- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പറഞ്ഞതൊക്കെ വിഴുങ്ങിയതുകൊടുമൺ പഞ്ചായത്ത് പ്രസിഡന്റ്
പത്തനംതിട്ട: ഞാൻ എൻജിനീയറല്ല. അതൊട്ട് പഠിച്ചിട്ടുമില്ല. വിവാദ റോഡിന്റെ അലൈന്മെന്റോ ഡിപിആറോ ഇതു വരെ കണ്ടിട്ടു പോലുമില്ല. സിപിഎം ജില്ലാ കമ്മറ്റിയംഗവും കൊടുമൺ പഞ്ചായത്ത് പ്രസിഡന്റുമായ കെ.കെ. ശ്രീധരന്റെ വാക്കുകളാണിത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് തന്റെ ഭൂമി സംരക്ഷിക്കാൻ വേണ്ടി തൊട്ടുമുന്നിലെ കൈപ്പട്ടൂർ-ഏഴംകുളം പാതയുടെ ഓടയുടെ അലൈന്മെന്റ് മാറ്റിയെന്ന ആരോപണം ആദ്യം ഉന്നയിച്ച ആളാണ് കെ.കെ. ശ്രീധരൻ. അദ്ദേഹത്തിന്റെ പ്രസ്താവന പാർട്ടിയെ വെട്ടിലാക്കി. വിശദീകരണം നൽകിയ മന്ത്രിയും പുലിവാൽ പിടിച്ചു. ഇതോടെ കെ.കെ. ശ്രീധരനെതിരേ സിപിഎം ജില്ലാ നേതൃത്വം കണ്ണുരുട്ടി. അങ്ങനെ കൊടുമണിൽ സിപിഎം വിശദീകരണ യോഗം വിളിച്ചു. ആ യോഗത്തിൽ ശ്രീധരൻ മുൻപു പറഞ്ഞതൊക്കെ വിഴുങ്ങി. താൻ എൻജിനീയറല്ലെന്നും ഡിപിആർ കണ്ടിട്ടില്ലെന്നും വിളിച്ചു പറഞ്ഞു. പാർട്ടി സംസ്ഥാന നേതൃത്വം ഇടപെട്ട് അങ്ങനെ പറയിക്കുകയായിരുന്നുവെന്നു വേണം കരുതാൻ.
കെ. കെ. ശ്രീധരന്റെ തുറന്നുപറച്ചിൽ പാർട്ടിയെയും മന്ത്രിയെയും ഒരു പോലെ പ്രതിസന്ധിയിലാക്കിയിരുന്നു. പിന്നാലെ കോൺഗ്രസ് അടക്കം സിപിഎമ്മിനെതിരെ റോഡ് അലൈന്മെന്റ് വിവാദം ആയുധമാക്കി. പ്രതിസന്ധി മറികടക്കാനായിരുന്നു കൊടുമണ്ണിൽ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചത്. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ നേതൃത്വം ഇച്ഛിച്ചതു പോലെ ശ്രീധരൻ എല്ലാം മാറ്റിപ്പറഞ്ഞു. വിവാദങ്ങൾക്ക് കാരണം കോൺഗ്രസുകാരണെന്ന് ജില്ലാ സെക്രട്ടറിയും മറ്റു നേതാക്കളും ആരോപിച്ചു. അതേസമയം, മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് റവന്യൂ ഉദ്യോഗസ്ഥരെ മറികടന്ന് റോഡ് അളന്നതും കോൺഗ്രസ് തടഞ്ഞതും ഒരു നേതാവും വിശദീകരിച്ചില്ല. ഏഴംകുളം - കൈപ്പട്ടൂർ റോഡ് നിർമ്മാണത്തിലെ തടസങ്ങൾ നീക്കി വേഗം പണി പൂർത്തിയാക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി.
നേരത്തേ തന്റെ നിലപാടിൽ ശ്രീധരൻ ഉറച്ചു നിൽക്കുകയായിരുന്നു. ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയില്ല. ശ്രീധരനെതിരേ നടപടിയെടുക്കാനുള്ള നീക്കവും നടന്നു. എന്നാൽ, സിപിഎം ഏരിയ, ലോക്കൽ കമ്മറ്റികൾ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ ജില്ലാ നേതൃത്വം വെട്ടിലായി. മന്ത്രിയുടെ പ്രതിരോധവും ശ്രീധരന്റെ വാക്കുകളിൽ തട്ടി പൊളിഞ്ഞു. ഇതോടെയാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് മന്ത്രിയെ സംരക്ഷിക്കാൻ കർശന നിർദ്ദേശം നൽകിയത്.
ആരോഗ്യമന്ത്രിയുടെ വകുപ്പ് ഭരിക്കുന്നത് ഭർത്താവ്: പ്രഫ. സതീഷ് കൊച്ചുപറമ്പിൽ
കൊടുമൺ: സംസ്ഥാന ആരേഗ്യവകുപ്പ് കുത്തഴിഞ്ഞ അവസ്ഥയിലാണെന്നും മന്ത്രിക്കു പകരം ഭരണം നടത്തുന്നത് ഭർത്താവാണെന്നും ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന ഏഴംകുളം-കൈപ്പട്ടൂർ റോഡിന്റെ ഓടയുടെ ഗതിമാറ്റുവാൻ കിഫ്ബി, പൊതുമരാമത്ത് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജങ്ഷനിൽ നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരോഗ്യമന്ത്രിയുടെ ഭർത്താവ് നിയമനങ്ങളിൽ ഉൾപ്പെടെ ഇടപെട്ട് നടത്തുന്ന ക്രമവിരുദ്ധമായ നടപടികൾക്ക് ശേഷം ഇപ്പോൾ ഓടയുടെ ഗതിമാറ്റിയ നടപടി അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവുമാണെന്നും ഇതിന് ആരോഗ്യമന്ത്രി മറുപടി പറയണമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. മന്ത്രിയുടെ കെട്ടിടത്തിന് മുമ്പിലുള്ള ഓട നിർമ്മാണത്തിന് സിപിഎം ജില്ലാ സെക്രട്ടറിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നത് ഭരണ സ്വാധീനമുപയോഗിച്ച് ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കുന്നതിനായിരുന്നു എന്നതിന് തെളിവാണെന്ന് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
ഓട നിർമ്മാണത്തിൽ നടത്തിയ അനധികൃത ഇടപെടലിന്റെ ജാള്യം മറയ്ക്കുവാനാണ് കോൺഗ്രസ് ഓഫീസ് കെട്ടിടത്തിന്റെ മുൻഭാഗം അളക്കുവാൻ വ്യക്തികളേയും ഗുണ്ടകളേയും കൂട്ടി മന്ത്രി ഭർത്താവ് എത്തിയതെന്നും ഇത് പ്രതിഷേധാർഹമാണെന്നും നിയമാനുസൃതമല്ലാത്ത സർവ്വേ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. ഏഴകുളം-കൈപ്പട്ടൂർ റോഡിന്റെ കൊടുമൺ ഭാഗത്തെ യഥാർത്ഥ അലൈന്മെന്റ് പുനഃസ്ഥാപിച്ച് റോഡ് പണി എത്രയും വേഗം പൂർത്തിയാക്കി ജനങ്ങളുടെ ദുരിതം പരിഹരിച്ചില്ലെങ്കിൽ കൂടുതൽ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ഡി.സി.സി പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.
മണ്ഡലം പ്രസിഡന്റ് അനിൽ കൊച്ചുമൂഴിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ സാമുവൽ കിഴക്കുപുറം, എം.ജി. കണ്ണൻ, സജി കൊട്ടയ്ക്കാട്, സക്കറിയ വർഗീസ്, അബ്ദുൾകലാം ആസാദ്, എ. വിജയൻനായർ,അങ്ങാടിക്കൽ വിജയകുമാർ, ജോൺസൺ മാത്യു, അഡ്വ. കെ.പി. ബിജിലാൽ, പ്രകാശ്. റ്റി. ജോൺ, മുല്ലൂർ സുരേഷ്, മോനച്ചൻ മാവേലിൽ, ലാലി സുദർശനൻ, ജോസ് പള്ളുവാതുക്കൽ, അജികുമാർ രണ്ടാംകുറ്റി, ജയിംസ് കീക്കരിക്കാട്, നിഥിൻ, പ്രകാശ് പ്രകാശ് മന്ദിരം, എ.ജി. ശ്രീകുമാർ, ലിസി റോബിൻസ്, സിനി ബിജു എന്നിവർ പ്രസംഗിച്ചു.