പത്തനംതിട്ട: സ്വന്തം ഹോട്ടലുള്ളവൻ ഊണ് കഴിക്കാൻ വേറെ ഹോട്ടലിൽ പോയി എന്ന് പറയുന്നതു പോലെയാണ് കോന്നി സർക്കാർ മെഡിക്കൽ കോളജിന്റെ അവസ്ഥ. ഇവിടെയുള്ള ജീവനക്കാർക്കോ വിദ്യാർത്ഥികൾക്കോ പോലും എന്തെങ്കിലും അസുഖം വന്നാൽ വേറെ ആശുപത്രികളെ സമീപിക്കേണ്ട ഗതികേടാണ്. മെഡിക്കൽ കോളജ് കാമ്പസിൽ വീണ് കൈയൊടിഞ്ഞ മെഡിക്കൽ വിദ്യാർത്ഥിനി കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസ തേടി. ഇവിടുത്തെ ഇല്ലായ്മകൾ പുറത്തു പറയരുതെന്നാണ് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും നൽകിയിരിക്കുന്ന നിർദ്ദേശം. പറഞ്ഞാൽ വിവരമറിയുമെന്ന ഭീഷണിയും നിലനിൽക്കുന്നു. ഇവിടെ ജോലി ചെയ്യുന്നവർ അസംതൃപ്തരാണ്. ഇക്കാര്യം ഇവർ നേരിൽ കണ്ടാൽ പറയും. അതും ഭയപ്പാടോടെ.

പുറമേ കൊട്ടിഘോഷിക്കുന്നതു പോലെയല്ല മെഡിക്കൽ കോളജിന്റെ അവസ്ഥ എന്നതാണ് യാഥാർഥ്യം. വളരെ ദയനീയമാണ് കാര്യങ്ങൾ. ഞായറാഴ്ച രാത്രി മെഡിക്കൽ കോളജ് കാമ്പസിൽ വീണ് കൈയൊടിഞ്ഞ മെഡിക്കൽ വിദ്യാർത്ഥിനിയെ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകേണ്ടി വന്നു. കുട്ടികൾ താമസിക്കുന്ന കെട്ടിടത്തിലേക്ക് പോകുമ്പോൾ മാർബിളിൽ തട്ടി വീണാണ് കൈയൊടിഞ്ഞത്. അവസ്ഥ ഗുരുതരമായതു കൊണ്ടാണ് കോട്ടയത്തേക്ക് കൊണ്ടു പോകേണ്ടി വന്നതെന്നാണ് ഇവിടെയുള്ളവർ പറയുന്നത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മെഡിക്കൽ കോളജിന്റെ പേര് ഉപയോഗിക്കുകയാണെന്നും ഇവിടെ ഒരു ക്ലിനിക്കിന്റെ സൗകര്യം പോലുമില്ലെന്നും നേരത്തേ യുഡിഎഫ് ആരോപിച്ചിരുന്നു. അത് സത്യമാണെന്ന് തെളിയിക്കുന്ന വിധമാണ് ഇവിടെ നടക്കുന്ന കാര്യങ്ങൾ.

കോന്നി കിഴവള്ളൂരിൽ രണ്ടാഴ്ച മുൻപ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിലേക്കും പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കുമാണ് കൊണ്ടു പോയത്. തൊട്ടടുത്തുള്ള കോന്നി മെഡിക്കൽ കോളജ് എന്താണ് കാഴ്ച വസ്തുവാണോ എന്ന് ചോദ്യം അന്ന് ഉയർന്നിരുന്നു. ഓ.പി പോലും നേരായ രീതിയിൽ പ്രവർത്തിക്കുന്നില്ല എന്നാണ് അറിവ്. 80 എം.ബി.ബി.എസ് വിദ്യാർത്ഥികൾ പഠിക്കുന്ന ഇവിടെ ഉച്ചയ്ക്ക് 12 മണിയാകുന്നതോടെ ചികിൽസാ നടപടികൾ പൂർത്തിയാകും. പിന്നെ ഇവിടേക്ക് ആരും ചെല്ലേണ്ടതില്ലെന്ന് നാട്ടുകാർ പറയുന്നു. സുസജ്ജമായ ലാബ്, ഓപ്പറേഷൻ തീയറ്റർ, അനുബന്ധ സൗകര്യങ്ങൾ എന്നിവയെല്ലാം ഇവിടെ ഉണ്ടെന്നാണ് സ്ഥലം എംഎ‍ൽഎ കെ.യു. ജനീഷ്‌കുമാർ പറയുന്നത്. എംഎൽഎയുടേത വെറും തള്ളു മാത്രമാണെന്ന് യുഡിഎഫും ആരോപിച്ചിരുന്നു.

മെഡിക്കൽ കോളജിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് പകരം ഇവിടെ നിന്നുള്ള ഇല്ലായ്മയുടെയും അപാകതയുടെയും വാർത്തകൾ പുറം ലോകമറിയാതിരിക്കാൻ എംഎ‍ൽഎയും അണികളും ആഞ്ഞ് ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണത്രേ ഇവിടുത്തെ കാര്യങ്ങൾ പുറംലോകം അറിയുന്നതിനും മാധ്യമങ്ങളോട് സംസാരിക്കുന്നതിനും അപ്രഖ്യാപിത വിലക്കേർപ്പെടുത്തിട്ടിയുള്ളത്. എന്നിട്ടും കഴിഞ്ഞ ദിവസം ഇവിടെ വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയും സമരം നടത്തുകയും ചെയ്തുവെന്ന വാർത്ത പുറത്തു വരുന്നു. ശുദ്ധജലം ഇല്ലെന്നും ആവശ്യത്തിന് ശുചിമുറികൾ ഇല്ലെന്നും പറഞ്ഞായിരുന്നു സമരം. വാട്ടർ പ്യൂരിഫയർ സംവിധാനം കേടായിട്ട് ദിവസങ്ങളായി. മുൻപ് നന്നാക്കിയ കമ്പനിക്ക് പണം കൊടുക്കാതിരുന്നതിനാൽ അവർ ഇപ്പോൾ തിരിഞ്ഞു നോക്കുന്നില്ല. ഇതു കാരണം ശുചിമുറികൾ അടച്ചിട്ടിരിക്കുന്നു. അപരിചിതർ രാത്രികാലങ്ങളിൽ കാമ്പസിൽ കറങ്ങുന്നുവെന്ന ആക്ഷേപവും ശക്തമാണ്.