- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മണ്ണുമാന്തി യന്ത്രത്തിന്റെ ക്യാബിന് മുകളില്‍ വലിയ പാറകള്‍ മൂടിയ നിലയില്‍; വീണ്ടും പാറയിടിയുന്നത് വെല്ലുവിളി; വലിയ ക്രെയിന്‍ എത്തിച്ച് ദൗത്യം തുടരാന്‍ ശ്രമം; കോന്നി പയ്യനാമണ്‍ പാറമടയിലെ രക്ഷാദൗത്യം സങ്കീര്‍ണം
കോന്നി പയ്യനാമണ്‍ പാറമടയിലെ രക്ഷാദൗത്യം സങ്കീര്‍ണം
പത്തനംതിട്ട: പയ്യനാമണ്‍ അടുകാട് ചെങ്കുളം പാറമടയില്‍ പാറ ഇടിഞ്ഞു വീണ് കാണാതായ അതിഥി തൊഴിലാളിക്കു വേണ്ടിയുള്ള രക്ഷാദൗത്യം സങ്കീര്‍ണം. പാറപൊട്ടിക്കുന്ന യന്ത്രത്തിന്റെ ഡ്രൈവര്‍ ബിഹാര്‍ സിമര്‍ല ജമുയ് ഗ്രാം സിമര്‍ലിയ അജയ് കുമാര്‍ റായിയെ (38) ആണ് കാണാതായത്. അപകട സ്ഥലത്തെത്തിയ ദൗത്യസംഘത്തിന് വെല്ലുവിളിയായി വീണ്ടും പാറയിടിഞ്ഞു. ഇതോടെ ദൗത്യം താത്കാലികമായി നിര്‍ത്തിവെച്ചു. പാറ ഇടിയുന്നതിനാല്‍ ദൗത്യം സങ്കീര്‍ണമാണ്. വലിയ യന്ത്രങ്ങള്‍ എത്തിച്ച ശേഷം വീണ്ടും രക്ഷാദൗത്യം തുടങ്ങും.
രാവിലെ പ്രത്യേക റോപ്പുകള്‍ ഉപയോഗിച്ച് ഹിറ്റാച്ചി കിടക്കുന്ന സ്ഥലത്തെത്തി ദൗത്യസംഘത്തിലെ നാല് പേര്‍ പരിശോധന നടത്തി. മണ്ണുമാന്തി യന്ത്രത്തിന്റെ ക്യാബിന് മുകളില്‍ വലിയ പാറകള്‍ മൂടിയ നിലയിലാണ്. വലിയ ക്രെയിന്‍ എത്തിച്ചാല്‍ മാത്രമേ ദൗത്യം മുന്നോട്ട് കൊണ്ടുപോകാനാകൂ എന്നാണ് വിലയിരുത്തല്‍. വീണ്ടും പാറയിടിയുന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളിയാണ്.
ഹിറ്റാച്ചിയുടെ ക്യാബിന്‍ മുഴുവനായും പാറ മൂടി കിടക്കുകയാണ്, മനുഷ്യശേഷി ഉപയോഗിച്ച് പാറക്കഷ്ണങ്ങള്‍ മാറ്റാന്‍ കഴിയില്ലെന്നും ക്രെയിന്‍ എത്തിക്കേണ്ടിവരുമെന്നും ഫയര്‍ഫോഴ്‌സ് ജില്ലാ മേധാവി പ്രതാപ് ചന്ദ്രന്‍ പ്രതികരിച്ചു. ക്യാബിന് മുകളിലുള്ള പാറക്കഷ്ണങ്ങള്‍ മാറ്റാനാണ് ദൗത്യ സംഘം ഇറങ്ങിയതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അത് പൂര്‍ത്തിയാക്കി അവര്‍ തിരികെ കയറി. ഇനി വലിയ ക്രെയിന്‍ എത്തിച്ച ശേഷം ദൗത്യം തുടരുമെന്ന് കളക്ടര്‍ പ്രേം കൃഷ്ണന്‍ പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് കോന്നി പയ്യനാമണ്‍ പാറമടയില്‍ അപകടമുണ്ടായത്. അപകടത്തില്‍ പാറക്കടിയില്‍പ്പെട്ടുപോയ ഒഡീഷാ സ്വദേശി മഹാദേവിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഇനി കണ്ടെത്താനുള്ള ബീഹാര്‍ സ്വദേശിക്കായിട്ടാണ് തെരച്ചില്‍ നടത്തുന്നത്. പാറ പൊട്ടിക്കലിന് മുന്നോടിയായി തട്ട് ഒരുക്കുന്നതിനിടെയാണ് ഹിറ്റാച്ചിക്ക് മുകളിലേക്ക് മലയിടിഞ്ഞ് വീണത്. അടിയില്‍പ്പെട്ടുപോയ ഇതര സംസ്ഥാന തൊഴിലാളികളെ പുറത്തെടുക്കാന്‍ ഫയര്‍ഫോഴ്‌സ് സംഘത്തിന് പോലും കഴിയാത്ത സ്ഥിതിയായിരുന്നു. ഫയര്‍ഫോഴ്‌സ് സംഘത്തിന് പുറമേ 27 അംഗ എന്‍ഡിആര്‍എഫ് സംഘവും ദൗത്യത്തിന്റെ ഭാഗമാകും.
ആഴമേറിയ വലിയ പാറമടയുടെ മുകള്‍ ഭാഗത്തുനിന്നു മണ്ണും പാറയുമടക്കം ഇടിഞ്ഞ് പാറപൊട്ടിക്കുന്ന യന്ത്രത്തിലേക്കു പതിക്കുകയായിരുന്നു. യന്ത്രത്തിനുള്ളിലുണ്ടായിരുന്ന തൊഴിലാളിയും സഹായിയുമാണ് അപകടത്തില്‍പെട്ടത്. മണിക്കൂറുകള്‍ക്ക് ശേഷം വൈകിട്ട് 6.15നാണ് മറ്റൊരു യന്ത്രം എത്തിച്ച് പാറ പൊട്ടിച്ച ശേഷം വഴിയൊരുക്കി അഗ്‌നിരക്ഷാസേന മൃതദേഹം കിടന്നിരുന്ന ഭാഗത്ത് എത്തിയത്. യന്ത്രമുപയോഗിച്ച് പാറ മാറ്റിയാണു മൃതദേഹം പുറത്തെടുത്തത്. ക്വാറിക്ക് അടുത്ത വര്‍ഷംവരെ ലൈസന്‍സ് ഉണ്ടെന്ന് അധികൃതര്‍ പറയുന്നു. പ്രവര്‍ത്തനം സംബന്ധിച്ച് കലക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
അനുമതി ഇല്ലാതെയാണ് ചെങ്കുളത്ത് ക്വാറിയുടെ പ്രവര്‍ത്തനം എന്ന് നാട്ടുകാര്‍ ആരോപിച്ചെങ്കിലും ജിയോളജി വകുപ്പിന്റെ അനുമതി ഉണ്ടെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഖനനത്തിന്റെ അളവ് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചു അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ ജിയോളജി വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. ക്വാറിക്ക് അനുമതി ഇല്ലെന്നാണ് പരാതി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.