കോന്നി: തൃശൂരിൽ ഓണത്തിന് പുലികളി മസ്റ്റാണ്. നിരത്ത് നിറഞ്ഞ് പുലിവേഷ ധാരികൾ ഇറങ്ങും തുള്ളിക്കളിക്കും. പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മലയോരപ്രദേശമായ കോന്നിക്ക് എല്ലാം ആനയാണ്. അതു കൊണ്ട് തന്നെ ഇത്തവണ മുതൽ ഓണത്തിന് അവർ ഒരു ആനക്കളി തുടങ്ങി. അതാണ് കരിയാട്ടം. കരിയെന്നാൽ ആന. തൃശൂരിലെ പുലിക്കളി മാതൃകയിൽ നിരത്ത് നിറഞ്ഞ് ആനവേഷധാരികൾ നിരന്നു. കെ.യു. ജനീഷ് കുമാർ എംഎൽഎയുടെ സംഘാടന മികവ് പ്രകടമായ കോന്നി കരിയാട്ടത്തിന്റെ സമാപനത്തോട് അനുബന്ധിച്ചണ് കനത്ത മഴ വകവയ്ക്കാതെ ആന വേഷധാരികൾ യഥാർഥ ആനകൾക്കൊപ്പം നിരത്ത് നിറഞ്ഞ് നീങ്ങിയത്. ഏരിയൽ വ്യൂ നോക്കിയാൽ ആനകളുടെ പമ്പ മേളം.

കരിവീരന്മാരുടെയും നൂറുകണക്കിന് ആന വേഷധാരികളുടെയും അകമ്പടിയോടെ നടന്ന പടുകൂറ്റൻ ഘോഷയാത്രയോടെയാണ് ചരിത്രത്തിലെ ആദ്യ കരിയാട്ടം അരങ്ങേറിയത്. കോന്നി ലോകത്തിനു മുന്നിൽ അവതരിപ്പിച്ച പുതിയ കലാരൂപമാണ് കരിയാട്ടം. താളമേളങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയിൽ പതിനായിരങ്ങൾ പങ്കെടുത്ത ഘോഷയാത്രക്ക് ശേഷം പ്രത്യേക താളത്തിൽ ചിട്ടപ്പെടുത്തിയ ചുവടുകൾക്കൊപ്പമാണ് കരിയാട്ടം അരങ്ങേറിയത്. 11 ഗജവീരന്മാരും നൂറുകണക്കിന് കരിവീര വേഷധാരികളും പങ്കെടുത്തു.

കോന്നിയുടെ സാംസ്‌കാരിക പൈതൃകം ലോകത്തോട് വിളിച്ചോതുന്ന കരിയാട്ടം പൊതുജനപങ്കാളിത്തതാലും ചരിത്രത്തിൽ ഇടം നേടി. തൃശൂർ പുലികളിക്ക് സമാനമായി ചരിത്രത്തിൽ ആദ്യമായി ആനയെ കേന്ദ്ര കഥാപാത്രമാക്കി കോന്നിയിൽ നിന്നും ഉദയം കൊണ്ട പുതിയ കലാരൂപമാണ് കരിയാട്ടം. നൂറ്റാണ്ടുകൾ പഴക്കമുള്ള കോന്നിയൂരിന്റെ ചരിത്രവും പൈതൃകവുമാണ് കരിയാട്ടത്തിലൂടെ പുനർജനിച്ചത്. അഡ്വ. കെ.യു. ജനീഷ് കുമാർ എംഎ‍ൽഎ മുഖ്യസംഘാടകനായാണ് കരിയാട്ടം ഒരുക്കിയത്.

വൈകിട്ട് നാലിന് മാമ്മൂട് ജങ്ഷനിൽ നിന്നും ഗജ വീരന്മാരും നൂറുകണക്കിന് കരിവീര വേഷധാരികൾ അണിനിരന്ന മത്സര ഘോഷയാത്ര ആരംഭിച്ചു. താളമേളങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളുന്ന മത്സര ഘോഷയാത്ര ജങ്ഷനിൽ വിവിധ പഞ്ചായത്തുകളുടെ സാംസ്‌കാരിക ഘോഷയാത്രകളുമായി സംഗമിച്ച് സംയുക്തമായി കെ.എസ്.ആർ.ടി.സി മൈതാനിയിൽ സമാപിച്ചു.

സമാപന സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.യു. ജനീഷ് കുമാർ എംഎ‍ൽഎ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ കലാസന്ധ്യ ഉദ്ഘാടനം ചെയ്തു .ചലച്ചിത്ര തരങ്ങളായ ഭാമ, അൽ സാബിത്, നിയ ശങ്കരത്തിൽ, മുൻ ദേവസ്വം ബോർഡ് മെമ്പർ എം. ബി. ശ്രീകുമാർ, സി. രാധാകൃഷ്ണൻ, രാജേഷ് ആക്ലേത്ത്, എൻ. ശശിധരൻ നായർ, രാജഗോപാൽ നായർ, എൻ. നവനിത്ത്, ഷാജി. കെ. സാമുവൽ, പി. ആർ. പ്രേമോദ്, ശ്യവം ലാൽ, ബിനോജ്.എസ്. നായർ, എൻ. എസ്. മുരളി മോഹൻ, ജി. ബിനു കുമാർ, ജോജോ മോദി, എ. ദീപകുമാർ, സംഗേഷ്. ജി. നായർ, സി. സുമേഷ്, എം. അനീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

നഗരം കീഴടക്കി ഗജവീരന്മാരുടെ കരിയാട്ടം കാണികളിൽ കൗതുകവുംആവേശവും ഉണർത്തി. സംസ്ഥാനത്തു തന്നെ ആദ്യമായി നടന്ന കരിയാട്ടം പുത്തൻ അനുഭവമായി. പ്രതികൂല കാലാവസ്ഥയിലും കോന്നിയിലെ കരിയാട്ടം കാണാൻ ആയിരങ്ങൾ ഒഴുകിയെത്തി. ഇന്നലെ ഉച്ച കഴിഞ്ഞ് കോന്നിയിലേക്കുള്ള വഴികളും ജനങ്ങളെ കൊണ്ട് നിറഞ്ഞു. തുടക്കത്തിലെ ചാറ്റമഴ കനത്ത മഴയിലേക്ക് മാറിയപ്പോഴും കരിയാട്ടം വരവേൽക്കാൻ എത്തിയവർ പിരിഞ്ഞു പോയില്ല. ഗജവീരന്മാരുടെ കരിയാട്ടം കാണികളെ ആവേശത്തേരിലേറ്റി.

ഇന്നലെ ഉച്ച മുതൽ തന്നെ സംസ്ഥാന പാതയിലെ ചന്ത മൈതാനി മുതൽ മമ്മൂട് വരെയുള്ള ഇരുവശങ്ങളിലും സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ആളുകൾ കരിയാട്ടം കാണാൻ തടിച്ചു കൂടിയിരുന്നു. മഴ ശക്തമായി തുടരുമ്പോഴും നിയോജക മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ആയിരങ്ങൾ എത്തിച്ചേർന്നു കൊണ്ടിരുന്നു. തൃശൂർ പുലികളിയുടെ മാതൃകയിൽ ഗജമുഖവും, വേഷവും ധരിച്ച 250 കരിവീരന്മാരുടെ കരിയാട്ടം കാണികളിൽ ഏറെ കൗതുകവും ആവേശവും ഉണർത്തി. തലയെടുപ്പുള്ള 11 ഗജവീരന്മാരുടെ പിന്നിൽ അണിനിരന്ന കരിവീരന്മാർ താളാത്മകമായ ചുവടുകളോടെയും താളമേളങ്ങളുടെയും അകമ്പടിയോടെ മാമ്മൂട്ടിൽ നിന്നും ആരംഭിച്ച് കോന്നി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നത്. മണ്ഡലത്തിലെ 11 പഞ്ചായത്തുകളിലെ കലാരൂപങ്ങളും സാംസ്‌കാരിക ഘോഷയാത്രകളും കരിയാട്ടത്തെ അനുഗമിച്ചിരുന്നു.