- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉല്ലാസയാത്രക്കാർ മൂന്നാറിൽ അടിച്ചു പൊളിക്കുമ്പോൾ കോന്നിയിൽ സിപിഎം-സിപിഐ അടി തുടങ്ങി; ജീവനക്കാർക്ക് പിന്തുണ അറിയിച്ച് സിപിഐ സംസ്ഥാന-ജില്ലാ സെക്രട്ടറിമാർ; ജനീഷിനെ പിന്തുണച്ച് ഒറ്റവാക്കിൽ പ്രസ്താവന ഇറക്കി സിപിഎം ജില്ലാ സെക്രട്ടറി; വിവാദം പുതിയ തലത്തിൽ
പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് മൂന്നാറിൽ ഉല്ലാസയാത്ര അടിച്ചു പൊളിക്കുമ്പോൾ ഇവിടെ അതിന്റെ അനന്തരഫലമായി തുടങ്ങിയ ചർച്ചകൾ സിപിഎം-സിപിഐ അടിയിലേക്ക് നീങ്ങുന്നു. വിവാദത്തിന്റെ പേരിൽ ജില്ലയിൽ വീണ്ടും എൽഡിഎഫ് ബന്ധത്തിൽ വിള്ളൽ വീണിരിക്കുകയാണ്. നേരത്തേ തന്നെ ഇവിടെ സിപിഎം-സിപിഐ ബന്ധം നല്ല രീതിയിലല്ല പോകുന്നത്. അതിനിടെയാണ് കോന്നി താലൂക്ക് ഓഫീസിലെ ടൂർ യാത്രാ വിവാദം ഉയർന്നിരിക്കുന്നത്.
കോന്നി എംഎൽഎ ജനീഷ് കുമാറിന്റെ ഇടപെടൽ എ.ഡി.എം ചോദ്യം ചെയ്തു. എ.ഡി.എമ്മിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് എംഎൽഎയും രംഗത്ത് വന്നു. ജീവനക്കാരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി എ.പി ജയൻ എന്നിവർ പിന്തുണച്ചപ്പോൾ എംഎൽഎയ്ക്കുള്ള പിന്തുണ ഒറ്റവരി പ്രസ്താവനയിലാണ് സിപിഎം ജില്ലാ സെക്രട്ടറി നൽകിയിരിക്കുന്നത്. ജീവനക്കാർ ടൂർ പോയ ദിവസം എംഎൽഎ താലൂക്ക് ഓഫീസിൽ എത്തി ചാനലുകൾക്ക് മുന്നിൽ ലൈവ് ഷോ നടത്തിയതിനെയാണ് എ.ഡി.എം പി.ടി. രാധാകൃഷ്ണൻ വിമർശിച്ചത്.
എംഎൽഎ തഹസിൽദാരുടെ സീറ്റിൽ കയറിയിരിക്കുകയും ഹാജർ ബുക്ക് മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ഇതിന് എംഎൽഎയ്ക്ക് എന്ത് അധികാരമെന്നായിരുന്നു എ.ഡി.എമ്മിന്റെ ചോദ്യം. ജനപ്രതിനിധിയുടെ അധികാരമാണ് താൻ ഉപയോഗിച്ചതെന്ന് പറഞ്ഞ എംഎൽഎ എ.ഡി.എമ്മിനെതിരേ രൂക്ഷമായ ഭാഷയും പ്രയോഗിച്ചു. ഇവൻ എന്താണ് കരുതിയിരിക്കുന്നത് എന്നായിരുന്നു എംഎൽഎയുടെ ചോദ്യം. ഇതോടെ വിനോദയാത്രാ വിവാദം വഴി മാറി. ചേരി തിരിഞ്ഞുള്ള പോരാണ് പിന്നീട് നടക്കുന്നത്.
ആർക്കാണ് അധികാരം ജനപ്രതിനിധിക്കോ ഉദ്യോഗസ്ഥർക്കോ എന്നുള്ള ചർച്ച മുറുകുന്നതിനിടെയാണ് ജീവനക്കാരെ പിന്തുണച്ച് സിപിഐ സംസ്ഥാന-ജില്ലാ സെക്രട്ടറിമാർ രംഗത്തു വന്നത്. ജനീഷ്‌കുമാർ താലൂക്ക് ഓഫീസിൽ കാട്ടിക്കൂട്ടിയത് അപക്വമായ നടപടിയാണെന്ന് സിപിഎമ്മിനുള്ളിലും അഭിപ്രായം ഉയർന്നിട്ടുണ്ട്.
ജീവനക്കാർക്ക് അവധിയെടുക്കാൻ അവകാശമുണ്ട്: കാനം
കോന്നിയിൽ തഹസിൽദാർ ഉൾപ്പെടെ ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്രയ്ക്ക് പോയ സംഭവത്തിൽ നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജീവനക്കാർക്ക് അവധിയെടുക്കാൻ അവകാശമുണ്ടെന്ന് കാനം വ്യക്തമാക്കി. കോന്നിയിൽ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കട്ടെ. ഇത് രാഷ്ട്രീയ പ്രശ്നമൊന്നുമല്ല, ഭരണ നിർവഹണവുമായി ബന്ധപ്പെട്ട വിഷയമാണ്. ജീവനക്കാരുടെ ഭാഗത്ത് നിന്ന് നിയമവിരുദ്ധമായ എതെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ സർക്കാർ പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എംഎൽഎ നേരിട്ട് പ്രശ്നത്തിൽ ഇടപെട്ടത് ശരിയായില്ല: എ.പി.ജയൻ
കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ നടത്തിയ വിവാദ വിനോദ യാത്ര സംഭവത്തിൽ പ്രതികരിച്ച കെ.യു ജനീഷ് കുമാർ എംഎൽഎയെ പിന്തുണയ്ക്കാതെ സിപിഐ ജില്ലാ സെക്രട്ടറി എപി ജയൻ.
പരാതി പരിശോധിക്കാൻ ഒരു സംവിധാനം ഉള്ള സാഹചര്യത്തിൽ എംഎൽഎ നേരിട്ട് പ്രശ്നത്തിൽ ഇടപെട്ടത് ശരിയായില്ല. ജീവനക്കാർ കൂട്ട അവധിയെടുത്തതും ശരിയായ നടപടി അല്ല . എന്നാൽ ഉദ്യോഗസ്ഥരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ജീവനക്കാർ കൂട്ടത്തോടെ അവധി എടുക്കുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ വേണമെന്നും എ.പി. ജയൻ പറഞ്ഞു.
പ്രവൃത്തി ദിവസത്തെ ടൂറിന് ന്യായീകരണമില്ല: കെ.പി. ഉദയഭാനും
കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ നടത്തിയ പ്രവൃത്തി ദിവസത്തെ ടൂറിന് ന്യായീകരണമില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പറഞ്ഞു. ഉദ്യോഗസ്ഥർ ജനങ്ങളുടെ ദാസന്മാരാണ്. അതാണ് ഇടതു നയം. എംഎൽഎയുടെ ഇടപെടൽ ശരിയാണ്. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധിയുടെ സമീപനമാണ് എംഎൽഎയിൽ നിന്ന് ഉണ്ടായത്. എംഎൽഎയുടെ സ്ഥാനം എ.ഡി.എമ്മിന് മുകളിലാണ്. അത് എ.ഡി.എമ്മിന് അറിയില്ലായിരിക്കാമെന്നും കെ.പി. ഉദയഭാനു പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്