- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നല്ല ചൂടുണ്ടല്ലോ എന്നു ഡോക്ടർ പറഞ്ഞപ്പോൾ, തെർമോ മീറ്റർ വെച്ചു നോക്കിയോ, ഇങ്ങനെയാണോ നിങ്ങൾ രോഗികളെ പരിശോധിക്കുന്നത് എന്ന് ചോദ്യം; നിങ്ങളുടെയൊക്കെ സ്വഭാവം കൊണ്ടാണ് ഇങ്ങനെയൊക്കെ കിട്ടുന്നത്; ഡോക്ടർമാർക്കെതിരെ കയർത്ത് കോങ്ങാട് എംഎൽഎ; പരാതി നൽകാൻ പാലക്കാട് ജില്ലാ ആശുപത്രി ഡോക്ടർമാർ
പാലക്കാട്: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ, ഡോ.വന്ദന ദാസിനെ രോഗി കുത്തിക്കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് മലയാളികൾ. മതിയായ സംരക്ഷണം ആശുപത്രികളിൽ ഇല്ലെന്ന് കാട്ടി ഡോക്ടർമാരും രോഷത്തിലാണ്. ചില ഡോക്ടർമാർ തല്ലു കൊള്ളേണ്ടവരാണ്, അതിന് ഒരുകുഴപ്പവുമില്ലെന്ന കെ ബി ഗണേശ് കുമാർ എംഎൽഎയുടെ പരാമർശമാണ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ പലപ്പോഴും ഡോക്ടർമാർ എടുത്തുകാട്ടിയത്. നിയമസഭയിലായിരുന്നു സർക്കാർ ഡോക്ടർമാർക്കെതിരെ ഗണേശിന്റെ വിവാദ പരാമർശം. ഏറ്റവുമൊടുവിൽ ഡോക്ടർമാർക്കെതിരെ കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിയുടെ പരാമർശം വിവാദത്തിലായി. നിങ്ങളുടെ സ്വഭാവം കൊണ്ടാണ് നിങ്ങൾക്ക് ഇങ്ങനെ കിട്ടുന്നതെന്നായിരുന്നു എംഎൽഎയുടെ പരാമർശം. ഭർത്താവിന് ചികിത്സ തേടി എത്തിയപ്പോഴായിരുന്നു എംഎൽഎ ഇത്തരത്തിൽ പറഞ്ഞത്.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരാണ് എംഎൽഎയ്ക്കെതിരെ പരാതിയുമായി രംഗത്തുവന്നത്. ഇന്നലെ രാത്രി എട്ടരയോടെ, കാഷ്വാലിറ്റിയിൽ ഭർത്താവിനെയും കൊണ്ട് പനിക്ക് ചികിത്സ തേടി എത്തിയപ്പോഴാണ് എംഎൽഎ മോശമായി പെരുമാറിയതെന്നും ഡോക്ടർമാർ പറയുന്നു. കൈകൊണ്ടു തൊട്ടു നോക്കി മരുന്നു കുറിച്ച ഡോക്ടറോട് എന്തുകൊണ്ട് തെർമോ മീറ്റർ ഉപയോഗിച്ചില്ലെന്ന് ചോദിച്ച് എംഎൽഎ കയർക്കുകയായിരുന്നു. നിങ്ങളുടെയൊക്കെ സ്വഭാവം കൊണ്ടാണ് ഇങ്ങനെയൊക്കെ കിട്ടുന്നതെന്ന് എംഎൽഎ ആക്ഷേപിച്ചെന്നും ഡോക്ടർമാർ പരാതിയിൽ പറയുന്നു.
ഡോ. വന്ദനയുടെ മരണത്തിന്റെ ആഘാതം വിട്ടുമാറും മുമ്പാണ്, അതിന്റെ പ്രതിഷേധം നിലനിൽക്കെത്തന്നെ ജോലിക്ക് കയറിയ തങ്ങളോട് ഒരു ജനപ്രതിനിധി ഇത്തരത്തിൽ ആക്ഷേപിച്ച് സംസാരിച്ചതെന്ന് ഡോക്ടർ കുറ്റപ്പെടുത്തുന്നു. കയറി വന്ന ഉടൻ തന്നെ ഇരിക്കാൻ പറയുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പരിശോധിച്ചു നോക്കുകയും ചെയ്തു. നല്ല ചൂടുണ്ടല്ലോ എന്നു ഡോക്ടർ പറഞ്ഞപ്പോൾ, തെർമോ മീറ്റർ വെച്ചു നോക്കിയോ, ഇങ്ങനെയാണോ നിങ്ങൾ രോഗികളെ പരിശോധിക്കുന്നത്, ഇതാണോ നിങ്ങളുടെ ആറ്റിറ്റിയൂഡ് തുടങ്ങിയ ചോദ്യങ്ങളുമായി തട്ടിക്കയറി. ഇതു കാഷ്വാലിറ്റി ആണെന്നും തെർമോ മീറ്റർ വെച്ചു നോക്കാനുള്ള സൗകര്യം ഇവിടെയില്ലെന്നും മറുപടി നൽകിയത് എംഎൽഎ ചെവിക്കൊണ്ടില്ലെന്നും ഡോക്ടർ പറയുന്നു.
ഇവിടെ ആരുമില്ലേ, ഇവിടെ ഡോക്ടറൊന്നുമില്ലേ എന്നു ഉച്ചത്തിൽ ചോദിച്ച് അധികാരഭാവത്തോടെയാണ് എംഎൽഎ ആശുപത്രിയിലേക്ക് കടന്നു വന്നത്. എംഎൽഎയ്ക്കൊപ്പം വന്ന ഭർത്താവിനെ ഉടൻ തന്നെ ഡോക്ടർ പരിശോധിച്ചശേഷം, നല്ല ചൂടുണ്ടെന്നും ഇൻജെക്ഷൻ എടുക്കാനും കുറിച്ചു. ഇതോടെയാണ് തെർമോ മീറ്റർ പോലും ഉപയോഗിക്കാതെയാണോ മരുന്നു കുറിച്ചതെന്ന് ചോദിച്ച് ശാന്തകുമാരി കയർത്തത്.
ആക്സിഡന്റ് ആൻഡ് ട്രോമ കെയർ എന്ന നിലയിൽ പരിചരണം നൽകുന്ന ആശുപത്രിയാണിത്. അപ്പോൾ അവിടെ വന്നതിൽ എംഎൽഎയുടെ ഭർത്താവ് മാത്രമാണ് നടന്നു വന്നത്. മറ്റു രോഗികളെല്ലാം വീൽചെയറിലും ട്രോളിയിലുമാണ് വന്നത്. എന്നിട്ടും എംഎൽഎയുടെ ഭർത്താവിനെ നല്ല നിലയിൽ തന്നെ പരിശോധിച്ചു മരുന്നു കുറിച്ചു കൊടുക്കുകയായിരുന്നു.
എംഎൽഎ കയർത്തതിനെ തുടർന്ന് ഐസിയുവിൽ പോയി തെർമോ മീറ്റർ കൊണ്ടു വന്ന് പനി പരിശോധിക്കുകയും ചെയ്തു. ഇതിനെല്ലാം ശേഷമാണ് നിങ്ങളുടെയൊക്കെ സ്വഭാവം കൊണ്ടാണ് ഇങ്ങനെയൊക്കെ കിട്ടുന്നത് എന്നു പറഞ്ഞുകൊണ്ട് എംഎൽഎ പോയതെന്ന് ഡോക്ടർ കൂട്ടിച്ചേർത്തു. ഡോക്ടർ വന്ദനയുടെ മരണത്തിന്റെ ഞെട്ടൽ മാറും മുമ്പെ ഇത്തരത്തിലൊരു പ്രസ്താവന ഏതെങ്കിലും ആരോഗ്യപ്രവർത്തകന്റെ മുഖത്തു നോക്കി പറയുന്നത് മാനുഷികമാണോയെന്നും ഡോക്ടർ ചോദിക്കുന്നു.
സംഭവത്തിൽ ഡിഎംഒ അടക്കമുള്ളവർക്ക് പരാതി നൽകുമെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ ഡോക്ടർമാരെ ആക്ഷേപിച്ചിട്ടില്ലെന്നാണ് കോങ്ങാട് എംഎൽഎ ശാന്തകുമാരി പറയുന്നത്. ഡോക്ടർമാരോട് പരുഷമായി പെരുമാറിയിട്ടില്ല. എന്നാൽ തെർമോ മീറ്റർ വെച്ച് ഡോക്ടർമാർ പരിശോധിച്ചില്ലെന്നും എംഎൽഎ വ്യക്തമാക്കി. ഇന്നു വിശദ യോഗം ചേർന്ന് പരാതിയുമായി മുന്നോട്ടു പോകുമെന്ന് കേരള ഗവ. മെഡിക്കൽ ഓഫിസേഴ്‌സ് അസോസിയേഷൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ