കോന്നി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ രാഷ്ട്രീയക്കളിയുമായി ഇടതു സർക്കാർ. കോന്നി കേന്ദ്രീയ വിദ്യാലയത്തിന് സ്വന്തമായി കോടികൾ മുടക്കി നിർമ്മിച്ച കെട്ടിടത്തിലേക്ക് റോഡ് നിർമ്മിക്കുന്നത് തടഞ്ഞു കൊണ്ട് കൃഷി വകുപ്പ് രംഗത്തു വന്നു. വിചിത്രമായ വാദങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള കൃഷി വകുപ്പിന്റെ നടപടിക്കെതിരേ സിറ്റിങ് എംപി ആന്റോ ആന്റണി നാളെ കുത്തിയിരുപ്പ് സമരം നടത്തും. മുൻപ് കോന്നി മെഡിക്കൽ കോളജിനെതിരേ സിപിഎം സ്വീകരിച്ച അതേ നയം തന്നെയാണ് നിലവിൽ കേന്ദ്രീയ വിദ്യാലയത്തിനെതിരേയും ഉണ്ടായിരിക്കുന്നത്. അടൂർ പ്രകാശ് മന്ത്രിയായിരിക്കുമ്പോൾ കൊണ്ടു വന്ന കോന്നി മെഡിക്കൽ കോളജ് അട്ടിമറിക്കാൻ ഒന്നാം പിണറായി സർക്കാർ ശ്രമിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അടുർ പ്രകാശ് ആറ്റിങ്ങലിൽ നിന്ന് എംപിയായതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോന്നിയിൽ ജനീഷ്‌കുമാർ എംഎ‍ൽഎ ആയി. അതിന് ശേഷമാണ് മെഡിക്കൽ കോളജ് പണി പൂർത്തിയാക്കിയതും പ്രവർത്തനം തുടങ്ങിയതും. ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജയ്ക്ക് അതുവരെ കോന്നി മെഡിക്കൽ കോളജ് ആനകേറാമലയും നടക്കാത്ത പദ്ധതിയുമായിരുന്നു. എന്നാൽ സ്വന്തം പാർട്ടിക്കാരൻ എംഎൽഎ ആയപ്പോൾ അവിടം സ്വപ്നപദ്ധതിയുമായി.

ഏതാണ്ടിതേ നിലപാട് തന്നെയാണ് ഇപ്പോൾ കേന്ദ്രീയവിദ്യാലയത്തിനു നേരെയും സ്വീകരിച്ചിരിക്കുന്നത്. ഇക്കുറിയും ആന്റോ ആന്റണി തന്നെ പത്തനംതിട്ടയിൽ മത്സരിക്കുമെന്നാണ് സൂചന. അതിനുള്ള മുന്നൊരുക്കങ്ങൾ നടന്നു വരുന്നു. സിപിഎം സ്ഥാനാർത്ഥി ഡോ. തോമസ് ഐസക്കാണ്. അതിന് വേണ്ടി ഐസക്ക് ഇവിടെ കളം നിറഞ്ഞ് കളിക്കുന്നു. അതിനിടെയാണ് കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള റോഡ് വിവാദമാക്കിയിരിക്കുന്നത്. റോഡ് കൂടി പൂർത്തിയായാൽ കെട്ടിട നിർമ്മാണം ഏതാണ്ട് അന്തിമഘട്ടത്തിലേക്ക് കടക്കും. അതുണ്ടാകാതിരിക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ ഇപ്പോൾ നടത്തുന്നത് എന്നാണ് ആരോപണം. അതേ സമയം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സർക്കാരിന്റെ രാഷ്ട്രീയക്കളി ആന്റോയ്ക്ക് ഗുണകരമാകുമെന്ന് വിലയിരുത്തുന്നു. സർക്കാർ നടപടിക്കെതിരേ എംപി സമരം ചെയ്യുന്നതോടെ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ അടക്കം തിരിയും. ഇതു മനസിലാക്കാതെയാണ് ഇപ്പോഴുള്ള സർക്കാർ നടപടി എന്നാണ് ആക്ഷേപം.

കേന്ദ്രീയ വിദ്യാലയത്തിലേക്ക് പുതിയ റോഡ് കൃഷി വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തു കൂടി വേണം നിർമ്മിക്കേണ്ടത്. സാങ്കേതികമായ തടസവാദങ്ങൾ ഉന്നയിച്ച് കൃഷിവകുപ്പ് രംഗത്തെത്തിയതോടെ നിർമ്മാണം തടസപ്പെട്ടിരിക്കുകയാണ്. നിലവിലുള്ള റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നതിനായി എംപി ഫണ്ടിൽ നിന്നും തുക അനുവദിച്ചിരുന്നു. ഇതു വിനിയോഗിക്കുന്നതിനായി കൃഷി വകുപ്പിന്റെ അനുമതി ലഭ്യമാകേണ്ടതുണ്ട്. റോഡ് നിർമ്മാണം കൃഷിവകുപ്പ് തടസപ്പെടുത്തുന്നുവെന്നാണ് ആക്ഷേപം. വകുപ്പിന്റെ അധീനതയിലുണ്ടായിരുന്ന പഴയ കോന്നി മുളകുകൊടിത്തോട്ടമാണ് മെഡിക്കൽ കോളജ് കാമ്പസിനായി കൈമാറിയത്. ഇതിലൊരു ഭാഗത്താണ് കേന്ദ്രീയ വിദ്യാലയം കെട്ടിടം നിർമ്മാണം തുടങ്ങിയത്. റോഡിനു വേണ്ടി സ്ഥലം കൈമാറിയിട്ടില്ലെന്ന സാങ്കേതിക ന്യായമാണ് കൃഷിവകുപ്പ് ഉന്നയിക്കുന്നത്.

റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കുന്ന മുറയ്ക്ക് തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിരുന്നു. മെഡിക്കൽ കോളജ് റോഡിൽ കേന്ദ്രീയ വിദ്യാലയ ജങ്ഷനിൽ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച ബസ് കാത്തിരിപ്പു കേന്ദ്രം തുറന്നിരുന്നു. കേന്ദ്രീയ വിദ്യാലയം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് കുട്ടികൾ പുതിയ കെട്ടിടത്തിലേക്ക് മാറാനിരിക്കുമ്പോൾ അതിനു വഴി മുടക്കുന്ന നടപടി ഒരു കാരണവശാലും ന്യായീകരിക്കാവുന്നതല്ലെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. മെഡിക്കൽ കോളജ് റോഡിൽ നിന്നും നിലവിലുള്ള റോഡ് വികസിപ്പിക്കുന്നതിനാണ് അനുമതി തേടിയത്. ഭരണാനുമതി ലഭിച്ച പദ്ധതി തുരങ്കം വയ്ക്കാനുള്ള ശ്രമം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

റോഡ് കടന്നു പോകുന്നത് ഭൂരിഭാഗവും കൃഷിവകുപ്പിന്റെ വസ്തുവിലൂടെയാണ്. എൻ.ഓ.സി നിഷേധിച്ച് നിർമ്മാണം തടസപ്പെടുത്താനാണ് കൃഷിവകുപ്പ് ശ്രമിക്കുന്നത്. വികസന പദ്ധതികൾക്ക് തുരങ്കം വയ്ക്കാൻ സർക്കാർ വകുപ്പ് തന്നെ നേരിട്ട് ഇറങ്ങുന്നത് ചരിത്രത്തിലാദ്യമായിട്ടാണെന്നും എംപി പറഞ്ഞു. കൃഷിഭൂമി മറ്റ് ആവശ്യങ്ങൾക്ക് വിട്ടു കൊടുക്കാനാകില്ലെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ ഉത്തരവ്. ഈ സ്ഥലത്ത് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ എന്തു കൃഷിയാണ് നടത്തിയിട്ടുള്ളതെന്നു കൂടി വ്യക്തമാക്കണം. മുൻപ് കൃഷിവകുപ്പിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലത്താണ് മെഡിക്കൽ കോളജ് അടക്കം പദ്ധതികൾ വന്നത്. നേരത്തെ വെയ്റ്റിങ് ഷെഡ് സ്ഥാപിച്ചപ്പോഴും കൃഷിയിടമെന്ന പേരിൽ തർക്കവുമായി വകുപ്പ് രംഗത്തെത്തിയിരുന്നുവെന്ന് എംപി ചൂണ്ടിക്കാട്ടി.

രാജ്യത്തെ തന്നെ ഏറ്റവും വലിയ കേന്ദ്രീയ വിദ്യാലയ സമുച്ചയമാണ് കോന്നിയിൽ പൂർത്തീകരിച്ചിട്ടുള്ളതെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. 29 കോടി രൂപ ചെലവഴിച്ച് മെഡിക്കൽ കോളജിനു സമീപമുള്ള എട്ട് ഏക്കറിലാണ് പുതിയ കേന്ദ്രീയ വിദ്യാലയം നിർമ്മിച്ചിട്ടുള്ളത്. രാജ്യാന്തര നിലവാരത്തിലുള്ള കെട്ടിട സമുച്ചയമാണ് കേന്ദ്രീയ വിദ്യാലയത്തിന്റേത്. പുതിയ കെട്ടിടത്തിലേക്ക് കുട്ടികളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്. 4500 ചതുരശ്ര മീറ്ററിൽ ആധുനിക നിലവാരത്തിലുള്ള 24 ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.ജീവനക്കാർക്കായി 17 ക്വാർട്ടേഴ്സുകളും കാമ്പസിലുണ്ട്. മൾട്ടി പർപ്പസ് ഇൻഡോർ ഹാൾ, ബാസ്‌കറ്റ് ബോൾ, ഫുട്ബോൾ കോർട്ടുകൾ, ഓഡിറ്റോറിയം എന്നിവയും പുതിയ കേന്ദ്രീയ വിദ്യാലയ സമുച്ചയത്തിലുണ്ട്. ജില്ലയിലെ മൂന്നാമത്തെ കേന്ദ്രീയ വിദ്യാലയമാണ് കോന്നിയിലേത്. അടൂർ, ചെന്നീർക്കര കേന്ദ്രീയ വിദ്യാലയങ്ങൾ നിലവിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുകയാണ്. അട്ടച്ചാക്കൽ സെന്റ് ജോർജ് സ്‌കൂൾ കേന്ദ്രീകരിച്ചാണ് നിലവിൽ കോന്നി കേന്ദ്രീയ വിദ്യാലയത്തിന്റെ പ്രവർത്തനം.

കേന്ദ്രീയ വിദ്യാലയം റോഡ് നിർമ്മാണം തടസപ്പെടുത്തുന്ന കൃഷിവകുപ്പ് നിലപാടുകൾക്കെതിരേ യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നാളെ രാവിലെ പത്തിന് ആന്റോ ആന്റണി എംപി സത്യഗ്രഹം നടത്തും. നിലപാട് തിരുത്താൻ കൃഷിവകുപ്പ് തയാറാകുന്നില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനമെന്ന് ജില്ലാപഞ്ചായത്തംഗം റോബിൻ പീറ്റർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സന്തോഷ് കുമാർ എന്നിവർ പറഞ്ഞു.