ബംഗളുരു: ടോപ്പിൽ പൂത്തിരി കത്തിച്ചും റോഡിൽ മാസ് കാണിച്ച് വീഡിയോ എടുത്തും ടുറിസ്റ്റ് ബസ്സുകളിൽ തലയെടുപ്പോടെ ഓടിയ കൊമ്പനെ അത്ര പെട്ടെന്നൊന്നും മലയാളി മറക്കില്ല. കേരളത്തിൽ കൊമ്പനെ മയക്കാൻ മർമ്മവിദ്യകളുമായി മോട്ടർവാഹന വകുപ്പ് രംഗത്തിറങ്ങിയതോടെ വകുപ്പിനെ വെല്ലുവിളിച്ചാണ് കൊമ്പൻ ബസ് കർണ്ണാടകയിലേക്ക് റൂട്ട് മാറ്റിയത്.സ്വഭാവം നന്നാവാതെ എങ്ങോട്ടും പോയിട്ടും കാര്യമില്ലെന്ന് പറയുന്ന പോലെ കർണ്ണാടകയിലെത്തിയിട്ടും കൊമ്പനെ രാശി തെളിയുന്ന മട്ടില്ല.

അമതിതമായ ഗ്രാഫിക്‌സും ലൈറ്റും അപകടത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ ബസ് തടഞ്ഞു.ബെംഗളുരു ക്രിസ്തു ജയന്തി കോളേജിൽ നിന്നു കുട്ടികളുമായി വിനോദയാത്ര പോയ ബസാണു ചിക്കമംഗളുരുവിൽ നാട്ടുകാർ തടഞ്ഞത്.തടയൽ മാത്രമല്ല സ്റ്റിക്കറുകൾ കൺസീലിങ് ടേപ്പ് വച്ച് മറക്കുകയും ചെയ്തു.

ലൈറ്റുകളും കണ്ണഞ്ചിപ്പിക്കുന്ന ഗ്രാഫിക്‌സുമായുള്ള ബസ് അപകടമുണ്ടാക്കുമെന്നു ആരോപിച്ചായിരുന്നു നാട്ടുകാരുടെ ഇടപെടൽ.ഇത്രയും ലൈറ്റുകളും ഗ്രാഫിക്‌സും ഉള്ള ബസുകൾ നിരത്തിലിറങ്ങുന്നതു മറ്റു വാഹനങ്ങൾക്ക് അപകടമുണ്ടാക്കുമെന്നാണു നാട്ടുകാരുടെ വാദം.ഗ്രാഫിക്‌സ് മറച്ചിട്ടു പോയാൽ മതിയെന്നു നാട്ടുകാർ നിലപാട് എടുത്തതോടെ തർക്കമായി.ഒടുവിൽ ബസിനു മുന്നിലെ കണ്ണഞ്ചിപ്പിക്കുന്ന ഗ്രാഫിക്‌സ് കൺസീലിങ് സെല്ലോ ടേപ്പ് വച്ചു മറച്ചിട്ടാണ് യാത്ര തുടരാൻ അനുവദിച്ചത്

വടക്കഞ്ചേരി അപകടത്തിനുശേഷം കേരള മോട്ടോർ വാഹന വകുപ്പ് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം കൊണ്ടുവന്ന തീരുമാനത്തെ വെല്ലുവിളിച്ചു രംഗത്തെത്തിയ ബസ് ഉടമകളിൽ ഒരാളായിരുന്നു കൊമ്പൻ. എം വിഡി തീരുമാനത്തിനെതിരെയുള്ള കേസുകളും ഇപ്പോൾ കോടതിയിലുണ്ട്.ഏറെകാലം ഓടാെത ഷെഡിൽ നിർത്തിയിട്ടിരുന്ന ബസുകൾ അടുത്തിടെയാണു വീണ്ടും നിരത്തിലിറക്കിയത്.കേരളത്തിലെ നിയമം മറികടക്കാനാണ് കർണാടകയിലേക്ക് റജിസ്‌ട്രേഷൻ മാറ്റിയത്.

സംഭവത്തെക്കുറിച്ച് ഉടമ പറയുന്നത് ഇങ്ങനെ.. ബസിനു നേരെയല്ല പ്രതിഷേധമുണ്ടായത്. മഡിവാളയ്ക്ക് അടുത്തുള്ള കോളേജിലെ മലയാളി കുട്ടികളുടെ ട്രിപ്പ് പോയതായിരുന്നു ബസ്. യാത്രക്കിടെ കുട്ടികളും നാട്ടുകാരും തമ്മിൽ ചില കശപിശകൾ ഉണ്ടായി. സ്വഭാവികമായും കുട്ടികളെത്തിയ ബസിനു നേർക്കായി നാട്ടുകാരുടെ ദേഷ്യമെന്നും അല്ലാത മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നുമാണ് ഉടമ ഒരു മാധ്യമത്തോട് പ്രതികരിച്ചത്.

തന്റെ ബന്ധുവായ കർണാടക സ്വദേശിക്ക് ബസുകൾ കൈമാറിയെന്നും ഉടമ പറയുന്നത്. മുപ്പതിനടുത്ത് വാഹനങ്ങൾ കന്നഡികന്റെ പേരിലും അഡ്രസിലുമുള്ള റജിസ്‌ട്രേഷനിലേക്കു മാറ്റിയെന്നും ഉടമ പറഞ്ഞു. ഇത്രയും ലൈറ്റുകളും ഗ്രാഫിക്‌സുമായി സർവീസ് നടത്താൻ നിയമം അനുവദിക്കുന്നുണ്ടോയെന്ന ചോദ്യത്തിനു കർണാടകയിലെ മറ്റു ഗതാഗത നിയമളെ കുറിച്ചൊന്നും അറിയില്ലെന്നായിരുന്നു ഉടമ ഒരു പ്രമുഖമാധ്യമത്തോട് പ്രതികരിച്ചത്.