- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ വിനോദ സഞ്ചാരത്തിന് നേതൃത്വം നൽകുന്നത് മുൻ തഹസിൽദാർ; ആളൊന്നുക്ക് നൽകേണ്ടത് 3000 രൂപ; പാറമട ലോബിയുടെ സ്പോൺസർഷിപ്പും സംശയത്തിൽ; വിവാദമായിട്ടും ടൂർ അടിച്ചു പൊളിച്ച് ജീവനക്കാർ; നടപടി ഒഴിവാക്കാൻ സിപിഐ സംസ്ഥാന നേതാവിന്റെ ഇടപെടൽ: അന്വേഷണം അട്ടിമറിയാകുമോ?
കോന്നി: അവധിയെടുത്തും എടുക്കാതെയും കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ നടത്തുന്ന വിനോദസഞ്ചാരം രണ്ടാം ദിവസവും തുടരുന്നു. വിവാദങ്ങൾ തങ്ങളെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കും വിധം ആടിപ്പാടി ജീവനക്കാർ പോകുന്ന ദൃശ്യങ്ങൾ പുറത്തായി. ഇപ്പോഴത്തെ ബഹളവും മാധ്യമശ്രദ്ധയും അടങ്ങുന്നതു വരെ നിശബ്ദത പാലിക്കാനും തുടർ നടപടികൾ ഒഴിവാക്കാനുമുള്ള ശ്രമം സിപിഐയുടെയും ജോയിന്റ് കൗൺസിലിന്റെയും നേതൃത്വത്തിൽ ആരംഭിച്ചു. കോന്നിയിൽ നിന്നുള്ള സിപിഐയുടെ സംസ്ഥാന നേതാവാണ് ഇതിനായി ഇടപെട്ടിരിക്കുന്നത്.
കോന്നിക്ക് സ്വന്തം തഹസിൽദാർ ഉണ്ടെങ്കിലും ടൂർ പ്രോഗ്രാമിന്റെ നേതൃത്വം ഇവിടെ നിന്ന് സ്ഥാനക്കയറ്റം കിട്ടി സ്ഥലം മാറിപ്പോയ മുൻ തഹസിൽദാർക്കാണ്. കൊടുമൺ സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ ഡെപ്യൂട്ടി കളക്ടറാണ്. പാറമട ലോബിയാണ് യാത്രയുടെ മുഖ്യസ്പോൺസർ എന്ന വിവരം പുറത്തുവരുന്നുണ്ട്. ഇതിനായി ഇടനില നിന്നത് പാറമടകളുടെ ഫയൽ പരിശോധിക്കുന്ന ജോയിന്റ് കൗൺസിലുകാരനായ ജീവനക്കാരനാണ്. എല്ലാ സർവീസ് സംഘടനകളുടെയും നേതാക്കളും പ്രവർത്തകരും സംഘത്തിലുണ്ട്. ഇതിൽ എൻ.ജി.ഓ യൂണിയൻകാർ മാത്രമാണ് അവധിയെടുത്ത് പോയിട്ടുള്ളത്.
കോന്നിയിൽ തന്നെയുള്ള ക്രഷർ വ്യാപാരിയുടെ രണ്ട് ടൂറിസ്റ്റ് ബസാണ് ടൂറിന് വിട്ടു നൽകിയിരിക്കുന്നത്. ഇതിന് കരാർ ഒന്നും ഒപ്പിട്ടിട്ടില്ലായിരുന്നു. യാത്ര വിവാദമായതോടെ തിരക്കിട്ട് കരാർ തയാറാക്കിയെന്നും സൂചനയുണ്ട്. സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പായതിനാലും ജോയിന്റ് കൗൺസിലുകാരാണ് യാത്രയ്ക്ക് പിന്നിലുള്ളത് എന്നതിനാലും യാതൊരു നടപടിയും ഉണ്ടാകാനുള്ള സാധ്യത ഇല്ല. ഇപ്പോൾ മന്ത്രി തലത്തിൽ ഇടപെടൽ ഉണ്ടെങ്കിലും അന്വേഷണം അട്ടിമറിക്കപ്പെടുമെന്നാണ് മുൻകാല അനുഭവങ്ങൾ തെളിയിക്കുന്നത്. ജില്ലാ കലക്ടർക്കാണ് അന്വേഷണ ചുമതല. എ.ഡി.എം ഇന്നലെ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് കൊടുത്തിട്ടുണ്ട്.
61 ജീവനക്കാർ ജോലി ചെയ്യുന്ന താലൂക്ക് ഓഫീസിൽ 21 പേർ മാത്രമാണ് ഇന്നലെ ജോലിക്കെത്തിയത്. 39 ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്രക്ക് പോയ സംഭവം വിവാദമായതോടെയാണ് റവന്യൂമന്ത്രി ഡെപ്യൂട്ടി തഹസീൽദാരോട് അടിയന്തിരമായി റിപ്പോർട്ട് ആവശ്യപ്പെട്ടത്. 19 പേർ അവധിക്ക് അപേക്ഷ നൽകിയിരുന്നു. മറ്റുള്ളവർ അവധി അപേക്ഷ നൽകുക പോലും ചെയ്യാതെ അനധികൃതമായി ജോലിയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഇന്നും നാളെയും അവധി ആയതിനാൽ തുടർച്ചയായി രണ്ട് ദിവസത്തെ അവധി കണക്കിലെടുത്താണ് വെള്ളിയാഴ്ചദിവസം അവധി എടുത്തും അനധികൃതമായുമുള്ള ജീവനക്കാരുടെ വിനോദയാത്ര. താലൂക്ക് ഓഫീസിൽ ജീവനക്കാർ ഇല്ലാതായതോടെ വിവിധ ആവശ്യങ്ങൾക്ക് എത്തിയ വികലാംഗരടക്കമുള്ള ആളുകൾ പ്രതിസന്ധിയിലായി.
മലയോര മേഖലയായ കോന്നിയിൽ, ഗവി പോലെയുള്ള ഇടങ്ങളിൽ നിന്നും തലേ ദിവസം യാത്ര തിരിച്ചാൽ മാത്രമേ താലൂക്ക് ഓഫീസിലെത്തി ആവശ്യം നടത്തി മടങ്ങാനാവൂ എന്ന സ്ഥിതി പോലുമുണ്ട്. മറ്റ് വിദൂര മേഖലകളിൽ നിന്നും താലൂക്ക് ഓഫീസിലെത്താനും ഒരു ദിവസത്തെ യാത്ര ആവശ്യമാണെന്നിരിക്കെയാണ് ഉാ്യോഗസ്ഥരുടെ പൊതു ജനങ്ങളെ വലക്കുന്ന നടപടി. മാധ്യമങ്ങളിലുടെ സംഭവം വിവാദമായതോടെ പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധവുമായെത്തുകയും കെ.യു. ജനീഷ് കുമാർ എംഎൽഎ താലൂക്ക് ഓഫീസിൽ പരിശോധന നടത്തി, വിവരം റവന്യു വകുപ്പ് മന്ത്രി കെ രാജനെ ധരിപ്പിക്കുകയുമായിരുന്നു.
തന്റെ പരിശോധനയിൽ ഏറെ ഗുരുതരമായ അവസ്ഥയാണ് താലൂക്ക് ഓഫീസിൽ ഉള്ളത് എന്നും വിവരം റവന്യു മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും കെ.യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. മന്ത്രി പ്രശ്നം ഗൗരവമായി എടുത്തിട്ടുണ്ടെന്നും ഉചിതമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും എംഎൽഎ അറിയിച്ചു. അതേ സമയം, താലൂക്കിലെ പാറമട ലോബിയുടെ ആതിഥ്യം സ്വീകരിച്ചാണ് ഉദ്യോഗസ്ഥർ യാത്ര പോയതെന്ന ആരോപണവും ഉയരുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ പാറമടകളുള്ള താലൂക്കാണ് കോന്നി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്