- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോന്നി കിഴവള്ളൂർ അപകടം: ഇരുവാഹനങ്ങൾക്കും തുല്യപങ്കാളിത്തം; ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; കെ.എസ്.ആർ.ടി.സി ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി; കണ്ടക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്ന് ആർടിഓ
പത്തനംതിട്ട: കോന്നി കിഴവള്ളൂർ ഓർത്തഡോക്സ് പള്ളിക്ക് സമീപം 17 പേർക്ക് പരുക്കേൽക്കാനിടയായ അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി ബസിന്റെയും സൈലോ കാറിന്റെയും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി ആർ.ടി.ഓ എ.കെ. ദിലു അറിയിച്ചു. ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും റദ്ദാക്കിയിട്ടുണ്ട്.
കഴിഞ്ഞ 11 ന് ഉച്ചയ്ക്ക് 1.47 നാണ് തിരുവനന്തപുരത്തേക്ക് പോയ ബസും പത്തനംതിട്ടയിലേക്ക് വന്ന സൈലോ കാറും കൂട്ടിയിടിച്ചത്. ഇരുവാഹനങ്ങളുടെയും ഡ്രൈവർമാരുടെ അശ്രദ്ധമായ ഡ്രൈവിങ്ങും അമിത വേഗവുമാണ് അപകടത്തിനിടയാക്കിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം നോക്കി നടത്തിയ പരിശോധനയിൽ വ്യക്തമായെന്ന് ആർ.ടി.ഓ പറഞ്ഞു. റോഡിന് നടുവിൽ ഓവർടേക്ക് ചെയ്യാതിരിക്കുന്നതിനുള്ള മഞ്ഞ വര ഇരുവാഹനങ്ങളും മറി കടന്നിരുന്നു.
ബസിന്റെ പെർമിറ്റ്, ഫിറ്റ്നസ്, ഇൻഷുറൻസ് എന്നിവ സാധുവായിരുന്നു. അതേ സമയം, സ്പീഡ് ഗവർണറും ജി.പി.എസും പ്രവർത്തിച്ചിരുന്നില്ല. ഇതു സംബന്ധിച്ച് കെ.എസ്.ആർ.ടിസി കണ്ടക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ആർ.ടി.ഓ ഉത്തരവിട്ടു.
അപകടത്തിൽ പരുക്കേറ്റ ഡ്രൈവർമാർ കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. തെറ്റായ വശത്ത് കുടി വേഗത്തിൽ മറ്റൊരു കാറിനെ മറികടന്ന് വന്ന കെഎസ് ആർടിസി ബസ് അശ്രദ്ധമായും വേഗത്തിലുമെത്തിയ സൈലോ കാറുമായി ഇടിക്കുകയായിരുന്നു. കാർ വരുന്ന ഭാഗത്ത് റോഡിന്റെ ഇടതു വശത്ത് മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. ഇതു കാരണം അടുത്ത ട്രാക്കിലേക്ക് കാർ കയറിയ സമയത്താണ് ഇടിയുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. തുടർന്ന് നിയന്ത്രണം വിട്ട ബസ് കിഴവള്ളൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയപള്ളിയുടെ കുരിശടിയോട് ചേർന്നുള്ള കോൺക്രീറ്റ് കമാനം ഇടിച്ച് തകർത്ത് ഉള്ളിൽ കയറിയാണ് നിന്നത്.
കമാനത്തിന്റെ ഭാരമേറിയ കോൺക്രീറ്റ് ബീമുകൾ മുകളിൽ വീണ് ബസ് പൂർണ്ണമായും തകർന്നു. ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും പൊലീസും രക്ഷാപ്രവർത്തനം ആരംഭിക്കുകയും പരുക്കേറ്റ 17 പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഇരു വാഹനങ്ങളുടെയും ്രൈഡവർ മാർക്ക് പരുക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് കോന്നിമുവാറ്റുപുഴ റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഇരു വാഹനങ്ങളും ക്രെയിൻ ഉപയോഗിച്ച് നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്