- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൂർ പോയത് 19 ജീവനക്കാരും കുടുംബാംഗങ്ങളുമടക്കം 40 പേർ; എല്ലാവരും നിയമാനുസരണം അവധിയെടുത്തു; തഹസിൽദാർ ചുമതല കൈമാറി കലക്ടറെ അറിയിച്ചിരുന്നു; ഭിന്നശേഷിക്കാരനെയടക്കം ഇറക്കി ജനീഷ്‌കുമാർ കളിച്ചത് ഡ്രാമയെന്ന ആരോപണവുമായി സിപിഐ കോന്നി മണ്ഡലം കമ്മറ്റി: കോന്നിയിലെ ഉല്ലാസയാത്രാ വിവാദം പുതിയ തലത്തിലേക്ക്
കോന്നി: താലൂക്ക് ഓഫീസിൽ നിന്നുള്ള ജീവനക്കാർ ഒന്നടങ്കം ടൂർ പോയ സംഭവം വിവാദമാക്കാൻ ജനീഷ്‌കുമാർ എംഎൽഎ നാടകം കളിച്ചുവെന്ന ആരോപണവുമായി സിപിഐ മണ്ഡലം കമ്മറ്റി. ഭിന്നശേഷിക്കാരനെയടക്കം ഇറക്കി ചാനലുകളെയും കൂട്ടി ജനീഷ് സെറ്റിട്ട് നടപ്പാക്കിയതാണ് നാടകമെന്നും ആരോപണം. 19 ജീവനക്കാരാണ് ആകെ അവധിയെടുത്ത് ടൂർ പോയത്. ഇവരുടെ കുടുംബാംഗങ്ങൾ അടക്കം 40 പേർ ഒറ്റ ബസിലാണ് പോയിരിക്കുന്നത്. അതിൽ എൻജിഓ യൂണിയന്റെയും അസോസിയേഷന്റെയും ജില്ലാ നേതാക്കൾ അടക്കം ഉണ്ടായിരുന്നു. എല്ലാവരും നിയമാനുസരണം അവധിയെടുത്താണ് പോയത്.
പ്രതിപക്ഷ എംഎൽഎയെപ്പോലുള്ള ജനീഷ് കുമാറിന്റെ നിലപാട് സ്വീകാര്യമല്ലെന്ന് സി. പി. ഐ മണ്ഡലം കമ്മറ്റി അറിയിച്ചു. താലൂക്ക് ഓഫീസിലെ ജീവനക്കാർ അവധി എടുത്ത് ഉല്ലാസ യാത്ര പോയ സംഭവത്തിൽ എംഎൽഎയുടെ നടപടി പക്വത ഇല്ലാത്തതാണ്. കൃത്യമായി ആസൂത്രണം ചെയ്ത നാടകം പോലെയുള്ള കാര്യങ്ങൾ ആണ് ഇതുമായി ബന്ധപ്പെട്ട് താലൂക്ക് ഓഫീസിൽ നടന്നത്. ഭരണ കക്ഷി എംഎൽഎയായ അഡ്വ കെ.യു. ജനീഷ് കുമാർ പ്രതിപക്ഷ എം എൽ എ യെ പോലെയാണ് പെരുമാറിയത്.
തഹൽസിദാർ രേഖാമൂലം രണ്ട് ദിവസത്തെ അവധി എടുത്തത്തിന് ശേഷം അഡീഷണൽ തഹൽസീദാർക്ക് ആയിരുന്നു ചുമതല നൽകിയിരുന്നത്. 19 ജീവനക്കാരും പല തവണയായി രേഖാമൂലം അവധിക്ക് അപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതിൽ അസ്വാഭാവികത ഉണ്ടെന്ന് കാണുന്നില്ല. വില്ലേജ് ഓഫീസുകളും മറ്റും വർഷാവസാന പരിശോധനകൾ നടക്കുന്നതിനാലും പകുതിയിലധികം ആളുകൾ ഫീൽഡ് സ്റ്റാഫ് ആയി പ്രവർത്തിച്ച് വന്നതിനാലും ഉദ്യോഗസ്ഥർ ഈ ജോലിയുമായി പോയിരുന്നു.
കൂടാതെ ഡെപ്യൂട്ടി തഹൽസീദാർക്ക് ചുമതല നൽകിയതിനാൽ ആവശ്യങ്ങളുമായി വന്ന പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായതുമില്ല. മാത്രമല്ല താലൂക്ക് ഓഫീസ് രജിസ്റ്റർ പരിശോധിക്കാൻ ജനപ്രതിനിധിക്ക് അനുവാദമില്ല. താലൂക്കിലെ രജിസ്റ്റർ പരിശോധിച്ച നടപടിയും അപക്വമാണ്. മന്ത്രി കെ രാജൻ വളരെ ജാഗരൂകമായാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്.റവന്യു വകുപ്പിൽ കുഴപ്പങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കുവാനുള്ള ബോധപൂർവമായ ശ്രമമാണ് നടന്നത്.
സിപിഐയെയും റവന്യു വകുപ്പിനെയും കരിവാരി തേക്കാൻ എം എൽ എയും കൂട്ടരും നടത്തിയ ബോധപൂർവ്വമായ ശ്രമമാണ് ഇതിന് പിന്നിലെന്നും മണ്ഡലം സെക്രട്ടറി കെ. രാജേഷ് പറഞ്ഞു. കോന്നി താലൂക്ക് ഓഫീസിൽ ജീവനക്കാർ കൂട്ടഅവധിയെടുത്ത് ഉല്ലാസയാത്ര പോയതിന് ക്വാറിഉടമയുമായി ബന്ധം ഉണ്ടെന്ന സൂചന നൽകി സിപിഎം. എംഎൽഎ. കെ.യു. ജനീഷ് കുമാർ രംഗത്ത് വന്നിരുന്നു. വെള്ളിയാഴ്ചയാണ് താലൂക്ക് ഓഫീസിലെ 35 ജീവനക്കാർ ഒന്നിച്ച് അവധിയെടുത്തത്. ഇതിൽ 16 പേർ മൂന്നാറിലേക്ക് ഉല്ലാസയാത്ര പോകുകയും 19 പേർ ഫോണിൽ വിളിച്ചുപറഞ്ഞശേഷം വിട്ടുനിൽക്കുകയുമായിരുന്നു. 25 ജീവനക്കാർ മാത്രമേ ഓഫീസിൽ വന്നുള്ളൂ. ഇതിനെത്തുടർന്നാണ് എംഎൽഎ. ഇടപെട്ടത്. ജീവനക്കാർ മൂന്നാറിലേക്ക് പോയത് കോന്നിയിലെ ക്വാറി ഉടമയുടെ ടൂറിസ്റ്റ് ബസിലാണെന്ന് എംഎൽഎ. ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു
ക്വാറി ഉടമകളും ഉദ്യോഗസ്ഥരും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന് തെളിവാണിതെന്നും അദ്ദേഹം ആരോപിച്ചു. ഇതോടെയാണ് എംഎൽഎ.ക്കെതിരേ സിപിഐ.രംഗത്ത് വന്നത്. ജീവനക്കാർ കൂട്ട അവധി എടുത്തത് പരിശോധിക്കേണ്ടത് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരാണെന്ന് സിപിഐ. ജില്ലാ സെക്രട്ടറി എ.പി. ജയൻ പ്രതികരിച്ചു. എംഎൽഎ.യുടെ ഇടപെടൽ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്ന സൂചനയും സിപിഐ. ജില്ലാ നേതൃത്വത്തിൽ നിന്നുണ്ടായി. അതേസമയം, എംഎൽഎ.യുടെ നടപടിയെ സിപി.എം. ജില്ലാ നേതൃത്വം പിന്തുണച്ചു. ജീവനക്കാർ കൂട്ട അവധി എടുത്തതിനെ ന്യായീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സിപിഎം. ജില്ലാ സെക്രട്ടറി എ.പി. ഉദയഭാനു പറഞ്ഞിട്ടുണ്ട്.
അതിനിടെ ഓഫീസിൽക്കയറി ജീവനക്കാരുടെ ഹാജർ പുസ്തകം പരിശോധിച്ചത് ശരിയല്ലെന്ന മട്ടിൽ എ.ഡി.എമ്മിന്റേതായി വന്ന പരാമർശങ്ങളിൽ എംഎൽഎ. പ്രതിഷേധിച്ചു. ഭരണഘടനാപരമായ എംഎൽഎ.യുടെ അവകാശങ്ങളെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് എ.ഡി.എം. തെറ്റായ കാര്യങ്ങൾ പറയുന്നതെന്ന് അദ്ദേഹം അറിയിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്