പത്തനംതിട്ട: എസ്എച്ച്ഓയും റൈട്ടറും ചേർന്ന് മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് വാട്സാപ്പിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ പൊലീസുകാരന് ഇഷ്ടമുള്ള സ്ഥലത്തേക്ക് മാറ്റം നൽകി ജില്ലാ പൊലീസ് മേധാവി. കൊടുമൺ പൊലീസ് സ്റ്റേഷനിലെ സിപിഓ വി. സുനിൽകുമാറിനെ അടിയന്തര പ്രാധാന്യത്തോടെ അടൂർ ട്രാഫിക് യൂണിറ്റിലേക്കാണ് ജില്ലാ പൊലീസ് മേധാവി വി. അജിത്ത് മാറ്റിയിരിക്കുന്നത്.

കഴിഞ്ഞ 18 നാണ് സുനിൽകുമാർ പൊലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ കൊടുമൺ എസ്എച്ച്ഓ പ്രവീണും റൈട്ടർ സൂര്യമിത്രയും ചേർന്ന് തന്നെ നിരന്തരം പീഡിപ്പിക്കുന്നുവെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇവരായിരിക്കും ഉത്തരവാദികൾ എന്നും പറഞ്ഞ് പോസ്റ്റ് ഇട്ടത്. ഇതിന് പിന്നാലെ ഇയാൾ മൊബൈൽഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു.

ഞാനെന്തെങ്കിലും ചെയ്താലോ എന്ന് ചിന്തിച്ചു പോവുകയാണെന്നും കുറിപ്പിൽ ഉണ്ടായിരുന്നു. ഇതോടെ സഹപ്രവർത്തകർ ആശങ്കയിലായി. സമീപകാലത്തായി പൊലീസ് സേനയിൽ ആത്മഹത്യ പെരുകി വരികയാണ്. ഇത് കണക്കിലെടുത്ത് സുനിലിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ സ്വന്തം വിട്ടിലുണ്ടെന്ന് കണ്ടെത്തി. 19 ന് രാവിലെ ഇയാൾ ഫോൺ ഓൺ ചെയ്യുകയും സഹപ്രവർത്തകരുമായി സംസാരിക്കുകയും ചെയ്തു.

ഈ വിവരം മറുനാടൻ വാർത്തയാക്കിയതോടെ എസ്‌പി ഇടപെട്ടു. സുനിലിനെ വിളിച്ചു വരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഇഷ്ടമുള്ള സ്ഥലത്തേക്ക് മാറ്റം നൽകാൻ തയാറാവുകയായിരുന്നു. അടൂർ ട്രാഫിക്ക് യൂണിറ്റിൽ മതി പോസ്റ്റിങ് എന്ന് അറിയിച്ചതിനാൽ ഉടൻ തന്നെ അവിടേക്ക് മാറ്റവും കൊടുത്തു.

എന്നാൽ, ഇതിന് പിന്നാലെ സുനിലിന് മുട്ടൻ പണി ചെല്ലുമെന്നാണ് അറിയുന്നത്. സേനയുടെ സൽപ്പേരിന് കളങ്കമുണ്ടാകും വിധം പ്രവർത്തിച്ചതിന് ഇയാൾക്കെതിരേ വകുപ്പു തല അന്വേഷണവും അച്ചടക്ക നടപടിയുമുണ്ടാകും. ഇതിന് പുറമേ കൊടുമൺ സ്റ്റേഷനിൽ ഇരിക്കുമ്പോൾ ഒരു ആത്മഹത്യാ കേസിന്റെ ഫയൽ യഥാസമയം അയയ്ക്കാതിരുന്നതും അന്വേഷണ പരിധിയിൽ വരും.