, സ. കോടിയേരി ബാലകൃഷ്ണൻ. പ്രതിപക്ഷ നേതാവായിരുന്ന കാലത്തും മുഖ്യമന്ത്രിയായിരുന്ന കാലത്തും അച്ഛനുമായി സൂക്ഷ്മമായ ഹൃദയബന്ധം പുലർത്തിയിരുന്ന മഹാനായ കമ്യൂണിസ്റ്റ് നേതാവിന്റെ വിയോഗത്തിൽ എന്റെ അനുശോചനംകൂടി അറിയിക്കുകയാണ്.
മറുനാടന്‍ മലയാളി ബ്യൂറോ