- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂനിയര്‍ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയത് ക്രൂരമായ ബലാത്സംഗത്തിന് ശേഷം; രാജ്യത്തെ നടുക്കിയ കൊല്‍ക്കത്ത ആര്‍ജി കര്‍ ബലാത്സംഗ കൊലപാതക കേസില്‍ പ്രതി സഞ്ജയ് റോയി കുറ്റക്കാരന്‍; സുരക്ഷാ ജീവനക്കാരനായ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് സി.ബി.ഐ; ശിക്ഷ തിങ്കളാഴ്ച വിധിക്കും
ആര്‍ജി കര്‍ ബലാത്സംഗ കൊലപാതക കേസില്‍ സഞ്ജയ് റോയി കുറ്റക്കാരന്‍
കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂനിയര്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പ്രതി സഞ്ജയ് റോയി കുറ്റക്കാരനെന്നാണ് കൊല്‍ക്കത്ത സീല്‍ദായിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയത്. പ്രതിയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും. പ്രതി ഡോക്ടറെ ആക്രമിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും തെളിഞ്ഞതായി കോടതി പറഞ്ഞു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായിരുന്നു സഞ്ജയ് റോയി. സുപ്രീംകോടതിയും ഹൈക്കോടതിയും നിര്‍ണായക ഇടപെടല്‍ നടത്തിയ സംഭവത്തില്‍ കൊലപാതകം നടന്ന് അഞ്ച് മാസത്തിനു ശേഷമാണ് വിധി പറയുന്നത്.
രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം. ഈ സംഭവത്തിന് പിന്നാലെ ഡോക്ടര്‍മാരുടെ വ്യാപക പ്രതിഷേധം ഉള്‍പ്പെടെ രാജ്യത്ത് അരങ്ങേറിയിരുന്നു. 2024 ഓഗസ്റ്റ് ഒന്‍പതാം തീയതിയാണ് ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ശേഷമാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയതോടെ പ്രതിഷേധം ഇരമ്പി. ഓഗസ്റ്റ് പത്താം തീയതി കേസിലെ പ്രതിയും കൊല്‍ക്കത്ത പോലീസിന്റെ സിവിക് വൊളണ്ടിയറുമായ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഡോക്ടറുടെ മൃതദേഹത്തിന് സമീപത്തുനിന്ന് കിട്ടിയ ബ്ലൂടൂത്ത് ഇയര്‍ഫോണിന്റെ ഭാഗവും ആശുപത്രി കെട്ടിടത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിഷേധം ശക്തമായതോടെ കോടതി പിന്നീട് കേസ് സി.ബി.ഐ.യ്ക്ക് കൈമാറി. കുറ്റകൃത്യത്തില്‍ സഞ്ജയ് റോയി മാത്രം ഉള്‍പ്പെട്ടിട്ടുള്ളൂ എന്നായിരുന്നു സി.ബി.ഐ.യുടെയും കണ്ടെത്തല്‍. അതേസമയം, തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനും അന്വേഷണം വൈകിപ്പിച്ചതിനും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ്, പോലീസ് ഉദ്യോഗസ്ഥനായ അഭിജിത് മൊണ്ഡാല്‍ എന്നിവരെയും സി.ബി.ഐ. അറസ്റ്റ് ചെയ്തു.
2024 നവംബര്‍ നാലിനാണ് കേസിലെ പ്രതി സഞ്ജയ് റോയിക്കെതിരെ സി.ബി.ഐ. സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. നവംബര്‍ 11-ാം തീയതി കേസിന്റെ വിചാരണ ആരംഭിച്ചു. വിചാരണ മുഴുവനും അടച്ചിട്ട കോടതിമുറിയിലായിരുന്നു. വിചാരണ നടപടികള്‍ ക്യാമറയിലും പകര്‍ത്തിയിരുന്നു. ആകെ 50 പേരുടെ സാക്ഷിമൊഴികളാണ് കേസിലുണ്ടായിരുന്നത്. വനിതാ ഡോക്ടറുടെ മാതാപിതാക്കള്‍, പോലീസിലെയും സി.ബി.ഐ.യിലെയും അന്വേഷണ ഉദ്യോഗസ്ഥര്‍, ഡോക്ടറുടെ സഹപ്രവര്‍ത്തകര്‍, ഫൊറന്‍സിക് വിദഗ്ധര്‍, വിദഗ്ധ ഡോക്ടര്‍മാര്‍ എന്നിവരടക്കമുള്ള സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു. 2025 ജനുവരി 9-ന് വിചാരണ പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് കോടതി കേസില്‍ വിധി പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 9നാണ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്ന് ബംഗാളില്‍ തുടങ്ങിയ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരുന്നു. ബംഗാളില്‍ ഡോക്ടര്‍മാര്‍ ജോലി ബഹിഷ്‌കരിച്ച് സമരം നടത്തിയിരുന്നു. അതേസമയം, മുന്‍ കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ വിനീത് ഗോയല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്ന് പ്രതി സഞ്ജയ് റോയി ആരോപിച്ചിരുന്നു. ഇതില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ഗവര്‍ണര്‍ ഡോ. സി.വി.ആനന്ദ ബോസ് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
കേസിലെ പ്രതിയായ സിവിക് വളണ്ടിയര്‍ സഞ്ജയ് റോയിക്ക വധശിക്ഷ നല്‍കണമെന്നാണ് സി.ബി.ഐയുടെ ആവശ്യം. നീതി നടപ്പാകുന്ന രീതിയിലുള്ള വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചിരുന്നു.
ആഗസ്റ്റ് ഒമ്പതിനാണ് ആര്‍.ജെകര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ 31കാരിയായ പി.ജി ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പിറ്റേ ദിവസം രാവിലെ അര്‍ധ നഗ്‌നയാക്കിയ നിലയില്‍ ഇവരുടെ മൃതദേഹം സെമിനാര്‍ ഹാളില്‍ നിന്നും കണ്ടെടുത്തു. കൊല്‍ക്കത്ത പൊലീസാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയതെങ്കിലും പ്രതിഷേധം കനത്തതോടെ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. കേസില്‍ ഒന്നിലധികം പ്രതികളുണ്ടെന്ന് ആരോപണം ഉയര്‍ന്നുവെങ്കിലും ഒരാള്‍ മാത്രമാണ് പ്രതിയെന്നാണ് പിന്നീട് സി.ബി.ഐ കണ്ടെത്തിയത്. കൊല്‍ക്കത്തയിലെ സിയാല്‍ദാ അഡീഷണല്‍ ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി അനിര്‍ബാന്‍ ദാസാണ് വിധി പറഞ്ഞത്.