പാലക്കാട്: ധോണിയെ വിറപ്പിച്ച പി ടി സെവനെ പൂട്ടാനുള്ള ദൗത്യത്തിന്റെ ഭാഗമായി ഇന്നലെ ശ്രദ്ധ നേടിയത് കുങ്കിയാനയായ കോന്നി സുരേന്ദ്രൻ ആയിരുന്നു. വനപാലകരുടെയും നാട്ടുകാരുടെയും പ്രിയങ്കരനാണ് കോന്നി സുരേന്ദ്രൻ. ശരിക്കും വനംവകുപ്പുകാർ പോറ്റി വളർത്തിയതാണ് ഈ മിടുക്കനെ. ഇന്ന് കുങ്കിയാനകളുടെ നേതാവായ സുരേന്ദ്രനൊപ്പം ദൗത്യത്തൽ പങ്കാളികളായത് വിക്രമും ഭരതനുമാണ്.

ശബരിമല വനത്തിൽനിന്നാണ് സുരേന്ദ്രനെ വനം വകുപ്പിന് ലഭിക്കുന്നത്. പത്തനംതിട്ട- നാട്ടുകാർ ഒന്നടങ്കം എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തടഞ്ഞിട്ടും നിൽക്കാതിരുന്ന കോന്നി സുരേന്ദ്രൻ പി ടി സെവനെ തടഞ്ഞു നിർത്തി. ഒരു ഗ്രാമത്തെ ഏറെക്കാലമായി വിറപ്പിച്ച പി ടി സെവൻ എന്ന കാട്ടാനയെ വനപാലക സംഘം മയക്കുവെടിക്ക് വിധേയമാക്കിയപ്പോൾ എല്ലാ ഒത്താശയും ചെയ്ത് ഒപ്പം നിന്നത് കോന്നി സുരേന്ദ്രൻ എന്ന കുങ്കി ആനയാണ്. ഒരു കാലത്തു കോന്നിക്കാരുടെ ഇഷ്ടതോഴനായിരുന്നു സുരേന്ദ്രൻ. ശബരിമല വനത്തിൽനിന്നു കിട്ടിയ ഈ കുട്ടിക്കൊമ്പനെ കുപ്പിപ്പാൽ വരെ നൽകിയാണ് ഇവിടെ ആന പരിപാലന കേന്ദ്രത്തിൽ വനപാലകരും നാട്ടുകാരും സംരക്ഷിച്ചത്.

പരിശീലനത്തിൽ മുൻനിരയിൽ എത്തിയ സുരേന്ദ്രനെ തട്ടി എടുക്കാൻ അന്നേ മറ്റ് മേഖല പരിശീലന കേന്ദ്രക്കാർ ശ്രമിച്ചിരുന്നു. മുതുമലയിലേക്ക് കുട്ടിക്കൊമ്പനെ കൊണ്ടുപോകാൻ ഉത്തരവ് വന്നതോടെ നാട്ടുകാർ സംഘടിക്കുകയും ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും ചെയ്തു. മുൻ മന്ത്രി കൂടി ആയ അടൂർ പ്രകാശായിരുന്നു അന്ന് എംഎൽഎ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സമരവും സംഘടിപ്പിച്ചു. സുരേന്ദ്രനെ വിട്ടു നൽകിയാൽ രണ്ട് ആനകളെ മടക്കി നൽകാം എന്ന ഉറപ്പും വനം വകുപ്പ് മുന്നോട്ടുവെച്ചു. ഇതും നാട്ടുകാർ സമ്മതിച്ചില്ല.

മുതല മലയിലേക്ക് കൊണ്ട് പോകാൻ ലോറിയിൽ കയറ്റിയപ്പോൾ വീണ്ടും തർക്കം ഉണ്ടാകുകയും തിരിച്ചിറകുകയും ചെയ്തു. അന്ന് 18 വയസായിരുന്നു പ്രായം. പിന്നീട് രാത്രിയുടെ മറവിൽ കോന്നിയിൽനിന്നു സുരേന്ദ്രനെ മുത്തങ്ങയിലേക്ക് മാറ്റി. പരിശീലനത്തിന് ശേഷം മടക്കി നൽകാം എന്ന ഉറപ്പും. എന്നാൽ വർഷം അഞ്ചു കഴിയുമ്പോഴേക്കും സുരേന്ദ്രൻ കുങ്കി ആനകളുടെ നേതാവായി. ഇതോടെ കോന്നിയിലേക്കുള്ള മാറ്റം ഉണ്ടായില്ല. എങ്കിലും കോന്നിയിലെ കവല പ്രസംഗങ്ങളിൽ സുരേന്ദ്രൻ നിറയാറുണ്ട്.

തമിഴ്‌നാട്ടിലാണ് സുരേന്ദ്രന് കുങ്കി പരിശീലനം നൽകിയത്. ശബരിമല രാജാമ്പാറയിൽനിന്നു ലഭിച്ച കുട്ടിക്കൊമ്പനെ വനം വകുപ്പിന്റെ ജീപ്പിലാണ് അന്ന് കോന്നി ആനത്താവളത്തിൽ എത്തിച്ചത്. കോട്ടൂരിൽ 27 ആനകൾ ഉള്ളപ്പോൾ സുരേന്ദ്രനെ തന്നെ പരിശീലനത്തിനു കൊണ്ടുപോകുന്നത് എന്തിനെന്നായിരുന്നു നാട്ടുകാർ ഉന്നയിച്ച ചോദ്യം. അന്ന് വനം വകുപ്പിന്റ കീഴിലുള്ള ആനകളെ എല്ലാം നിരീക്ഷിച്ച ശേഷമാണ് സുരേന്ദ്രനെ തെരഞ്ഞെടുത്തത്.

മറ്റെല്ലാ മികവിനും പുറമേ അൽപം ചട്ടമ്പിത്തരമുള്ള ആനയെ മാത്രമേ കുങ്കിയാന പരിശീലനത്തിന് അയയ്ക്കാനാവൂ എന്നാണ് ചട്ടം. മറ്റുള്ളവയെ ഭയമില്ലാത്ത ആനയ്ക്ക് മാത്രമേ കാട്ടാനയെ തുരത്താൻ കഴിയു എന്നായിരുന്നു വനം വകുപ്പിന്റെ വിശദീകരണം. വർഷങ്ങൾക്ക് ശേഷം സുരേന്ദ്രൻ മാധ്യമങ്ങളിൽ നിറയുമ്പോൾ കോന്നിയിൽ വീണ്ടും പഴയ സുരേന്ദ്രൻ കഥകൾ അയവിറക്കുകയാണ് നാട്ടുകാർ.

ഇന്നലെ സുരേന്ദ്രനൊപ്പം കട്ടയ്ക്ക് നിന്നത് വിക്രമും ഭരതനുമായിരുന്നു. ശരിക്കും ഒരു കുങ്കി വിജയം കൂടിയാണ് ഇന്നലത്തെ പരിശ്രമം. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററായിരുന്ന സുരേന്ദ്രനാഥൻ ആചാരിയുടെ പേരു ചേർത്തായിരുന്നു സുരേന്ദ്രനെ അങ്ങനെ വിളിച്ചത്. വയനാട് വന്യജീവി സങ്കേതത്തിൽ മുത്തങ്ങയോടു ചേർന്ന മേഖലകളെ വിറപ്പിച്ച കല്ലൂർ കൊമ്പനും വടക്കനാട് കൊമ്പനുമാണ് ഇപ്പോൾ ഭരതനും വിക്രമും. 2016ൽ വയനാട് കല്ലൂരിലെ കൃഷിയിടങ്ങളിൽ സ്ഥിരം പ്രശ്‌നക്കാരനെ നാട്ടുകാർ കല്ലൂർ കൊമ്പനെന്നു വിളിച്ചു. ഒന്നു കയറിയും മറ്റൊന്ന് ഇറങ്ങിയും കൊമ്പുള്ളവൻ. കല്ലൂർ രാജീവ് ഗാന്ധി ആശ്രമം സ്‌കൂളിനു സമീപം ഒരാളെ ആക്രമിച്ചു പരുക്കേൽപ്പിച്ചതോടെ 2016 നവംബർ 22നു മയക്കുവെടി വച്ചു പിടികൂടി കൂട്ടിലാക്കുകയായിരുന്നു. ഈ ആനയ്ക്കു ഭരതനെന്ന പേരു വീണു. ആറാം തമ്പുരാൻ സിനിമയിൽ ഇന്നസന്റ് അവതരിപ്പിച്ച ഭരതൻ എസ്‌ഐ എന്ന കഥാപാത്രമാണ് അതിനു കാരണമായത്.

2017 നവംബർ മുതൽ മുത്തങ്ങയ്ക്കടുത്ത വടക്കനാട് മേഖലയെ വിറപ്പിച്ചവനാണു വടക്കനാട് കൊമ്പൻ. പൊൻകുഴിയിൽ ഗോത്ര വിദ്യാർത്ഥിയായ മഹേഷിനെ കുത്തിക്കൊന്നതോടെ മയക്കുവെടി വച്ചു പിടികൂടി. ഈ കൊമ്പനെ മെരുക്കിയെടുക്കാനും ഏറെക്കാലമെടുത്തു. വിക്രം എന്ന പേരാണ് വടക്കനാട് കൊമ്പന് വനംവകുപ്പ് നൽകിയത്. ചീഫ് വെറ്ററിനറി ഓഫിസറുടെ നേതൃത്വത്തിലുള്ള എട്ടംഗ മയക്കുവെടി സംഘവും ആനയെ കണ്ടെത്താനുള്ള 10 ട്രാക്കർമാരും മൂന്നു കുങ്കിയാനകളും അടങ്ങുന്ന സംഘവും, 45 അംഗ സപ്പോർട്ടിങ് ടീമുമാണു പല ഘട്ടങ്ങളിലായി പി.ടി. ഏഴാമനെ പിടികൂടാൻ കാടു കയറിയത്. ചീഫ് കൺസർവേറ്റർ കെ.വിജയാനന്ദൻ, ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ ശ്രീനിവാസ് കുറെ, അസിസ്റ്റന്റ് കൺസർവേറ്റർ ബി.രഞ്ജിത് എന്നിവർ നേതൃത്വം നൽകി.

വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ച ആനകളാണു കുങ്കിയാനകൾ. നേരത്തേ നാടുവിറപ്പിച്ച കാട്ടാനകളെ പ്രത്യേക പരിശീലനം നൽകിയാണു കുങ്കികളാക്കുന്നത്. കാട്ടാനകളുടെ എല്ലാ ബലവും ബലഹീനതയും അറിയുന്നവരാണ് എന്നതിനാൽ ഇവർ പരിശീലനം കൂടി ലഭിക്കുന്നതോടെ ആനകളെ തുരത്താൻ കഴിവുള്ളവരാകും. കുങ്കി എന്നത് ഉറുദു വാക്കാണ്. മുറിവേറ്റു വീഴുന്ന ആനകളെ രക്ഷിക്കാനും നേരെ നിൽക്കാൻ ബുദ്ധിമുട്ടുള്ള കാട്ടാനകളെ താങ്ങി നിർത്താനും കുങ്കിയാനകളെ ഉപയോഗിക്കുന്നു.